തീവണ്ടിയുടെ മൗനം

ദൂരെയെവിടെയൊ കൂകിയോടുന്ന

തീവണ്ടിയുടെ ശബ്ദം

ചിലതൊക്കെ 

ഓർമപ്പെടുത്താനെന്നപോലെ

ഭയാനകമായ മൗനം.

ആ മൗനത്തിലെന്റെ

ഉത്തരങ്ങളുണ്ട്. 

ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ട്.

അതിലെനിക്കൊരാശ്രയമുണ്ട്.

നീറുന്ന ചിന്തകളിൽ

രക്തവർണ്ണമായി പുകച്ചുരുളുകൾ.

ചിതറിതെറിച്ചു കിടക്കുന്ന 

അക്ഷരത്തുണ്ടുകൾ. 

വെറും ജീവനില്ലാത്ത 

മാംസകഷണങ്ങൾ.

സൂക്ഷിച്ചു നോക്കിയാൽ കാണാം 

ഒരു നിഴൽ, ചില കാൽപ്പാടുകൾ. 

എന്റെ ആഗ്രഹങ്ങളുടെ, മോഹങ്ങളുടെ, 

സ്വപ്നങ്ങളുടെ ആത്മാക്കളെ.

അവിടെനിന്നൊന്ന് 

ചെവിയോർത്താൽ കേൾക്കാം 

തേങ്ങികരച്ചിലുകൾ.

അവയെ കൂട്ടിച്ചേർത്തൊരു 

കാവ്യം രചിക്കുവാൻ നിനക്കിനിയാകില്ല.

വഴിമാറു ഞാനെന്റെ യാത്ര തുടരട്ടെ.