മർത്യലോകം

അഴകിന്റെ തൂവലെ കനിവിന്റെ താളമേ 

അറിയാതെ നീ ഞങ്ങൾ തൻ സൗഹൃദ തേരിലേറി 

കാതങ്ങൾ കഴിയുമ്പോഴൊക്കെ 

സ്നേഹത്തിൻ മുത്തുകൾ വിതറി.

എൻ ആത്‌മാവിൻ തംബുരുവിൽ നീ 

സ്നേഹത്തിന് ഈണം മീട്ടി 

പുതുമഴയേൽക്കും ജനനിയെപോലെ -

നിൻ സ്നേഹത്തെ ഞാനെൻ നെഞ്ചിൽ–

പോകാതെ കാത്തുസൂക്ഷിക്കാം.

            ആയിരം സൂര്യചന്ദ്രനുദിച്ചാലും മാറാത്ത -

            കരടാണു നിന്നുള്ളിലെ മനുജ 

            ജാതിതൻ കോമരം ഉറഞ്ഞുതുള്ളുമ്പോഴും 

            മർത്യാ നീയെന്തേ തിരിഞ്ഞു നിൽക്കാത്തെ 

            അമ്മതൻ മാറ് പിളർന്നുകുടിച്ചാലും തീരാത്ത -

            ദാഹമുണ്ടല്ലോ നിൻ ചുണ്ടിൽ 

            അൽപമാം ജീവിതം തീർത്തു രസിക്കുമ്പോഴും 

            മനഃസാക്ഷിയെങ്ങോ നീ പണയം വച്ചു

നായാട്ടിൻ വേദന അറിയുന്ന മൃഗത്തിനെ 

പിന്തുടരുമാ കാല്പാദത്തിൻ വേഗതയറിയൂ 

പ്രാണനു വേണ്ടി ചീറിപായുമ്പോഴും ഞാൻ 

എൻ കണ്ണുനീരിൽ നിൻ ദാഹമകറ്റീലെ 

എന്നിട്ടും പുൽനാമ്പേ ഞാൻ പോകും വഴിയരികിൽ 

എന്തിനു നീയൊരു തടസ്സമായി 

അറിയാം അതു നിൻ തെറ്റല്ലന്നെങ്കിലും 

എൻ വിധിയെ പഴിക്കാൻ എനിക്കാവില്ലല്ലോ

            മഴമേഘമേ നിന്നെ ഞാൻ പ്രണയിച്ചപ്പോഴൊക്കെ 

            എൻ മനമാകെ നീ കുളിർമഴയാൽ നിറച്ചില്ലേ 

            എൻ മക്കളാം മർത്യരാൽ വേദനതിന്നുമ്പോഴും 

            അവർക്കായി ഞാനെൻ മുലപ്പാൽ ചുരത്തീടും 

            എൻ രോമമാം വൃക്ഷത്തെ പിഴുതെറിയുമ്പോഴും 

            എൻ മാറിലവർക്കായി സൗധങ്ങൾ പണിയുമ്പോഴും 

            അറിയാത്ത വേദന ഞാനിപ്പോളറിയുന്നു 

            എൻ മാറിൽ നിറച്ചൊരാ മുലപ്പാലിൽ ശേഖരം 

            തീർന്നിടും ഇനിയും നീയെന്നെ പ്രണയിച്ചില്ലെങ്കിൽ...

കണ്ണീരാൽ നെയ്തൊരു പ്രവാസത്തിൽ 

എൻ വിയർപ്പിനാൽ വിളയിച്ച മധുരസ്വപ്നങ്ങളെ 

വരില്ലേ നീയെൻ മാറിൽ ചാഞ്ഞുറങ്ങാൻ 

എൻ ഹൃദയത്തിൻ വേദന പകർന്നുനൽകാൻ 

അറിയുന്ന ഭാഷതൻ തെളിയുന്ന വാക്കിനാൽ 

പറഞ്ഞില്ലേ ഞാനെൻ ദുരിതങ്ങളൊക്കെയും 

എങ്കിലും നീയെന്തേ എന്നിൽ കനിയാത്തെ 

ഒരുവാക്കു മിണ്ടുവാൻ കാത്തുനിൽക്കാതെ 

മറഞ്ഞില്ലേ നീയെൻ കണ്മുന്നിൽനിന്ന്.

            സൗഹൃദമെന്നൊരാ മൂന്നക്ഷരത്തെ -

            മനസാൽ വരിച്ചു കൂടൊന്നു കൂട്ടിയാൽ 

            അറിയാതെ നമ്മുടെ ദുഃഖങ്ങളൊക്കെയും 

            മഴവില്ലു പോലെ മാഞ്ഞങ്ങു പോയിടും

മറക്കാൻ കഴിയാത്തതായി എന്തുണ്ട് മനസ്സിൽ 

മരിക്കാത്ത നിന്നോർമകളോ അതോ നിൻ പുഞ്ചിരിയോ 

ജനിക്കുമ്പോളൊരുപാടുപേർ ഒരുമിച്ചു ചേർന്നിടും 

ജീവിക്കുമ്പോൾ കൂടെ നിൻ നിഴൽ മാത്രം

ഈ അൽപമാം ജീവിതതാരയിൽ കിട്ടിയ 

നിധിയാണ് നിന്നുടെ ഓർമകളെന്നിൽ 

സ്നേഹമായി താളമായി നീ എന്നിൽ മീട്ടി 

എൻ അധരങ്ങളൊക്കെയും നിൻ നഖമേറ്റു വാടി 

കാലമെൻ അഥിതിയായ് വിരുന്നിനെത്തിയപ്പോൾ 

ഒരു വാക്കു ചൊല്ലാതെ നീ മാഞ്ഞുപോയി 

എങ്കിലും നീയെന്റെ മനസിന്റെയുള്ളിൽ 

ഒരു സൂര്യനായെന്നും തെളിഞ്ഞു നിൽക്കും

            ഇഷ്ടമാണെനിക്ക് നിന്നോടലിയാൻ

            നിന്നുടെ തുള്ളികൾ മാറിലണിയാൻ 

            മാനത്തു കാർമേഘം കുടചൂടും നേരം 

            എൻ മനമാകെ നിൻ വരവിനായി കാത്തുനിൽക്കും 

            എങ്കിലും ചിലനേരം എൻ വിളി കേൾക്കാതെ നീ 

            മാരുതനൊപ്പം മടങ്ങിയതെന്തേ ...

സുന്ദരമായൊരു റമ്ദാൻ നിലാവിൽ

കണ്ടു നിൻമുഖമൊരു മിന്നായം പോലെ 

കാർമേഘത്തിലൊളിച്ചൊരാ ചന്ദ്രനെപോലെ 

മുഖപടത്താൽ നീ നിൻ മുഖം മറച്ചില്ലേ

എത്രമറച്ചാലും നിൻ പ്രഭ തടയുവാൻ 

കഴിയില്ല മറ്റാർക്കും എൻ ഹൃദയത്തിനല്ലാതെ

            മഞ്ഞിൻ കണത്താൽ നൈർമല്യമായ നിൻ 

            പുഞ്ചിരിയിലുണ്ട് ഞാൻ കേട്ടതെല്ലാം 

            കാറ്റിലാടുന്നൊരു വൃക്ഷത്തലപ്പുപോൽ 

            ഇളകിയാടുന്നു നിൻ കാർകൂന്തലൊക്കെയും

            ചന്ദ്രനെ പ്രണയിച്ച നീലാമ്പലിനും 

            സൂര്യനെ പ്രണയിച്ച താമരയ്ക്കും 

            നൽകാൻ കഴിയാത്ത ഒന്നുണ്ട് നിന്നുള്ളിൽ 

            പരിശുദ്ധമായ നിൻ പ്രണയം തന്നെ

ജീവിതമെന്നൊരു തീരാഭൂവിൽ 

സൗഹൃദമെന്നൊരു മരീചിക തന്നു നീ 

എൻ വേദനയൊക്കെയും നീയേറ്റു വാങ്ങി 

നിൻ സന്തോഷമെല്ലാം എനിക്കങ്ങു നൽകി 

എങ്കിലും നൽകുവാൻ ഒന്നുമില്ലെൻ കൈയിൽ 

എൻ സൗഹൃദമല്ലാതെ വിലയേറിയതൊന്നും

            മഴയെ നിന്നെ ഞാൻ വെറുത്തിരുന്നൊരുപാട് 

            നീയെൻ മുന്നിൽ നിർത്താതെ പെയ്യുമ്പോൾ 

            അരുതേയെന്നാശിച്ചു നീ പൊഴിയരുതേയെന്നാശിച്ചു 

            എങ്കിലും നീയൊരു പേമാരിയായി പെയ്തു 

            പക്ഷേ ഇന്നു ഞാൻ നിന്നെ പ്രണയിക്കും നേരം 

            നീയെന്റെ മുന്നിൽ എന്തേ വന്നില്ല 

            എന്നുടെ വാക്കിന്റെ മൂർച്ചയിൽ നിന്റെ

            ഹൃദയത്തിനുള്ളിൽ മുറിവേറ്റതിനാലാണോ 

            കാത്തിരിക്കും നിൻ വരവിനായി വീണ്ടും ഞാൻ 

            നിന്നുള്ളിലുള്ള കോപം അലിയും വരെ