കര്‍ക്കടകവും മഴയും പിന്നെ ചില പനിക്കാലങ്ങളും

Representative Image

പഞ്ഞമാസം എന്ന് അറിയപ്പെടുന്ന കര്‍ക്കടകം മിക്കപ്പോഴും പലര്‍ക്കും രോഗങ്ങളുടെ കൂടെ സമയമാണ്. ആടിയുറഞ്ഞു പെയ്യുന്ന കര്‍ക്കിടക മഴക്കാലത്ത്, പനിച്ചു കിടന്നവരും കിടക്കുന്നവരും ഒരുപാടു പേരാണ്. പനിയൊരു രോഗം എന്നതിനപ്പുറം പലര്‍ക്കും പലതായിരുന്നു വിവര്‍ത്തനം ചെയ്യപ്പെടാന്‍ പറ്റാത്ത പലതും ഒരു പനിക്കുള്ളില്‍ ഉണ്ടായിരുന്നു. ഓരോ പനിക്കും ഓർമകളുടെയും നൊമ്പരങ്ങളുടെയും ചൂട് ഉണ്ടായിരുന്നു. ജീവിതത്തില്‍ നിന്നു പടിയിറങ്ങി പോയ കാലങ്ങളുടെ ഓര്‍മ കൂടിയായിരുന്നു പലപ്പോഴും പലര്‍ക്കും ചില പനിക്കാലങ്ങള്‍.  ഓരോ പനിക്കാലത്തിലും ബാല്യത്തിന്‍റെ ഒരു ചുക്കുകാപ്പി മണം ഒളിപ്പിച്ചു വയ്ക്കാത്തവര്‍ കുറവായിരിക്കും. മുതിര്‍ന്നതിനു ശേഷം വന്ന പനി സമയങ്ങളില്‍ എപ്പോഴും ഉള്ളിലൊരു ഓര്‍മയുടെ നീലാംബരി വിരിഞ്ഞു നില്‍ക്കാറുണ്ടായിരുന്നു. പനി കാരണം സ്കൂളില്‍ പോകാന്‍ പറ്റാതെ വരുമ്പോള്‍ പരിഭവിച്ചിരിക്കുന്ന കുട്ടി മുതല്‍ പനി വന്നു പരീക്ഷ എഴുതാതെ തോല്‍‌വിയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടികളുടെ കഥകള്‍ വരെ എത്തി നിന്നിരുന്നു എന്നും പനിയുടെ ബാല്യകാലങ്ങള്‍. വലിയ പനിയാണെന്ന് കൂട്ടുകാരെയും വീട്ടുകാരെയും ബോധ്യപ്പെടുത്തി അവരുടെ സ്നേഹവും ശ്രദ്ധയും നേടാന്‍ ശ്രമിക്കുന്ന ഒരു പനിക്കുട്ടി മിക്ക മനുഷ്യരുടെയും അബോധത്തില്‍ ബാല്യത്തില്‍ ഉണ്ടായിരുന്നു.  

മഴയുടെ നേര്‍ത്ത വിരലുകള്‍ തൊട്ടുണര്‍ത്തിയ പനിയുടെ ചൂടാര്‍ന്ന സ്പന്ദനങ്ങളിലെന്നും പ്രണയം തുടിച്ചിരുന്നു. ഓരോ പനിക്കാലത്തിലും ഒരു നഷ്ടസ്വപ്നം അലയടിച്ചിരുന്നു. പനികിടക്കയില്‍ യൗവനത്തിലും കൗമാരത്തിലും മൂടി പുതച്ചു കിടക്കുമ്പോള്‍ കണ്ട  ജ്വരബാധിതമായ സ്വപ്നങ്ങളില്‍ എവിടെയോ ഒരു  പ്രണയത്തിന്റെ മഴ നനഞ്ഞ മയില്‍പ്പീലി ഉണ്ടായിരുന്നു.  

പനിക്ക് പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും നിറവ് ഉണ്ടായിരുന്നു പനിയുടെ ചൂടേറിയ സായാഹ്നങ്ങളില്‍ ആശ്വാസത്തിന്റെ തണുപ്പുമായി നില്‍ക്കുന്ന ഒരച്ഛന്‍ രൂപമോ അമ്മ രൂപമോ എന്നും നമുക്ക് മുന്നില്‍ തെളിഞ്ഞിരുന്നു. അവര്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ച എത്രയോ ആയുര്‍വേദ കഷായങ്ങളുടെ കയ്പ്പില്‍ ജന്മാന്തര സ്നേഹത്തിന്‍റെ മധുരം ഉണ്ടായിരുന്നു. പനി കിടക്കയിലെ നമ്മുടെ വായിലേക്കവര്‍ ഇറ്റിച്ചു തന്ന ചെറുചൂടുള്ള കഞ്ഞിയില്‍ ജീവിതത്തിന്റെ ബാക്കിപത്രം ഉണ്ടായിരുന്നു. നമ്മുടെ പൊള്ളുന്ന നെറ്റിയില്‍ തലോടുന്ന ആരുടെയൊക്കെയോ നേര്‍ത്ത സ്നേഹാര്‍ദ്രമായ വിരല്‍ സ്പര്‍ശത്തില്‍ ഈ ലോകത്തിലെ എല്ലാ മരുന്നുകളും അലിഞ്ഞു ചേര്‍ന്നിരുന്നു. ജീവിതത്തിന്റെ നിറങ്ങള്‍ മങ്ങിയ യാത്രയിലെന്നും പനികാലങ്ങള്‍ ചൂടുള്ള വര്‍ണങ്ങള്‍ വിരിയിച്ചിരുന്നു. പനി കിടക്കയുടെ ചൂട് പലപ്പോഴും ഓർമകളുടെ നൊമ്പരങ്ങള്‍ ആണ് നമുക്ക് സമ്മാനിച്ചിരുന്നത് എന്നോ പോയ്‌ മറഞ്ഞ നിഷ്കളങ്കമായ സ്നേഹത്തിന്റെയും കരുതലിന്റെയും കാലങ്ങളും മനുഷ്യരും ഓരോ പനിക്കാലത്തിലും ഉണ്ടായിരുന്നു. മുത്തശ്ശിയുടെ രാസ്നാദി പൊടിയുടെ മണവും തുളസിയിലയുടെ നേര്‍ത്ത നൈര്‍മല്യവും എല്ലാ പനിക്കാലങ്ങളിലും ഉണ്ടായിരുന്നു. തലമുറകള്‍ താണ്ടിയെത്തുന്ന നനുത്ത സ്നേഹ സ്പര്‍ശത്തില്‍ എത്രയോ പനിക്കാലങ്ങളുടെ ചൂട് അലിഞ്ഞു പോയിരുന്നു. പനിയും മഴയും എന്നും മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചിരുന്നു. മഴ സമയങ്ങളിലെ ആശുപത്രി കാലങ്ങള്‍ എന്നും മതത്തിനും ജാതിക്കുമപ്പുറമുള്ള മനുഷ്യത്തത്തിന്റെ സുഗന്ധം വിതറിയിരുന്നു. പനിയും മഴയും എന്നും മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലതാക്കിയിരുന്നു .  പൊള്ളുന്ന പനി കിടക്കയില്‍ മരണത്തിനെ നിശ്ശബ്ദം കാണുമ്പോള്‍ മനുഷ്യര്‍ എത്രയോ ദുര്‍ബലര്‍ എന്നു നാം അറിയുന്നു. അതു പോലെ മഴയുടെ താണ്ഡവത്തില്‍ പനി പിടിച്ച് പലതും നഷ്ടപ്പെട്ട് പ്രകൃതിയുടെ മുന്നില്‍ അഭയാര്‍ത്ഥികള്‍ ആയി നില്‍ക്കുമ്പോള്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ലാതെ നമ്മള്‍ ജീവിത വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ജീവിതം ഒരേ സമയം എത്ര ദുര്‍ബലവും മനോഹരവും ആണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നു 

ഒരു പാരസെറ്റമൊളിന്റെ ദൈര്‍ഘ്യത്തിനപ്പുറം എത്രയോ കാലങ്ങളുടെ നീളം, കനലൂറൂന്ന തേങ്ങലായി നാം നനഞ്ഞ മഴയുടെ പനിയില്‍  അടങ്ങിയിരുന്നു. മഴയും മനുഷ്യനും പനിയും തമ്മിലുള്ള ബന്ധം എല്ലാ കര്‍ക്കിടക കാലങ്ങളിലും അഭേദ്യം ആയിരുന്നു. ഓരോ കര്‍ക്കിടക മഴ നനയുമ്പോഴും ഉള്ളിലെ കുസൃതി കുട്ടിയെന്നും പനിയെ വെല്ലുവിളിച്ചിരുന്നു. 

പനിക്കും മഴയ്ക്കും എന്നും ജീവിതവും മരണവുമായി ഒരു പോലെ സൗഹൃദം ഉണ്ടായിരുന്നു. ഈ കര്‍ക്കിടക പെരുമഴക്കാലത്ത് കേരളമൊട്ടാകെ ദുരിത കെടുതി അനുഭവിക്കുമ്പോള്‍  നമ്മള്‍ മരണത്തിന്‍റെ കാലൊച്ചയെ വല്ലാതെ ഭയപെടുന്നുവെന്നത് ഒരു സത്യമാണ്. മഴയും പനിയും പലയിടങ്ങളിലും ചേരുമ്പോള്‍ ആശങ്കയില്‍ ആകുന്നത് ഒരുപാട് പേരുടെ സ്വപ്‌നങ്ങള്‍ ആണ്.“പനിയായിരുന്നു എല്ലായിടത്തും” എന്നു കവി സച്ചിദാനന്ദന്‍ പാടുമ്പോള്‍ ദുഖത്തിന്റെ ഒരു സാര്‍വത്രികത നമ്മുടെയുള്ളില്‍ അലയടിക്കുന്നു.                    

“കൊച്ചുമകളുടെ പൊള്ളുന്ന പനികിടക്കയില്‍ ഇരുന്നു പനിക്കുന്ന സായാഹ്നത്തില്‍ഞങ്ങള്‍ പതിനായിരം വര്‍ഷത്തെ ഉഷ്ണദൈര്‍ഘ്യത്തെ” കുറിച്ച് പറഞ്ഞു എന്ന് അഭിപ്രായപെടുന്ന കെ സച്ചിദാനന്ദന്‍റെ കവിതയും ഉഷ്ണമാപിനികളെ കുറിച്ച് എഴുതിയ കാക്കനാടനും ആനന്ദും ഉറൂബും ഒക്കെ പനിയുടെ വിവിധ വിവര്‍ത്തനങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു. ദേവിഗ്രാമം എന്ന കഥയില്‍ പനിയെ കുറിച്ച് പ്രതിപാദിച്ച ചന്ദ്രമതിയും ജ്വാല  എന്ന കഥയില്‍ പനിയെയും ദാമ്പത്യബന്ധത്തിനെയും കോര്‍ത്തിണക്കിയ പ്രിയ എ എസും നമുക്ക് മുന്നില്‍ ഗൃഹാതുരവും വേദനയും കലര്‍ന്ന സത്യങ്ങള്‍ പങ്കു വയ്ക്കുന്നു. പ്രിയയുടെ തന്നെ താളുകള്‍ക്കിടയിലൊരു മയില്‍പ്പീലി എന്ന മറ്റൊരു കഥയില്‍ “ഒരു വലിയ പനി വന്ന്” കണ്ണിനു കാഴ്ച നഷ്ടപ്പെട്ട നീലകണ്ഠന്‍ എന്ന കുട്ടിയെ നമുക്ക് വായിക്കാം.    

“ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനരാദുഃഖവും” എന്ന വിജയലക്ഷ്മിയുടെ വരികള്‍ മനസിലേക്ക് എത്തുമ്പോള്‍ പിന്നെയും ഒരു മഴയുടെ പനിക്കാലം ഓര്‍മകളുടെ കനലുകള്‍ എരിയിച്ചു നമ്മളെ കടന്നു പോകുന്നതു നാം അറിയുന്നു. മരണവാര്‍ഡ്‌ എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് “മുറിയിലീതറിന്‍ മണം നിറയുന്നു, പനികിടക്കയില്‍പ്പകല്‍ തിളയ്ക്കുന്നു” എന്നു ചൊല്ലുന്നത് ജ്വരബാധിതമായ ആത്മാവില്‍ കേള്‍ക്കുമ്പോള്‍ ഒരു പനി നമ്മുടെ ഓർമയില്‍ ജ്വലിക്കുന്നത് നാം അറിയാതെയറിയുന്നു.

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ഗവേഷകയും ഇപ്പോള്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമാണ്)