ഇതാണു ജീവിതം

Representative Image

പത്തുമാസം നീന്തിത്തുടിച്ചുഞാനുല്ലസിച്ചഗര്‍ഭപാത്രവും

ഊട്ടിവളര്‍ത്തിയ പൊക്കിള്‍ക്കൊടിയു–

മിന്നെന്നോടു ചൊല്ലി

പോവുക പോയാടിത്തിമിര്‍ക്കുക നിന്റെ വേഷം

ഒന്നുറക്കെ കരയും മുന്നേയാപൊക്കിള്‍ക്കൊടിയുമറ്റു.

പേറ്റുനോവറിഞ്ഞ മാതൃത്വം അമ്മിഞ്ഞ-

പകര്‍ന്നെന്നെവരവേറ്റു.

ഉദയാസ്തമയങ്ങളില്‍ തിരിഞ്ഞ കാലചക്ര–

മിന്നെന്നോടു പറഞ്ഞു

ഇനി നിന്റെയൂഴം ആടാം നിന്റെ വേഷ–

മെഥേഷ്ടം മരണം വന്നു വിളിക്കുവോളം

പ്രായപൂര്‍ത്തിയായത്രേ.....

പകച്ചുനിന്നുപോയി ഞാനിനിയു

മാടിത്തീര്‍ക്കുവാനുള്ള വേഷങ്ങള്‍ക്കു മുന്നില്‍.

കരഘോഷങ്ങള്‍ക്ക് കാതോര്‍ത്തുകൊ–

ണ്ടോരോരോ വേഷങ്ങളാടിടുമ്പോഴും

കൂക്കിവിളികള്‍മാത്രമലയടിക്കുന്നു.

ദിശയേതെന്നുപോലും നിശ്ചയമില്ലാതെ

ശരങ്ങളെതിരേല്‍ക്കുമ്പോള്‍

ഓടുകയാണു ഞാന്‍, എന്നുവരും

എവിടെയെങ്ങനെ വരുമെന്നറിയാത്ത

നിത്യശയനത്തിലേയ്ക്ക്.

അന്നുവരുമായിരങ്ങള്‍, അന്നു കേള്‍ക്കാം

നിനക്കു നിന്റെ വീരചരിതങ്ങള്‍.