Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശരാജ്യങ്ങൾ പ്രളയത്തെ പ്രതിരോധിക്കുന്നതിങ്ങനെ...

houston-dam ഹൂസ്റ്റൺ ഡാം

ആശാൻ കളരിയിൽ ഹരി ശ്രീ പഠിക്കുവാൻ മുതിർന്നവരുടെ വിരൽത്തുമ്പിൽ തൂങ്ങി നടന്നിരുന്നത്, പാടത്തെ വരമ്പുകളിലൂടെ ആയിരിന്നു. വരമ്പിൽ നിന്നും ചെറുതോടുകൾ മുറിച്ചു നടക്കുമ്പോൾ മഴക്കാലത്ത് കാൽമുട്ടിനൊപ്പം വെള്ളം ഉണ്ടാകാറുണ്ടായിരുന്നു. വേനലിൽ വറ്റി കിടക്കുന്ന തോടുകൾക്കു മഴക്കാലത്താണ് ജീവൻ വയ്ക്കുക. തെളിവെള്ളത്തിൽ വലിയ കണ്ണുകളുള്ള, വിരൽ വലിപ്പമുള്ള, പരൽമീനുകൾ ഓടിക്കളിക്കുമ്പോൾ അവയെ കൈകുമ്പിളിൽ വെള്ളത്തിനോടൊപ്പം കോരിയെടുത്തു കളിക്കുമായിരിന്നു.  

കളരി പള്ളിക്കുടത്തിൽ പോകുന്ന കുട്ടികളോടൊപ്പം കളിക്കാനെന്നവണ്ണം ഈ കുഞ്ഞുമത്സ്യങ്ങൾ അവരുടെ കൂട്ടുകാരുമായിട്ടാണ്, ചെറുതോടുകളിൽ ഇറങ്ങുന്നവരുടെ സമീപത്തേക്ക് വന്നുകൊണ്ടിരുന്നത്. കളരിയിൽ നിന്നും തിരികെ വീട്ടിലേക്കു വരുമ്പോൾ, ചെറുതോട്ടിലെ വെള്ളത്തിൽ, ഒരുകാൽകൊണ്ടു ചാടി ചവിട്ടി, പൊങ്ങിത്തെറിക്കുന്ന വെള്ളത്തെ മറുകാൽ പത്തി കൊണ്ടു മുന്നോട്ടടിച്ച് , പടക്കം പൊട്ടിക്കുന്ന ശബ്ദം ഉണ്ടാക്കുമായിരുന്നു. വേനൽക്കാലത്തു തെങ്ങുകൾക്കു വെള്ളമൊഴിക്കാനായി ഒരു തെങ്ങിൻ തോപ്പിൽ തന്നെ, തോടുകളുമായി ബന്ധിപ്പിച്ച അനേകം കുളങ്ങൾ ഉണ്ടായിരുന്നു. അമിതമായി വർഷം ലഭിക്കുമ്പോൾ തോടുകളും, കുളങ്ങളും ഒരുപോലെ നിറയുകയും, വേനൽകാലത്ത് കുളങ്ങളിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതുമായ രീതിയിൽ ആണ് ജലപ്രവാഹം ക്രമീകരിച്ചിരുന്നത്.  അനേകം ചെറുതോടുകൾ ഒഴുകി വലിയ ഒരുതോട്ടിൽ എത്തുകയും, പിന്നീട്  ജലപ്രവാഹം നദികളിൽ എത്തിച്ചേരുകയും ചെയ്യുമായിരുന്നു. 

ഇതിനോടൊപ്പം  തന്നെ  ജലം സംഭരിക്കുന്ന  വലിയ ക്ഷേത്ര കുളങ്ങളും, പൊതുകുളങ്ങളും വിവിധ പ്രദേശങ്ങളിലായി നിലനിന്നിരുന്നു.  വലിയ കുളങ്ങൾ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം, എറണാകുളം, കായംകുളം, ദേവികുളം, മുതുകുളം എന്നിങ്ങനെയുള്ള  പല സ്ഥലങ്ങളുടെ പേരിലും കുളം വന്നുചേർന്നത്. കോഴിക്കോട് പട്ടണത്തിന്റെ മധ്യത്തിൽ  മാനാഞ്ചിറകുളം ഇപ്പോഴും നിലനിൽക്കുന്നു! 

ഉപയോഗ ശൂന്യമായ സ്ഥലങ്ങളിൽ കുളങ്ങൾ നിർമിക്കുമായിരുന്നു എന്ന്, "തറവാട് കുളം തോണ്ടും" എന്ന പ്രയോഗത്തിൽ നിന്നും നമുക്ക് അനുമാനിക്കാം. പക്ഷേ, ഇന്നത്തെ കേരളത്തിൽ, കുളങ്ങളും, ചെറുതോടുകളും, പുഴയോരങ്ങളുമെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾക്കു വഴിമാറി. വലിയ കെട്ടിടങ്ങളും, പാലങ്ങളും പണിയുമ്പോൾ, അമിത വർഷം വരുമ്പോൾ അവിടങ്ങളിൽ പതിക്കുന്ന ജലത്തെ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. വികസനത്തിനുവേണ്ടി കയ്യേറുന്ന സ്ഥലങ്ങൾ തത്തുല്യമായ വിസ്തൃതിയിൽ പ്രകൃതിക്ക് തിരിച്ചു നൽകേണ്ടതായിട്ടുണ്ട്. ഒരു കുളം നികത്തുമ്പോൾ അത്രയും ജലം സംഭരിക്കുന്ന ഒരു അറ നിർമ്മിച്ച് അവിടെ ജലസംഭരണം തുടരണം  

പേമാരിമൂലം അതിവേഗത്തിൽ ഉടലെടുക്കുന്ന  പ്രളയത്തെ  എങ്ങനെയാണ് വികസിത രാജ്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് നമുക്കു പരിശോധിക്കാം.

ടെക്സസിലെ, ഡാലസ്സ് പട്ടണത്തിനു മുകളിലൂടെ ആറു വരി പാതയുടെ പാലം പണിതപ്പോൾ, അവിടെ പതിക്കുന്ന മഴ വെള്ളത്തെ സംഭരിക്കാനായി "cole park storm water detention vault" എന്ന സംഭരണി ഭൂമിക്കടിയിൽ നിർമിച്ചു. പതിമൂന്ന് അറകളുള്ള ഈ സംഭരണിയുടെ ഒരോ അറയ്ക്കും, ഇരുപത്തിനാലടി വീതിയും, നാൽപതടി ഉയരവും, എണ്ണൂറ്റി നാൽപത്തിരണ്ടടി നീളവും ഉണ്ട്. 26.8 കോടിലിറ്റർ (71 മില്ല്യൺ ഗ്യാലൻ) വെള്ളം ഇവിടെ ശേഖരിച്ച് രണ്ടുപമ്പുകൾ കൊണ്ട് സാവകാശം വെളിയിലെ "ടർട്ടിൽ ക്രീക്ക് " എന്നറിയപ്പെടുന്ന തോട്ടിലേക്ക് ഒഴുക്കിക്കളയുന്നു. ഡാലസ്സ് പട്ടണത്തിന്റെ സിരാകേന്ദ്രമായ “ഡൗൺ ടൗണിനെ” പ്രളയജലം മുക്കുന്നതിൽ നിന്നും ഈ സംഭരണി സംരക്ഷിക്കുന്നു.

tokyo-tunnel ടോക്കിയോ ടണൽ

ടെക്സസിലെ ഏറ്റവും വലിയ സിറ്റി ആയ ഹൂസ്റ്റണിൽ 2017–ൽ ആഞ്ഞടിച്ച ഹാർവി കൊടുംകാറ്റ് 51 ഇഞ്ച് ജലം ഒറ്റയടിക്കു ഹൂസ്റ്റണിൽ പതിപ്പിച്ചു. ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭിവിക്കുന്ന പ്രളയം എന്നാണ് കാലാവസ്ഥ വിദഗ്ദർ അഭിപ്രായപ്പെട്ടത്. ആഗോള താപനില ഉയരുന്നതു മൂലം അന്തരീക്ഷ ഊഷ്മാവ് ഉയരുകയും, കൂടുതൽ ജല കണങ്ങൾ വായുവിന് ഉൾക്കൊള്ളുവാൻ സാധിക്കുകയും ചെയ്യുന്നു.. ദ്രുവങ്ങളിലെ ഹിമപാളികൾ ഉരുകുന്നതുകൊണ്ടു സമുദ്രജലനിരപ്പുയരുന്നതും ലോകമാകമാനം പേമാരികളുടെ കാഠിന്യം കൂട്ടുന്നു. 1300 സ്ക്വയർ മൈൽ ചുറ്റളവിലുള്ള ഹൂസ്റ്റൺ പ്രദേശം മുഴുവൻ മുങ്ങിയപ്പോൾ, 88 പേരുടെ ജീവൻ നഷ്ടപ്പെടുകയും, 204000 വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഇനിയും ഒരുപ്രളയം വന്നാൽ പ്രതിരോധിക്കാനായി രണ്ടു പരിഹാര മാർഗ്ഗങ്ങളാണ്  സിറ്റി പരിഗണിക്കുന്നത്. ഭൂമിക്കടിയിൽ നൂറുമുതൽ ഇരുനൂറ് അടി വരെ താഴ്ചയിൽ അമ്പതു മൈൽ നീളത്തിൽ വലിയ തുരങ്കങ്ങൾ നിർമിച്ച്  സിറ്റിയിൽ പതിക്കുന്ന മഴവെള്ളത്തെ ഒഴുക്കി ഗാൽവസ്റ്റൻ കടലിലേക്കു കളയുക എന്നതാണ് ഒരുമാർഗം. അടുത്ത പദ്ധതി, വെള്ളപൊക്ക സാധ്യതാ പ്രദേശങ്ങൾ എന്നു വേർതിരിച്ച് ഇപ്പോൾ തന്നെ ഇട്ടിരിക്കുന്ന പുൽമേടുകളുടെ സമീപപ്രദേശങ്ങൾ സിറ്റി പണം കൊടുത്തു  വാങ്ങിച്ചു അതിവർഷം വരുമ്പോൾ ജലശേഖരണിയായി ഉപയോഗിക്കുക എന്നതാണ്. വേനൽകാലത്ത് ഈ പ്രദേശങ്ങളിൽ പുൽത്തകിടികളൂം, തണൽ മരങ്ങളുമെല്ലാം പിടിപ്പിച്ചു പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉദ്യാനം ആക്കി മാറ്റുവാനും സിറ്റി ശ്രമിക്കുന്നു.

ജപ്പാനിൽ, രണ്ടായിരത്തി ആറിൽ നിർമ്മാണം പൂർത്തിയാക്കിയ ടോക്കിയോ ടണൽ, ടോക്കിയോ നഗരത്തെ പ്രളയകെടുതിയിൽ നിന്നും സംരക്ഷിക്കുന്നു. ഒരു ഫുട്ബാൾ സ്റ്റേഡിയത്തിനേക്കാൾ വലിപ്പമുള്ള, അഞ്ചു നില കെട്ടിടത്തിന്റെ ഉയരമുള്ള ഭൂഗർഭ അറകളിൽ വെള്ളം ശേഖരിച്ച് നാലു മൈൽ ദൂരത്തിലുള്ള നദിയിലേക്ക് ഒഴുക്കി വിടുന്നു. ഇരുനൂറ്റിമുപ്പതടി ആഴമുള്ള അഞ്ചു കിണറുകളിലൂടെയാണ് വെള്ളം ഈ അറയിൽ എത്തുന്നത്. ആവശ്യം വന്നാൽ അതിവിസ്താരമുള്ള ഓരോ കിണറുകളിലും ജലം ശേഖരിക്കുകയും ചെയ്യാം. ഇവിടെ  സൂക്ഷിക്കുന്ന വെള്ളം നദിയിലേക്ക് പമ്പു ചെയ്യുന്നതിനായി ജെറ്റ്‌ വിമാനത്തിന്റെ എൻജിന് സമാനമായ നാലു പമ്പുകളാണ്  ഉപയോഗിക്കുന്നത്. ഇതിനോടകം എഴുപതു പ്രാവശ്യം ഈ ജലസംഭരണി പ്രളയത്തിൽ നിന്നും ജപ്പാനെ രക്ഷപെടുത്തിയിട്ടുണ്ട്.

കേരളത്തിലെ അണക്കെട്ടുകളിൽ തടഞ്ഞുനിർത്തുന്ന അത്രയും ജലം, സംഭരിക്കുവാനായി ഇതുപോലെ ജലസംഭരണികൾ നിർമിച്ച്  നീരൊഴുക്കിനെ നിയ്രന്തിക്കാവുന്നതാണ്. ഇറാനിൽ നിന്നും 1300 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈനിലൂടെ പാചക ഇന്ധനം  ഇന്ത്യയിലെത്തിക്കുവാൻ ശ്രമിക്കുന്നതുപോലെ, കേരളത്തിൽ ലഭിക്കുന്ന അമിത ജലം, ഇന്ത്യയിലാകമാനം കുടിവെള്ളമായും, കൃഷി ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതിനെ കുറിച്ചും  ആലോചിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ ബൃഹത്തായ ഭൂഗർഭ അറകൾ നിർമ്മിക്കുവാൻ ചിലവേറുമെങ്കിൽ, ചെറിയ തടാകങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ തന്നെ നിർമിക്കാവുന്നതാണ്. ഒഴുക്ക് തടസ്സപെട്ടതും, തീരങ്ങൾ മണ്ണൊലിപ്പ് മൂലം നഷ്ടപെട്ടതും ആയ നദികളെല്ലാം, അതിർത്തികൾ സംരക്ഷിച്ച്  നവീകരിക്കാം.  

ഇനിയും കാലവർഷ കെടുതിയുണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട. എപ്പോൾ സംഭവിക്കും എന്നുമാത്രം നമുക്കറിയില്ല. പ്രളയം മൂലമുള്ള ദുരന്തം ഒഴിവാക്കാനായി നമ്മൾ തയ്യാറായിരിക്കുക. വീടുകൾക്കു രണ്ടുനില ഉണ്ടായിരുന്നത് അനേകം ആളുകൾക്ക് രക്ഷയായി. രക്ഷാദൗത്യത്തിനു ഹെലികോപ്ടറിന് ഇറങ്ങാനായി ടെറസ്സിൽ കുറെസ്ഥലമെങ്കിലും മേൽക്കൂര കെട്ടിമറയ്ക്കാതെ ഇട്ടിരിക്കണമെന്നും നമ്മൾ പഠിച്ചു. 

കേരളത്തിലേക്കുള്ള സഹായ പ്രവാഹം അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. അർഹിക്കുന്നവരുടെ കൈകളിൽ സഹായം എത്തുമോ എന്ന സംശയത്താൽ പ്രവാസികളിൽ പലരും സംഭാവനകൾ നൽകാൻ മടിച്ചുനിൽക്കുന്നു. വിശ്വാസമുള്ള ഒരു പ്രസ്ഥാനത്തിലൂടെ സഹായമെത്തിക്കാൻ എല്ലാവരും ശ്രമിക്കണം. അങ്ങനെ ഒരുസംഘടനയെ കാണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ, പ്രളയദുരിതം അനുഭവിക്കുന്ന കുടുംബംങ്ങളെ  നേരിട്ട്  കണ്ടെത്തി  അവരെ സഹായിക്കുക. 30 ലക്ഷത്തോളം വരുന്ന മറുനാടൻ മലയാളികൾ മനസ്സിരുത്തിയാൽ, തകർന്നടിഞ്ഞ കെട്ടിടകൂമ്പാരത്തിൽ നിന്നും, കുമിഞ്ഞു കൂടിയ മണൽ കൂമ്പാരത്തിൽ നിന്നും ലോകോത്തരമായ ഒരു നവകേരളം ഉയർന്നുവരും.