കോർത്തെടുക്കേണ്ടത്...

പുഴയ്ക്കൊപ്പം ഒലിച്ച് പോയത് 

സ്വപ്നങ്ങളും കൂടിയാണ്....

പുസ്തകങ്ങൾക്കൊപ്പം കുതിർന്നില്ലാതായത്

ഓർമകളുടെ മയിൽപ്പീലി തുണ്ടുകളും.

മോഹങ്ങൾക്കുമേൽ ഉരുൾപ്പൊട്ടിവീണപ്പോൾ

ഇല്ലാതായത് നമ്മൾ തന്നെയാണ്,

ചുരം കയറുമ്പോൾ നമ്മെ തലോടിയ

നനുത്ത കാറ്റാണ്.

ഒഴുകി പരന്ന് ഇല്ലാതായ കഞ്ഞിക്കലത്തോടൊപ്പം

വിശപ്പിന്റെ ഉരുളുകളുമുണ്ടായിരുന്നു

ഇനിയൊരിക്കലും വിശക്കാത്ത വിധം 

വയർ നിറഞ്ഞവർ നമ്മൾ.

കലങ്ങി മറിഞ്ഞ് കുതിച്ചൊഴുകിയ 

മലവെള്ളപ്പാച്ചിലിലേയ്ക്ക് തന്നെയാണ്

കണ്ണീർമഴ പെയ്ത് നിറഞ്ഞതും

പുഴയായ് പരന്നൊഴുകിയതും.

ഇല്ലാതായ ഭൂമികൾ 

ഇല്ലാതായ സ്വപ്നങ്ങൾ

ഇല്ലാതായ നമ്മൾ.

അതുകൊണ്ടു തന്നെ 

തിരിച്ചു പിടിക്കേണ്ടതും

കോർത്തെടുക്കേണ്ടതും 

ഇതൊക്കെ തന്നെയാണ്...