Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങൾ തേടി ഒരു യാത്ര

x-default Representative Image

ബസ്സിറങ്ങുമ്പോഴും മഴ നിലച്ചിരുന്നില്ല, പക്ഷേ ശക്തി കുറഞ്ഞിരുന്നു. ബാഗുകളെല്ലാം പുറത്തിറക്കി ഒരു കടത്തിണ്ണയിൽ വെച്ചിട്ടവൻ പരിസരമെല്ലാം വീക്ഷിച്ചു. വളരെ കുറച്ചു കടകൾ മാത്രമേ അവിടുള്ളൂ അത്യാവശ്യ സാധനങ്ങൾ പോലും അവിടെ നിന്നു കിട്ടാൻ വഴിയില്ല,അത്രയ്ക്ക് ദുർബലമായ കടകളാണവയെല്ലാം.

'ഇവിടെ നിന്നും ഏകദേശം അൻപതു കിലോമീറ്ററോളം ഉള്ളിലേക്കു പോയാലെ താൻ ഉദ്ദേശിക്കുന്ന സ്ഥലം എത്തുകയുള്ളു. ഒരുപക്ഷേ ഇതാകാം അവസാനത്തെ കവല.'അവിടെയുള്ള ഒരു കടയിൽ നിന്നു പോകേണ്ട സ്ഥലത്തേക്കുള്ള വഴിയും മറ്റു വിവരങ്ങളും അവൻ മനസിലാക്കി. നാൽപ്പതു കിലോമീറ്ററോളം ചരക്കു വണ്ടികൾ കിട്ടും, ആദിവാസികളുടെ കയ്യിൽ നിന്നു കാപ്പിയും കുരുമുളകും ഒക്കെ എടുക്കാൻ പോകുന്നവയാണത്. അവിടെ നിന്നു കാൽനടയായി പോകണം. ഇവിടുന്നു കിട്ടുന്ന സാധനങ്ങൾക്കൊക്കെ പുറത്തു വലിയ പേരാണ്, പക്ഷേ അതിന്റെ ഗുണം കിട്ടുന്നത് സാധനം എടുക്കാൻ വരുന്ന ആളുകൾക്കാണെന്നു മാത്രം. കർഷകനു പണിയും പഴംകഞ്ഞിയും മാത്രം മിച്ചം.

'കണികാണാമുടി’ അതാണ് തനിക്കു പോകേണ്ട സ്ഥലത്തിന്റെ പേര്. നൂറോളം കുടുംബങ്ങൾ വരുന്ന ആദിവാസി മേഖല. സർക്കാരിൽ നിന്ന് റേഷൻ ഒഴികെ മറ്റൊരു സഹായവും കിട്ടാതെ ഉദ്യോഗസ്ഥരുടെ കണ്ണിൽപോലും പെടാത്ത ഒരു സ്ഥലം. അവിടെനിന്നാണ് തനിക്കു തന്റെ ആഗ്രഹത്തിന്റെ ഏടുകൾ ഒപ്പിയെടുക്കേണ്ടത്. ഇനി ഇങ്ങനെ ഒരവസരം കിട്ടിയെന്നു വരില്ല.

‘ഫോട്ടോ...’ കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ, ആരും കാണാത്ത നിമിഷങ്ങളെ പിന്നീടെപ്പോഴെങ്കിലുമൊക്കെ നെഞ്ചോടു ചേർത്ത് ഓർക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത അതിവേഗം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന സമയത്തെ ഒരു നിമിഷം കൊണ്ട് ഒരിക്കലും മറക്കാത്ത ഓർമകളാക്കി മാറ്റാൻ കഴിയുന്ന ക്യാമറ കണ്ണുകളോടുള്ള പ്രണയം കുഞ്ഞിലേ എപ്പോഴോ മനസ്സിൽ കൂടിയതാണ്. പഠിക്കാനും നല്ലൊരു ജോലി മേടിക്കാനും ഉള്ള ഓട്ടത്തിലും ആ പ്രണയം കൂടെ ഉണ്ടാരുന്നു. പിന്നീട് സ്വന്തം കാലിൽ നിക്കാം എന്നൊരു തോന്നൽ വന്നപ്പോൾ ഉള്ള ജോലിയും കളഞ്ഞു ക്യാമറയും എടുത്ത് ഇറങ്ങി പുറപ്പെട്ടു. സ്വപ്നങ്ങളുടെ പുറകെ പോകുന്ന ഏതൊരാൾക്കും നേരിടേണ്ടി വരുന്ന പരിഹാസം തനിക്കും കിട്ടി, നാട്ടുകാരും വീട്ടുകാരും ഉപദേശവും ശകാരവുമായി ചുറ്റിനും കൂടിയപ്പോഴും തന്റെ ഇഷ്ടത്തിൽ ഉറച്ചു നിന്ന് അവസാനം ഇവിടെ വരെ.

കയ്യിലുള്ള സർട്ടിഫിക്കറ്റുകളുടെ ബലത്തിലാണ് ഈ യാത്ര. ഒന്നും നേടാനാകാതെ തിരിച്ചു ചെന്നാലും തന്നെ താങ്ങി നിർത്താൻ അവയ്‌ക്കു കഴിയും എന്നൊരു വിശ്വാസം. എണ്ണിയാൽ തീരാത്ത ആഗ്രഹങ്ങളുടെ കൂടെ ഇതും കാലത്തിൽ മറയാതിരിക്കാൻ ഒരു അവസാന ശ്രമം. അത്രയൊക്കെയേ ഈ തീരുമാനത്തിൽ താൻ നോക്കിയുള്ളൂ.

ഇന്ത്യൻ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാഷണൽ ലെവലിൽ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിന്റെ ഭാഗമായാണ് അവന്റെ ഈ യാത്ര. വലിയൊരു ആഗ്രഹത്തെ ഉയർത്തി പിടിക്കാൻ വേണ്ടിയുള്ള ഒരു യാത്ര. വണ്ടിയുടെ കുലുക്കത്തിനൊപ്പം ഓരോന്നൊക്കെ ആലോചിച്ചും കാഴ്ചകൾ കണ്ടും അവൻ ക്യാമറ കൈകളിലേക്ക് ചേർത്ത് പിടിച്ചു. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ... മനുഷ്യനെ ഉയരങ്ങളിൽ എത്തിക്കാനുള്ള ഒരു മാന്ത്രികത ഇവയ്ക്കുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ എത്ര പേരുണ്ട് സഫലമായ ആഗ്രഹങ്ങളോടെ ജീവിക്കുന്നവർ!

വെറുതെയിരിക്കുന്ന സമയങ്ങളിൽ മനസ്സിനു സന്തോഷം പകരുന്ന മാന്ത്രികമായ ചില തോന്നലുകൾ എന്നതിനപ്പുറം മറ്റൊന്നും പല സ്വപ്നങ്ങൾക്കും ഇല്ല, അതിപ്പോൾ കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും. എങ്കിലും നാളെ എന്ന സങ്കൽപ്പം നിലനിർത്താൻ സ്വപ്നങ്ങളും ആഗ്രഹങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല.

***   ***   ***

താഴെ നിന്നും കൂട്ടിനു കിട്ടിയ ആളോടൊപ്പം നടന്നെത്താൻ അവനു പലപ്പോഴും കഴിഞ്ഞിരുന്നില്ല. നിന്നും ഇരുന്നും അതിനിടയിൽ നടന്നും ലക്ഷ്യത്തിൽ എത്തിയപ്പോഴേക്കും അവൻ വല്ലാതെ തളർന്നിരുന്നു. അവൻ ആ പ്രദേശം മുഴുവൻ വീക്ഷിച്ചു.

കുടിലുകളും പ്രദേശവുമൊക്കെ അവൻ പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു. എന്നാൽ അവിടുത്തെ മനുഷ്യർ അവനെ തെല്ലൊന്നമ്പരപ്പിച്ചു. അവരെ കണ്ടാൽ അത്ര പ്രാകൃതരായി തോന്നുമായിരുന്നില്ല. ടിവിലൂടെയും മറ്റും കണ്ടു പരിചയിച്ച വസ്ത്ര ധാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഷർട്ടുകളും പാന്റ്സും തുടങ്ങി ഷൂ ഇട്ടവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഉപയോഗത്തിന്റെ അലക്ഷ്യതയും കാലപ്പഴക്കവും മൂലം അവയൊക്കെ നശിച്ചു തുടങ്ങിയിരുന്നു എന്നു മാത്രം.

സ്ത്രീകൾ മിക്കവരും ഇപ്പോഴും പരമ്പരാഗത രീതിയിൽ തന്നെയാണ് വസ്ത്ര ധാരണം. അതു കണ്ടപ്പോൾ ഒന്നു രണ്ടു ഷോട്ട് എടുത്താൽ കൊള്ളാം എന്നു തോന്നിയെങ്കിലും സമയമുണ്ടല്ലോ എന്നോർത്തപ്പോൾ വേണ്ടെന്നു വെച്ചു.

അടിവാരത്തു നിന്ന് കൂട്ടിനു കിട്ടിയ ആൾ അവനെ മൂപ്പന്റെ 'കുടി'യിൽ എത്തിച്ചു. അവിടെ താമസിക്കാനുള്ള സൗകര്യവും മറ്റും മൂപ്പൻ നേരിട്ടു തന്നെ ഏർപ്പാടാക്കി കൊടുത്തു. അവരുടെ ഭാഷ പച്ച മലയാളം ആയിരുന്നില്ലെങ്കിലും മനസിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ളതായി അവനു തോന്നിയില്ല. 

അന്നു സമയം വൈകിയതിനാൽ കൂട്ടിനായി ഒരാളെ നാളത്തേക്ക് ഏർപ്പാടാക്കാം എന്നും ഇന്ന് വിശ്രമിക്കാനും മൂപ്പൻ പറഞ്ഞു. മൂപ്പന്റെ ശബ്ദത്തിൽ വല്ലാത്തൊരു ആജ്ഞ ശക്തി അവന് അനുഭവപ്പെട്ടു, തികച്ചും സൗഹാർദപരം ആയിരുന്നെങ്കിൽ കൂടി. 

'ഇവിടുള്ളവരുടെ അവസാന വാക്കാണ് അദ്ദേഹം, അതിന്റെ ആകാം ഈ ആജ്ഞാപാടവം'

കൂടെ ആരും തന്നെ വേണ്ട എന്നവനു പറയണം എന്നുണ്ടായിരുന്നു, എന്നാൽ ആലോചിച്ചപ്പോൾ അതു വേണ്ടെന്നു വെച്ചു. തനിക്കു ഒട്ടും തന്നെ പരിചയം ഇല്ലാത്ത സ്ഥലമാണ്. കാട് ഒരു കള്ളിയെപ്പോലെ ആണെന്ന് അവൻ കേട്ടിട്ടുണ്ട്. ഒരാൾക്ക് ആവശ്യമുള്ളതെല്ലാം ഇവൾ തരും. പക്ഷേ, ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതം ആകും ഫലം. ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്ന ഒരുപാടു കാട്ടുമക്കൾ ഉണ്ടിവിടെ, അവർക്ക് ഒരു നേരത്തെ ഭക്ഷണം ആക്കാൻ ഇവൾ വിചാരിച്ചാൽ കഴിയും. അതുകൊണ്ട് ഒരു കൂട്ട് ഉള്ളത് നല്ലതാണ്

***   ***   ***

അത്യാവശ്യം സൗകര്യങ്ങൾ ഉള്ള നല്ലൊരു കുടിലാണ് അവനു കിട്ടിയത്. ഭക്ഷണം ആയി കപ്പയും ഇറച്ചിയും ലഭിച്ചു. എന്തിന്റെ ഇറച്ചിയാണെന്നു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും നല്ല രുചിയുള്ളതായി അവനു തോന്നി. 

ഇവിടുത്തെ തന്റെ ആദ്യ ദിവസം... നാളെ എന്തായി തീരും എന്നോർത്ത് ചെറിയൊരു പേടി തോന്നിയെങ്കിലും എന്തോ ഒരു മനസുഖം അവനനുഭവപ്പെട്ടു. കൂടുതൽ ഒന്നും ഓർക്കാതെ അവൻ കണ്ണുകൾ അടച്ചു, ക്ഷീണം മൂലം വേഗം തന്നെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

***   ***   ***

കോരിച്ചൊരിഞ്ഞു വീഴുന്ന മഴയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൻ ഉറക്കമുണർന്നത്. ശരീരത്തിനു നല്ല വേദനയുള്ളതായി ഉടൻ തന്നെ അവനു മനസിലായി. ഇന്നലത്തെ നടത്തം നന്നായിട്ട് ഏറ്റിട്ടുണ്ട്. അവൻ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി. മുൻപ് അവൻ കണ്ടിട്ടില്ലാത്ത വിധം മഴ തിമിർത്തു പെയ്യുകയാണ്. അടുത്തുള്ള കുടിലുകളിൽ ചിലർ എന്തോ കുടിച്ചു കൊണ്ടു മഴയും കണ്ടിരിക്കുന്നതു കണ്ടു, എല്ലാവരും തന്നെ പ്രായമായവരും കുട്ടികളുമാണ്. ചിലർ കുട പോലുള്ള തൊപ്പിയും ധരിച്ചു മഴയത്തു കൂടി നടക്കുന്നു. എല്ലാവരും അവരവരുടെ ജോലികളിലാണ്, ആരും മഴയെ ശ്രദ്ധിക്കുന്നതു കൂടിയില്ല.

ഒരു സ്ത്രീ അവനെ നോക്കുന്നതും അകത്തേക്ക് പോകുന്നതും അവൻ കണ്ടു. അവൻ തിരികെ മുറിയിൽ കയറി വാച്ചിൽ സമയം നോക്കി,വിചാരിച്ചതിലും സമയം വൈകിയിരിക്കുന്നു' ബാഗിൽ നിന്നു സാധനങ്ങൾ എടുത്തു വെയ്ക്കുമ്പോഴാണ് നേരത്തെ കണ്ട സ്ത്രീ കയ്യിൽ കാപ്പിയും പലഹാരങ്ങളുമായി കയറി വന്നത്. 

അവ അവിടെ വെച്ച ശേഷം ഒരു ചിരിയോടെ അവർ തിരിച്ചു പോയി. കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും കാപ്പി തണുത്തിരുന്നു. അപ്പോഴും മഴ പഴയപോലെ തന്നെ തുടരുകയായിരുന്നു. പുറത്തേക്കു നോക്കിയപ്പോൾ കുറച്ചു കുട്ടികൾ കളിക്കുന്നതു കണ്ടു, അവൻ ക്യാമറയും എടുത്തു പുറത്തേക്കിറങ്ങി. കുട്ടികളെ ഫോക്കസ് ചെയ്ത് ക്ലിക്ക് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും തലേന്ന് അവന്റെ വഴികാട്ടി ആയിരുന്ന ആൾ തോളത്തു തട്ടി.

“വന്ന ഉടനെ ജോലി തുടങ്ങിയോ”

അവൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. സൗകര്യങ്ങളെക്കുറിച്ചും മറ്റും ചോദിച്ച ശേഷം അയാൾ പോയി. ഒരു മണിക്കൂർ നടന്നാൽ സർക്കാർ വക ഒരു കെട്ടിടം ഉണ്ടെന്നും അവിടെ മാത്രമേ കറന്റ് കിട്ടാൻ വഴിയുള്ളുവെന്നും അയാളിൽ നിന്ന് മനസിലാക്കി. തലേന്നത്തെ ക്ഷീണം വിട്ടുമാറാത്തതിനാൽ കുറച്ചു നേരം കൂടി അവൻ കിടന്നു. മഴ തോർന്നു എന്നു തോന്നിയപ്പോൾ പതിയെ ക്യാമറ ബാഗും തോളിലാക്കി ഇറങ്ങി.

ആദ്യം സ്ഥലങ്ങൾ ഒക്കെ ഒന്നു കാണാൻ തീരുമാനിച്ചു. ആദ്യം തന്നെ മൂപ്പന്റെ കുടിയിലേക്ക് അവൻ നടന്നു. ജനങ്ങൾ ഒന്നടങ്കം ബഹുമാനിക്കുന്ന ആളാണ് മൂപ്പനെങ്കിലും യാതൊരു വിധ അലങ്കാരങ്ങളും മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായി അദ്ദേഹത്തിന്റെ വീട്ടിലോ ശരീരത്തിലോ ഇല്ല, മാത്രമല്ല ആവശ്യത്തിലധികം വിനയം ഉണ്ടുതാനും. അധികാരത്തിന്റെ ചിഹ്നമായി ഒരു വള മാത്രമാണ് ഉള്ളത്, അതുകൂടാതെ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോഴും, നാട്ടുകൂട്ടത്തിനും മറ്റും കയ്യിൽ ഒരു ദണ്ഡ് കാണുമെന്നും അവൻ മനസിലാക്കി.അവിടുന്നു കിട്ടി ഒരു കോപ്പ കാപ്പി. വിശേഷങ്ങൾ എല്ലാം ചോദിച്ച ശേഷം സ്ഥലങ്ങളും മറ്റും പരിചയപ്പെടുത്താൻ കൂടെ വരാമെന്നു പറഞ്ഞ ആൾ ഇപ്പോൾ വരുമെന്നും പറഞ്ഞു മൂപ്പൻ അകത്തേക്ക് പോയി.

അവൻ ഇറയത്തു തന്നെ ഇരുന്നുകൊണ്ട് പരിസരമെല്ലാം വീക്ഷിച്ചു. അവിടിരുന്നാൽ അവൻ താമസിക്കുന്ന കുടിൽ കാണാൻ സാധിക്കുമായിരുന്നു, അതു മാത്രമല്ല ഒരുമാതിരിപ്പെട്ട എല്ലാ കുടിലുകളും. അവൻ ക്യാമറ എടുത്ത് ഒരു കുടിലിനെ പശ്ചാത്തലം ആക്കി ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ ഫോട്ടോ എടുത്തു. അവിചാരിതമായി എന്തോ ഒന്ന് ഫ്രയിമിൽ കയറിയെന്നു തോന്നിയതുകൊണ്ട്, എടുത്ത ഫോട്ടോ ഒന്നുകൂടി നോക്കി. വീടിന്റെ പശ്ചാത്തലത്തിൽ മഴത്തുള്ളികൾക്കു പകരം മനോഹരമായ ഒരു മുഖത്തിന്റെ പാതി! ആരോ വരുന്നതറിഞ്ഞു ക്യാമറയിൽ നിന്നു കണ്ണുകളെടുത്തു അവൻ പുറത്തേക്കു നോക്കി. ചാറ്റൽ മഴക്കിടയിലൂടെ കൈകൾ കുടയാക്കി ഒരു പെൺകുട്ടി. അവൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി.

അതെ... ഫോട്ടോയിൽ പതിഞ്ഞ അതേ പാതി മുഖം. അവൾ അവനെ ഒന്നു നോക്കിയ ശേഷം അവനെ കടന്നു അകത്തേക്കു പോയി. ഉടൻ തന്നെ മൂപ്പനോടൊപ്പം തിരിച്ചെത്തുകയും ചെയ്തു.

"ഇതു രാധ... നിങ്ങൾക്കു സഹായത്തിന് ഇവൾ കൂടെ ഉണ്ടാകും. കാടും മേടും മൃഗങ്ങളും അവയുടെ ചലനങ്ങളും എല്ലാം ഇവൾക്ക് സുപരിചതമാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പഠിപ്പുള്ളതും ഇവൾക്കാണ്"

"വരൂ" എന്നു പറഞ്ഞ ശേഷം അവൾ അവനെ നോക്കാതെ തന്നെ അവൻ താമസിക്കുന്ന കുടിലിലേക്ക് നടന്നു. "എന്റെ പേര് രാധ, മൂപ്പൻ പറഞ്ഞല്ലോ. താങ്കൾ ഇവിടെ ഉള്ളിടത്തോളം സഹായിക്കാൻ എന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടുള്ളവരെ കൊണ്ട് ചെയ്യാൻ കഴിയുന്ന എന്തു സഹായവും കഴിയും പോലെ ചെയ്തു തരാം"

അവൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. മറ്റുള്ളവരുടെ ഭാഷയും ശരീര പ്രകൃതിയും ഒന്നുമല്ല ഇവൾക്ക്, തനി മലയാളമാണ് ഉപയോഗിക്കുന്നത്. അവൾ അവസാനം പറഞ്ഞ വാചകവും അവനിൽ സംശയം ജനിപ്പിച്ചു. മറ്റൊന്ന് കൂടി അവനെ അമ്പരിപ്പിച്ചു. എന്ത് ധൈര്യത്തിലാണ് ഇവളെ പോലൊരു പെൺകുട്ടിയെ യാതൊരു പരിചയവും ഇല്ലാത്ത ഒരാളുടെ കൂടെ സഹായത്തിനു വിട്ടിരിക്കുന്നത്. ഇതൊക്കെയാവാം കാടിന്റെ നിഷ്കളങ്കത'

അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും തുടർന്നു

"താങ്കളുടെ ആശ്ചര്യം ഞാൻ മനസിലാക്കുന്നു. വന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക. അതാണു നല്ലത്. മറ്റൊരു കാര്യം കൂടി, ഇവിടുള്ളവർ പാവങ്ങളും നിഷ്കളങ്കരുമാണ് അതു മുതലെടുക്കാൻ ശ്രമിക്കരുത്. പിന്നെ ഇവിടെ താമസിക്കുമ്പോൾ ഇവിടുത്തെ രീതികൾ പാലിക്കാൻ ശ്രമിക്കുക"

അവൻ ഒന്നു പുഞ്ചിരിച്ചു

"തീർച്ചയായും, ഞാൻ കാരണം ആർക്കും അലോസരം ഉണ്ടാകാതെ ശ്രദ്ധിക്കാം. പിന്നെ, എന്റെ പേര് അനന്തൻ, അനന്തു എന്ന് വിളിക്കാം"അവന്റെ അത്ഭുതം ഇതു വരെ തീർന്നിരുന്നില്ല. ഇവളെ കണ്ടപ്പോൾ മുതൽ എന്തോ ഒന്ന് മനസിനെ വല്ലാതെ ഉലയ്ക്കുന്നു. പല പെൺകുട്ടികളെയും കണ്ടിട്ടുണ്ട് പലരും ജീവിതത്തിലൂടെ കടന്നു പോയിട്ടുമുണ്ട്, പക്ഷേ ഇത്..... മറ്റെന്തോ തരം അനുഭവം.

അവൻ അവന്റെ ഇഷ്ട എഴുത്തുകാരനായ പാലൊ കൊയ്‌ലോയുടെ 'ബ്രിഡ' എന്ന നോവലിലെ ഒരു ഭാഗം ഓർത്തു

'ഒരാൾ തന്റെ ആത്മപങ്കാളിയെ കണ്ടു മുട്ടുന്ന നിമിഷം അവരുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം അനുഭവപ്പെടും' അത് തികച്ചും കാവ്യാത്മകമാണ്, പക്ഷേ ഇവിടെ ഇവളിങ്ങനെ മുൻപിൽ നിൽക്കുമ്പോൾ... അവന്റെ ചിന്തകളെ തടഞ്ഞു കൊണ്ട് അവൾ തുടർന്നു

"സാറിന്റെ ജോലി എന്നു തുടങ്ങാനാണ് ആഗ്രഹിക്കുന്നത്?"

കഴിയുന്നതും വേഗം. പക്ഷേ, ഇന്നു ഞാൻ അവശനാണ്, ഇന്നലത്തെ നടത്തത്തിന്റെയാകാം. അതുകൊണ്ടു നാളെ തുടങ്ങാം.

"സാറിന്റെ ഇഷ്ടമ്പോലെയാകാം. വേദനയ്ക്കുള്ള മരുന്ന് ഞാൻ കൊടുത്തു വിടാം, ഇവിടുന്നു മൂന്നു കുടിൽ അപ്പുറത്താണ് ഞാൻ താമസിക്കുന്നത്. എന്താവശ്യമുണ്ടേലും വിളിക്കാം, വിളിച്ചാൽ കേൾക്കാവുന്ന ദൂരമേ ഉള്ളു."

"തീർച്ചയായും. പിന്നെ, ഈ സാർ വിളി ഒന്ന് ഒഴിവാക്കിയിരുന്നേൽ നന്നായിരുന്നു, എന്റെ പേര് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം."

"ക്ഷമിക്കണം, നിങ്ങൾ ഞങ്ങളുടെ അഥിതിയാണ്. മാത്രവുമല്ല ആദ്യം കാണുന്ന ഒരാളെ പേര് വിളിക്കാനും എനിക്കു ബുദ്ധിമുട്ടുണ്ട്" അത്രയും പറഞ്ഞ് അവൾ എണീറ്റു, ഭംഗി വാക്കൊന്നും പറയാതെ പുറത്തേക്കു നടന്നു.

***   ***   ***

പിറ്റേന്നു വെളുപ്പിന് തന്നെ അവൻ എണീറ്റു, തലേദിവസത്തെ വേദനയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല. നല്ല ഉന്മേഷവും തോന്നി ഒരുപക്ഷേ ഇന്നലത്തെ നാട്ടുമരുന്നിന്റെയാകാം. ഒട്ടും തന്നെ സമയം കളയാതെ അവൻ ഒരുങ്ങി ഇറങ്ങി. അവിടുള്ളവരുടെ ആദിത്യ മര്യാദകൾ അവനു മറ്റൊരു അത്ഭുതം ആയിരുന്നു. എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും അതാതു സമയത്ത് ചെയ്യാൻ അവർക്കു പ്രേത്യേക കഴിവുണ്ടെന്നു തോന്നി. അവൻ ക്യാമറ എടുത്തു ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ അവൾ വരുന്നത് ക്യാമറ കണ്ണുകളിലൂടെ തന്നെ കണ്ടു. കണ്ടാൽ 'ചേല' എന്നു തോന്നുമെങ്കിലും പരമ്പരാഗത വേഷം അല്ല അവൾ ധരിച്ചിരിക്കുന്നത് എന്ന് ഒരു ദിവസത്തെ പരിചയം വെച്ച് അവനു മനസിലായി. അവൾ വന്ന ഉടനെ ചെറുതായൊന്നു പുഞ്ചിരിച്ചു. ഈ ചിരിക്കു അവന്റെ ഹൃദയത്തിന്റെ കോണുകളെ മുറിവേൽപ്പിക്കാനുള്ള ശേഷി ഉണ്ടെന്നു ഇവൾക്കറിയില്ലല്ലോ.

"പോകാം?" സമയം കളയാതെ അവൾ പറഞ്ഞു

അവൻ മറുപടി ഒന്നും പറയാതെ തലയാട്ടുക മാത്രം ചെയ്തുകൊണ്ട് ബാഗും മറ്റും എടുത്തു.

"എനിക്കു ഫോട്ടോഗ്രഫിയെക്കുറിച്ചത്ര വല്യ അറിവൊന്നും ഇല്ല, നല്ല ചിത്രങ്ങൾ കാണാൻ ഇഷ്ടമാണ് എന്നതൊഴിച്ചാൽ. എന്നാൽ കഴിയും വിധം ഞാൻ ഈ കാടിനെ കാണിച്ചു തരാം അതിനെ എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞു തരാൻ എനിക്കാവില്ല"

"നല്ല ഫോട്ടോകൾ കാണാൻ ഉള്ള കഴിവ് തന്നെയാണ് ഫോട്ടോഗ്രാഫി, അത് ക്യാമറയിൽ ആക്കുക എന്നതു മാത്രമേ പിന്നെ ബാക്കിയുള്ളു." 

നടക്കുന്നതിനിടയിൽ ചുറ്റിനും നോക്കികൊണ്ടു അവൻ പറഞ്ഞു "ഇന്നലെ കണ്ടപ്പോൾ മുതൽ ചോദിക്കണം എന്നു തോന്നിയതാണ്, രാധ വളരെ നന്നായി സംസാരിക്കുന്നു. ഇവിടുള്ളവരിൽ നിന്ന് എല്ലാ കാര്യത്തിലും വ്യത്യസ്തയുമാണ്. താൻ ഇവിടുത്തെ ഒരു കുട്ടിയാണെന്ന് ആരും വിശ്വസിക്കില്ല"

വഴിയിൽ ശ്രദ്ധിച്ചു നടന്നതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല, ശ്രദ്ധിച്ചതായി പോലും അവനു തോന്നിയില്ല. അതിൽ അവനും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

'അവളിൽ നിന്ന് ഇത്രയൊക്കയേ പ്രതീക്ഷിക്കേണ്ടു'

ഇവിടുന്നങ്ങോട്ടു പരിചയമില്ലാത്തവർ ഒരുപാടു ശ്രദ്ധിക്കേണ്ട സ്ഥലങ്ങളാണ്. ഒരു ചെറിയ അശ്രദ്ധ പോലും നമ്മുടെ രണ്ടു പേരുടെയും ജീവൻ പോലും അപകടത്തിലാക്കും. പക്ഷേ ഈ കാടിനെ അടുത്തറിഞ്ഞാൽ ഇതൊരിക്കലും ചതിക്കില്ല. ഇവിടുള്ളവർക്കു കാട് ആദ്യത്തെ അമ്മയാണ്, അതാണ് നിയമവും. ശ്രദ്ധിച്ചാൽ ജന്തുജാലങ്ങൾ പോലും അതു പാലിക്കുന്നവർ ആണെന്നു മനസിലാക്കാം" അവൾ പറഞ്ഞതെല്ലാം അവൻ കേൾക്കുന്നുണ്ടാരുന്നു, രാവിലെ ഉണ്ടായിരുന്ന പ്രസന്നത ഇപ്പോൾ അവളുടെ ശബ്ദത്തിൽ ഇല്ലെന്ന് അവനു മനസിലായി. അവൻ ക്യാമറ അവളുടെ നേരെ തിരിച്ചു

"അരുത്... എന്റെ ഫോട്ടോ എടുക്കരുത്. അതു കൊണ്ട് താങ്കൾക്കു യാതൊരു നേട്ടവും ഉണ്ടാവില്ല"

അവളുടെ ശബ്ദത്തിലെ നീരസം അവനു മനസിലായി. പെട്ടന്നവൻ നടത്തം നിർത്തി അവളെ തന്നെ നോക്കികൊണ്ടു ചോദിച്ചു 

"ഞാൻ മുൻപ് ചോദിച്ച കാര്യം വീണ്ടും ചോദിക്കുകയാണ്, മറ്റൊന്നും തോന്നരുത് ആകാംഷ കാരണം ചോദിക്കുന്നതാണ്"

അവളും നിന്ന ശേഷം തിരിഞ്ഞു അവനെ നോക്കി, 'എന്താ' എന്ന ഭാവത്തിൽ

"താൻ ഈ കോളനിയിലെ കുട്ടി തന്നെ ആണോ? കാടിനെകുറിച്ചുള്ള വിവരണവും ഭാഷയും ഒന്നും ഇവിടുള്ളവരുമായി ചേരുന്നില്ല. പുറത്തു നിന്നൊരാൾ പറയുന്ന രീതിയിലാണ് താൻ കാര്യങ്ങൾ പറയുന്നത്. പുറത്തു നിന്നു വന്നു ഇവിടെ താമസിക്കുന്നു എന്നെ തോന്നു. എന്താണ് സത്യാവസ്ഥ?"

അവൾ അവന്റെ മുഖത്ത് നിന്നും കണ്ണെടുത്തു. പറയാൻ കഴിയാത്ത എന്തോ ഒരു ഭാവം അവൻ അവളിൽ കണ്ടു

"അത് നിങ്ങളുടെ ജോലിയെയോ ഇവിടുത്തെ ജീവിതത്തെയോ ഒരിക്കലും ബാധിക്കാത്ത കാര്യങ്ങളാണത്, വന്ന കാര്യം മാത്രം ശ്രദ്ധിച്ച് എത്രയും വേഗം ജോലി പൂർത്തിയാക്കാൻ നോക്ക്. അതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധിക്കേണ്ട"

അവൻ ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. 'നിന്നെ ഞാൻ എടുത്തോളാം' എന്നൊരു ഭാവം അതിലുള്ളതായി അവൾക്കു തോന്നി.

***   ***   ***

ആ രാത്രി അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ എല്ലാത്തരത്തിലും തന്നെ ശല്യപ്പെടുത്തുകയാണ്, നോട്ടവും മുന വെച്ചുള്ള സംസാരവും തന്നെ ദഹിപ്പിക്കാൻ മാത്രം ശക്തി ഉള്ളതാണെന്ന് തോന്നി പോകുന്നുണ്ട്. ആദ്യം കണ്ട ദിവസം മുതൽ മനസ്സ് അസ്വസ്ഥമാണ്. എവിടെയോ കണ്ടു മറന്ന തന്നെ അറിയാവുന്ന തനിക്ക് അറിയാവുന്ന ആരോ ഒരാൾ ആണെന്നൊരു തോന്നൽ. അയാളെ സഹായിക്കാൻ പോകേണ്ടിയിരുന്നില്ല, മൂപ്പനെ ധിക്കരിക്കാൻ കഴിയാത്തതു കൊണ്ട് മാത്രം പോയതാണ്. ഈ കാടും ഇവിടുള്ളവരുമാണ് തനിക്കൊരു ജീവിതം തന്നതും ഇപ്പോൾ സംരക്ഷിക്കുന്നതും, അവരോടു പറ്റില്ല എന്നു പറഞ്ഞാൽ അതു നന്ദികേടാകും. അവളുടെ ചിന്തകൾ പഴയകാലത്തിന്റെ ഏടുകൾ എവിടുന്നോ തിരഞ്ഞെടുക്കാൻ തുടങ്ങി

പുഞ്ചിരിച്ചു കൊണ്ട് സ്നേഹം നടിക്കുന്നവർ അല്ല മറിച്ച് നിശബ്ദരായി എന്നും കൂടെ നിൽക്കുന്നവരാണ് നല്ല സുഹൃത്തുക്കൾ, അവരെ കണ്ടെത്താൻ ശ്രമിക്കണം എന്നു പ്രൊഫസർ പറഞ്ഞത് അവൾ ഓർത്തു. തനിക്കതിനു പക്ഷേ ഒരുപാടു നാൾ വേണ്ടി വന്നു, നല്ലതും ചീത്തയും തിരിച്ചറിയാൻ. അതു പഠിപ്പിക്കാൻ ജീവിതത്തിനും ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ഇനിയൊരു ആപത്തിലേക്കും പരീക്ഷണത്തിലേക്കും തന്നെ തള്ളി ഇടല്ലേ എന്ന് ഇഷ്ട ദൈവങ്ങളോട് പ്രാർഥിച്ചു കൊണ്ട് അവൾ കണ്ണുകളടച്ചു.

***   ***   ***

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒക്കെ ചാർജ് തീർന്നിരിക്കുന്നു. ഫോണിന്റെ ആവശ്യം കുറവാണ്, റേഞ്ചും ഇല്ല. പക്ഷേ ബാക്കി എല്ലാം അത്യാവശ്യമാണ്. രണ്ടു ദിവസം കാട് കണ്ടു നടന്നു എന്നല്ലാതെ വല്യ കാര്യമൊന്നും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും പ്രതീക്ഷ മാത്രം ബാക്കി. പോകാൻ തയാറായി ഓരോന്നൊക്കെ ഓർത്തിരുന്നപ്പോഴേക്കും അവൾ എത്തി. ആദ്യം തന്നെ ചാർജ് ചെയ്യുന്ന കാര്യം അവളോട് പറഞ്ഞു, കൊണ്ടുപോകാം എന്നും അവൾ പറഞ്ഞു.

ഒരു മണിക്കൂറോളം നടന്ന ശേഷമാണ് അവർ അവിടെ എത്തിയത്. അവിടാരും താമസമുള്ളതായി അവനു തോന്നിയില്ല. കരിങ്കല്ലിൽ തീർത്ത കെട്ടിടത്തിന് പഴക്കം തോന്നിക്കും എങ്കിലും നല്ല ഉറപ്പുള്ളതാണ്. ചില ഡ്രാക്കുള സിനിമകളിലെ കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന പലതും അവൻ കണ്ടു. ഭിത്തികളിൽ കൂടി തലങ്ങും വിലങ്ങും പലതരം വള്ളിപ്പടർപ്പുകൾ പടർന്നു കിടക്കുന്നു. മുള്ളുകൾ നിറഞ്ഞ ഏതോ തരം കുറ്റിച്ചെടി അവിടിവിടായി കെട്ടിടത്തിന് ചുറ്റും കാവലായി നിൽപ്പുണ്ട്. അവയ്ക്കിടയിൽ പലതരം മാളങ്ങൾ. വൃക്ഷത്തലപ്പുകൾ സൃഷ്ടിക്കുന്ന മറ കാരണം വെളിച്ചവും കുറവാണ്.

ഇവിടെ വൈദ്യുതി കണ്ടേക്കുമോ എന്ന കാര്യത്തിൽ അവനു സംശയം തോന്നി. 'അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ......' അവന് അത് ഓർക്കാനേ വയ്യായിരുന്നു. അവൻ പേടിച്ച പോലെയൊന്നും നടന്നില്ല, പുറമെ താറുമാറായി കിടക്കുകയായിരുന്നെങ്കിലും ഉൾവശം സൗകര്യമുള്ളതായിരുന്നു. മാത്രമല്ല ധാരാളം വിദേശ മദ്യക്കുപ്പികളും ഉണ്ടായിരുന്നു. സർക്കാരിന്റെ കീഴിലുള്ളതാണെങ്കിലും മറ്റു പലരും ഉദ്യോഗസ്ഥരും ആഘോഷിക്കാൻ വരുന്ന സ്ഥലമാണെന്ന് അവനു മനസിലായി.

അവിടുത്തെ വാച്ചർ അവരെ അകത്തേക്ക് കൊണ്ടുപോയി. എല്ലാം ചാർജ് ചെയ്യാൻ ഇട്ട ശേഷം അവൻ ക്യാമറയുമായി പുറത്തിറങ്ങി. അവിടെ വന്നതു മുതൽ അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു. രാധയും വാച്ചറും തമ്മിൽ മുൻപു കണ്ട പരിചയം പോലുമില്ല. 'പിന്നെങ്ങനെ സർക്കാർ ഇവരെ കാണും' അവൻ മനസ്സിൽ ഓർത്തു. അവർ രണ്ടു പേരും നടക്കാൻ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ പെട്ടന്നവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് നിന്നു.

"വരൂ ഈ വഴി പോകണ്ട"

അവനൊന്നും മനസിലാകാതെ ചുറ്റിനും നോക്കി, അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. "എന്താ കാര്യം?" പോകാൻ വിസമ്മതിച്ചു കാര്യം അറിയാൻ അവൻ അവിടെ തന്നെ നിന്നു.

“അടുത്തെവിടെയോ പാമ്പുകൾ ഇണ ചേരുന്നുണ്ട്, അവയെ ശല്യപ്പെടുത്തിയാൽ ആക്രമണമുണ്ടാകും"

എന്നാൽ ഭയത്തിനു പകരം അവന്റെ കണ്ണിൽ അവൾ കണ്ടത് ഒരു തിളക്കമാണ്. അവന്റെ കണ്ണുകൾ വിടർന്നു, അവളുടെ കൈകൾ പിടിച്ച് അവൻ മുന്നോട്ടു തന്നെ പോകാൻ തുടങ്ങി.

"നിൽക്കൂ... ഞാൻ പറയുന്നതു കേൾക്കൂ..."

അവനെ അതിൽ നിന്നു തടയാൻ അവൾ പരമാവധി ശ്രമിമിക്കുന്നുണ്ടാരുന്നു.

"ഒരു ഫോട്ടോഗ്രാഫർക്ക് കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണിവ, അത് നഷ്ടപ്പെടുത്തിയാൽപ്പിന്നെ ഞാൻ ഇവിടെ വന്നതിനു അർഥം ഇല്ലാതാകും" നടന്നുകൊണ്ടു തന്നെ അവൻ പറഞ്ഞു.

പിന്നെ അവൾ ഒന്നും പറഞ്ഞില്ല, അവന്റെ കൂടെ നീങ്ങി. പെട്ടെന്ന് അവർ അതു കണ്ടു, കുറച്ചകലെയായി രണ്ടു പാമ്പുകൾ ചുറ്റിപ്പിണഞ്ഞ് ഇണ ചേരുന്നു. നേരത്തെ നടത്തിയ യാത്രകളിൽ നിന്ന്പാ മ്പുകളെക്കുറിച്ചു അവന് ചെറിയ അറിവുണ്ടാരുന്നു, എന്നാൽ ഇവ ഏതാണെന്നു അവന് മനസിലായില്ല. അവളോട് ചോദിക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ പേടിച്ചരണ്ട കണ്ണുമായി നിക്കുന്ന രാധയെയാണ് അവൻ കണ്ടത്. അതുകൊണ്ടു ചോദിച്ചതുമില്ല.

അവിടെ നിന്നുകൊണ്ടു തന്നെ കുറച്ചു സ്നാപ്സ് എടുത്തു. കുറച്ചു കൂടി അടുത്ത ചിത്രം കിട്ടാനായി അവൻ സൂം ലെൻസ് എടുക്കാൻ ബാഗ് തപ്പി, എന്നാൽ ലെൻസ് അടങ്ങുന്ന ബാഗ് ചാർജ് ചെയ്യുന്നിടത്തു വെച്ചത് അവന് പെട്ടന്ന് ഓർമ വന്നു. ഇനി തിരിച്ചു പോകാനുള്ള സമയവും ഇല്ല. രണ്ടും കൽപ്പിച്ചു അവൻ മുൻപോട്ടു നീങ്ങി. ഇത്തവണ അവൾ കൂടുതൽ ശക്തിയോടെ അവനെ തടഞ്ഞു.

"അരുത്... പറയുന്നതു കേൾക്കു. ഇവിടെ വന്നതിനു ശേഷം ഞാൻ കാണാത്ത വർഗ്ഗമാണിത്" പറഞ്ഞു തീർന്നതും അവൻ അവളെ നോക്കി. താൻ പറഞ്ഞതിലെ പ്രശ്‍നം അവൾക്കു പെട്ടന്ന് മനസിലായി, എന്നാൽ അതൊന്നും ശ്രദ്ധിക്കാനുള്ള സമയമായിരുന്നില്ല അത്.

"അവയുടെ കഴുത്തിലെ വളയങ്ങൾ ശരീരത്തിലെ വിഷത്തിന്റെ അളവിനെയാണ് സൂചിപ്പിക്കുന്നത് "

അവൻ അവയുടെ കഴുത്തിൽ നോക്കി, തെളിഞ്ഞു കാണത്തക്ക വിധത്തിൽ വളയങ്ങൾ അവൻ കണ്ടു. കാണാൻ കിട്ടാത്തവയാണെന്നത് അവനു കൂടുതൽ സന്തോഷം നൽകി, ഇതാണ് താൻ നോക്കിക്കൊണ്ടിരുന്നത്. അവൻ അവളെ നോക്കാതെ മുൻപോട്ടു തന്നെ നീങ്ങി. അടുക്കും തോറും അവന് ചെറുതായി പേടി തോന്നി തുടങ്ങിയിരുന്നു. എന്നാൽ അവയെക്കുറിച്ചുള്ള അവളുടെ വിവരണം അവന് ഊർജം നൽകി. 

പെട്ടെന്നാണ് അവന്റെ മുന്നിലൂടെ ഒരെലി കുതിച്ചോടിപ്പോയത്, ഉടൻ തന്നെ അവന് അപകടം മണത്തു. ശബ്ദം കേട്ട ഉടൻ പാമ്പുകൾ രണ്ടും ജാഗരൂകരായി. തങ്ങളുടെ ഇണ ചേരലിനു തടസ്സം വരുത്തിയ പ്രതിയോഗിയെ അവ രണ്ടും പകയോടെ നോക്കി. ഏതു നിമിഷവും ആക്രമിക്കാൻ തയാറായി അവ ഫണമുയർത്തി നിന്നു.അവന് എന്തു ചെയ്യണം എന്നു മനസിലായില്ല, കാരണം അത്ര അടുത്താണ് അവൻ. അവ ആക്രമിക്കാൻ തുനിഞ്ഞാൽ നിമിഷങ്ങൾക്കകം അടുത്തെത്തും.

പെട്ടെന്ന് ഇലയിൽ പൊതിഞ്ഞ എന്തോ ഒന്ന് അവന്റെ മുൻപിൽ വന്നു വീണു, അവനു വല്ലാത്ത ദുർഗന്ധം അനുഭവപ്പെട്ടു. പെട്ടന്ന് രാധയുടെ കൈകൾ അവനെ കടന്നു പിടിച്ച് ഓടാൻ തുടങ്ങി. കാര്യങ്ങൾ മനസിലാക്കി അവനും സർവ്വ ശക്തിയും എടുത്ത് ഓടി.കെട്ടിടത്തിന്റെ മുന്നിലാണ് അവരുടെ ഓട്ടം ചെന്നു നിന്നത്. അവൻ കിതപ്പു കാരണം അവിടെ തന്നെ കിടന്നു, അവളും നന്നായി കിതക്കുന്നുണ്ടാരുന്നു.അവളുടെ മുഖത്തു നോക്കാൻ അവനു മടി തോന്നി

"സോറി..." അവളെ നോക്കാതെ തെല്ലൊരു ജാള്യതയോടെ അവൻ പറഞ്ഞു. അവൻ മുഖമുയർത്തിയപ്പോൾ അവൾ അവനെ തന്നെ നോക്കി നിന്നു കിതക്കുകയായിരുന്നു.

"മറ്റുള്ളവരുടെ ജീവനു പോലും വിലയില്ലാത്ത ഇത്തരം ആൾക്കാരുടെ കൂടെ സഹായിയായി നടക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. നിങ്ങൾക്ക് എന്തു സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഞാനാണ്. എല്ലാം ചെയ്തിട്ട് സോറി എന്നൊരു വാക്കു പറഞ്ഞാൽ ഒന്നും തീരില്ല" രോക്ഷം അവളിൽ അണപൊട്ടി ഒഴുകുകയായിരുന്നു.

അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി പടർന്നു. ജീവൻ പോകും എന്ന അവസ്ഥയിൽ നിന്നും കരകയറുമ്പോൾ മനസ്സിനുണ്ടാകുന്ന ലാഘവം അവൻ ആസ്വദിക്കാൻ തുടങ്ങിയിരുന്നു. അവൻ അവിടെത്തന്നെ കിടന്നു, മനസ്സ് തുറന്നു ചിരിച്ചുകൊണ്ട്.

***   ***   ***

അന്നു രാത്രിയും മഴ പെയ്തു, എന്നത്തേയും പോലെ ഭയാനകമാം വിധം. ജീവിതത്തിൽ ഇന്നേവരെ സിരകളെ ഇത്രമേൽ ത്രസിപ്പിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടപ്പോൾ ആ ഒരു നിമിഷം അല്ലാതെ മറ്റൊന്നും ഇല്ലെന്നു തോന്നി. ഇത്രയും നല്ലൊരു യോഗ വേറെ ഉണ്ടാകില്ല.

ആ സ്ഥലത്തെയും ജീവിതത്തെയും അവൻ വന്ന ഉദ്ദേശം എന്നതിലുപരി അവൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷേ, പുറത്തു നിന്നു കാണുന്ന മനോഹാരിതയൊന്നും അവിടുത്തെ ജീവിതത്തിനില്ലെന്നു പിറ്റേ ദിവസങ്ങളിൽ തന്നെ അവനു മനസിലായി.ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തിയത് രാധ ആയിരുന്നു. പതിവുള്ള പുഞ്ചിരിയോ പ്രസന്നതയോ ഒന്നും അവളിൽ കണ്ടില്ല.ഇന്നലത്തെ സംഭവം ആകാം എന്നവനു തോന്നി.

"രണ്ടുമൂന്നു ദിവസത്തേക്ക് അധികം പുറത്തേയ്ക്കൊന്നും ഇറങ്ങരുതെന്നു മൂപ്പൻ പറഞ്ഞിട്ടുണ്ട് .കുടിൽ മേഖല വിട്ടു മറ്റെങ്ങും പോകാൻ പാടില്ല."

അവസാന വാചകത്തിൽ ഒരു കടുപ്പം അവനു തോന്നി. ഇത്രയും പറഞ്ഞു അവൾ പോകാൻ തിരിഞ്ഞു.

"നില്ക്ക്, അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി

"കാരണം പറഞ്ഞിട്ട് പോ"

അവൾ കൈ കുടഞ്ഞു അവന്റെ കൈ വിടുവിച്ചു

“അനന്തുവിന് ഇതിനകം മനസിലായി കാണുമല്ലോ ഇവിടെ സർക്കാരിന്റെ യാതൊരു വിധ പ്രവർത്തനങ്ങളും ഇല്ലെന്ന്. അതുകൊണ്ട് തന്നെ നമ്മുടെ നിയമം അനുവദിക്കാത്ത പല കാര്യങ്ങളും കാടിന്റെ മറപറ്റി നടക്കുന്നുണ്ട്. ഇവിടുള്ളവർ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് എല്ലാരുടെയും ധാരണ. പക്ഷേ കാര്യങ്ങൾ അങ്ങനൊന്നും അല്ല, ഇവിടുത്തെ പാവങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ആൾക്കാരും അവരുടെ കൂടെയുള്ള അധികാരികളുമാണ് ഇതൊക്കെ ചെയ്യുന്നത്."അവൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടെങ്കിലും അവൾ പറഞ്ഞു വരുന്നത് എന്താണെന്ന് അവനു മനസിലായില്ല

"ഇയാൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ ഇതും ഞാൻ പുറത്തു ഇറങ്ങുന്നതും തമ്മിൽ എന്താണ് ബന്ധം?"

അവൾ അവനെ ഒന്നു നോക്കിയ ശേഷം തുടർന്നു.

"ഇങ്ങനെ ഉള്ളവർ തമ്മിൽ ചിലപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, ഒറ്റലും തീയിടലും മറ്റും. അങ്ങനെ വരുമ്പോൾ അത് വലിയ ലഹളയ്ക്കും ബഹളത്തിനും ഒക്കെ വഴിവെക്കും. അങ്ങനെയുള്ളപ്പോൾ മാത്രമാണ് പോലീസും മറ്റും ഇങ്ങോട്ടു വരുന്നതു തന്നെ. പ്രശ്‍നം ഉണ്ടാക്കിയവരെക്കാൾ ഇതൊക്കെ ബാധിക്കുന്നത് ഇവിടുള്ളവരെയാണ്, ഇവരാകും പലപ്പോഴും ഇരകൾ.

ഇപ്പോൾ അങ്ങനെയൊരു പ്രശ്‍നം ഉണ്ടായിരിക്കുന്നു. കാട് മുഴുവൻ ആയുധധാരികളായ ആളുകളാണ്, ഒറ്റയ്ക്കോ മറ്റോ നിങ്ങളെ കണ്ടാൽ കൊല്ലാൻ പോലും മടിക്കില്ല അവർ. അതുകൊണ്ടാണ് പുറത്തേക്കൊന്നും പോകരുത് എന്നു പറയുന്നത്. ഇതൊരു അപേക്ഷ ആയിട്ട് കണ്ടാൽ മതി."

ഇത്രയും പറഞ്ഞു അവൾ പോകാൻ എണീറ്റ് എന്നാൽ അവൻ അവളെ വീണ്ടും അവിടെപിടിച്ചിരുത്തി

":പഠിപ്പും വിവരവും പുറം ലോകത്തെക്കുറിച്ചു അറിവുമുള്ള തനിക്കു ഈ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചു കൂടെ?" ഒരിക്കൽ ഞാൻ ശ്രമിച്ചതാണ്. എന്നാൽ കാട് കയറി വരുന്ന അധികാരി വർഗങ്ങളിൽ പലരും മുതലാളി വർഗ്ഗത്തിന്റെ കാൽക്കീഴിൽ കഴിയുന്നവരാണ്. കൂറ് കാണിക്കാനും നിയമത്തിന്റെ കണ്ണിൽ പൊടിയിടാനും ബലിയാടുകളെ തേടിയാണ് അവർ വരുന്നത്. യുവാക്കളെ മാത്രമല്ല ഇവർ കൊണ്ടുപോകുന്നത് എന്നതാണ് കൂടുതൽ സങ്കടകരമായ കാര്യം. ഇവർ കൊണ്ടുപോകുന്ന സ്ത്രീകളിൽ പലരും ജീവച്ഛവങ്ങൾ ആയാണ് തിരിച്ചു വരാറ്, വരാത്തവരും കുറവല്ല"

കൂടുതൽ ഒന്നും അവനും പറയാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല. അവളെ പോകാൻ അനുവദിച്ചു. അന്നും പിറ്റേ ദിവസവും അവനു പുറത്തിറങ്ങാൻ കഴിഞ്ഞില്ല, അതിനുള്ള മനസ്സും ഇല്ലായിരുന്നു എന്ന് പറയണം. വിശേഷങ്ങൾ അപ്പപ്പോൾ രാധ വഴി അറിയുന്നുണ്ട്, എങ്കിലും അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

ഇതിനെതിരെ എന്തുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കാട് കൊള്ളയടിച്ചും കൂട്ടിക്കൊടുത്തും മുതലാളിത്തം കോടികൾ കൊയ്യുമ്പോൾ പ്രാഥമിക സൗകര്യങ്ങളോ ആഹാരമോ ഇല്ലാതെ കാടിന്റെ മക്കൾ എന്നു പറയുന്നവർ കഴിയുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതങ്ങൾ ബലി നൽകേണ്ടി വരുന്ന കുറെ ജന്മങ്ങൾ. ഇതിനെതിരെ തനിക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന ഓർമ അവന്റെ അസ്വസ്ഥത കൂട്ടി.

***   ***   ***

പിറ്റേ ദിവസം രാധ കാപ്പിയുമായി വരുമ്പോൾ അവൻ ജാക്കറ്റ് ധരിക്കുകയായിരുന്നു. അവൾക്ക് എന്തോ പന്തികേട് തോന്നി

"എന്താ പരിപാടി? യാത്രക്കുള്ള ഒരുക്കമാണെന്ന് തോന്നുന്നല്ലോ? തിരിച്ചു പോകാൻ ഒരുങ്ങുകയാകും അല്ലെ"

അവസാന വാചകത്തിലെ വ്യത്യാസം അവനു മനസ്സിലായി, എങ്കിലും ഒന്നും പറഞ്ഞില്ല. വന്നതു മുതൽ ജോലിയോടൊപ്പം അവൾക്കു വേണ്ടിയും കൂടിയാണ് അവൻ അവിടെ നിൽക്കുന്നത്. ഇപ്പോഴത്തെ അവനോടുള്ള അവളുടെ സ്വഭാവ വ്യത്യാസവും അവനു മനസിലാകുന്നുണ്ട്. 

"നന്നായി... അനന്ദു എങ്കിലും രക്ഷപ്പെട്ടോളൂ. ഞങ്ങളുടെ അവസ്ഥയോ ഇങ്ങനൊക്കെയായി"

അനന്ദു... ഇപ്പോൾ അവൾ അങ്ങനെയാണ് വിളിക്കുന്നത്, അന്ന് ആ പാമ്പുകളുടെ ആക്രമണം ഉണ്ടായതു മുതൽ. അവളുടെ സ്വരത്തിലെ നിരാശയും നിസ്സഹായാവസ്ഥയും അവനു മനസിലാക്കാൻ കഴിയുമായിരുന്നു. ഇതൊക്കെ ആലോചിക്കുമ്പോഴും അവൻ തിരക്കിലായിരുന്നു. വേഗം തന്നെ കാപ്പി കുടിച്ചെന്നു വരുത്തി ബാക്കി  ഭക്ഷണം പൊതിഞ്ഞെടുത്തു. അതിനുശേഷം തയാറായി എന്ന രീതിയിൽ അവളുടെ മുൻപിൽ വന്നു നിന്നു.

"ഞാൻ ഇവിടെ വന്നത് ഒരു ജോലിക്കല്ലേ, അതു തീർക്കാതെ എവിടെ പോകാൻ, ബാറ്ററി ചാർജ് ചെയ്യാൻ ഇട്ടത് എടുക്കണം, അതിനാണ് 

ഇപ്പോൾ പോകുന്നത്. ഇടയ്ക്കു വിശന്നാൽ കഴിക്കാനാണ് ഭക്ഷണം, പിന്നെ ക്യാമറ... അതറിയാലോ..."ഇത്രയും പറഞ്ഞു അവൻ ക്യാമറയും എടുത്തു. അവളുടെ മുഖം ചുവന്നു വരുന്നത് അവൻ കണ്ടു.

"അരുത് ഇപ്പോൾ ഇങ്ങനൊരു അബദ്ധം കാണിക്കരുത്, അതപകടമാണ്"എന്നാൽ അതൊന്നും കേൾക്കാൻ നിക്കാതെ അവൻ പുറത്തേക്കിറങ്ങി. പുറത്തു നിന്ന് അവൾ വാതിലിനോട് ചേർന്നു നിക്കുന്ന ഒരു ഫോട്ടോ എടുത്തു, അവൾ ഒന്നും പറഞ്ഞില്ല, തടഞ്ഞതുമില്ല.

"ഞാനും വരാം" അവൾ പ്രതീക്ഷയില്ലാതെ ചോദിച്ചു

"വേണ്ട, അതപകടമാവും" 

ഇത്രയും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാട്ടിൽ മറയുന്നത് അവൾ അതെ നിൽപ്പിൽ നോക്കി നിന്നു. അവളുടെ കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതും അതൊരു മഴത്തുള്ളിയായി രൂപം പ്രാപിക്കുന്നതും അവൻ കണ്ടില്ല.l

***   ***   ***

അന്നും പതിവു പോലെ അനന്തന്റെ മുറി വൃത്തിയാക്കിയ ശേഷം എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയായിരുന്നു. പെട്ടന്നൊരു ഇടിമുഴക്കം കൂടെ മഴയും. തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്ന കാര്യം പെട്ടന്നാണവൾ ഓർത്തത്, വേഗം തന്നെ അവൾ പുറത്തേക്കിറങ്ങി.ഏതോ വന്യജീവിയെ കണ്ടതുപോലെ അവൾ പെട്ടന്ന് നിന്നു. മുൻപിൽ 'അനന്തൻ'ഇത്രയും ദിവസം തന്റെ മനസ്സിനെ അസ്വസ്ഥമാക്കിയ, യാതൊരു അപകടവും കൂടാതെ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച, ഉള്ളുരുകി 

പ്രാർഥിച്ചതാർക്കു വേണ്ടിയാണോ, അയാളിതാ മുന്നിൽ. അവൾ ഒന്നും മിണ്ടാതെ അവളുടെ കുടിലിലേക്കോടി.എന്തുകൊണ്ടാണ് താൻ ഒന്നും മിണ്ടാതിരുന്നത്ഇതിനാണോ താൻ ഇത്ര മാത്രം ടെൻഷൻ അടിച്ചത്, ഇങ്ങനെ ഓരോന്നു ചിന്തിച്ചിരുന്നപ്പോഴേക്കും അവൻ കേറി വന്നു. അവൻ ആദ്യമായാണ് അവളുടെ കുടിലിൽ വരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ലെങ്കിലും വളരെ ഭംഗിയായി, വൃത്തിയായി സൂക്ഷിക്കുന്ന മുറി. മാത്രമല്ല ഒരു വലിയ പുസ്തക ശേഖരം തന്നെ അവിടെയുണ്ടാരുന്നു.

"ഞാൻ ഇതറിഞ്ഞില്ലല്ലോ ... സമയത്തെ പോകാൻ വേറെ വഴി നോക്കണ്ടായിരുന്നു"

അവൻ പുസ്തക കൂട്ടങ്ങളിൽ നോക്കിക്കൊണ്ടു പറഞ്ഞു

"രാധക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാ? ഇത്ര നാളായിട്ടും ഇതൊക്കെ ഇന്നിപ്പോൾ നിന്നു ഒളിപ്പിച്ചു വെച്ചത് മോശമായിപ്പോയി"

അവളപ്പോഴും ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരിക്കുകയായിരുന്നു. അവളുടെ ഭാവമോ വികാരമോ ഒന്നും അവന് ഊഹിക്കാൻ കഴിഞ്ഞില്ല, 

അവൻ പതുക്കെ അവളുടെ കവിളിൽ കൈവെച്ചു തല ഉയർത്തി. അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് അവൻ കണ്ടു

"ഇയാള് കരയുകയായിരുന്നു! കാടിന്റെ പെൺപുലി ഇങ്ങനെ കരയുന്നത് ആരും കാണണ്ട”

അവൾ അവന്റെ കൈ തട്ടിമാറ്റി ചാടി എണീറ്റ്

"വേറെ എന്തൊക്കെയോ ആലോചിച്ചപ്പോൾ കണ്ണ് കലങ്ങിയതാ അല്ലാതെ സാറിനെ കണ്ടതു കൊണ്ടാണെന്നു ആര് പറഞ്ഞു?"

സാർ എന്ന് ഊന്നി വിളിച്ചത് അവൻ ശ്രദ്ധിച്ചു. ദേഷ്യം പ്രകടിപ്പിക്കൽ മാത്രമാണെന്ന് അവനു മനസ്സിലായി

"അതിനു ഞാൻ പറഞ്ഞില്ലല്ലോ എന്നെ കണ്ടിട്ടാണ് കണ്ണ് കലക്കിയത് എന്ന്! അപ്പൊ അതിലെന്തോ കള്ളത്തരം ഉണ്ടല്ലോ"

അവൾ ഒന്നും മിണ്ടാതെ വാതിലിനു അടുത്തേക്ക് നീങ്ങി നിന്നു

'തന്റെ കള്ളത്തരങ്ങൾ ഇയാളുടെ അടുത്ത് നടക്കില്ല' എന്നാൽ അങ്ങനെയങ്ങു വിട്ടു കൊടുക്കാനും അവൾ തയാറായിരുന്നില്ല, അത്രയ്ക്ക് 

ദേഷ്യവും ഉണ്ടായിരുന്നു മനസ്സിൽ

"എവിടാരുന്നു ഇത്രയും ദിവസം?" അവൾ വീണ്ടും ഒരു പെണ്ണായി

"അത്ര ദിവസങ്ങൾ ഒന്നും ആയില്ലല്ലോ!! കുറച്ചു ദിവസങ്ങളല്ലേ ആയുള്ളൂ"

"കളി വേണ്ട... നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ഇല്ലെങ്കിലും ഞങ്ങൾക്ക് അങ്ങനല്ല, ഞങ്ങൾക്ക് ശ്രദ്ധിച്ചേ പറ്റൂ"

അവൻ പതിയെ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഒരു സിഗരറ്റ്‌ കത്തിച്ചു. കൂടെ അവളും

"താൻ വെറുതെ ചൂടാകണ്ട. ഞാൻ വെറുതെ സ്ഥലം കാണാൻ പോയതല്ലേ".

അവളുടെ ശ്വസഗതിയുടെ രൂക്ഷത വർധിക്കുന്നത് അവനറിഞ്ഞു

"ഓഹോ.. സിഗരറ്റ് വലിയും ഉണ്ടോ!"

"ഉണ്ടായിരുന്നു, ഇവിടെ വരുന്നത് പ്രമാണിച്ചു നിർത്തിയതാരുന്നു. ബാറ്ററി എടുക്കാൻ പോയപ്പോൾ കിട്ടിയതാ, കണ്ടപ്പോൾ ഒരു കൊതി. അല്ലെങ്കിലും ഇവിടെ എല്ലാവരും വലിക്കുന്നവരാണല്ലോ?"

"സ്വയം എന്തിനാ ഇങ്ങനെ നശിക്കുന്നത്? ആർക്കു വേണ്ടി?"

"നശിക്കാൻ വേണ്ടിയൊന്നുമല്ലെടോ... ഒരു സന്തോഷത്തിന്, അത്രേ ഉള്ളു. വേറെ ആർക്കും ശല്യമാകാതെ ഇതൊക്കെ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാ എനിക്കു തോന്നണേ"

"ഇതൊക്കെ ചെയ്യുന്ന എല്ലാവരും പറയുന്ന ന്യായമാ അത്. അവരവർക്കു വേണ്ടി എങ്കിലും ജീവിക്കു എന്നേ പറഞ്ഞുള്ളു"

"ഞാൻ എനിക്കു വേണ്ടി ജീവിക്കുന്നതു കൊണ്ടാണല്ലോ എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ഞാൻ ചെയ്യുന്നത്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ലോകത്തു ഇങ്ങനെ ചെറിയ കാര്യങ്ങളൊക്കെ അല്ലെ നമുക്ക് വേണ്ടി സ്വയം ചെയ്യാൻ കഴിയു"

"അതെന്താ അങ്ങനെ പറഞ്ഞത്? എല്ലാവരും അവരവർക്കു വേണ്ടിയല്ലേ ജീവിക്കുന്നത്?"

"ഒരു പരിധിവരെ, പക്ഷേ മിക്കവരും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ആലോചിച്ചു ജീവിതം തീർക്കുന്നവരല്ലേ. നമുക്ക് ആഗ്രഹം ഇല്ലാത്തതു കൊണ്ട് വേണ്ടെന്നു വെക്കുന്ന എത്ര പേരുണ്ട്?"

"എന്താ ഉദ്ദേശിക്കുന്നതെന്ന് തെളിച്ചു പറ" അവർ നടക്കാൻ തുടങ്ങിയിരുന്നു. അവളാണ് ഒരടി മുൻപിൽ, വഴികാട്ടി എന്ന നിലയിൽ അത് അവർക്കിടയിൽ ഒരു ശീലമായിരുന്നു.

"ഉദാഹരണമായിട്ടു ഒരിക്കലെങ്കിലും വലിക്കണമെന്നും കുടിക്കണമെന്നും ആഗ്രഹമില്ലാത്തവർ എത്ര പേരുണ്ടാകും എന്നറിയാമോ?"

"അങ്ങനൊന്നും ചെയ്യാത്തവർ എത്ര പേരുണ്ട്! "

"അവിടെയാണ് പ്രശ്‍നം, ചെയ്യാത്തവർ ഉണ്ടാകും പക്ഷേ ആഗ്രഹമില്ലാത്തവർ വിരലിൽ എണ്ണാൻമാത്രമേ കാണു. ഒളിച്ചും പാത്തും ചെയ്യുന്നവർ അതിലും കൂടുതലാണ്. സമൂഹം എന്തു വിചാരിക്കും എന്നു വിചാരിച്ചു സ്വന്തം ആഗ്രഹങ്ങൾ വേണ്ടെന്നു വെക്കുന്നവരാണ് കൂടുതൽ.

ആ ഒരു കാര്യത്തിലാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈരുദ്യം കൂടുതലുള്ളത്. ചിന്താശേഷിയും മറ്റും കൂടുതൽ ഉണ്ടെന്നു കരുതുന്ന മനുഷ്യനേക്കാൾ സ്വതന്ത്ര്യത്തോടെ ജീവിക്കുന്നത് മൃഗങ്ങളാണ്."

"അപ്പോൾ മനുഷ്യന്റെ കാര്യം മൃഗങ്ങളെക്കാൾ കഷ്ടമാണ് എന്നാണ് പറഞ്ഞു വരുന്നത്!"

"ഒരിക്കലുമില്ല, ഞാനീ പറഞ്ഞതൊക്കെ ഒരുവശം മാത്രമാണ്. ഇത്തരം ബന്ധങ്ങളും സമൂഹത്തിന്റെ കടിഞ്ഞാണും ഒക്കെ ഇല്ലെങ്കിൽ ഒരുപക്ഷേ മനുഷ്യൻ മനുഷ്യനാകില്ലായിരുന്നു. അവനും മൃഗങ്ങളെപ്പോലെ തിന്നു കുടിച്ചു മാത്രം ജീവിച്ചേനെ, ഇപ്പോഴത്തെ ജീവിതം വെച്ച് നോക്കിയാൽ അത് നരകതുല്യം ആയേനെ"

"സംഭവം ഒക്കെ കൊള്ളാം, പക്ഷേ ഏത് അഭിപ്രയമാണെന്നു തിരിച്ചറിയാൻ പാട്. കേൾക്കുന്നവർക്ക് തെറ്റേത് ശരിയേത് എന്നു മനസ്സിലാക്കാൻ പാടാന്നേ ഉള്ളു, കേട്ടിരിക്കാൻ നല്ല രസമാ" അവൻ ഒന്നു ചിരിച്ചു

"അത് പോട്ടെ, എന്തായി ഇവിടുത്തെ കാര്യങ്ങൾ?"

"എല്ലാം അടങ്ങിയെന്നു തോന്നുന്നു, പക്ഷേ ഒന്നും പറയാൻ പറ്റില്ല"

"ഉം... ഇവിടെ മൊബൈലിനു കവറേജ് കിട്ടുന്ന സ്ഥലം ഏതാ? എനിക്ക് അത്യാവശ്യമായി കുറച്ചു മെയിലുകൾ അയക്കണം"

"പൂത്തമേട്ടിൽ കാണും, അവിടെ നിന്നാൽ ടവർ കാണാൻ കഴിയും. പോയി നോക്കാം"

"നാളെ രാവിലെ തന്നെ പോകാം. ഇപ്പൊ എനിക്ക് അത്യാവശ്യമായി എന്തേലും കഴിക്കണം, നല്ല വിശപ്പുണ്ട്"

"പൊയ്ക്കോളൂ, കുളിക്കുമ്പോഴേക്കും സാധനം എത്തും”

***   ***   ***

"മനോഹരം..." അതേ അവന് ആ സ്ഥലത്തെക്കുറിച്ചു പറയാൻ ഉണ്ടായിരുന്നുള്ളു. മൈലുകളോളം പടർന്നു കിടക്കുന്ന പൊന്തക്കാടുകളും വീണാൽ പൊടി പോലും കിട്ടാത്ത കൊക്കയും അതിനപ്പുറം വിശാലമായ മലനിരകളും. "വന്നിട്ട് ഇത്ര ദിവസമായിട്ടും ഇവിടെ വരാത്തത് കഷ്ടമായിപ്പോയി" അവൻ ആത്മഗതം പോലെ പറഞ്ഞു. ഇടയ്ക്കുള്ള തന്റെ ചില കുത്തിക്കുറിക്കലുകൾ നടത്താൻ പറ്റിയ സ്ഥലം എന്നവൻ മനസ്സിൽ ഓർത്തു.

മലനിരകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു മൺപാതയും ഒന്നുരണ്ടു ടവറും അവൻ കണ്ടു. പക്ഷേ വീടുകൾ ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. തിരിഞ്ഞു നോക്കിയപ്പോൾ കാട് വളരെയധികം ഇരുണ്ടിരിക്കുന്നതായി തോന്നി, അതിനുള്ളിൽ കയറാൻ തന്നെ പേടിയാകും.അവൻ കൈകൾ വിടർത്തി കാറ്റിനെ ശരീരത്തിലേറ്റു കൊണ്ട് പറഞ്ഞു

"എന്തായാലും എനിക്ക് ഒരു കാര്യം ഉറപ്പായി, താനീ കാടിന്റെ സന്തതി അല്ല. എന്നെപ്പോലെ എന്നോ എപ്പോഴോ ഇവിടെ വന്നൊരാൾ" അവൻ അവളെ നോക്കി, അവൾ ദൂരേക്ക് നോക്കി നിൽക്കുകയാണ്. അവൾക്കു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ മനസ്സ് വന്നില്ല.

അവൻ കൂടുതലൊന്നും പറയാതെ ബാഗും മറ്റും എടുത്തു. എന്നാൽ അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ. എന്തിനോ വേണ്ടി ആരൊക്കെയോ ചേർന്ന് പണയം വെച്ച തന്റെ ജീവിതത്തെക്കുറിച്ച് ഓർത്തപ്പോൾ അവൾക്കു വെറുപ്പ് തോന്നി, പലതിനോടും. അങ്ങനെ തോന്നുമ്പോൾ ചെയ്യാറുള്ളതു പോലെ ചുറ്റുമുള്ളതിനെയൊക്കെ ശ്രദ്ധിക്കാനും തനിക്കു കിട്ടിയതിനെക്കുറിച്ചു ഓർക്കാനും ശ്രമിച്ചു. എന്നിട്ടും കണ്ണിൽ നിന്നും അടർന്നു വീഴുന്ന ചില്ലു പാളികൾ അവനിൽ നിന്നു മറയ്ക്കാൻ അവൾക്കു പാടുപെടേണ്ടി വന്നു.

തന്നെക്കുറിച്ച് അവനോടു എന്തൊക്കെയോ പറയണം എന്നുണ്ട്, പലവട്ടം തുനിഞ്ഞതുമാണ്. പക്ഷേ എന്തിന്റെ പേരിലാണ് എന്തു ബന്ധത്തിന്റെ പേരിലാണ് എന്നൊക്കെ അലോചിക്കുമ്പോൾ വേണ്ടെന്നു വെക്കും. ഒരുപക്ഷേ അവനോടു ഒന്നുംതന്നെ പറയേണ്ടതില്ല, എന്റെ ജീവിതം ഞാൻ തന്നെ ജീവിച്ചു തീർക്കുക. അപ്പോഴും അവൻ കാര്യമായി എന്തോ ചെയ്യുകയായിരുന്നു. മുഖം പതിവില്ലാതെ കടുത്തിരിക്കുന്നതായി തോന്നി. തിരികെ പോരുമ്പോൾ അവർ അധികമൊന്നും സംസാരിച്ചില്ല.

"ഇന്ന് വൈകുന്നേരം കാവിൽ ദേവി പൂജയുണ്ട് ഇവരുടെ ഉത്സവങ്ങളിൽ ഒന്നാണ്. അഥിതിയെന്ന നിലയ്ക്ക് മൂപ്പൻ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്"

മൂന്നാമതൊരാൾ പോലെയാണ് അവളിപ്പോൾ തന്നോട് സംസാരിക്കുന്നത്, തികച്ചും പുറത്തു നിന്നൊരാൾ, ആ നാട്ടുകാരി അല്ലാതെ. അവൻ ഓർത്തു. ഇതുവരെ ഇവരുടെ എന്തെങ്കിലും ആചാരമോ കാവോ ഒന്നും അവൻ കണ്ടിട്ടുണ്ടായിരുന്നില്ല. അതു മാത്രമല്ല, മൂപ്പനെ കണ്ടിട്ടും കുറച്ചു ദിവസം ആയിരുന്നു. എന്തായാലും പോകണം എന്നവൻ തീരുമാനിച്ചു.

***   ***   ***

ചുവപ്പിന്റെ ധാരാളിത്തമുള്ള എന്നാൽ മഞ്ഞയുടെയും പച്ചയുടെയും സ്വാധീനവുമുള്ള ഒരു അന്തരീക്ഷമായിരുന്നു അവിടെ. പരസ്പരം ചേർന്നു നിൽക്കുന്ന മൂന്നുനാലു ആൽമരവും അതിനോടു ചേർന്നു കാടിന്റെ ഏറ്റവും ഭയാനകമായ രൂപവുമടങ്ങുന്നതായിരുന്നു കാവ്. ആൽച്ചുവട്ടിൽ ചെറുതും വലുതുമായ കുറെ കല്ലുകളും അവൻ കണ്ടു, അവരുടെ ആരാധന മൂർത്തികളായിരിക്കാം എന്നവൻ ഊഹിച്ചു. എല്ലാവരും തന്നെ ചുവപ്പു വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്, കൂടാതെ തോരണം പോലെ കുറച്ചു കഷ്ണങ്ങൾ അവിടിവിടായി തൂങ്ങി കിടക്കുന്നു. 

ധാരാളം നാരങ്ങയും ചുവപ്പും മഞ്ഞയും പൂക്കളും എല്ലായിടത്തും വിതറിയിരിക്കുന്നു. അവൻ ചെന്ന ഉടനെ തന്നെ മൂപ്പൻ നേരിട്ട് സ്വീകരിച്ചു, അദ്ദേഹത്തിന്റെ അടുത്തു തന്നെ ഇരിപ്പിടവും നൽകി. എന്തൊക്കെ പ്രാകൃതർ എന്ന് വിളിച്ചാലും അഥിതി സൽക്കാരത്തിന് കാര്യത്തിൽ ഇന്ത്യക്കാർ എന്നും മുന്നിലാണെന്നതിൽ അവന് അഭിമാനം തോന്നി, അതിപ്പോ പട്ടണങ്ങളിൽ ഉള്ളവരായാലും ഇവരായാലും.അപ്പോഴേക്കും അവിടെ എന്തൊക്കെയോ മാറ്റങ്ങൾ നടന്നു. പ്രത്യേക വസ്ത്രം ധരിച്ച കുറച്ചു പേർ മാത്രം ഒരു പ്രത്യേക രീതിയിൽ അണിനിരന്നു. എന്തോ കലാപരിപാടിക്കുള്ള ഒരുക്കമാണെന്ന് അവനു മനസിലായി. മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായി കലാകാരൻമാർ പ്രത്യേക ആഭരണങ്ങളും ധരിച്ചിട്ടുണ്ട്.

സാവധാനം തുടങ്ങി ക്രമേണ വേഗവും ചടുലതയും കൂടുന്ന ആംഗ്ലോ-ഇന്തോനേഷ്യൻ നൃത്ത സംവിധാനമാണ് ഇവരുടെയും പണ്ടെങ്ങോ ഒരു വിഡിയോ കണ്ടതിന്റെ ഓർമയിൽ അവനു തോന്നി, പെട്ടന്നവൻ എന്തോ ഓർത്തിട്ടെന്ന പോലെ ആരെയോ പരതി നോക്കി. രാധയെ ഇവിടെങ്ങും കാണാനില്ല. അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ താൻ ശ്രദ്ധിച്ചേനേ. ഇങ്ങനെ ഒരു കാര്യം നടക്കുമ്പോൾ വരാതിരിക്കാൻ സാധ്യതയില്ലാത്തതാണ്. അവന്റെ ചിന്തകളെ കടന്നുകൊണ്ടു മൂപ്പൻ പ്രത്യേക രീതിയിൽ വടി ചുഴറ്റുകയും എന്തോ പറയുകയും ചെയ്തു. അവൻ അപ്പോഴാണ് ആ വടി ശ്രദ്ധിക്കുന്നത് തന്നെ. പെട്ടന്ന് തന്നെ നൃത്തകർ മാറുകയും അവിടൊരു വഴി രൂപപ്പെടുകയും ചെയ്തു. അതിലൂടെ ഇപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായി വസ്ത്ര ധാരണം ചെയ്ത കുറച്ചു പെൺകുട്ടികൾ കടന്നു വന്നു. അവരെ നിരീക്ഷിച്ചപ്പോൾ അവരിൽ ഒരാൾ അവനെത്തന്നെ നോക്കുന്നത് അവൻ ശ്രദ്ധിച്ചു, അവളുടെ മുഖത്ത് ഒരു ചമ്മൽ ദൃശ്യമാകുന്നതും അവൻ കണ്ടു. 

അവന്റെ കണ്ണുകളിൽ ഒരു തിളക്കം അനുഭവപ്പെട്ടു, ചുണ്ടിൽ ഒരു പുഞ്ചിരിയും. അതവൾ തന്നെ... നാടിന്റെ അഹങ്കാരമേതുമില്ലതെ നിഷ്കളങ്കതയും ലാളിത്യവും മാത്രം കാണാൻ കഴിയുന്ന ഒരു പെൺകുട്ടിയായി രാധ. ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്ന തോന്നൽ അവളിൽ നിന്നുള്ള അവന്റെ കണ്ണുകളെ പിൻവലിപ്പിച്ചു.

ഇതിനു മുൻപ് ഇത്രയും ആസ്വദിച്ച മറ്റൊരു സന്തർഭമുണ്ടായിട്ടില്ല. 'അവളുടെ സാന്നിധ്യവും അതിനൊരു കാരണമായിട്ടുണ്ട്' ഫോട്ടോസ് എടുക്കുമ്പോഴും അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. പരിപാടികൾ എല്ലാം കഴിഞ്ഞപ്പോൾ നേരം വെളുത്തു, അവളെ നോക്കിയെങ്കിലും അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ അന്വേഷിച്ചതുമില്ല. 

***   ***   ***

തുഴയില്ലാതെ നീങ്ങുന്ന വള്ളത്തിലായിരുന്നു അവൻ, എന്നിട്ടും അവനെന്താ പേടിക്കാത്തത് എന്നോർത്ത് അവനു അത്ഭുതം തോന്നി.പെട്ടന്ന് ആരോ 'അനന്ദു' എന്ന് വിളിച്ചു, ജലത്തിനടിയിൽ നിന്നായിരുന്നു അത്. വള്ളം മുങ്ങാൻ തുടങ്ങുകയാണ് എന്നു തോന്നുന്നു, വല്ലാത്ത കുലുക്കം. അവൻ ഞെട്ടി എന്നേറ്റു, അതൊരു സ്വപ്നമായിരുന്നു! പക്ഷേ പുറത്തു നിന്ന് സ്വപ്നത്തിൽ കേട്ട അതെ വിളി.

'രാധയാണ്...' എന്തോ അത്യാവശ്യമുണ്ട്, ശബ്ദത്തിൽ വല്ലാത്ത പരിഭ്രമം.

അവൻ സമയം നോക്കി

'ഏഴു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കം ശരിയായിട്ടില്ല.' അവൻ വേഗം തന്നെ എണീറ്റ് കതകു തുറന്നു

അവൾ വെപ്രാളത്തോടെ അകത്തേക്ക് കയറി

"അനന്ദു പൊലീസ്... പൊലീസ് വന്നിരിക്കുന്നു. ഉയർന്ന ഉദ്യോഗസ്ഥരടക്കം പലരുമുണ്ട്. അവരിപ്പോൾത്തന്നെ ഗ്രാമത്തിലെത്തും. എല്ലാവരും ഭയന്നിരിക്കുകയാണ്, എന്തിനാണെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം കൊണ്ടുപോയവരെ ഇതുവരെ വിട്ടിട്ടില്ല, അതിനു മുൻപ് വീണ്ടും.." അവൾ ഒറ്റ ശ്വസത്തിൽ പറഞ്ഞു തീർത്തു.

അവൻ മറുപടിയൊന്നും പറയാതെ വേഗം മുഖം കഴുകി പുറത്തേക്കിറങ്ങി. "ഇപ്പൊ അങ്ങോട്ട് പോകണ്ട, അവർ എന്തിനാ വന്നതെന്ന് ആർക്കും അറിയില്ല"

"താൻ വാടോ... പോലീസ് അല്ലേ. അവരെ ജനങ്ങളുടെ സംരക്ഷണത്തിനാണ് നിയമിച്ചിരിക്കുന്നത്." പിന്നെ അവൾ ഒന്നും പറഞ്ഞില്ല.അവർ ചെല്ലുമ്പോൾ വന്നവർ അവിടുള്ളവരോട് എന്തൊക്കെയോ ചോദിക്കുകയായിരുന്നു. കുറച്ചുപേർ മാത്രമേ യൂണിഫോമിൽ ഉണ്ടായിരുന്നുള്ളു ബാക്കിയുള്ളവർ മഫ്തിയിൽ ആയിരുന്നു. അവൻ ചെന്ന് കണ്ടാൽ ഉയർന്ന ഉദ്യോഗസ്ഥൻ എന്നു തോന്നുന്ന ആൾക്ക് കൈ കൊടുത്തു

"നിങ്ങളാണോ അനന്തൻ?"

"അതെ സാർ... വരൂ നമുക്ക് അകത്തേക്ക് ഇരിക്കാം" ഇങ്ങനെ പറഞ്ഞു കൊണ്ട് അവന്റെ കുടിലിനു നേരെ കൈ നീട്ടി. അതിനു ശേഷം അവളോടായി പറഞ്ഞു.

"ഇവർക്ക് കുടിക്കാൻ എടുക്കു, എന്റെ മുറിയിൽ കാണും. അകത്തേക്കു വരേണ്ട, വിളിച്ചാൽ മതി" മറുപടിക്കു കാത്തു നിൽക്കാതെ അവൻ അവരെയും കൂട്ടി അകത്തേക്ക് നടന്നു. അവൾക്ക് ഒന്നും മനസ്സിലായില്ല

'ഇവർക്ക് അനന്ദുവുമായി എന്താണ് ബന്ധം? ഇനി അനന്ദുവും പൊലീസ് ആണോ?" അങ്ങനെ കുറെ ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി.

കുടിക്കാൻ കൊടുത്തപ്പോഴും അവൻ ഒന്നും പറഞ്ഞില്ല മണിക്കൂറുകൾ കഴിഞ്ഞാണ് അവർ പുറത്തു വന്നത്, അപ്പോഴും അവന്റെ ഭാവം എന്തെന്ന് അവൾക്കു മനസ്സിലായില്ല. അവൻ നേരെ അവളുടെ അടുത്തേക്കാണ് വന്നത്

"ഞങ്ങൾ മൂപ്പന്റെ അടുത്തേക്ക് പോവുകയാണ്, താൻ എല്ലാവരെയും കൂട്ടി അങ്ങോട്ടു വരണം" ഇത്രയും പറഞ്ഞ് അവൻ അവരെയും കൊണ്ടു നടന്നു.

അവൾക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു, അവസാനം അവൻ പറഞ്ഞ പോലെ തന്നെ ചെയ്യാൻ തീരുമാനിച്ചു 'ഇത്രയും അടുപ്പം ഭാവിച്ചതു ഒരു ചതിയുടെ ഭാഗമായിരുന്നു?' ഈ തോന്നൽ അവളിൽ എന്തെന്നില്ലാത്ത ഒരു വികാരമുണ്ടാക്കി വളരെ നേരെത്തെ കാത്തിരിപ്പിന് ശേഷമാണ് അവരിറങ്ങി വന്നത്. എല്ലാവരും പലടത്തായി ഇരുന്നു. മൂപ്പനാണ് സംസാരിച്ചു തുടങ്ങിയത്–

"ഇവർ പട്ടണത്തിൽ നിന്നും വന്ന ഉദ്യോഗസ്ഥരാണ്. ഇവർ വന്നതിന്റെ കാരണത്തെപ്പറ്റിയും നമ്മൾ കൈക്കൊള്ളേണ്ട ചില തീരുമാനങ്ങളെപ്പറ്റിയും ഇത്രയും ദിവസം നമ്മുടെ അഥിതിയായിരുന്ന അനന്തൻ നമ്മളോട് പറയും" ഇത്രയും പറഞ്ഞു മൂപ്പൻ ഇരുന്നു. അനന്തു എണീറ്റ് എല്ലാവരെയും ഒന്നു നോക്കി. അവളിൽ സ്വല്പ സമയം അവന്റെ കണ്ണുടക്കി, എന്നാൽ അവൾ നോട്ടം മാറ്റി കളഞ്ഞു.

“ഒരു ദീർഘ പ്രഭാഷണത്തിനുള്ള സമയം ഞാൻ എടുക്കുന്നില്ല, അതിനുള്ള സമയമല്ലിത്. നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ചില കഷ്ടപ്പാടുകൾക്കു ഒരു പരിഹാരം കാണാനാണ് ഇവരെല്ലാം ഇവിടെ വന്നിരിക്കുന്നത്. ബാക്കി കാര്യങ്ങൾ നമ്മുടെ ബഹുമാനപ്പെട്ട ജില്ലാ മേധാവി പറയും"

താൻ വിചാരിച്ച പോലെ കാര്യങ്ങൾ കുഴപ്പത്തിലേക്കല്ല മറിച്ചു കൂടുതൽ പ്രധാനപ്പെട്ട, ഈ നാട്ടുകാരുടെ നിലനിൽപ്പിനും സംരക്ഷണത്തിനും ഉതകുന്ന മറ്റെന്തോ നടപടിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ എണീറ്റു–

"ഈ നാടും നാട്ടുകാരും നമ്മുടെ രാജ്യത്തിന് അന്യമായിക്കൊണ്ടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാണ്. അത് എനിക്കും എന്റെ സഹപ്രവർത്തകർക്കും മനസ്സിലായ കാര്യമാണ്. ഇവിടെ വരാനും ഇതൊക്കെ മനസ്സിലാക്കാനും സാധിച്ചത് അനന്തൻ കരണമാണെന്നതിൽ ഞങ്ങൾക്ക് അദ്ദേഹത്തോട് നന്ദിയുണ്ട്‌. അദ്ദേഹം അയച്ചു തന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഈ നാട് ഭരിക്കുന്ന ജനപ്രതിനിധികളുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഈ നാടിനെയും നിങ്ങളെയും ദ്രോഹിച്ചു പണമുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളുടെയടുക്കൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി നിങ്ങളുടെ പൂർണ സഹകരണം ഞങ്ങൾക്ക് ആവശ്യമാണ്.

ഈ നാട്ടിൽ നിങ്ങളുടെ അറിവിലുള്ള കുടിയേറ്റങ്ങൾ, കഞ്ചാവ് തോട്ടങ്ങൾ, വാറ്റു കേന്ദ്രങ്ങൾ, മറ്റു അനാശ്യാസ കേന്ദ്രങ്ങൾ തുടങ്ങി നിങ്ങൾക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഇവിടെ എത്തിയിരിക്കുന്ന ഉദ്യോഗസ്ഥരോട് പറയേണ്ടതാണ്. ഇതിന്റെ പേരിൽ നിങ്ങളെ ഇനി ഒരാളും ഒന്നും ചെയ്യില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. അത് മാത്രമല്ല, അനധികൃതമായി പിടിച്ചു വെച്ചിരിക്കുന്ന നിങ്ങളുടെ ആളുകളെ ഉടൻ വിട്ടയക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ നിങ്ങളുടെ വിളകൾ ന്യായമായ വിലക്ക് സർക്കാർ തന്നെ എടുക്കാനും ഉടൻ നടപടിയുണ്ടാകും. നാട്ടുകാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഇതെല്ലം തർജമ ചെയ്യാൻ നിയോഗിക്കപ്പെട്ടയാൾ ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ 

എല്ലാവരുടെയും മുഖത്ത് സന്തോഷവും ആശ്വസവും ഒരുപോലെ കണ്ടു, അവർ അത് ആഘോഷിക്കുകയും ചെയ്തു. പിന്നീടെല്ലാം പെട്ടന്ന് നടന്നു. മൊഴിയെടുക്കലും മറ്റും നടക്കുമ്പോൾ അവൾ അവനോടൊന്നു മിണ്ടാൻ കൊതിക്കുകയായിരുന്നു. എന്നാൽ അവൻ തിരക്കിലായതിനാൽ ഒന്നും നടന്നില്ല. എങ്കിലും അവളുടെ മനസ്സ് സന്തോഷത്താൽ മതിമറന്നിരുന്നു. 'താൻ ചെയ്യണം എന്നാഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തന്നെ സംരക്ഷിച്ച ഈ നാടിനെ സംരക്ഷിക്കാനും ഒരാൾ ഉണ്ടായിരിക്കുന്നു. ആ ഒരാൾ അവൾക്ക് പ്രിയപ്പെട്ടവൻ ആണെന്നതിൽ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

***   ***   ***

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ എല്ലാവർക്കും തിരക്കുപിടിച്ചതായിരുന്നു, മാധ്യമങ്ങളും ഉദ്യോഗസ്ഥരുമായി ആകെ ബഹളം. പതിവിലും കൂടുതൽ ഓടി നടന്നതിനാൽ വല്ലാത്ത ക്ഷീണം തോന്നി. അവിടെ ഒന്നിരിക്കാൻ പോലും സമയം കിട്ടാത്തത് അവൾക്കായിരുന്നു. എല്ലാത്തിനെക്കുറിച്ചും വാതോരാതെ സംസാരിക്കേണ്ടിയും ഓടി നടക്കേണ്ടിയും വന്നു. എല്ലാമൊന്നൊതുങ്ങി അവൾ ചെല്ലുമ്പോൾ അവൻ കിടക്കുകയായിരുന്നു. അവളെ കണ്ട് ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

"എല്ലാവരും കാടിറങ്ങി, കാട് വീണ്ടും പഴയ പോലെയായി. ആളുകളും ബഹങ്ങളും ഇല്ലാതെ വന്യതയും ശാന്തതയും മാത്രം." മേശമേലിരുന്ന ക്യാമറ നോക്കിക്കൊണ്ടവൾ തുടർന്നു

"ഒരു വ്യത്യാസം കൂടിയുണ്ടായി, കാടിന്റെ അവകാശികൾ അല്ലാത്തവർ കുടിയിറക്കപ്പെട്ടു. കാടിന്റെ ജീവനുകൾക്കു പേടി കൂടാതെ ഇനി ജീവിക്കാം, കുറച്ചു നാളത്തേക്ക് എങ്കിലും" അവൻ എണീറ്റു കുറച്ചു വെള്ളം കുടിച്ചു. "നമുക്ക് പോതമേട്ടിൽ പോകാം, എനിക്ക് കുറച്ചു ബ്രൗസ് ചെയ്യണം. അത് മാത്രമല്ല കുറച്ചു സംസാരിക്കാനും ഉണ്ട്"

***   ***   ***

ആരും കണ്ടാൽ അസൂയ തോന്നുന്ന പ്രണയ ജോഡികളെപ്പോലെ അവർ ഇരുന്നു. അവൻ ലാപ്പിൽ എന്തൊക്കെയോ ചെയ്യുന്നു, അവൾ ദൂരെ ദൃശ്യമാകുന്ന കുന്നിൻചെരിവുകളും മേഘങ്ങളും നോക്കി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. പണ്ട്, കൗമാരം പിച്ചവെച്ചു തുടങ്ങിയ നാളിൽ മനസ്സിൽ ചേക്കേറിയിരുന്ന ചില മോഹങ്ങളാണ് അവൾക്ക് ഓർമ വന്നത്. തന്റെ പ്രണയവുമായി ഇതുപോലെ സ്വപ്നങ്ങൾ നെയ്തിരിക്കാനും, തോളിൽ തലചായ്ച്ചിരിക്കാനും അങ്ങനെ എന്തൊക്കെയോ.ആ കൗമാരക്കാരിയിൽ നിന്ന് താൻ ഇപ്പോൾ ഒരുപാടു മാറിയിരിക്കുന്നു. വളരെ നാളുകൾക്കു ശേഷമാണ് ഇത്തരം ചിന്തകൾ തന്റെ മനസ്സിലേക്ക് കടന്നു വരുന്നതു തന്നെ, പൊതുവെ അവളുടെ മനസ്സ് സന്തോഷത്തിലായിരുന്നു എങ്കിലും, തടവറയിലേക്ക് കടന്നു വന്ന വെളിച്ചം പോലെ അവ എത്ര നാൾ ഉണ്ടാകുമെന്നോർത്തപ്പോൾ അവൾക്കു ഭയം തോന്നി. എന്നാൽ എന്തിനെയും നേരിടാനുള്ള മനശക്തി ദൈവം കാലങ്ങളായി അവൾക്കു കൊടുത്തിട്ടുണ്ട് എന്നത് ഭയത്തിന്റെ കാഠിന്യം കുറച്ചു.

ആലോചനകൾ മതിയാക്കാം എന്ന പോലെ വലിയൊരു ദീർഘനിശ്വസത്തോടെ അവൻ പുൽപ്പുറങ്ങളിലേക്കു ചാഞ്ഞു. എന്തുപറ്റിയെന്നറിയാൻ അവൾ അവനെ നോക്കി. കണ്ടനാൾ മുതൽ ഇതുവരെ കാണാത്ത ഒരു തിളക്കം അവളവന്റെ കണ്ണുകളിൽ കണ്ടു. അവയിൽ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം എന്നവൾക്ക് തോന്നി

“തനിക്കറിയുമോ... ഞാൻ ഇത്രയും കാലം കരുതിയിരുന്നത് സന്തോഷം ചിലർക്ക് മാത്രം സ്വന്തവും ദുഃഖങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ മറ്റുചിലരും എന്നായിരുന്നു. പക്ഷേ, ഇപ്പൊ അങ്ങനല്ല. നമ്മൾ എത്രത്തോളം ദുഃഖിക്കുന്നുവോ അത്രത്തോളം സന്തോഷവും എവിടുന്നെങ്കിലും കിട്ടും. ചിലതൊക്കെ പഠിക്കാൻ വേണ്ടിയാണു ദൈവം സന്തോഷത്തിന് ഒരു മറുവശം വെച്ചത്, സന്തോഷത്തിനു ഭൂമിയിലെ മറ്റുപലതിനേക്കാൾ മൂല്യമുണ്ടെന്നു കാണിക്കാനും"

"ഇപ്പൊ ഇതൊക്കെ പറയാൻ കാരണം?" അവൾ തെല്ല് ആശ്ചര്യത്തോടെ ചോദിച്ചു.

"അറിയില്ല, പറയണം എന്ന് തോന്നി" കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല.

"അനന്തു പറഞ്ഞത് ശരിയാണ്. ദുഃഖങ്ങൾക്ക് നമ്മളെ ഒരുപാടു പഠിപ്പിക്കാൻ കഴിയും, ജീവിതം തന്നെ മാറ്റിക്കളയാനും" അവനിൽ നിന്ന് മറുപടി ഒന്നും കാണാത്തതിനാൽ അവൾ വിഷയം മാറ്റാനായി പറഞ്ഞു

"എന്തായാലും അനന്തു ഇവിടുള്ളവരുടെ ആരാധനാപാത്രമായിട്ടുണ്ട്, പണ്ടായിരുന്നേൽ ചിലപ്പോൾ പട്ടും വളയും ഒക്കെ കിട്ടിയേനെ" അവനെ നോക്കി ചെറുചിരിയോടെയാണവൾ പറഞ്ഞത്

"അങ്ങനെ ഞാനും ഒരു കുട്ടി ദൈവം ആയല്ലേ! തനിക്കു എന്നെ എങ്ങനെ കാണാനാ ഇഷ്ടം? ദൈവമോ, മനുഷ്യനോ അതോ... മറ്റെന്തെങ്കിലുമായിട്ടോ?"

"മനുഷ്യനായിട്ട്‌..." മറ്റെന്തൊക്കെയോ പറയണം ഇന്നുണ്ടായിരുന്നെങ്കിലും അവൾ എല്ലാം ആ വാക്കിലൊതുക്കി "ഞാനിന്ന് ഒരുപാടു സന്തോഷവാനാണ്" അവളിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്തതിനാൽ അവൻ തുടർന്നു

"എന്തുകൊണ്ടാണെന്ന് ചോദിച്ചില്ല എങ്കിലും പറയാം. ഞാൻ എന്റെ ജീവിതത്തിൽ അത്രയൊന്നും സന്തുഷ്ടനായിരുന്നില്ല, ഒരിക്കലും. കൊച്ചു കൊച്ചു നഷ്ടങ്ങളിലും വേദനകളിലും ഞാൻ ഒരുപാടു വിഷമിച്ചിരുന്ന കാലങ്ങളാണ് കഴിഞ്ഞു പോയത്. എല്ലാ ജീവിതവും അർഥവത്താണെന്നും എല്ലാവരുടെ ജീവിതത്തിലും സന്തോഷിക്കാൻ എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്നും പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. പക്ഷേ സ്വന്തം കാര്യം വരുമ്പോഴാണല്ലോ നമ്മൾ അതെല്ലാം മറക്കുന്നത്" അവൻ ഒരു ദീർഘനിശ്വസം എടുത്തു

"ഈ ലോകത്തിൽ എല്ലാവരും ഏകദേശം ഒരുപോലെയാണ്, ജോലി, കുടുംബം എന്നതു മാത്രമാണ് പലരും. ഇവയുടെ കൂടെ തന്റെ ഇഷ്ടങ്ങൾ മുറുകെ പിടിച്ചു ഒരു പുതിയ വഴി തിരഞ്ഞെടുക്കുന്നവരെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ ഉള്ളവരോട് എനിക്കെന്നും അസൂയയായിരുന്നു.

അങ്ങനൊരു തീരുമാനത്തിന്റെ ഫലമായിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. ഞാനെങ്ങനെ ജീവിക്കും എന്ന് മറ്റുള്ളവർ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി കുറച്ചു സമയമെങ്കിലും മാറ്റി വെക്കുക എന്ന തീരുമാനം. ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ ഇവിടുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടികളിൽ ഒന്നാണ് ഞാനും എന്നൊരു തോന്നൽ" അവൻ കണ്ണുകടച്ചു ഏതാനും നിമിഷം കിടന്നു

"ഞാൻ പറഞ്ഞു പറഞ്ഞു കാട് കയറി അല്ലെ!" അങ്ങനെ കിടന്നുകൊണ്ട് തന്നെ അവൻ ചോദിച്ചു

"എയ്... നല്ല രസമുണ്ട് കേൾക്കാൻ. ബാക്കി കൂടി പറയ്"

"ഈ നല്ല മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞ കൊണ്ടാകണം, ദൈവം ഒരു രീതിയിൽ കൂടി എന്നെ അനുഗ്രഹിച്ചു. ഞാൻ എന്തിനു വേണ്ടിയാണോ വന്നത് ആ രീതിയിൽ തന്നെ" ഇത്രയും പറഞ്ഞ് അവൻ വേഗം ലാപ്ടോപ്പ് എടുത്തു അവളുടെ മടിയിൽ വെച്ചു. അതിലെ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ ഒഴുകി. അവളുടെ കണ്ണുകൾ വിസ്മയം കൊണ്ട് വിടർന്നു. അവൾ അവനെ നോക്കി

"എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ലെടോ"

അവളുടെ കണ്ണുകൾ വീണ്ടും ആ വാക്കുകളിലൂടെ പാഞ്ഞു, മതിവരാത്ത പോലെ

'ഓൾ ഇന്ത്യ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അസോസിയേഷന്റെ ഭാഗമായി സങ്കടിപ്പിച്ച മത്സരത്തിന്റെ റിസൾട്ട്. ബെസ്റ്റ് ഫോട്ടോ ബൈ അനന്ത കൃഷ്‍ണൻ' അടിയിൽ രണ്ടു പാമ്പുകൾ ഇണ ചേരുന്ന ചിത്രവും.

"തനിക്കു എത്രത്തോളം മനസ്സിലാകും എന്നെനിക്കറിയില്ല. പക്ഷേ എനിക്ക്... എന്നോളം തന്നെ വലുതാണിത്, ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും"

അവന്റെ വികാരം അവൾക്കും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നു. ആ ദിവസം വീണ്ടും അവളുടെ ഓർമയിലേക്ക് വന്നു, രണ്ടു പേരുടെയും ജീവിതം അവൻ പണയം വെച്ച ആ ദിവസം. തന്റെ മനസ്സ് സ്നേഹിക്കുന്നത് ഇതുപോലെ ഒരാളെ ആളായതിൽ അവൾക്കു എന്തെന്നില്ലാത്ത അഭിമാനം തോന്നി. അവന്റെ മുഖത്തെ സന്തോഷം അവൾ നോക്കിയിരുന്നു.

അവൻ തുടർന്നു

"തീർന്നിട്ടില്ല, ഒന്നുകൂടിയുണ്ട്. ഇതിലും മികച്ചതായി എനിക്കു തോന്നിയ ഒന്ന്. ജനങ്ങൾ ഏറ്റവും കൂടുതൽ സ്വീകരിച്ച നിശ്ചല ചിത്രം"

അവൾ സ്‌ക്രീനിൽ വീണ്ടും തിരഞ്ഞു. ഇത്തവണ അവൾ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലായി 

'മഴത്തുള്ളികൾക്ക് ഇടയിലൂടെ ഒരു പെൺകുട്ടിയുടെ പാതിമുഖവും തിളങ്ങി നിൽക്കുന്ന കണ്ണുകളും' അതാരാണെന്ന് മനസ്സിലാക്കാൻ അവൾക്കു സ്വൽപം സമയം വേണ്ടി വന്നു. അവളുടെ കൈ പതിയെ അവളുടെ കണ്ണുകളിലേക്കു നീങ്ങി. നിറഞ്ഞു വന്ന കണ്ണുനീർതുള്ളികളെ തുടച്ചു മാറ്റുമ്പോൾ അവൻ അവളെത്തന്നെ നോക്കിയിരുന്നു

"ഇവിടെ വന്നതിനു ശേഷം ആദ്യമായി എന്റെ ക്യാമറയിലേക്കു കയറി വന്നതാണ് ഈ പാതി മുഖവും കണ്ണുകളും, ഞാൻ പോലും ആഗ്രഹിക്കാതെ. അതെനിക്കു നല്ലതു മാത്രമേ തന്നിട്ടുള്ളു, ഇതുവരെ"

അവന്റെ കൈകൾ അവളുടെ കവിളിലേക്കു നീണ്ടു

"ഈ മലയിറങ്ങുമ്പോൾ പോരുന്നോ എന്റെ കൂടെ, നല്ലതു മാത്രം നൽകാൻ..."

അവളുടെ നിറകണ്ണുകൾ ഒരു ഞെട്ടലോടെ അവനെ നോക്കി, അവ നീർചാലുകൾക്കു വഴി മാറി

“എന്റെ പേര് രാധ എന്നല്ല, ശ്രദ്ധയെന്നാണ്”

ഇത്രയും പറഞ്ഞ് ഉതിർന്നു വീഴുന്ന കണ്ണുനീർതുള്ളികൾക്കൊപ്പം അവന്റെ കയ്യും പതിയെ തുടച്ചുമാറ്റി അവൾ എന്നേറ്റു. മനസ്സു നിറയെ സന്തോഷവും പ്രതീക്ഷകളുമായി അവൾ കാടിന്റെ നേർക്ക് നടന്നു നീങ്ങി.