Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പനെയറിയുവാൻ അപ്പനാകണം...

father Representative Image

വീട്ടിലൊരു കോഴിക്കൂടുണ്ടാരുന്നു, നിറയെ കോഴികളും.. വീടിന്റെ പിറകിലാണ് കോഴിക്കൂട്, രണ്ടുവാതിലുള്ള വലിയകൂടെങ്കിലും അവറ്റകളൊന്നും കൂട്ടിക്കേറില്ല, പിന്നാമ്പുറത്തുള്ള ജാതിമരമാണ് പഥ്യം.

എന്നും  ഇരുട്ടിക്കഴിയുമ്പോ എവറഡേയുടെ ബാറ്ററിടോർച്ചുമായി 'അമ്മ ജാതിയുടെ കടക്കലേക്ക് വെച്ചുപിടിക്കും, അമ്മച്ചിടെ ചൊമയും  ടോർച്ചിന്റെ വെളിച്ചവും കാണുമ്പോൾ ഓരോന്നായി എറങ്ങി കൂട്ടിക്കേറും... അമ്മയെന്നും വരുമെന്നും മരത്തിൽനിന്നിറങ്ങി  കൂട്ടിക്കേറേണ്ടിവരുമെന്നും അവർക്കറിയാമെങ്കിലും അവരമ്മയെ കളിപ്പിക്കുന്നതായിരിക്കും, തങ്ങളുടെ ചെറിയ ജീവിതത്തിലെ വലിയ  സന്തോഷങ്ങൾ കണ്ടെത്തുന്നതായിരിക്കും..  

ചില ബന്ധങ്ങൾ അങ്ങനെയാണ്, അറിഞ്ഞുകൊണ്ടു ബുദ്ധിമുട്ടിക്കുന്ന സ്നേഹത്തിന്റെ ബന്ധനങ്ങൾ...     

രണ്ടുമാസം കൂടുമ്പോഴെങ്കിലും കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ അമ്മയ്ക്കിഷ്ടമാണ്, പൊരുന്നുന്ന കോഴിയെ പിടിച്ചുകൊണ്ടുവന്ന്  കുട്ടയിൽ വൈക്കോൽവിരിച്ച് അതിനുമുകളിൽ 13 മുട്ടനിരത്തി അടയിരുത്തും. ഒറ്റയക്കം വേണമത്രേ! 13 എന്നത് ഭാഗ്യംകെട്ട നമ്പരാണെന്ന്  ലോകം പറയുമെങ്കിലും അമ്മക്കത് വിശ്വാസല്ലാ, അല്ലേലും നാലാംക്ലാസ് മാത്രം  പഠിപ്പുള്ള നാട്ടിൻപുറത്തെ അമ്മച്ചിക്ക് ഈവക  വിശ്വാസങ്ങളിൽ വിശ്വാസമില്ല... വിവരവും വിദ്യാഭ്യാസവും കൂടുമ്പോളാണല്ലോ വിശ്വാസം അന്ധമാകുന്നത് ...

കോഴികളോടുള്ള അമ്മച്ചീടെ സ്നേഹം കാണുമ്പൊ ദേഷ്യം തോന്നാറുണ്ടെങ്കിലും അന്നത് മാറും, അപ്പച്ചന്റെ കോഴിക്കറി കൂട്ടുന്ന ദിവസം.

കൊല്ലാനുള്ള കോഴിയെ അന്നു പുറത്തിറക്കില്ല, കൂട്ടിൽത്തന്നെയിടും.. കൂവിതഴമ്പിച്ച പൂവനോ നെയ്മുറ്റിയ പെടയോ ആയിരിക്കും  കൊലക്കത്തിക്ക് ഒരുങ്ങുക.. രണ്ടുപേരും ഭൂമിക്കു ഭാരമാണ്. എത്രപകലുകൾ അവർ കൂവിവെളുപ്പിച്ചെന്നോ, എത്രമുട്ടകൾ  പെറ്റുകൂട്ടിയെന്നോ എത്രകുഞ്ഞുങ്ങളെ കൊത്തിവിരിയിച്ചെന്നോ ആരുമപ്പോൾ ഓർക്കാറില്ല...  ജീവിതം അങ്ങനെയാണ്.   

സാധാരണ ദിവസങ്ങളിൽ അപ്പച്ചൻ അടുക്കളയിൽ കയറാറില്ലെങ്കിലും കോഴിയെക്കൊല്ലുന്ന ദിവസം അങ്ങേർക്കാണ്  ഇൻചാർജ്, ഒരേയൊരു നിബന്ധന, അമ്മകൂടെനിന്നു സഹായിക്കണം, പക്ഷേ അഭിപ്രായങ്ങളും കൽപനകളും പാടില്ല, ഫ്രീഡം... അതുവേണം...

വിധിക്കപ്പെട്ട കോഴിയെയും കൊണ്ട് അപ്പച്ചൻ പിന്നാമ്പുറത്തേക്കുപോകും ഞങ്ങൾക്ക് അവിടേക്ക് പ്രവേശനമില്ലെങ്കിലും ജനലിലൂടെ    നോക്കിനിൽക്കും..  

കോഴിയെ കാലുകൾക്കിടയിലൊതുക്കി കാൽപ്പാദംകൊണ്ട് അവയുടെ കാൽവിരലുകൾ ചവിട്ടിപ്പിടിക്കും എന്നിട്ട് കഴുത്തിൽപ്പിടിച്ചു പിരിച്ചുവലിക്കും, ചിറകുകൾ വിടർത്തി കുതറനത് ശ്രമിക്കുമെങ്കിലും നടക്കില്ല, കഴുത്തിലെ ഞരമ്പുപൊട്ടിയ കോഴിയെ കൊട്ടക്കുള്ളിലാക്കി  അടച്ചുവെക്കും, അതവിടെക്കിടന്നു പെടഞ്ഞുപെടഞ്ഞു തീരും.

അപ്പോഴേക്കും തിളച്ചവെള്ളവും വട്ടകയിലേന്തി അമ്മയെത്തും, കോഴിയെ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത് അപ്പച്ചൻ പപ്പും പൂടയും  പറിച്ചുകളയും, ചെറിയ പപ്പെല്ലാം ചൂട്ടുകത്തിച്ചു  കരിക്കും, പാളയംകോടന്റെ ഇലവെട്ടി അതിൽ പുളിമൂട്ടിവെച്ച് അപ്പച്ചനതിനെ വട്ടം കീറും, കൊടലും പണ്ടവും, കാലും  കഴുത്തുമെല്ലാം തെങ്ങിൻചോട്ടിലേക്കെറിയും, ബാക്കിള്ളവ നുറുക്കി കഷണങ്ങളാക്കും.  

വലിച്ചെറിഞ്ഞ പണ്ടവും കൊടലുംതിന്നാൻ മറ്റുകോഴികൾ തിക്കിത്തിരക്കുന്നതു കാണാം, ഏതാനും മണിക്കൂറുകൾമുമ്പ് കൂടെക്കളിച്ചവനെ  കൂടെച്ചിരിച്ചുനടന്നവനെ, കൊത്തിക്കീറുന്ന  ജന്തുക്കൾ, അവരോർക്കുന്നില്ല അവരുടെ വിധിയും ഇതുതന്നെയാണെന്ന്.. 

മക്കളെ, നിങ്ങൾ ഈ  വഴിക്കുപോകരുതെന്നു പറഞ്ഞുകൊടുക്കാൻ ചത്തുകിടക്കുന്നവന് ആഗ്രഹണ്ടെങ്കിലും അതിനവന് ഒക്കുന്നുമില്ല, ഒന്നോർത്താൽ ജീവിതവും ഇങ്ങനെയല്ലേ, തിരിച്ചറിവുകൾവരാൻ മരണം മുന്നിലെത്തേണ്ടിവരുന്നുവോ...     

നന്നായി കഴുകിപ്പിഴിഞ്ഞെടുത്ത ഇറച്ചിക്കഷണങ്ങളിൽ കല്ലുപ്പും മഞ്ഞളും ചേർത്തു തിരുമ്മി വാലെവെക്കും. എത്ര അയഡിനുണ്ടെന്നു  പറഞ്ഞാലും ഇറച്ചിക്കറിക്ക് രുചികൂടണമെങ്കിൽ പൊടിയുപ്പിനേക്കാൾ കല്ലുപ്പാണ് ഹീറോ. പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും  കുറച്ചുകുരുമുളകും ചേർത്ത് അമ്മിയിലൊന്നു ചെറുതായി അരച്ചെടുക്കും, അതിനൊപ്പം രണ്ടുകറുകപ്പട്ടയും ഗ്രാമ്പൂവും ജീരകവും    ഏലക്കായും ചേർത്ത് അതെല്ലാം കൂടി ഇറച്ചിയിൽപൊത്തി ചൊറുക്കയും ചേർത്ത് ഇളക്കിവെക്കും.  

തണ്ടികയിലെ വിറകടുപ്പിൽ ചട്ടിക്കലത്തിൽ കോഴിയെക്കേറ്റി തീകൂട്ടി അപ്പച്ചൻ കുളിക്കാനായിപ്പോകും.. വിറകടുപ്പും ചട്ടിക്കലവും  നാടൻകോഴിയും അതൊന്നൊന്നര കോമ്പിനേഷനാ...

കോഴിയേതാണ്ട് വേവാറായിക്കഴിയുമ്പോൾ പിഴിഞ്ഞുവെച്ച തേങ്ങയുടെ രണ്ടാംപാലൊഴിച്ചു തിളപ്പിക്കും, എന്നിട്ടതിലേക്ക്  മറ്റൊരുപാത്രത്തിൽ ഉപ്പും മഞ്ഞളുമിട്ടു പുഴുങ്ങിയ ഉരുളക്കിഴങ്ങെടുത്തിടും, പിന്നാലെ  ഒന്നാംപാലൊഴിച്ചു ആദ്യത്തെ തിളവരുമ്പോൾ  ഇറക്കിവെക്കും..

ചീനച്ചട്ടി ചൂടാക്കി, ചെറുതായരിഞ്ഞ ചെറിയുള്ളി മൂപ്പിച്ച് അതിലേക്ക് വേപ്പിലയിട്ടു വഴറ്റി അതെടുത്തു കോഴിക്കറിയിലേക്കിടുമ്പോൾ  വിയർപ്പുമുറ്റിയ ശരീരത്തിലൊരു ചിരിയുമായിനിൽക്കുന്ന അപ്പച്ചനെക്കാണാം.

സാധാരണ ദിവസങ്ങളിൽ റേഷനരി, കോഴിക്കറിക്കൊപ്പം കുത്തരി അതാണ് കണക്ക്... അന്നേ ദിവസം സാധാരണയിലും ഇരട്ടിയരി   കലത്തിൽ തിളച്ചുമറിയും..

പായമടക്കി എല്ലാവരും നിലത്തു വട്ടത്തിലിരിക്കുമ്പോൾ അപ്പച്ചൻ കറിവിളമ്പും, എല്ലുകുറഞ്ഞ കഷണങ്ങൾ തിരഞ്ഞുതിരഞ്ഞു മക്കളുടെ സ്റ്റീൽ പിഞ്ഞാണങ്ങളിലേക്കിടും, ചിലകഷണങ്ങളിൽ സ്പൂണുകൊണ്ട് കുത്തിനോക്കും ചിലതിൽ കൈകൊണ്ടു പിടിച്ചുനോക്കും, എല്ലുകുറഞ്ഞ കഷണങ്ങൾ ഞങ്ങളുടെ പിഞ്ഞാണങ്ങളിലിട്ട് എല്ലുകൂടിയവ സ്വന്തം പാത്രത്തിലേക്കിട്ട് ഓരോരോ പാത്രങ്ങൾ ഞങ്ങളുടെനേരെ നീട്ടും..     

തൊള്ളക്കൊപ്പം ചോറും കോഴിക്കറിയും കുത്തിക്കേറ്റി ഞങ്ങളെണീക്കും.. അപ്പോൾ ഞങ്ങളിട്ടിട്ടുപോയ എല്ലിൻകഷണങ്ങളിൽ  അപ്പച്ചന്റെകൈകൾ പരതുന്നുണ്ടാകും.. അമ്മയപ്പോൾ ചോദിക്കും എന്താ മനുഷ്യാ നിങ്ങളീ കാണിക്കണെ,

''ഇല്ലാടീ, അന്തപ്പൻ കഴിച്ചു ബാക്കിവെച്ചട്ടുപോയ എല്ലിനുള്ളിൽ ഇനിയും കാമ്പുണ്ടെടീ ''

''ഇയപ്പച്ചനു നാണമില്ലേ, എച്ചിലിൽ കയ്യിട്ടുവാരാൻ'' മനസ്സിലതും പറഞ്ഞുകൊണ്ട് അനിയന്മാരെയും കൂട്ടി ഞാനുറങ്ങാൻ പോകും .. 

ഞങ്ങളുപേക്ഷിച്ച എല്ലിൻകഷണങ്ങളിൽ ഇറച്ചിതിരയുന്ന അപ്പച്ചനെയും, എല്ലുകൾ വായിലാക്കി അതിനുള്ളിലെ സത്തുവലിച്ചുകേറ്റുന്ന  അപ്പച്ചന്റെ ശബ്ദവും കേട്ടുകൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതും..

***   ***   ***

ഇന്നുവീട്ടിൽ കോഴിക്കറിയായിരുന്നു. ലുലുവിൽനിന്നും നന്നാക്കി നുറുക്കിവാങ്ങിയ നാടൻ കോഴിക്കഷണങ്ങൾ നിറപറയുടെ മസാലചേർത്തു  കുക്കറിലിട്ടടിച്ചു, സവാള വഴറ്റി കോഴിക്കറിയാക്കി റാക് സെറാമിക്‌സിന്റെ അൺബ്രെക്കബിൾ പാത്രങ്ങളിൽപ്പകർത്തി. ചിലകഷണങ്ങളിൽ  സ്പൂണുകൊണ്ടു കുത്തിനോക്കി, ചിലതിൽ കൈകൊണ്ടു പിടിച്ചുനോക്കി, ഞാനത് പിള്ളേർക്ക് നീട്ടി ..

പിള്ളേരെണീറ്റുപോയപ്പോൾ ഞാനറിയാതെ എന്റെ കൈകൾ അവരിട്ടുപോയ എല്ലിൻകഷണങ്ങളിലേക്ക് നീണ്ടു... അതിനുള്ളിലെ  കാമ്പ് തിരഞ്ഞു..

ആ എല്ലിൻകൂടിനുള്ളിലെ ഇറച്ചിക്കഷണങ്ങൾ നാവിൽതടഞ്ഞപ്പോൾ, ആ എല്ലുകൾ വായിലാക്കി അതിലെ സത്തുവലിച്ചെടുത്തപ്പോൾ, എല്ലിച്ച മനസ്സിലൊളിപ്പിച്ച സ്നേഹം ഞാൻ മനസ്സിലാക്കുകയായിരുന്നു ...

കൂടെയൊരു സത്യവും ....

അപ്പനെയറിയുവാൻ അപ്പനാകണം.