Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പെണ്ണുകാണൽ കഥ

Love

മറ്റന്നാൾ തിങ്കളാഴ്ച. ലീവ് കഴിഞ്ഞു ദുബായിലേക്ക് എനിക്ക് തിരിച്ചു പോകേണ്ട ദിവസമാണ്. നാളെ ഒരു ഞായർ കൂടിയേ ഉള്ളു ഇനി ബാക്കി. ഞാൻ അത്താഴം കഴിച്ചു പോകാനുള്ളതൊക്കെ പാക്ക് ചെയ്യുകയായിരുന്നു. അപ്പോളാണ് അമ്മയുടെ വിളി പിന്നിൽ നിന്നും വന്നത്.

"ഡാ.. നീ ആ പ്രൊപ്പോസലിന്റെ കാര്യം എന്താ ഒന്നും പറയാത്തത്? ജാതകം ഏഴ് പൊരുത്തം ഉണ്ട്. നാളെ നീ ചെല്ലുമോ എന്ന് അവരെ വിളിച്ചു പറയണം. കുട്ടി അവിടെയുണ്ടാകും. നല്ല കുട്ടിയാണ് എന്നാ കേട്ടത്. അതുമല്ല നാളെ അവർക്കു വേറെയും രണ്ടു കൂട്ടർ ചിലപ്പോൾ വരുമെന്ന് അവർ പറഞ്ഞിട്ടുണ്ട്.."

എന്റെ അമ്മാ.. നാളെ ഒരു ദിവസം പലരെയും കാണാനുണ്ട്. ഇനി ഈ പോകുന്നതിന്റെ അവസാന നിമിഷം എടിപിടീന്ന് ധൃതി പിടിച്ചു പെണ്ണു കാണലൊക്കെ. എനിക്കു വയ്യാ.! നിങ്ങൾ എല്ലാരും പോയി കണ്ട് എനിക്കു ഫോട്ടോ അയച്ചു തന്നാൽ മതി. ഞാൻ പിന്നീട് കണ്ടോളാം. ഞാൻ പറഞ്ഞു. 

"അതൊന്നും പറഞ്ഞാൽ ശരിയാവില്ല. നേരിട്ടു കാണുന്നതിനേക്കാൾ വലുതല്ല മറ്റൊന്നും. നീയിനി ഒന്നും പറയണ്ട. നാളെ നീ പോകുന്നു. ആ കുട്ടിയെ കാണുന്നു. ബാക്കി ഒക്കെ പിന്നീട് തീരുമാനിക്കാം. അമ്മ എന്നെ നിർബന്ധിച്ചു. 

ഞാൻ ആകെ മൂഡ് ഓഫ് ആയി. നേരെ നിഖിലിനെ വിളിച്ചു. ഡാ.. നാളെ ഒരു കുട്ടിയെ കാണാൻ പോകാനുണ്ട്. നീ ഉച്ചക്ക് ഒരു മണിക്ക് റെഡിയായിരുന്നോ. ഞാൻ കാറുമായി വീട്ടിലേക്കു വരാം.

"ഓക്കേ ഡാ" എന്ന് നിഖിലിന്റെ മറുപടി സ്‌പീക്കറിലൂടെ കേട്ടപ്പോളാണ് എന്റെ മുഖത്തേക്കു നോക്കി അടുത്ത് നിന്നിരുന്ന അമ്മക്ക് സമാധാനമായത്.

ഉച്ചക്ക് പോകാനൊരുങ്ങുമ്പോൾ അനിയത്തിയുടെ കമന്റ്.

"ഈ ഏട്ടന് ആ താടിയും മുടിയുമൊക്കെ ഒന്ന്‌ വെട്ടി വൃത്തിയിലും വെടുപ്പിലും പെണ്ണ് കാണാൻ പൊയ്ക്കൂടേ. ഇതൊരു മാതിരി കാട്ടാളന്റെ മാതിരി. പെണ്ണ് ഏട്ടനെ കണ്ടു കണ്ടം വഴി ഓടേണ്ട." അവൾ കളിയാക്കി പൊട്ടിചിരിച്ചു.

"ആ.. ഈ ലുക്കൊക്കെ മതി. ഇങ്ങിനെ എന്നെ ഇഷ്ടപെടുന്നവൾ മതി എനിക്ക്" അതും പറഞ്ഞു ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

"ഡാ.. വഴി മറക്കണ്ട.. വായനശാല കഴിഞ്ഞുള്ള നാലാമത്തെ വീട് എന്നാ അവർ പറഞ്ഞെ. അവിടെ എത്തീട്ട് അവരെ വിളിച്ചാൽ മതി. നമ്പർ കളയണ്ട.!" അമ്മയുടെ ഓർമപ്പെടുത്തൽ പിന്നിൽ നിന്നും വന്നു.

"ശരി.. ശരി.. അമ്മാ..." അതും പറഞ്ഞു ഞാൻ നിഖിലിന്റെ അടുത്തേക്കു നീങ്ങി. അവനെയും കൂട്ടി നേരെ യാത്ര തുടങ്ങി അവസാനത്തെ പെണ്ണു കാണലിന്‌.

ഒരു മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഏതാണ്ട് സ്ഥലം എത്താനായി. മൂന്നും കൂടിയ ഒരു ജംഗ്ഷനിൽ കാർ എത്തിയപ്പോൾ വണ്ടി സൈഡ് ആക്കി ഞങ്ങൾ അവരെ വിളിച്ചു. കോൾ വെയ്റ്റിംഗ് ആണ്. ഞാൻ അവനെ നോക്കി. ഡാ. അവർ അവിടെ ഉണ്ടാവില്ലേ. ഇവിടുന്നു ഏതു റോഡാണാവോ. രണ്ടു മൂന്നു തവണ ശ്രമിച്ചപ്പോളും അതെ മറുപടി. എന്തു ചെയ്യാമെന്നറിയാതെ ഞങ്ങൾ വണ്ടിയിൽ ഇരിക്കുമ്പോളാണ് പെട്ടെന്ന് ഒരു നിലവിളി കേട്ടത്. നോക്കിയപ്പോൾ ഞങ്ങളുടെ കുറച്ചു മുന്നിലൂടെ ഒരു പെൺകുട്ടി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ റോഡിലൂടെ ചീറി പാഞ്ഞു വന്ന ഒരു പിക്കപ്പ് ഇടിച്ചു തെറിപ്പിച്ചതാണ്. പെട്ടെന്നു തന്നെ ആൾക്കാർ ചുറ്റും കൂടി ആ പെൺകുട്ടിയെ എടുത്തു നേരെ അടുത്ത വണ്ടിക്കു കൈ കാട്ടാനായി നിന്നു. 

നിഖിൽ പറഞ്ഞു. നോക്കി ഇരിക്കാതെ വണ്ടി എടുക്കെടാ മുന്നോട്ട്..

ഞാൻ വണ്ടി മുന്നോട്ടെടുത്തു. ആളുകൾ എല്ലാരും കൂടി ആ പെൺകുട്ടിയെ എന്റെ കാറിന്റെ പിന്നിൽ കയറ്റി. കൂടെ അവളുടെ കൂട്ടുകാരി എന്നു തോന്നിക്കുന്ന മറ്റൊരു പെൺകുട്ടിയും കൂടെ പ്രായമായ രണ്ടു മുതിർന്ന ചേട്ടന്മാരും കാറിൽ കയറി. 

"മോനെ. വണ്ടി നേരെ മിംസ് ഹോസ്പിറ്റലിലേക്കു വിട്. അതിലൊരു ചേട്ടൻ ഉറക്കെ പറഞ്ഞു"

ഞാൻ ഹെഡ്‍ലൈറ്റിട്ടു കാർ ചീറി പായിച്ചു. റിയർ വ്യൂ മിററിലൂടെ ഞാൻ നോക്കിയപ്പോൾ ആ കുട്ടിയുടെ മുഖത്തു മുഴുവൻ രക്തം ഒഴുകി അവൾ അവരുടെ മടിയിൽ ബോധം പോയി കിടക്കുകയാണ്. രക്തം കൊണ്ട് മുഖം തന്നെ എനിക്കു കാണാൻ പറ്റിയില്ല."

ഇരുപതു മിനിറ്റിനുള്ളിൽ കാർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റലിനു മുന്നിൽ നിർത്തിയതും അവിടെ നിന്നിരുന്ന അറ്റെൻഡർമാർ അവളെ കാറിൽ നിന്നും പുറത്തെടുത്തു സ്ട്രെക്ച്ചറിൽ കിടത്തി. ഞാൻ കാറിൽ നിന്നും ഇറങ്ങാൻ പോകുമ്പോളേക്കും പിന്നിൽ മറ്റൊരു ആംബുലൻസ് സൈറൺ ഇട്ടു ചീറി പാഞ്ഞു വരുന്നതു കണ്ടു. സെക്യൂരിറ്റി അപ്പോൾ തന്നെ എന്നോട് വണ്ടി പെട്ടെന്ന് മാറ്റു എന്ന് അലറാൻ തുടങ്ങി. 

ഞാൻ കാർ വേഗം പാർക്കിംഗ് ബേയിലേക്കു മാറ്റി നിർത്തി. എന്നിട്ടു നേരെ കൗണ്ടറിലേക്കു ചെന്നു. നിഖിൽ എന്റടുത്തേക്കു ഓടി വന്നു. ഡാ... ICU വിലാണ്.. നല്ലവണ്ണം ചോര പോയിട്ടുണ്ട്. ഒരു ചെറിയ സർജറി വേണം. ഞാൻ ഇതു കേട്ടതോടെ ആകെ വല്ലാണ്ടായി. എന്താടാ ചെയ്യാ ഇനി.??

പെട്ടെന്ന് ഒരു നേഴ്സ് ഓടി വന്ന് ഈ കുട്ടിയുടെ കൂടെ വന്നവരാരാ എന്നു ചോദിച്ചു. കൂടെ വന്ന രണ്ടു ചേട്ടന്മാർ പെട്ടെന്ന് പിന്നോട്ടു കാൽ വെച്ചു. കൂടെ വന്ന പെൺകുട്ടി ഞങ്ങളെ നോക്കി. ഞങ്ങളാണ് എന്ന് ഞാൻ മൂന്ന് പേരെയും കൂട്ടി പറഞ്ഞു.

"എന്നാൽ എത്രയും പെട്ടെന്നു കുറച്ചു A+VE ബ്ലഡ് വേണം.. വേഗം അറേഞ്ച് ചെയ്തു വരൂ എന്നും പറഞ്ഞു നേഴ്സ് വീണ്ടും ICU വിലേക്ക് പോയി.!!"

ഡാ.. എന്താടാ ചെയ്യാ.. ഞാൻ നിഖിലിനോട് ചോദിച്ചു."

"നിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാ? A+VE അല്ലെ? അവൻ എന്നോട് ചോദിച്ചു.

"അപ്പോളാണ് ഞാനുമത് ഓർത്തത്. എന്റേത് A+ve ആണ്." ഞാൻ ഉടൻ തന്നെ ബ്ലഡ് കൊടുക്കാൻ തയാറായി. സർജറി നടന്നു. 

ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ ICU വിൽ നിന്നും പുറത്തേക്കു വന്നു. എന്നിട്ട് ഞങ്ങളോടായി പറഞ്ഞു തക്ക സമയത്തിന് എത്തിച്ചതു കൊണ്ട് രക്ഷപെട്ടു. തലക്കു വീഴ്ചയുടെ ആഘാതത്തിൽ നല്ല ആഴത്തിൽ മുറിവ് പറ്റിയിട്ടുണ്ട്. ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. ഇപ്പോൾ കുഴപ്പമില്ല. ബോധം ഒന്നു വന്നോട്ടെ. ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കട്ടെ. എന്നിട്ട് തീരുമാനിക്കാം ബാക്കി. കുട്ടിയുടെ വീട്ടുകാരെയൊക്കെ അറിയിച്ചോളു പേടിക്കാനൊന്നുമില്ല എന്ന് പറഞ്ഞു ഡോക്ടർ മുന്നോട്ടു നീങ്ങി.

മണിക്കൂറുകൾ പോയതറിയഞ്ഞില്ല. സമയം അഞ്ചു മണി കഴിഞ്ഞു. അപ്പോളാണ് അവളുടെ കൂടെ വന്ന കുട്ടി ഞങ്ങളോട് സംസാരിച്ചു തുടങ്ങുന്നത്. കൂട്ടുകാരി അപ്പോളേക്കും അവളുടെ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. "ഏട്ടൻമാർ ഉള്ളത് കൊണ്ട് അവൾ രക്ഷപെട്ടു. ഒരുപാട് നന്ദിയുണ്ട്. അവളുടെ വീട്ടുകാരൊക്കെ ഇപ്പോൾ വരും. അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്. അവർ വന്നാൽ ഞാൻ പറഞ്ഞോളാം. നിങ്ങളുടെ ഇന്നത്തെ ഒരു ദിവസം ഞങ്ങൾ കാരണം പോയല്ലേ.?" അവൾ പറഞ്ഞു നിർത്തി.

"ഹേയ്. അതൊന്നും സാരമില്ല കുട്ടീ. ഒരാളെ അപകടത്തിൽ നിന്നും ജീവൻ രക്ഷിക്കുന്നതിനെക്കാളും വലുതല്ല മറ്റൊരു കാര്യവും." അത്രയും പറഞ്ഞു ICU വിൽ കിടക്കുന്ന കുട്ടിയുടെ വീട്ടുകാർ ഇപ്പോൾ വരുമെന്ന വിശ്വാസത്തിൽ ഞങ്ങൾ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി. ചുരുക്കി പറഞ്ഞാൽ അന്നത്തെ പെണ്ണ് കാണൽ നടന്നില്ല എന്നു തന്നെ പറയാം. അന്നത്തോടെ ആ സംഭവം എന്റെ മനസ്സിൽ മറക്കാനാവാത്ത ഒരു അനുഭവമായി മാറി. 

പിറ്റേന്നു തിങ്കളാഴ്ച..

എല്ലാരോടും യാത്ര പറഞ്ഞു രാവിലെത്തെ ഫ്ലൈറ്റിനു ഞാൻ ദുബായിലേക്ക് തിരിച്ചു കയറി. ജോലി തിരക്കുമായി പിന്നീടുള്ള എന്റെ ജീവിതം മുന്നോട്ടു പോയികൊണ്ടേ ഇരുന്നു.

ഒരു രണ്ടു വർഷം വീണ്ടും പെട്ടെന്നു കടന്നു പോയി.. എന്റെ അടുത്ത ലീവിനു സമയമായി. ഇത്തവണ നേരിട്ടു പെണ്ണ് കാണൽ ഒന്നുമില്ലായിരുന്നു. മാട്രിമോണിയിൽ ഫോട്ടോ കണ്ടു വീട്ടുകാർ നേരിട്ടും പോയി കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചതാണ്‌. എല്ലാ ഒരുക്കങ്ങളും പെട്ടെന്നു നടന്നു. എനിക്ക് താലി കെട്ടേണ്ട ഡ്യൂട്ടി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. 

എല്ലാരുടെയും അനുഗ്രഹത്തോടെ മംഗളമായി തന്നെ വിവാഹം കഴിഞ്ഞു.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച വൈകുന്നേരം. ബീച്ചിൽ കാറ്റും കൊണ്ട് കടലിലേക്ക് അസ്തമയ സൂര്യനെ നോക്കി ഞാനും എന്റെ ജീവിത സഖിയും ജീവിത സ്വപ്ങ്ങൾ നെയ്തു കൂട്ടുകയായിരുന്നു...

അവൾ എന്റെ ഇടതു വശത്ത് ഇരിക്കുകയാണ്. ഓരോന്ന് സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ പെട്ടെന്ന് അവൾ ചോദിച്ചു..

"ഏട്ടാ.. ഏട്ടന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം പറയാമോ? നല്ലതോ ചീത്തയോ ആയിക്കോട്ടെ"

ഞാൻ ഒരു നിമിഷം അവളുടെ മുഖത്തേക്കു നോക്കി, എന്നിട്ട് അസ്തമയ സൂര്യനെ നോക്കിക്കൊണ്ട് അന്നത്തെ എന്റെ പെണ്ണു കാണലിൽ നടന്ന ആക്സിഡന്റ് ആയ കുട്ടിയുടെ കഥ വള്ളി പുള്ളി വിടാതെ അവളോട് പറഞ്ഞു."

കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. എന്നിട്ട് ഒരു പൊട്ടി കരച്ചിലോടെ അവൾ എന്റെ ഇടതു വശത്തെ തോളിലേക്ക് തല വെച്ചു തേങ്ങി കൊണ്ടിരുന്നു. 

"അയ്യേ.. നീ ഇത്ര ചെറിയ കുട്ടിയാണോ. അതൊക്കെ രണ്ടു വർഷം മുൻപ് കഴിഞ്ഞില്ലേ.. ആ കുട്ടിയൊക്കെ ഇപ്പോൾ എവിടെയോ ഉണ്ടാകും.. എന്നെ അറിയുക കൂടിയുണ്ടാകില്ല.. ന്റെ മോൾ അതൊന്നും ഇപ്പോൾ ഓർത്തു ചുമ്മാ മനസ്സ് വിഷമിപ്പിക്കണ്ടാ കേട്ടോ. അവളപ്പോൾ ഞാൻ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

അവളെ ആശ്വസിപ്പിക്കാൻ ഞാൻ അവളുടെ തോളിലൂടെ എന്റെ ഇടതു കൈയിട്ടു എന്റെ നെഞ്ചിനടുത്തേക്ക് ചേർത്തു പിടിച്ചു അവളുടെ അഴിച്ചിട്ട മുടിയിഴകളിലൂടെ അവളെ മെല്ലെ തലോടി  കൊണ്ടിരുന്നു. ഇരുട്ട് വീണു തുടങ്ങിയ ആ സന്ധ്യയിൽ അവളുടെ മുടിയികളിലൂടെയുള്ള എന്റെ മൂന്നാമത്തെ തലോടലിൽ എന്റെ വിരലുകൾ അറിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു...

അവളുടെ മുടിയിഴകൾക്കുള്ളിലെ ആറ് സ്റ്റിച്ചിന്റെ പാടുകൾ.