Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗഫൂർക്കാന്റെ " പാല് കാച്ചൽ.."

x-default

അകന്ന കുടുംബത്തിലെ ഒരു കല്യാണത്തിന് ഗഫൂർക്കാനെ വീട് കാവൽ ആക്കി അതിരാവിലെ തന്നെ പോയതാണ് സമീറ.

"ഗഫൂർക്കാ അടുപ്പിൻ തണമ്മേൽ പാലുണ്ടെ.. കാച്ചി കുടിച്ചോളണെ.. കണ്ടൻ പൂച്ച വരാണ്ടു നോക്കണം.. 10 മണി ആവുമ്പോ മല്ലികേച്ചി വരും.. വന്നിട്ട് നാസ്റ്റ ആക്കിത്തരും"

ഒറ്റശ്വാസത്തിൽ തന്നെ നിർദേശങ്ങളെല്ലാം നൽകി സമീറ മക്കളെയും കൂട്ടി ഇറങ്ങി..

*      .*       *       *       *       *        *       *

തലേന്നത്തെ പാത്രം മുഴുവൻ അടുക്കള പുറത്തെ മുറ്റത്തു കൂട്ടിയിട്ട് വെണ്ണീരും ചകിരിയുമെടുത്തു ഉരച്ചു കഴുകുകയാണ്‌ അല്മത്താത്ത..

കുഞ്ഞാമിന വെള്ളം കോരിക്കൊടുക്കുന്നു. തൊട്ടിയുടെ അടിയിൽ തുരുമ്പെടുത്തു ദ്രവിച്ചതു കാരണം അര തൊട്ടിവെള്ളമെ മേലേയ്ക്ക് എത്തുന്നുള്ളൂ.

തൊട്ടടുത്ത മദ്രസയിൽ ഇന്ന് പരിപാടിയാണ്.. നബിദിനാഘോഷ പരിപാടി..

"ഇന്ന് മദ്രസെല് പോത്തു ബിരിയാണിയാണ്. പരിപാടി കഴിഞ്ഞാൽ മുയങ് മണക്കും.. എച്ചിലെല്ലാം ദാ നമ്മളെ വേലിന്റപ്രത്താ ഇടുവ"

കുറച്ചൊരു ദേഷ്യത്തോടെ കുഞ്ഞാമി വെള്ളം കോരി പിടിപോയ അലുമിനിയം ബക്കറ്റിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു.

എന്തോ മണക്കുന്നുണ്ടല്ലാ.. കാറ്റ് വരുമ്പാണ് കൂടുതൽ.. കുഞ്ഞാമി പറഞ്ഞു "ഇത്ര നേരത്തെ ബിരിയാണി വെച്ചാൽ തണുത്തു പോവില്ലേ" അല്മതാത്ത

രണ്ടു പേരും മൂക്കും വികസിപ്പിച്ചു മണം പിടിക്കാൻ തുടങ്ങി. മണത്തിന്റെ സ്വഭാവം മാറിമാറി വരാൻ തുടങ്ങി. "അള്ളാ മദ്രസയിലെ ബിരിയാണി കരിഞ്ഞു പോകുന്നല്ലോ ". കുഞ്ഞാമിന മദ്രസയിലേക്ക് ഓടി..

അവിടെ അടുപ്പിൽ തീ തന്നെ പിടിപ്പിച്ചില്ല. കുഞ്ഞാമി ഇളിഭ്യയായി തിരിച്ചുവന്നു..

കുഞ്ഞാമിയും അൽമതാത്തയും മണംപിടിച്ച് മണം പിടിച്ചു വന്നെത്തിയതോ ഗഫൂർക്കാന്റെ വീട്ടിന്റെ അടുക്കളപുറത്തും..

പൈപ്പിന് ചോട്ടില് പുകയുന്ന പാത്രം.. എന്താ ഗഫൂർക്കാ പറ്റിയത്..

ഗഫൂർക്ക ആകെ വിഷമിച്ചു നിൽക്കുകയാണ്.

"സമീറ എവിടെ പോയി?"

"ഓള് കല്യാണത്തിന് പോയിക്ക് പോമ്പം പാല് കാച്ചാൻ പറഞ്ഞിക്ക്‌."

"പാല് കാച്ചാൻ തോനെ സമയം വേണെന്നു വിജാരിച്ചിട്ടു പാലും അടുപ്പത്ത് വച്ച് കിടന്നതാ.. പങ്ക ഇട്ടതോണ്ടു മണം അറിഞ്ഞില്ല. പിന്നെ ടേപ്പ്ൽ പാട്ടും വച്ച്ക്കേ നും.. ഒരു കാസറ്റ് പാടിത്തീർന്നപ്പോ പാല് ആയൊന്നു നോക്കാൻ അടുക്കളയിൽ കേറിയപ്പോ മൊത്തം കരിഞ്ഞിരിക്കുന്നു"

ഒരു കള്ള ചിരിയോടെ ഗഫൂർക്ക പറഞ്ഞു നിർത്തി..

ഇനി ഇവിടെ നിന്നിട് കാര്യമില്ല.. ഇനി ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനേ നേരെമുണ്ടാവൂ.. എനിക്കൊന്ന് അങ്ങാടിവരെ പോകണം.. സമീറ വന്നാൽ ഈ ചാവി ഒന്ന്കൊടുക്കണെ.. വീടിന്റെ ചാവി കുഞ്ഞാമിക്കു കൊടുത്തു ഗഫൂർക സൈക്കിളും എടുത്തു അവിടുന്ന് രക്ഷപ്പെട്ടു.

ആരിഫെ..ഞ്ഞി ഇങ്ങു വാ..അടുക്കളെല്.. ഇന്ന് നീ ചായ അനത്തി കുടിച്ചോ.. എനിക്ക് വയ്യ. നടുവേന എടുക്കുന്നു.."

"ഗഫൂറിന്റെ അനുഭവം എന്റെ ആരിഫിന് ഉണ്ടാവരുത്.".അല്മതാത്ത മനസ്സിൽ പറഞ്ഞു കൊണ്ട് ട്രെയിനിങ് തുടങ്ങി.