Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ട

politics-campus

ശ്യാമരാവിൻ നിശബ്ദ യാമങ്ങളിൽ

രക്തതാരം തെളിയുന്ന വീഥിയിൽ

നാളെയേറെ പ്രതീക്ഷകൾ പൂവിടാൻ

വെമ്പിനിന്നോരുടൽ മാഞ്ഞുപോകവേ,

പാതിമെയ്യൊപ്പമേറെക്കിനാവുകൾ

കണ്ടിരിക്കുന്ന കണ്ണുകൾ, ചാലിടും

നീരുമൂടിയുറവയായ് പെയ്തു, രാ-

പ്പാടികൾ ശോകമൂകം വിതുമ്പവേ!

നീലവാനിൽ കൊടിചേർത്തുറക്കെയീ

രക്തസാക്ഷിക്കഭിവാദ്യമേകിയാ-

ലുള്ളുരുകിയൊലിക്കുന്ന കൂരകൾ

മാപ്പു നൽകിയനുഗ്രഹമേകുമോ?

നാളെ വാടാമലരുകളൊക്കെയും

നീതിതേടിയുടവാളെടുക്കുകിൽ

ചോരവീണു ചുവക്കുന്ന മണ്ണിലീ-

യായുധങ്ങളാൽ സ്വർഗ്ഗം പിറക്കുമോ?!

ആശയാരണ്യകങ്ങളിൽ വേട്ടയ്ക്കൊ-

രാളിറങ്ങുവാനില്ല, യിരവിന്റെ

കാനനങ്ങളിലൊക്കെയൊളിപ്പിച്ചൊ-

രായുധങ്ങളാലെന്തിനുമുത്തരം-

തേടിയാരോ പറഞ്ഞയക്കുമ്പോഴും

കൂടെയില്ലെന്നതോർക്ക, വിളവെടു-

പ്പിന്നുമാത്ര, മതുകഴിഞ്ഞാൽ ചില

ഗദ്ഗദങ്ങളും തേങ്ങലും കൂട്ടിനായ്!

ചോരവീഴ്ത്തും ചുടലനൃത്തങ്ങളിൽ

വെന്തുരുകിയൊലിക്കും കിനാവുകൾ

ദാനമായാരുമേകിയില്ലെന്തിനീ, വേട്ട,

സ്വാർത്ഥങ്ങളുള്ളിലൊതുക്കിയി-

ട്ടാഢ്യരായി ചമഞ്ഞും; കിടാങ്ങളെ-

യൊക്കെ മാളികയേറ്റി, പഴംപാട്ടി-

ലേറെ സ്വപ്നം പൊതിഞ്ഞ കുടികളി-

ലാറടി മണ്ണിലഗ്നി പടർത്തിയും?

കാലമേകില്ല മാപ്പിനിയീവിധം

നാടു കണ്ണീരിലാഴ്ത്തി ജയിക്കുകി-

ലാരതോർക്കുന്നു, സിഹാസനങ്ങളും

പട്ടുമെത്തയും സ്വപ്നം നിറയ്ക്കവേ-

ഖഡ്ഗമേന്തി പുതുയുഗപാതയിൽ

തീക്കനലു വിതച്ച,തുകൊയ്യുവാൻ

നാളെയാരെ കരുതിവെക്കുന്നു നാ-

മിന്നു വാഴ്ത്തുമുടയവർക്കാവുമോ?