Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുത്ത വാകപ്പൂക്കൾ

x-default Representative Image

"അങ്ങോട്ട് മാറി നില്ലടി" ഹോ, ആ പൊലീസ് മാമന്റെ വഴക്ക് കേട്ടപ്പോ ഞാൻ പേടിച്ചു പോയി...

ആ വെറുതെ അല്ലാ ഞാൻ വിചാരിച്ചു എന്നോടാണെന്ന് നോക്കുമ്പോൾ അല്ലെ മനസ്സിലായത് ആ നാടോടി പെണ്ണിനോടാ... 

അമ്മ പറഞ്ഞിട്ടുണ്ട്, അവരു പിള്ളേരെ പിടുത്തക്കാരാ, അവർക്ക് അങ്ങനെ തന്നെവേണം. 

അല്ലങ്കിലും ആറു വയസ്സുള്ള എന്നോട് എങ്ങനാ പൊലീസ് മാമന് ദേഷ്യപ്പെടാൻ പറ്റുന്നത്, പാറു കുട്ടീടെ അമ്മയും ടീച്ചറും പറഞ്ഞിട്ടുണ്ടല്ലോ എന്നെ കാണാൻ മാലാഖയെ പോലെ ആണെന്ന് എന്നെ തല്ലാത്തതും വഴക്ക് പറയാത്തതും അതു കൊണ്ടാണ് എന്ന്.

അതൊക്കെ സത്യം ആണെങ്കിൽ ഒരു കുഞ്ഞുമാലാഖ വന്നു നിന്നിട്ടും എന്താ ഇവരൊന്നും മിണ്ടാതെ നിക്കുന്നത് എന്നോട്, ചിലപ്പോൾ അമ്മയും ടീച്ചറും ചുമ്മാ പറഞ്ഞതാരിക്കും, "ഹും, എന്നെ പറ്റിച്ചു". 

പുറത്ത് നല്ല മഴ ആണല്ലോ, നനഞ്ഞാലോ എന്ന് ഒരു ആഗ്രഹം, അല്ലങ്കിൽ തന്നെ ആരും അടുത്തില്ലല്ലോ അമ്മ കാണുകയും ഇല്ല മഴ നനഞ്ഞേക്കാം... 

പോലീസ് മാമന്മാർ കണ്ടാൽ അടിക്കും എന്നല്ലേ അമ്മ പറയാറ്, അതു കൊണ്ട് ഇച്ചിരിമാറി നിന്ന് നനയാം. 

ആരും കാണാതെ പതിയെ ആദ്യം ഒരു കാലടി വെച്ച് പിന്നെ രണ്ടാം കാലടി വെച്ച് മൂന്നാമത്തേതിന് എല്ലാരുടെയും കണ്ണിൽ നിന്ന് അകന്ന് വെളുത്ത പൂക്കൾ ഉള്ള വാകമരത്തിന്റെ കീഴിൽ എത്തി.

വെളുത്ത വാക മരം. അമ്മ പറഞ്ഞിട്ടുണ്ട് വെളുത്ത വാകയിൽ നിന്ന് വീഴുന്ന പൂവ് നിലം തൊടാതെ കയ്യിൽ പിടിച്ചാൽ ചിറകു മുളയ്ക്കുമെന്ന്. ആകാശത്തോളം പറക്കാനും, എവിടെ വേണമെങ്കിലും എത്താനും ഉള്ള ചിറക്, ഞാൻ ഇതു നോക്കി നടക്കുവാരുന്നു. എനിക്കു ചിറകുകൾ വേണം പറന്നു നടക്കണം, ഞാൻ പറന്നു നടക്കുന്നതു കണ്ട്, എന്റെ ക്ലാസ്സിലെ മിന്നു അസൂയപ്പെടുന്നത് എനിക്കു കാണണം, ഹും അവളോട് ഒരു മണമുള്ള റബർ ചോദിച്ചപ്പോൾ എന്താരുന്നു ജാഡ, അവസാനം ആ റബർ എനിക്ക് അനീഷു ചേട്ടൻ തന്നപ്പോൾ അവൾ ശരിക്കും ചമ്മി പോയില്ലേ... ഇനി ഈ ചിറകുകൾ കൂടികിട്ടിയാൽ.... 

അയ്യേ അവൾ തോറ്റു പോവും, ഓർത്തപ്പോൾ തന്നേ എന്റെ മനസ്സിൽ ഞാൻ പറന്നു തുടങ്ങിയ പോലെ... "ശ്ശെടാ എത്ര നോക്കിയിട്ടും കയ്യിൽ കിട്ടുന്നില്ലല്ലോ", വെറുതെ അല്ല അമ്മ പറഞ്ഞത് വെളുത്ത വാകയുടെ പൂവ് നിലം തൊടാതെ കയ്യിൽ പിടിച്ചാൽ ചിറകുമുളയ്ക്കുമെന്ന്, ഇത്‌ കയ്യിൽ കിട്ടില്ലല്ലോ കിട്ടിയാൽ പറന്ന് പോകും എന്ന് ഉറപ്പുള്ളകൊണ്ടാവും അമ്മ പറഞ്ഞത് അതു കയ്യിൽ കിട്ടാൻ പാടാണ് എന്ന്, എന്നാലും ഒന്നൂടെ നോക്കട്ടെ,  ശ്ശെടാ! എല്ലാം കാറ്റടിച്ച് പോകുവാണല്ലോ... "ഹും  അമ്മയും പ്രാർഥിക്കുവാരിക്കും പാറുന് പൂവ് കിട്ടരുതെന്ന്" അമ്മയും കുശുമ്പിയാണെന്നു തോന്നുന്നു. ചിറക് മുളക്കട്ടെ കാണിച്ച് തരാം ഞാൻ...

"ക്ലിം ക്ലിം ക്രൂ" 

"ശ്ശെടാ ഇതെന്ത് ശബ്ദം, ക്ലാസിലെ വിഷ്ണു ചോറും പത്രം തുറക്കുന്ന പോലെ ഉണ്ടല്ലോ" 

നോക്കിയാലോ? 

നോക്കാം... 

ആരും കാണാതെ പതിയെ ശബ്ദം കേട്ട സ്ഥലത്തെ ജനലിലൂടെ നോക്കി. ദേ, ആദ്യം കണ്ട മാമൻ എന്തോ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നു, പക്ഷേ അനീഷ്ചേട്ടന്റെ ഫോൺ ഇത്രയും വലുതല്ലല്ലോ? ഇടയ്ക്ക് എനിക്കു ചേട്ടൻ ഫോൺ തരാറുണ്ട്, എന്നെ മടിയിൽ ഇരുത്തി ചേട്ടൻ ഫോണിൽ ഒരു കളി കളിക്കാറുണ്ട്, ഒരാളുടെ പിറകേ ഭൂതങ്ങൾ കയ്യ് നീട്ടി പിടിക്കാൻ ഓടുന്ന കളി, കാണുമ്പഴേ പേടി ആവും എങ്കിലും അനീഷ്ചേട്ടൻ എന്നെ വിടില്ല. ആലോചിച്ചു തീരും മുന്നേ വീണ്ടും വീണ്ടും അതേ ശബ്ദം . 

"ക്ലിം ക്ലിം ക്രൂ" കവലയിൽ അടി നടക്കുന്നു വേഗം അങ്ങോട്ട് പോലീസ് വരണം ഓവർ ഓവർ എന്ന്. എനിക്കു തോന്നി ഇതിപ്പോ ഉച്ചക്ക് ചോറുണ്ടിട്ട് ഞങ്ങളും കളിക്കുന്നതല്ലേ "അണ്ടർഓവർ" കളി.

അയ്യോ, ഇപ്പഴാ ഓർത്തത് വിശക്കുന്നു മൂന്ന് ദിവസം ആയി കഴിച്ചിട്ട് വീട്ടിൽ പോവാൻവഴി അറിയാത്തതു കൊണ്ടാ ഇങ്ങോട്ട് വന്നത്, ഈ മാമനോട് ചോദിച്ചാൽ വീട്ടിലോട്ട് ഉള്ള വഴി മാമൻ പറഞ്ഞു തരും എന്ന് മനസ്സിൽ ഒരു തോന്നൽ... 

"പോലീസ് മാമ, എന്നും വിളിച്ച് മനപ്പൂർവം ചിണുങ്ങികൊണ്ട് ഞാൻ മാമൻ ഇരിക്കുന്ന മുറിയിലോട്ട് ഓടി, ചിണുങ്ങി പറയുന്ന കാര്യങ്ങൾ വേഗം നടക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു, കാരണം ഞാൻ മാലാഖ അല്ലേ...

ഓടി മുന്നിൽ എത്തിയപ്പോ അതാ അനീഷ് ചേട്ടൻ, ചേട്ടനെ എല്ലാരും തല്ലുന്നു, തല്ലല്ലേ എന്ന് ഞാൻ ഒരു പോലീസ് മാമനോട് പറഞ്ഞു നോക്കി, കേട്ട ഭാവം നടിച്ചില്ല, ഞാനുംവിചാരിച്ചു കുഞ്ഞ് പിള്ളേർ ഇടപെടേണ്ട കാര്യത്തിലെ ഇടപെടാവു എന്ന് അമ്മപറഞ്ഞിട്ടുണ്ട് ഇത് കുഞ്ഞുപിള്ളേരുടെ കാര്യം അല്ലായിരിക്കും. 

എന്തായാലും പോയി ഫോൺ വിളിക്കുന്ന മാമനെ കണ്ട് വീട്ടിലോട്ട് ഉള്ള വഴിചോദിക്കാം എന്നു വിചാരിച്ചു മാമൻ ഇരുന്ന മുറിയിൽ പോയിരുന്നു, ഞാൻ ഒളിഞ്ഞ്നോക്കിയ ജനലിൽ കൂടി നോക്കുമ്പോൾ വീണ്ടും പുറത്ത് മഴ. 

പോലീസ് മാമൻ കാണാതെ ജനലിൽ കൂടി കയ്യ് പുറത്തിട്ട് കയ്യിൽ മഴത്തുള്ളികൾ തട്ടികളിക്കുമ്പോൾ അതാ വീണ്ടും 

"ക്ലിം ക്ലിം ക്രൂ" മൂന്ന് ദിവസം മുന്നേ കാണാതെ പോയ പാർവതി എന്ന പാറുക്കുട്ടി 6 വയസ്സ്, ഡെഡ് ബോഡി കിട്ടിയിട്ടുണ്ട്, അയൽവാസി ആയ അനീഷിനെ അറസ്റ്റ് ചെയ്തു. പീഡനം ആണെന്ന് സംശയിക്കുന്നു, 

പെട്ടന്ന് എന്റെ കയ്യിൽ ഞാൻ അത് വരെ പിടിക്കാൻ ശ്രമിച്ച വെളുത്ത വാക പൂ വന്നിരുന്നു.

എനിക്ക് ചിറക് മുളച്ചു, തെല്ല് അഹങ്കാരത്തോടെ ഞാൻ പറഞ്ഞു അയ്യേ അമ്മേടെ പ്രാർഥന കേട്ടില്ലല്ലോ, എനിക്ക് ചിറകു മുളച്ചല്ലോ എന്ന്.

പറന്ന് മുകളിലേക്ക് പോകുമ്പോൾ താഴേക്ക് ചുമ്മാതെ നോക്കിയ ഞാൻ കണ്ടത് വെളുത്ത വാകപ്പൂവ് കയ്യിൽ ആക്കാൻ നിൽക്കുന്ന ഒരുപാട് ആളുകളെ, കുട്ടികൾ ആണു കൂടുതൽ.

തെല്ലു ജാഡയോടെ ഞാൻ ആദ്യം പറന്നകന്നു...

പോവുന്നതിനിടയിൽ വീണ്ടും ഞാൻ ആ ശബ്ദം കേട്ടു "ക്ലിം ക്ലിം ക്രൂ"...