Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനീരിലെ മഴവില്ല്

493659618

കഴിഞ്ഞ ഞായറാഴ്ച പത്രത്തിൽ വന്ന എന്റെ കഥയ്ക്ക് കുറെ ഏറെ അഭിപ്രായങ്ങൾ കിട്ടി. ഇപ്പൊ മിക്കതും വാട്സാപ്പിലും മെസഞ്ചറിലും ഒക്കെ ആണ് വരുന്നത്. എത്ര മെസ്സേജ് വന്നാലും എല്ലാം വായിച്ചു മറുപടി അയയ്ക്കുക ഒരു ശീലമായിരിക്കുന്നു. കൂട്ടത്തിൽ അപ്പുവേട്ടന്റെ മെസ്സേജും ഉണ്ട്.. ആദ്യം വായിക്കുന്നത് അപ്പുവേട്ടന്റെ മെസേജ് ആണ്.

"സത്യം പറയ് നീ നിന്റെ മനസ്സ് തുറന്നതാണോ, ഈ കഥയിലൂടെ. നിന്റെ മനസിൽ കെട്ടി നിർത്തിയിരുന്ന സ്നേഹത്തിന്റെ അണപൊട്ടിയതാണോ? എന്തിനാ ഇതു മൂടിവെച്ചത്‌? നിനക്ക് ഒന്നുറക്കെ പറയാമായിരുന്നില്ലേ മുത്തേ !"

"ദുരൂഹമാണ് നിന്റെ മനസ്സു കെട്ടോ, മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ചതു സ്നേഹത്തിന്റെ മുത്തുമാലയാണോ? മണിച്ചെപ്പ് തുറന്നില്ലങ്കിലും തന്നില്ലെങ്കിലും ഞാൻ വിശ്വസിച്ചോട്ടെ അതു എനിക്കുള്ളതാണെന്നു, യാഥാർഥ്യത്തെക്കാൾ സ്വപ്നത്തിന്റെ സൗന്ദര്യം ഞാൻ ആസ്വദിച്ചോട്ടേ, ഒപ്പം പ്രാർഥനയോടെ കാത്തിരുന്നോട്ടെ... കാത്തിരിപ്പിനും ഒരുപാട് മാധുര്യമാണ്.. അത് ഇഷ്ടത്തോടെയാണെങ്കിൽ"

അപ്പു ഏട്ടന്റെ മെസേജ് ആണ്. വല്ലപ്പോഴും മെസേജ് അയക്കാറുണ്ടെങ്കിലും ഇങ്ങനെ ആദ്യമായാണ്..

"നിന്റെ കഥയിലൂടെ നീ പറയാനുള്ളതൊക്കെ പറയുന്നു.. എന്നാൽ ഞാൻ... എനിക്കൊരിക്കലും അതിനു കഴിഞ്ഞിട്ടില്ല. നിന്റെ മനസ് അറിയാൻ വൈകിപ്പോയി. നീ എഴുതുന്ന ഓരോ കഥാപാത്രത്തിനും എന്റെ ഛായ ആണ്"

എന്ത് ഉത്തരം കൊടുക്കും? ഒന്നും പറയാതെ ഇന്റർനെറ്റ് വിച്ഛേദിച്ചു കുറച്ചു നേരം ഇരുന്നു.

ഒരു വേള ഞാനും അതൊക്കെ തന്നെ ആഗ്രഹിച്ചിരുന്നതല്ലേ... അപ്പു ഏട്ടന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്നു അമ്പല കുളത്തിലും പാടത്തും ആമ്പൽ പറിക്കാൻ പോയപ്പോൾ... ഓണത്തിന് തുമ്പയും കൊങ്ങിണി പൂവും നുള്ളാൻ പോയപ്പോ... ഒക്കെ ഞാനും കണ്ടതല്ലേ നൂറു കൂട്ടം സ്വപ്നങ്ങൾ...

ഒരു ദിവസം ആമ്പൽ പറിക്കാൻ പാടത്ത് പോയപ്പോ നീളൻ പാവാട വരമ്പിൽ തടഞ്ഞു കാലു തെന്നി വീണതും നടക്കാൻ പറ്റുമായിരുന്നിട്ടും നടക്കാൻ പറ്റാത്ത പോലെ അഭിനയിച്ചപ്പോ എന്നെ രണ്ടു കയ്യിലും എടുത്ത് നടന്നതും കുറെ കഴിഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിച്ചതും അപ്പു ഏട്ടന് ദേഷ്യം വന്നു എന്നെ താഴെ ഇരുത്തി എന്റെ തലക്ക് രണ്ടു കിഴുക്കു തന്നതും ഇന്നലത്തെ പോലെ ഓർമവരുന്നു... ക്ലാസ്സിൽ പോകാതെ അപ്പു ഏട്ടന്റെ കൂടെ സിനിമക്ക് പോയപ്പോഴും എനിക്ക് അപ്പു ഏട്ടനെ വിട്ടു കൊടുക്കേണ്ടി വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല...

കോളജിൽ നിന്നിറങ്ങിയാൽ അവിടെയും ഇവിടെയും നിന്നു നേരംപോക്കി ബസ് മിസ് ചെയ്യുന്നത് അപ്പു ഏട്ടന്റെ കൂടെ നടക്കാനുള്ള മോഹം കൊണ്ടു മാത്രമാണ്. അങ്ങനെ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞു അപ്പുവേട്ടനെ പറ്റിച്ചു എത്ര തവണ കൂടെ നടന്നിരിക്കുന്നു. ഒന്നും അപ്പു ഏട്ടന് അറിയാഞ്ഞിട്ടാണോ.. അതോ കണ്ണടച്ചു ഇരുട്ടാക്കിയതോ...

ഒന്നും ഓർക്കേണ്ട.. ആ ഓർമകൾ ജീവനോടെ അടക്കം ചെയ്തതല്ലേ എന്റെ നെഞ്ചിനകത്ത്. ഇനിയും എന്തിനു പുറത്തെടുക്കണം. നിറമുള്ള ഓർമകളായി ഒരു നൊമ്പരമായി മരിക്കാത്ത ഓർമകളായി അവിടെത്തന്നെ കിടന്നോട്ടെ...

ഓരോ നിശ്വാസത്തിലും നെഞ്ചിടിപ്പിന്റെ വേഗത കൂടുന്നതുപോലെ എനിക്ക് തോന്നുന്നു. അല്ല വേഗത കൂടുകയാണ് അതാണ് യാഥാർഥ്യം.

അപ്പുവേട്ടനെ കുറിച്ചുള്ള ഓർമകൾ എന്നെ ഭ്രാന്തിയാക്കുകയാണോ... ഞാൻ ഞാനല്ലാതാകുകയാണോ... ഭൂതകാലത്തിലേക്ക് ഒരു ഭ്രാന്തിയെ പോലെ അലഞ്ഞുനടക്കാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്.

വേണ്ട, ഇനിയും അപ്പുവേട്ടന്റെ വരികളിലെ വേദന എനിക്കു താങ്ങാൻ പറ്റില്ല... ഇതു വരെ സംഭവിച്ചത് എല്ലാം നല്ലതിന് എന്ന ഭഗവദ്ഗീതയിലെ അർഥവത്തായ വാക്കുകൾ മനസിൽ ഉരുവിട്ടു കൊണ്ട് ഹൃദയം നുറുങ്ങുന്ന വേദനയോടെ മറുപടി എഴുതുമ്പോൾ രണ്ടു തുള്ളി കണ്ണുനീരും കൂടെ അടർന്നു വീഴാതിരിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.. വിറയ്ക്കുന്ന കൈകളോടെ കണ്ണീരിൽ വിരിഞ്ഞ മഴവില്ലിനെ മറച്ചു കൊണ്ട് ഞാൻ എഴുതി..

"..ഇല്ല.. അപ്പു ഏട്ടാ. സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെ ചിന്തിച്ചിരുന്നില്ല.. എല്ലാം ഏട്ടന്റെ തോന്നലുകൾ മാത്രമാണ്..."