Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം കാണുകയെന്ന മഹാവിപ്ലവം

swapnam-story

രാത്രിയുടെ ഉമ്മറവാതിലില്‍ നനച്ചുടുക്കപ്പെടുന്ന ചിന്തകള്‍, ഞരമ്പുകളില്‍ വലിഞ്ഞു മുറുകുന്ന ഇന്നലകള്‍... മഴയുണങ്ങിപ്പിടിച്ച വരമ്പിലൂടെ വഴുക്കിയുള്ള നടത്തം പോലെ... അങ്ങനെയാണ് ഓരോ സ്വപ്നവും!

അതുകൊണ്ടുതന്നെ വീണ്ടും പറയാം, സ്വപ്നം കാണുകയെന്നതൊരു മഹാവിപ്ലവമാണ്. 

അലസതയ്ക്കകത്തെ മൗനത്തിന്റെ വാത്മീകത്തിനുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന മനസ്സ്, അതിന്റെ ചുവരിലുറപ്പിച്ച വലിയ സ്‌ക്രീനില്‍ ഒട്ടും സെന്‍സര്‍ ചെയ്യാതെ കാണപ്പെടുന്ന കാഴ്ചകള്‍. ഇല്ലോളം അതാര്യപ്പെടുന്ന ഫ്രെയിമുകളിലേക്ക് മനസ്സിനെ നട്ടുവയ്ക്കുമ്പോള്‍ കാഴ്ചകളുടെ പെയ്ത്താണ്.

രാത്രിയിലെ നിശബ്ദതയുടെ പുറന്തോടിലൂടെ ചുരംകയറുന്ന ബസില്‍ മിക്കവരും ഉറക്കത്തിലാണ്, ചിലര്‍ മാത്രം തങ്ങളുടെ അസ്വസ്ഥതകളുടെ ഇരുട്ടിലേക്ക് മിഴിച്ചു. പുറകില്‍നിന്നും നാലാമതായി, വശത്തെ സീറ്റില്‍ എനിക്കരികില്‍, അവള്‍ ഉറക്കത്തിലാണ്. തൊലിയടര്‍ന്ന അസ്വാസ്ഥ്യത്തിന്റെ വിളുമ്പില്‍നിന്നുകൊണ്ട്, ബസ്സിനകത്തെ നേര്‍ത്ത മഞ്ഞവെളിച്ചത്തില്‍ ഞാനവളെ നോക്കി, അത്രയും ശാന്തമായൊരു കടലിന്റെ മുഖമായിരുന്നവള്‍ക്ക്....

കുന്നുകളില്‍നിന്നും ഉറക്കമെഴുന്നേറ്റുവരുന്ന അതിശൈത്യമുള്ള കാറ്റില്‍ അവള്‍ ചെറുതായി വിറയ്ക്കുന്നതുപോലെ. നെറ്റിയിലേക്ക് വീണുകിടക്കുന്ന അവളുടെ മുടിയിഴകളില്‍ ഞാനൊരു നിമിഷം ചുണ്ടുകളമര്‍ത്തി.

പുറത്തെ ഇരുട്ട് ഫ്രെയിമിലേക്ക് നിറഞ്ഞു.

*     *     *  

മഞ്ഞുറഞ്ഞ പകല്‍. ദൂരെനിന്നുള്ള ആ ഫ്രെയിമില്‍ മലയുടെ മുകളില്‍നിന്നും കാഴ്ചപ്പെടുന്നതിലേക്ക് നോക്കിനില്‍ക്കുന്ന രണ്ടുപേര്‍...

വീണ്ടെടുക്കാനാകാത്ത ആ സ്വപ്നത്തിന്റെ തുടര്‍ക്കാഴ്ചയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മൊബൈല്‍ മുരണ്ടുണര്‍ന്നത്. ഉറക്കച്ചടവുള്ള ശബ്ദത്തോടെ ഞാന്‍ മൊബൈല്‍ തലയിണയ്ക്കും ചെവിയ്ക്കുമിടയിലേക്ക് തിരുകി.

'സാര്‍... എന്‍ പേര് കാശി, നാന്‍ ഇങ്കെ മധുരൈ ഹോസ്പിറ്റലിലിരുന്ത് കാള്‍ പണ്‍ട്രേന്‍. ഉങ്കളുക്ക് തെരിഞ്ച ഒരുത്തര് ഇങ്കെ ഇരുക്കാറ്...' ശബ്ദത്തിലെ ഗൗരവത്തിന്റെ വ്യാപ്തിയറിഞ്ഞ മനസ്സ് ഉറക്കത്തിന്റെ വേരുകളില്‍നിന്നും കുതറിയെഴുന്നേറ്റു.

'യാര്... എന്നാച്ച് ?' മുറിയിലേക്ക് കയറിവന്ന വരണ്ടുണങ്ങിയ കാറ്റിനൊപ്പം ശബ്ദം വിറച്ചു. 

'പേരെല്ലാം എനക്ക് തെരിയാത് സര്‍. ഒരു കാര്‍ ആക്‌സിഡന്റ് ആയിടിച്ച്, ഇന്ത പൊണ്ണത്തവരെ യാരുമേ ഉയിരോടെ ഇല്ലെ...' കിതപ്പോടെ അയാളുടെ വാക്കുകള്‍ എന്നിലേക്ക് മുടന്തി നിന്നപ്പോള്‍ ഞാന്‍ നെടുതായൊന്ന് നിശ്വസിച്ചു. നിര്‍വികാരതയിലേക്ക് കെട്ടിയഴിഞ്ഞുവീണതുപോലെ മനസ്സ് എവിടെയൊക്കെയോ ഉഴറിനില്‍ക്കുമ്പോള്‍ അയാളുടെ ശബ്ദം പിന്നേയും കേട്ടു. 'അന്ത പൊണ്ണ് ബോധയാകറതുക്ക് മുന്നാടിതാ ഉങ്കളോട നമ്പര്‍....'

മുറിപ്പെടുത്തുന്ന വാക്കുകളുടെ ഈയമുരുക്കിയൊഴിച്ചതുപോലെ ചെവികള്‍ക്കുള്ളില്‍ വല്ലാതെ പൊള്ളുകയും കൊട്ടിയടക്കപ്പെടുകയും ചെയ്തു.

ഓര്‍മകള്‍ പൊള്ളിപ്പനിക്കുന്ന ഉന്മാദത്തോടെയുറങ്ങിയ രാത്രികള്‍... വെളിപാടിന്റെ പകലുകള്‍... അവിടെയൊക്കെയും അടുക്കും ചിട്ടയുമില്ലാതെയുള്ള അട്ടിയിട്ട അവളോര്‍മകള്‍ മാത്രമായിരുന്നു കൂടെ. ജീവിതത്തിന്റെ അടരുകളടുക്കിവയ്ക്കുമ്പോള്‍ കൂടെയുണ്ടാകണമെന്ന് കരുതിയവള്‍. ഇഷ്ടങ്ങളെ പരസ്പരം പറയാത്തതുകൊണ്ട് അന്യരായവര്‍!

അസ്വാസ്ഥ്യത്തിന്റെ കടവാവലുകള്‍ നിറഞ്ഞ മുറിയില്‍ എന്റെ കണ്ണീരുപൊള്ളിയതുകൊണ്ട് ഫ്രെയിമിലേക്ക് മങ്ങിയ വെളുപ്പ് നിറഞ്ഞു.

*     *     * 

ഫ്രെയിമില്‍ വെന്തുണങ്ങിയ വെയിലിനെയുടുത്തുനില്‍ക്കുന്ന മധുരൈ! 

സ്റ്റാന്‍ഡിലേക്ക് ഇരമ്പിക്കയറിനിന്ന ബസ്സില്‍നിന്നും ഉറക്കം തുടച്ചുകളഞ്ഞുകൊണ്ട് ഇറങ്ങിയവര്‍ ധൃതിയോടെ എങ്ങോട്ടൊക്കെയോ നടന്നുപോയി. ഞാനും ഇറങ്ങിനടന്നു.  

ചിന്തകളെ മുറുകെ കെട്ടുകയും പിന്നീട് അഴിക്കുകയും ചെയ്തിരുന്ന മനസ്സിന്റെ അതിരില്‍ കാഞ്ഞിരത്തിന്റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ടെന്ന് തോന്നി. 

അടുത്തുകണ്ട ചായക്കടയിലേക്ക് കയറി. 

ചായയോടൊപ്പം സിഗരറ്റിന്റെ പുക നിറഞ്ഞ നെഞ്ചില്‍ അവളുടെ ഓർമകള്‍ ജീവനോടെ അടക്കം ചെയ്തു. പുകനിറഞ്ഞ ഫ്രെയിമില്‍നിന്ന് ആശുപത്രി വരാന്തയിലേക്കും പതിയെ ഐസിയുവിലേക്കും കാഴ്ചകള്‍ പറിച്ചുനടുകയുണ്ടായി. 

അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും അന്വേണമൊന്നുമുണ്ടായില്ല. പ്രായാധിക്യത്താല്‍ വലയുന്ന അവളുടെ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ചേര്‍ത്തുപിടിക്കാനല്ലാതെ വേറെന്തുചെയ്യാന്‍...

'അവരോട ഹസ്ബന്റും കുഴന്തയും ഇരന്തതിനാലെ അവരോട മനനിലയെ അത് ബാധിക്കപ്പട്ടിരുക്ക്...' പകലുകള്‍ നരച്ചുകൊഴിയുന്ന ദിവസങ്ങളിലൊന്നില്‍ ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ വാക്കുകള്‍ ചിതറിവീണത് ഹൃദയത്തിന്റെ ആഴത്തിലേക്കായിരിക്കുന്നു. നെഞ്ചില്‍ വേദനകളുടെ വന്‍കരകള്‍ രൂപപ്പെടുന്നതുപോലെ...

സ്വസ്ഥമാകാത്ത മനസ്സിനകത്ത് ഉരുള്‍പൊട്ടി വീഴുന്നതുപോലെ ചിന്തകള്‍ പല കഷ്ണങ്ങളായി വീണ് ചിതറുകയാണ്. ഇടവേളയിലേക്കെത്തിയ പോലെ മനസ്സ് എങ്ങോട്ടൊക്കെയോ ഇറങ്ങി നടന്നു.

*     *     * 

മാസങ്ങള്‍ക്ക് മുന്‍പ്...

വെയിലുറഞ്ഞ പകല്‍ വരമ്പിലൂടെ പശുവിനെയും തെളിച്ച് നീങ്ങുന്ന മണിയേടത്തി ഫ്രെയിമിലേക്ക് കയറിവന്നെങ്കിലും വാഴയിലയുടെ മറവിലൂടെ കാഴ്ച അവളിലേക്ക് തിരിഞ്ഞു. 

'വയസ്സിതെത്രയായീന്നാ? ആരെ തോല്‍പ്പിക്കാനാ, ഈ കാടന്റെ തോലുമിട്ടോണ്ടുള്ള ജീവിതം?' ആത്മരോഷത്തിന്റെ പടിക്കെട്ടിലേക്ക് കയറിയ ചോദ്യത്തിനെ വേദനയുടെ കണ്ണീരുപ്പ് തൊട്ടതുപോലെ പുളിച്ചിരുന്നു. 

ജീവിതത്തിന്റെ അടരുകളടുക്കിയപ്പോള്‍ മറന്നുപോയതിനെ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തിക്കൊണ്ട് അവള്‍ മൗനങ്ങളെ എനിക്കുള്ളില്‍ ഉപേക്ഷിക്കുന്നൊരു പതിവുണ്ടായിരുന്നു.

*     *     * 

ആശുപത്രിയ്ക്ക് മുകളില്‍ പകലും രാത്രിയും മാറിമാറി വന്നു...

ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ അവള്‍ ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മരുന്നുകള്‍ അവളെ വല്ലാതെ തളര്‍ത്തിയിരുന്നു. അഴിഞ്ഞുലഞ്ഞ രാപ്പനിച്ചീളുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അവള്‍ വലിയതായി കരഞ്ഞു. ചിലപ്പോള്‍ നിഗൂഢമായ രഹസ്യങ്ങളടക്കിപ്പിടിച്ച മൗനത്തിലേക്ക് വലിച്ചെറിയപ്പെട്ടു.

അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തിയാല്‍ എങ്ങോട്ടെന്നൊരു ചോദ്യം എന്റെയുള്ളില്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയ രാത്രി. സ്വയം കുത്തിയിളക്കിയ ചോദ്യങ്ങളില്‍ മനസ്സ് വെട്ടിയും തിരുത്തിയുമിരുന്നു.

ചില്ലുടഞ്ഞതുപോലൊരു തേങ്ങലിലേക്ക് ചിന്തകള്‍ മുറിഞ്ഞു. നിശബ്ദത... പിന്നെയും തേങ്ങലുകള്‍. തനിക്കുചുറ്റിലും സ്വയം തീര്‍ത്ത ജയിലിനുള്ളിലൊരു തടവുകാരിയുടെ പാപഭാരത്തോടെ മുട്ടുകളിലേക്ക് മുഖം കുനിച്ചിരിക്കുന്ന അവളെ ഞാന്‍ നോക്കി. ഞാനടുത്തേക്ക് ചെന്ന് അവളെ ചേര്‍ത്തുപിടിച്ചു. വാക്കുകള്‍ വിഴുങ്ങിയതുപോലെ ഞാന്‍ അവളുടെ മുടിയിഴകളില്‍ പതിയെ കൈയോട്ടി. അവളൊരു കുഞ്ഞിനെപ്പോലെ എന്നിലേക്ക് പതുങ്ങിയൊതുങ്ങിയപ്പോള്‍ പുറത്ത് മഴ പെരുമ്പറകൊട്ടിത്തുടങ്ങി.

*     *     * 

പകല്‍... ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴ ആകാശത്തിന്റെ ചെരുവിലെവിടെയോ ഒളിച്ചുപോയിരുന്നു. 

ഫ്രെയിമില്‍, വാക്കുകള്‍കൊണ്ട് പറയപ്പെടേണ്ടുന്നതല്ലാത്ത വികാരത്തിനെ മുഖത്തേക്ക് വലിച്ചെടുത്തതുപോലെ അവളുടെ നനഞ്ഞ മുഖം. കാറ്റിന്റെ ചാലുകളിലേക്ക് ചോദിക്കാതെയിറങ്ങിപ്പോകുന്ന മുടിയിഴകള്‍. 

മരുന്നുകളും വസ്ത്രങ്ങളുമൊക്കെ ബാഗിലേക്ക് എടുത്തുവയ്ക്കുന്ന അമ്മ. ഞാനവരുടെ അടുത്തേയ്ക്ക് പതിയെ നടന്നു. 

'ഞാന്‍ കൊണ്ടുപോകാണിവളെ... നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഒരുപാട് വേദനിച്ചിട്ടുണ്ട് രണ്ടാളും. ഇനി വേണ്ടത്...' വാക്കുകള്‍ തൊണ്ടയിലിഴഞ്ഞു. പറയാനായി കരുതിവച്ച വാക്കുകള്‍ കൂട്ടിവച്ചതുകൊണ്ടെന്നപോലെ ഞാന്‍ ചെറുതായി കിതച്ചു.

ഇടവേള കഴിഞ്ഞതുപോലെ മുറിയിലേക്ക് നിശബ്ദത പിന്നേയും കയറിവന്നു.

ഇന്നലെകളെത്തിരുത്തിത്തുടങ്ങി. കാലത്തിന്റെ ഒഴുക്കിലേക്ക് ചായ്ച്ചുകിടത്തിയ ജീവിതത്തിന്റെ ഭാവങ്ങള്‍ക്ക് നിറങ്ങളെ തേച്ചുകൊടുത്തതിന്റെ സാക്ഷാത്കാരമെന്നപോലെ ഫ്രെയിമിലേക്ക് മഴ ചാറിത്തുടങ്ങി.

*     *     * 

വെള്ളകീറിത്തുടങ്ങുന്ന പകലിന്റെ ചെരിവിലേക്ക് ക്ഷീണത്തോടെ ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സ് വന്നുനിന്നു.

ചായക്കടയില്‍നിന്നിറങ്ങിവരുന്ന വാര്‍ത്തകളുടെ, പത്രക്കാരന്റെ സൈക്കിള്‍ ശബ്ദത്തിന്റെ, അങ്ങനെ പലതുകളുടെയും ക്ലീഷേയായേക്കാവുന്ന കാഴ്ചകളില്ലാത്ത പകല്‍...

ഞാനും അവളും ബസ്സില്‍നിന്നിറങ്ങി, മണ്ണുവിരിച്ച വഴിയിലൂടെ പതിയെനടന്നു. കാലത്തിന്റെ വേരുകളില്‍ ഒട്ടും അടയാളപ്പെടുത്തേണ്ടുന്നതല്ലാത്ത വെറും മനുഷ്യരായി ഫ്രെയിമില്‍ ഞങ്ങളൊരു ദൂരക്കാഴ്ചയായി.

*     *     * 

അതുകൊണ്ടൊക്കെയും വീണ്ടും വീണ്ടും പറയുന്നു, സ്വപ്നം കാണുകയെന്നതൊരു മഹാവിപ്ലവമാണ്. ഉന്മാദം ഞൊറിയിട്ടുടുത്ത ജീവിതത്തിന് നിറങ്ങളേറെയാണ്. കാഴ്ചപ്പെടുത്തേണ്ടുന്ന സ്വപ്‌നങ്ങളുടെ ഫ്രെയിമുകള്‍ പിന്നേയുമേറെയാണ്.