Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ പറയാൻ മറന്നത്

x-default

ശീതീകരിച്ച മുറിക്കുള്ളിൽ നിന്ന് അനശ്വര ഗായകന്റെ ശബ്ദത്തിൽ ഗസൽ പെയ്യുകയാണ്, മുഹമ്മദ് റാഫി പാടുന്നു '' ബഹരോ ഫൂൽ ബർസാവോ മേരാ മെഹബൂബ് അയാ ഹെ'' രാത്രിയുടെ ഏകാന്തതയിൽ പാട്ടിന്റെ വരികളിൽ തുടിച്ച പ്രണയം മുറിക്കുള്ളിലെ തണുപ്പിലേക്ക് പടർന്നു കയറുകയാണ്. സംഗീതം ഉറക്കത്തിനിടയിൽ നിലച്ചുപോകുന്നത് പല രാത്രികളിലും അയാൾ അറിഞ്ഞിരുന്നില്ല. പാട്ടിന്റെ അവരോഹണത്തിലെവിടെയോ പുറത്ത് നിന്നെത്തിയ ഭാര്യയുടെ ഉയർന്ന ശബ്ദം അയാളുടെ കാതുകളെ അലോസരപ്പെടുത്തുകയാണ്. ചില രാത്രികൾ ഇങ്ങനെയാണ്, കൗമാരം കടന്ന മകൾക്ക് നേരെ അമ്മയുടെ ശാസനകൾ നീളുമ്പോഴുള്ള ചെറിയ തർക്കങ്ങൾ, താനൊന്ന് തൊട്ടാൽ ഉരുകി വീഴുന്ന കുഞ്ഞു പിണക്കങ്ങൾ.

സ്വീകരണ മുറിയിൽ സർവ്വവും നഷ്ടപ്പെട്ട മനസ്സുമായി നിൽക്കുകയാണവൾ. ഉടഞ്ഞു പോയ ഫ്ലവർവെയ്സ് തൂത്തെടുക്കുന്ന മകളുടെ കവിളിൽ നിന്ന് ചെറുകണങ്ങൾ നിലത്തേക്ക് വീഴുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ ടെലിവിഷന്റെ റിമോട്ട് തനിക്ക് നേരെ വലിച്ചെറിഞ്ഞ് അവൾ രൗദ്രഭാവത്തിൽ മുറിയിലേക്ക് പോയി. താൻ മകൾക്കു നേരെ തിരിഞ്ഞെങ്കിലും അവളുടെ കണ്ണിലെരിയുന്ന കോപം തന്നെ വല്ലാതെ തകർത്തിരുന്നു. പെട്ടെന്നാണ് തന്റെ കണ്ണുകൾ ഭിത്തിയിൽ തറച്ച വെള്ളിവെളിച്ചത്തിലേക്ക് നീണ്ടത്. മീ ടൂ ക്യാംപെയിനെക്കുറിച്ചുള്ള വാർത്തകൾക്കിടയിലതാ തന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ''മലയാളത്തിന്റെ പ്രിയ കഥാകാരനും പ്രതിക്കൂട്ടിൽ, അന്ന എന്ന മാധ്യമ പ്രവർത്തകയ്ക്കാണ് പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിൽ നിന്നും ദുരനുഭവമുണ്ടായത് '' താൻ നില തെറ്റി വീണുപോകുകയാണോ, കണ്ണിൽ ഇരുട്ട് മൂടിക്കഴിഞ്ഞു. അയാൾ തന്റെ കിടക്കയിലേക്ക് ഇരുന്നു. മുറിക്കുള്ളിലെ തണുപ്പിലും ശരീരമാകെ വിയർക്കുകയാണ്

അന്ന എന്ന പേരിലേക്കും പതിനെട്ട് വർഷം പിന്നിലേക്കും അയാളുടെ ഓർമകൾ നീണ്ടു. 1999 ഏപ്രിൽ 10 കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി കഥകളവസാനിപ്പിച്ച് യാത്രയായി. പിന്നെയും പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് താൻ കിഴക്കിന്റെ വെനീസിലേക്ക് വണ്ടികയറിയത്. തകഴിയെപറ്റി ചില ലേഖനങ്ങൾ തയാറാക്കാൻ കോഴിക്കോട് പത്രമാപ്പീസിൽ നിന്ന് തന്നെ ചുമതലപ്പെടുത്തുകയായിരുന്നു, എഴുത്തിന്റെ ലോകത്ത് ഒന്നുമല്ലാതിരുന്നിട്ടും അത് തനിക്ക് ലഭിച്ച ഒരംഗീകാരമായിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന പൂച്ചക്കണ്ണുള്ള വെളുത്തുമെലിഞ്ഞ സുന്ദരിയെ താനന്നാണ് ആദ്യമായി കാണുന്നത്. അവൾ ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി, പേര് അന്ന, കഥയെ സ്നേഹിക്കുന്ന അതിലേറെ പ്രണയിക്കുന്ന ഒരു ആഗ്ലോ ഇന്ത്യൻ സുന്ദരി.

തന്നെ സഹായിക്കാൻ പത്രമാപ്പിസിൽ നിന്ന് അന്നയെ ചുമതലപ്പെടുത്തിയതിനാൽ അധികം പ്രയാസപ്പെട്ടില്ല. ബീച്ച് വാർഡിൽ ഒരു മുറി അവൾ തരപ്പെടുത്തിയിരുന്നു. ഇടയ്ക്ക് കാറിൽ തകഴിയിലേക്ക് പോകാനും അവൾ ഒപ്പം വന്നു. യാത്രയിലുടനീളം കയറിൽ നിന്ന് തോട്ടിയുടെ മകനിലേക്കും അവിടെ നിന്ന് ഏണിപ്പടിയിലേക്കുമൊക്കെ ചർച്ചകൾ നീണ്ടു. അവൾ വായിച്ചു തീർത്ത പുസ്തകങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ആദ്യം ബഹുമാനമാണ് തോന്നിയത്. വ്യക്തമായ ഭാഷയിൽ ഉറച്ച ശബ്ദത്തിൽ അവൾ പറയുന്ന വാക്കുകൾ ചിലപ്പോൾ വേദാന്തമാണെന്ന് തോന്നും, മറ്റു ചിലപ്പോൾ കഥയോ കവിതയോ പോലെ തോന്നുന്ന മധുരഭാഷണങ്ങൾ. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അവളുടെ വ്യക്തിത്വത്തിൽ പ്രകടമായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അവൾ തന്റെ ജീവിതത്തിലേക്ക് ചില പുതിയ അനുഭവങ്ങൾ പകർന്നു തന്നു, ഇരുളിനെ വെളിച്ചം വിഴങ്ങും പോലെ താനത് അസ്വദിക്കുകയായിരുന്നു. എഴുതാൻ കൊതിച്ച് സ്വയം മറന്ന തന്റെ ചിന്തകളിലേക്ക് കുടുംബം എന്ന വിത്ത് അവൾ പാകുകയായിരുന്നു, തന്നിലെ പ്രണയം അന്നയറിയാതെ പതിനഞ്ച് ദിനങ്ങൾ കൊണ്ട് പൂത്തുലഞ്ഞിരുന്നു.

ഇന്ന് അവസാന ദിനമാണ് നാളെ വൈകിട്ട് താൻ നാട്ടിലേക്ക് മടങ്ങുന്നു. ഉള്ളിലൊളിച്ച പ്രണയം പറയാതെ, അവളില്ലാതെ തനിക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല. തിര തീരം തഴുകി നിന്ന സായാഹ്നത്തിൽ അവസാനമായി ഞങ്ങൾ നടക്കാനിറങ്ങി. 1862–ൽ നിർമ്മിക്കപ്പെട്ട കടൽപാലത്തിന്റെ അവശേഷിപ്പിനെക്കുറിച്ച് അവൾ ചില കഥകൾ പറഞ്ഞു, കാലം അടയാളപ്പെടുത്താൻ മറന്നു പോയ നഷ്ടപ്രതാപത്തിന്റെ കഥകൾ. പാതി ദ്രവിച്ച പാലം ഞങ്ങൾക്ക് മുന്നിൽ വധശിക്ഷ കാത്ത് കഴിയുന്ന ഒരു തടവുകാരനെപ്പോലെ നിൽക്കുന്നു.

അധികം തിരക്കില്ലാത്ത തീരത്ത് വെള്ള മണ്ണിൽ കടലിനഭിമുഖമായി ഞങ്ങളിരുന്നു. തിരകൾ ശക്തിയായി നുരത്ത് മുന്നോട്ട് വരുകയും നഗ്നപാദത്തെ തഴുകി പിൻതിരിയുകയും ചെയ്തു. ചുവപ്പണിണിഞ്ഞ സൂര്യനു നേരെ കടൽ ആവേശത്തോടെ ഉയരുന്നു, അസ്തമനത്തിന് മുൻപുള്ള നിമിഷങ്ങളിൽ സൂര്യശോഭ മുഴുവനാവാഹിച്ചതു പോലെ അവളുടെ മുഖം ശോഭിക്കുകയാണ്. പറയാൻ വൈകിയ പ്രണയം ഇരുൾ പരക്കും മുൻപേ അയാൾ പറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാം കേട്ടുകൊണ്ട് യാതൊരു ഭാവഭേദങ്ങളുമില്ലാതെ അവൾ അസ്തമയത്തിൽ അലിയുകയായിരുന്നു. തന്റെ പ്രണയ വള്ളികൾ പടരാനൊരു പെൺമരം തരുന്ന അനുവാദമാണ് ഈ മൗനമെന്ന് ഒരു നിമിഷം മനസ്സ് മന്ത്രിച്ചു. പിന്നീട് അവൾ നിരത്തിയ ന്യായങ്ങളിൽ, യാഥാർത്ഥ്യങ്ങളിൽ ഒരു മറു ചോദ്യത്തിന് നിൽക്കാതെ തന്റെ നഷ്ടപ്രണയം വീണ്ടും സൗഹൃദത്തിന് വഴിമാറി. അപ്പോഴേക്കും കടൽ പൂർണ്ണമായും സൂര്യനെ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

പിന്നീടുള്ള ദിനങ്ങളിൽ ആ നഗരമോ, അന്നയുടെ പൂച്ചക്കണ്ണുകളോ തന്റെ ചിന്തകളെ കവരാതിരിക്കാൻ താൻ നന്നേ പണിപ്പെടുകയായിരുന്നു, നല്ല പാതിയായി തന്റെ ജീവിതത്തിലേക്ക് മറ്റൊരുവൾ കടന്നു വരുന്നതു വരെ. ഇതാണ് സത്യം, ഇത് മാത്രമാണ് സംഭവിച്ചത്. അവിവാഹിതനായ ഒരു പുരുഷൻ പറഞ്ഞ പ്രണയത്തിന്റെ, കലർപ്പില്ലാത്ത, വിഷം കലരാത്ത സ്നേഹത്തെ സമൂഹത്തിന്റെ മുന്നിൽ അർക്കോ വേണ്ടി തെറ്റി ധരിപ്പിക്കുകയാണവൾ. തന്റെ ഭാവിയെ ഭയക്കുന്ന ആരോ ഒരാൾ അവൾക്കൊപ്പമുണ്ട്. സത്യമെന്തു തന്നെയായാലും ഇന്നിതാ തന്റെ മകളുടെ മുന്നിൽ അച്ഛനെന്ന മഹാമേരുവിന്റെ ശിരസ്സുടഞ്ഞു കഴിഞ്ഞു. നല്ലപാതിയായ ഭാര്യയുടെ മുന്നിൽ കാപട്യക്കാരന്റെ കറുത്ത മുഖംമൂടിയണിഞ്ഞ നാട്യക്കാരനാകേണ്ടി വരുന്നു. അരുണ പുത്രനായ ജഡായുവിനെപ്പോലെ സ്വതന്ത്ര്യത്തിന്റെ ചിറകുകളും തനിക്ക് നഷ്ടപ്പെടുകയാണ്.

ഉറക്കം കൺപോളകളെ മറന്നു കഴിഞ്ഞിരിക്കുന്നു. അയാൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി, നിലാവിൽ നിശബ്ദമായി നിന്ന പച്ചിലക്കൂട്ടങ്ങൾ ഒരു ചെറുകാറ്റിൽ മെല്ലെയൊന്ന് ചലിച്ചു. ആ കാറ്റ് അയാളെ തഴുകി കടന്നു പോയി. മുറ്റത്തു പടർന്ന ബോഗൻ വില്ലയിൽ നിന്ന് നിറമുള്ള കടലാസു പൂക്കൾ മണ്ണിലാകെ ചിതറിക്കിടക്കുന്നു. കാറ്റും കാഴ്ചയും അതിജീവനത്തിന്റെ മന്ത്രങ്ങൾ അയാളുടെ കാതിൽ പറഞ്ഞതുപോലെ പൊടുന്നനെ അയാൾ ഉന്മേഷവാനായി. സത്യം ആദ്യം നിശബ്ദമാവുകയും ഒടുവിൽ അനീതിക്ക് മേൽ വിജയം കൈവരിക്കുകയും ചെയ്യുമെന്ന് അയാൾക്കറിയാമായിരുന്നു. അയാൾ ശാന്തനായി മുറിയിലേക്ക് നടന്നു.

നേരം പുലരുകയാണ്, പുതിയൊരു വാർത്തയുമായി. മലയാളത്തിന്റെ പ്രിയ കഥാകാരനെ സ്വവസതിയിൽ വച്ച് പുലർച്ചെ മരണം കവർന്നു. സൈലന്റ് അറ്റാക്ക് അഥവാ നിശബ്ദമായ മരണം.