Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനിവിന്റെ വെളിച്ചവുമായി വഴിയിൽ കാത്തു നിൽക്കുന്നവർ

x-default Representative Image

ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്. എന്താണ് സംഭവിച്ചത്? അപകടം ആണോ? അതോ ബോംബോ മറ്റോ? 

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം കാതോർത്തു. ഇല്ല... വീട്ടിൽ ആരും കേട്ടിട്ടില്ല. കേട്ടിരുന്നേൽ ആരെങ്കിലും പുറത്തു പോയി നോക്കുമായിരുന്നോ? 

അവളുടെ ആലോചനയെ മുറിച്ചു കൊണ്ട് ഒരു നേർത്ത ശബ്ദം ചെവിയിലേക്ക് പതിച്ചു . 

"വെള്ളം....ആ.... ആ... വെള്ളം..."

എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി... പ്രാണരക്ഷാർത്ഥം ഒരാൾ വെള്ളം ചോദിക്കുന്നു...

കൂടുതൽ ആലോചിക്കാൻ മനസ്സ് അനുവദിച്ചില്ല.. റൂമിലെ ടോർച്ചും ജഗ്ഗും എടുത്ത് കതകു തുറന്നു. വീട്ടിൽ ആരും ഒന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞിട്ടും കാര്യം ഇല്ല. മെല്ലെ നടന്നു പ്രധാന വാതിൽ തുറന്നു. 

തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കാണാം... റോഡിൽ കിടക്കുന്ന ഒരു വണ്ടിയും.. അടുത്ത് തന്നെ വെള്ളത്തിനായി ദാഹിച്ചു കിടന്ന ഒരു മനുഷ്യനും... അവൾ വേഗം അടുത്തേക്ക് പോയി നോക്കി... കയ്യിലും കാലിലും നിന്ന് ചോര ഒലിച്ചു കൊണ്ടിരിക്കുന്നു. തലയിലും പോറൽ ഉണ്ട്. 

" ചേട്ടാ... ദാ... വെള്ളം..." 

ഉടൻ തന്നെ തുറന്ന വായിലേക്ക് അവൾ വെള്ളം ഒഴിച്ചു കൊടുത്തു... അതിനു മുമ്പായി അവന് ഒരിക്കലും വെള്ളത്തിന് അത്ര രുചി തോന്നിയിട്ടില്ല.. 

" ആ... അമ്മെ...." 

" ചേട്ടാ ... ചേട്ടന് നടക്കാൻ പറ്റുമോ? എങ്ങനെ ഈ വഴിയിൽ ?" 

അവൻ മെല്ലെ ഒന്ന് ഇരിക്കാൻ ശ്രമിച്ചു. ഒറ്റയ്ക്ക് പറ്റില്ലാന്ന് മനസിലായപ്പോൾ അവൾ കൈ കൊടുത്തു സഹായിച്ചു.  

" ഇതു വഴി... ഒരു എളുപ്പ വഴിയുണ്ടെന്നു പറഞ്ഞപ്പോ... കേറിയതാ" 

" പക്ഷേ രാത്രി ഈ വഴി അത്ര നല്ലതല്ല.. പകുതി ദിവസവും ഈ റോഡിൽ തെരു വിളക്കുകൾ ഉണ്ടാവാറില്ല.. ചേട്ടന് എങ്ങോട്ടു പോകാനാ?"

" ഞാൻ... എനിക്ക് റോസ് ഹോസ്പിറ്റൽ വരെ പോകണം "

" ഇവിടെ അടുത്ത് ക്ലിനിക് ഉണ്ടാവും... അവിടെ പോയി കണ്ടാൽ പോരെ?" 

" പോരാ... എനിക്ക് വേണ്ടപ്പെട്ടവർ അവിടെ ആണ് " 

" ഓ.. ആരെങ്കിലും ഫോൺ വിളിച്ചാൽ ഇങ്ങോട്ടു കൂട്ടാൻ വരുമോ?"  

പെട്ടന്ന് എന്തോ ഓർത്ത പോലെ എല്ലാ പോക്കറ്റിലും തപ്പി നോക്കി.. കിട്ടിയില്ല... 

കാര്യം മനസിലായതോടെ അവൾ ടോർച്ചിന്റെ പ്രകാശം വെച്ച് റോഡിൽ തന്നെ അന്വേഷിച്ചു. മൊബൈൽ രണ്ടു കഷ്ണമായി കിടപ്പുണ്ട്... വീഴ്ചയിൽ പറ്റിയതാണ്..

വീണ്ടും അത് പൂർവ സ്ഥിതിയിൽ ചേർത്തുവെച്ചെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല.. 

"കുട്ടീടെ കയ്യിൽ ഫോൺ ഉണ്ടോ ?" 

" ഇല്ല.. എനിക്ക് മൊബൈൽ ഇല്ല " 

" ശെയ്... ഇവിടെ നിന്നും ഒരു ഓട്ടോ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? അല്ലെങ്കിൽ വീട്ടിലെ ആരുടെ എങ്കിലും വണ്ടി ?" 

" അതൊക്കെ ഈ സമയത്തു എങ്ങനെ എടുക്കും?" 

" കുട്ടിക്ക് എന്നെ വിശ്വസിക്കാം... ഞാൻ ചതിക്കില്ല " അവൻ കെഞ്ചി പറഞ്ഞു 

" ചേട്ടൻ ചതിക്കില്ലെന്ന് എനിക്ക് അറിയാം... പക്ഷേ, വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ അത് മതി.." ഒരു നിമിഷം ആലോചിച്ച ശേഷം അവൾ ചോദിച്ചു 

" ചേട്ടന് ഒരു 10 മിനുറ്റ് നടക്കാമോ? കാലിൽ പൊട്ടൽ ഉണ്ടോ?" 

" പൊട്ടൽ ഉണ്ടായാലും സാരമില്ല.. എനിക്ക് എങ്ങനെയും ഒന്ന് ഹോസ്പിറ്റൽ എത്തണം " 

" ഈ വീടിന്റെ പുറകിലെ പറമ്പിൽ കൂടി കുറച്ചു നടന്നാൽ പിന്നെ ഹൈവേ ആണ്.. ദൂരേക്ക് പോകുന്ന ലോറി എങ്കിലും കിട്ടും. "

" മതി... പക്ഷേ.." 

" ചേട്ടൻ പേടിക്കണ്ട... അത് എന്റെ വീട് ആണ്... ഞാൻ റോഡ് വരെ എത്താൻ സഹായിക്കാം... എനിക്ക് ഈ വഴി ഒക്കെ കാണാപാഠം ആണ് "

അവൻ ഒന്ന് മടിച്ചു... 

" ചേട്ടന് പോകണ്ടേ? ഇവിടെ ഇങ്ങനെ കിടന്നാൽ മതിയോ ? " 

അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടിട്ട് വേണ്ടാന്ന് പറയാൻ അവനു കഴിഞ്ഞില്ല.. മെല്ലെ അവളുടെ സഹായത്തോടെ എഴുന്നേറ്റു നിന്നപ്പോൾ ആണ് ശരിക്കും ഉള്ള വേദന മനസിലായത്.. പക്ഷേ, ഹോസ്പിറ്റൽ എത്താതെ പറ്റില്ല.. വേദന കടിച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു 

" പോകാം... കുട്ടി" 

റോഡ് മുറിച്ചു കടന്നു.. പറമ്പിലേക്ക് നീങ്ങി.. 

ചുറ്റും മരങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിൽ ഒരു നടപ്പാത കാണാം... നിലാവെളിച്ചവും ഉണ്ട്. 

" കുട്ടീടെ വീട്ടിൽ അന്വേഷിക്കില്ലേ?" 

" അവിടെ എല്ലാരും നല്ല ഉറക്കം ആണ്.. നേരം പുലരാൻ ഇനിയും സമയം ഉണ്ട്., " 

അവൻ അപ്പോഴാണ് അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഒരു പതിനാറിനും പതിനെട്ടിനും ഇടയിൽ പറയാം... ഇളം മഞ്ഞ നിറത്തിൽ ഉള്ള ചുരിദാർ ആണ് വേഷം... മുടി പിന്നി ഇട്ടതു കൊണ്ട് നല്ല നീളം..

" ചേട്ടന് നല്ല വേദന ഉണ്ട് അല്ലെ ?" 

" ഹേയ്.. അത്രയ്ക്ക് ഒന്നും ഇല്ല " അവൻ ചിരി വരുത്തി കൊണ്ട് പറഞ്ഞു 

" വണ്ടി ഇടിച്ച ശബ്ദം കേട്ടാ ഞാൻ ഉണർന്നത്. ഹെൽമെറ്റ് പോലും ഇല്ല.. രക്ഷപെട്ടത് ഭാഗ്യം... "

" അത്രയ്ക്ക് ഒന്നും ഇല്ല കുട്ടി " 

" ചോര നല്ല പോലെ പോകുന്നുണ്ട്.. കാലിൽ പൊട്ടൽ ഉണ്ടോ? വേദന കടിച്ചു പിടിച്ചാണല്ലേ നടക്കുന്നെ? ആരാ ഹോസ്പിറ്റലിൽ കിടക്കുന്നെ?"

അവളുടെ ചോദ്യം അവനെ ഒന്ന് പിടിച്ചു നിറുത്തി 

" എന്റെ ഭാര്യ ദേവി.. " ഇടറിയ സ്വരത്തിൽ പറഞ്ഞു 

" എന്ത് പറ്റി ചേച്ചിക്ക് ?" 

" അവൾക്കു 9 മാസം ആയി... ഇന്ന് വൈകിട്ട് വേദന കൂടി.. ഹോസ്പിറ്റൽ എത്തിച്ചു.. പക്ഷേ നോർമൽ പറ്റിയില്ല... സർജറിക്ക് ബ്ലഡ് വേണം... ഞാൻ അതിനായിട്ടു ഇറങ്ങി ഓടിയതാ... ഡോക്ടർ പറഞ്ഞപ്പോ തന്നെ 10 മണി ആയി.. അറിയാവുന്ന എല്ലാരേയും അറിയിച്ചു... വേറെ പല ഹോസ്പിറ്റലിലും അന്വേഷിച്ചു വരുന്ന വഴിക്ക്.. ഇവിടെ അപകടം പറ്റിയത് " 

" ഹോസ്പിറ്റലിൽ ആരാ ഉള്ളത് ? " 

" എന്റെ പേര് വിനോദ്. ഹോസ്പിറ്റലിൽ അവളുടെ അമ്മ ഉണ്ട്. എനിക്ക് ആരും ഇല്ല.. അച്ഛൻ പണ്ടേ പോയി... എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോ അമ്മയും പോയി... ദേവിക്ക് അമ്മയും അനിയനും മാത്രമേ ഉള്ളു.. എനിക്ക് പെയിന്റിങ് പണി ആണ്..  ഇന്ന് ഉച്ചക്ക് പണി നിറുത്തിയിട്ട് ഓടി വന്നതാ "

" ചേട്ടൻ ഇത്രയും വേദന സഹിച്ചു നടക്കുമ്പോൾ തന്നെ എനിക്ക് തോന്നി.. ഒന്നു കൊണ്ടും വിഷമിക്കണ്ട... ചേച്ചിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവ വരും "

വിനോദിന് എന്തുകൊണ്ടോ അവളുടെ വാക്കുകൾ ഊർജ്ജം നൽകി.. പുഞ്ചിരി തൂകി അവൾ നയിച്ച വഴിയിലൂടെ നടന്നു.. 

" ഈ പാടത്തിന് അപ്പുറത്തു ആണ് മെയിൻ റോഡ്. "

" എത്ര വർഷമായി ഇവിടെ താമസം?" 

" ഞാൻ ജനിച്ചപ്പോ തൊട്ടു ഇവിടെ തന്നെയാ... ദാ... കണ്ടില്ലേ വീട്... അത് തന്നെയാ "  അവൾ പിറകിലേക്ക് തിരിഞ്ഞു കാണിച്ചു കൊടുത്തു 

" ആരൊക്കെ ഉണ്ട് ?" 

" എല്ലാരും ഉണ്ട്... ഇപ്പോ എല്ലാരും ഉറക്കം ആയിരിക്കും വിളിക്കണോ ?" അവൾ കുസൃതിയോടെ ചോദിച്ചു 

" അയ്യോ വേണ്ട... ഞാൻ തമാശക്ക് ചോദിച്ചതാ "

" ഇനി ഈ വഴിക്കു വരുമ്പോ ഓർക്കുമോ ?"

" ഓർക്കാൻ എന്താ? ദേവിയെയും കുട്ടിയേയും കൂട്ടി വീട്ടിൽ വരാം എന്താ പോരെ?" വിനോദ് ചിരിച്ചു കൊണ്ട് ചോദിച്ചു 

" എന്നെ വീട്ടിൽ കണ്ടില്ല എങ്കിൽ... ദാ ആ കാണുന്ന വഴിയിലൂടെ വന്നാൽ ഒരു അമ്പല കുളം ഉണ്ട് .. അവിടെ കാണും കേട്ടോ ."

" ഓ.. അപ്പൊ വീട്ടിൽ ഇരിക്കുന്ന ശീലം ഇല്ല അല്ലെ? " 

" ഇങ്ങനെ ചുറ്റി നടക്കുന്നത് ഒരു രസം അല്ലെ? പിന്നെ കുളത്തിൽ നല്ല താമര പൂ ഉണ്ട്... നല്ല കാറ്റും..."

അപ്പോഴേക്കും അവർ മെയിൻ റോഡിൽ എത്തിയിരുന്നു 

" കുട്ടിക്ക് തിരിച്ചു പോകാൻ പേടിയില്ലേ? ഒറ്റയ്ക്ക്?" വിനോദ് ചോദിച്ചു

" എന്നെക്കാളും അത്യാവശ്യം ചേട്ടന് ആണ്. എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട.. ഈ വഴി എനിക്ക് ഏത് ഇരുട്ടിലും കാണാപാഠം ആണ്. പിന്നെ ചേട്ടന്റെ വണ്ടി നാളെ രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഏർപ്പാടാക്കാം.. പോരേ  "

അപ്പോഴേക്കും ദൂരെ നിന്നും ഒരു വണ്ടിയുടെ ശബ്ദം കേട്ടു.

" ചേട്ടാ... വേഗം കൈ കാണിക്കു " നിറുത്തിയ വണ്ടിയുടെ അടുത്തേക്ക് വിനോദ് ഓടി ചെന്നു 

" ചേട്ടാ... ഒന്ന് റോസ് ഹോസ്പിറ്റലിൽ വിടാമോ... വളരെ അതിയാവശ്യം ആണ്. ഭാര്യ അവിടെ അഡ്മിറ്റ് ആണ്. പ്ലീസ് ചേട്ടാ " വിനോദ് കൈ കൂപ്പി കൊണ്ട് കെഞ്ചി 

" കേറിക്കോ... ഈ വണ്ടി അങ്ങോട്ടേക്ക് ആണ് " 

സന്തോഷത്തിൽ അവൻ വണ്ടിയിൽ കേറി... അവളെ നോക്കി നന്ദിയിൽ കൈ വീശി കാണിച്ചു 

" ഭാര്യക്ക് എന്ത് പറ്റി? എന്താ ഇവിടെ നിൽക്കുന്നെ ?" ഡ്രൈവറുടെ ചോദ്യം അവനെ ഉണർത്തി 

" പ്രസവത്തിനു അഡ്മിറ്റ് ആക്കിയിരിക്കുവാ... ബ്ലഡിനു വേണ്ടി കുറെ അലഞ്ഞു, AB -  ആണ് ഗ്രൂപ്പ്. " 

"ഓ... ആണോ... വിഷമിക്കണ്ട... എനിക്കും ആ ഗ്രൂപ്പ് ആണ്... ടെൻഷൻ അടിക്കാതെ.. എന്റെ പേര് ജോയ് " വിനോദിന് ആശ്വാസമായി. 

****    ****    ****    ****

ഹോസ്പിറ്റൽ എത്തിയപ്പോൾ ദേവിയെ ഓപ്പറേഷൻ തീയേറ്ററിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. ജോയും കൂടി വന്നതിനാൽ ബ്ലഡിന് ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ആശ്വസിച്ചു. അരമണിക്കൂറിനു ശേഷം നേഴ്സ് പുറത്തേക്കു വന്നു. 

" ദേവിയുടെ കൂടെ വന്ന ആരെങ്കിലും ഉണ്ടോ ?" 

" ഉണ്ട്... ഭർത്താവ്‌ വിനോദ് ..." വിനോദ് ഓടി അടുത്ത് പോയി 

" ദേവി പ്രസവിച്ചു... പെൺകുട്ടിയാണ്... സമയം 3.10 "

സന്തോഷത്തിൽ വിനോദിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ജോയും ദേവിയുടെ അനിയനും വിനോദിന് കൈ കൊടുത്തു.. 10 മിനിറ്റിനു ശേഷം വെള്ള മുണ്ടിൽ പൊതിഞ്ഞ ഒരു പാവക്കുട്ടിയെ നേഴ്സ് പുറത്തേക്കു കൊണ്ടു വന്നു 

" തൂക്കം. 2 .80 "

വിനോദ് ആഹ്ലാദത്തോടെ കുഞ്ഞിനെ ഏറ്റു വാങ്ങി... മിഴികൾ നിറഞ്ഞ് ഒഴുകി എങ്കിലും ചുണ്ടിൽ പുഞ്ചിരി വിടർന്നു...

" അമ്മെ... ദാ.. എന്റെ മോള്" വിനോദ് കുഞ്ഞിനെ ദേവിയുടെ അമ്മയെ കാണിച്ചു. 

ലോകം കിഴടക്കിയ സന്തോഷത്തിൽ അവൻ എല്ലാരേയും നോക്കി...

" സിസ്റ്റർ.. ദേവിക്ക് എങ്ങനെ ഉണ്ട് ?" 

" കുഴപ്പം ഇല്ല.. ബോധം വന്നു... ബ്ലഡ് കൊടുക്കുന്നുണ്ട് " 

ആ വാർത്ത ബാക്കി ഉള്ളവരിൽ ആശ്വാസം ഉളവാക്കി 

****    ****    ****    ****

അടുത്ത ദിവസം രാവിലെ തന്നെ വണ്ടിയുടെ കീ വാച്ച്മാൻ വിനോദിനെ ഏൽപിച്ചു. ആരോ ഒരാൾ വണ്ടി പാർക്കിങ്ങിൽ കൊണ്ട് വെച്ചിട്ടുണ്ട്. കീ വിനോദിനെ ഏൽപ്പിക്കണമെന്ന് പറഞ്ഞു പോലും. 

അപ്പോഴാണ് അവൻ ശരിക്കും ആ പെൺകുട്ടിയെ കുറിച്ച് ഓർത്തത്. ഇന്നലെ കയ്യിലെയും കാലിലെയും മുറിവ് വെച്ചു കെട്ടുമ്പോൾ പോലും ആ കുട്ട്യേ ഒന്ന് ഓർത്തു കൂടി ഇല്ല... പാവം... അവളോട് പേര് കൂടി ചോദിച്ചില്ലലോ... ദേവിയോട് പറഞ്ഞാൽ വഴക്കു പറയും... സാരമില്ല.. ഡിസ്ചാർജ് മേടിച്ചിട്ട് അവളെ പോയി കാണണം... 

റൂമിലേക്ക് എത്തിയ ദേവിക്കും വിനോദിനും മോൾക്ക്‌ പേര് ഇടുന്നതിനെ കുറിച്ച് ആലോചനയായി. ഒടുവിൽ വിനോദ് അവൾക്കു സ്വന്തം അമ്മയുടെ പേര് നൽകി 

" മീനാക്ഷി "

****    ****    ****    ****

ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് കിട്ടിയത്. പക്ഷേ അന്ന് ആ പെൺകുട്ടിയെ കാണാൻ പോകാൻ കഴിഞ്ഞില്ല.. വിനോദ് ദേവിയുടെ സഹോദരൻ അപ്പുവിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു 

" ഇതാണോ ചേട്ടാ കാര്യം... എന്റെ ഒരു സുഹൃത്ത് അവിടെ അടുത്താണ് താമസം... നമുക്ക് അന്വേഷിച്ചിട്ടു പോകാം " 

പക്ഷേ, രണ്ടു ദിവസം കഴിഞ്ഞിട്ടും അപ്പുവിന് വിവരം ഒന്നും കിട്ടാത്തത് കാരണം ഇരുവരും അവിടേക്കു പുറപ്പെട്ടു. അന്നു രാത്രി പോയ വഴിയിലൂടെ ഏകദേശം പോയപ്പോൾ തന്നെ വിനോദ് താൻ വീണ ഇടത്തേക്ക് എത്തി.. അവിടെ നിന്നും നോക്കിയാൽ കാണാം ഒരു പഴയ വീട്... 

വീടിന്റെ മുറ്റത്തു ഒരുപാടു ആൾകാർ... എന്തോ ചടങ്ങു നടക്കുന്നുണ്ട്. അങ്ങോട്ട് അപ്പോൾ കേറി ചെല്ലുന്നത് ഉചിതമല്ലന്നു തോന്നി. 

തൊട്ടടുത്ത് കണ്ട കടയിൽ കേറി അന്വേഷിക്കാമെന്ന് വെച്ചു

" ചേട്ടാ... രണ്ടു ചായ..." അപ്പു പറഞ്ഞു 

ആ കടയിൽ ഇരുന്നിട്ടും വിനോദിന്റെ കണ്ണുകൾ ആ വീട്ടു മുറ്റത്തായിരുന്നു..

" ചേട്ടാ... ആ വീട്ടിൽ എന്താ കല്യാണ നിശ്ചയം ആണോ? ഒത്തിരി ആൾകാർ ഉണ്ടല്ലോ " 

" ഓ.. അത് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത് "

വിനോദ് ആകാംഷയോടെ തിരിഞ്ഞു 

" എന്താ ചേട്ടാ?"

" അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അത് പോയി... ഇന്ന് സഞ്ചയനം ആണ് 

" പെങ്കുട്ട്യോ? എത്ര പ്രായം വരും?" 

" ആ കുട്ടി പ്ലസ് ടുവിനു പഠിക്കുവായിരുന്നു... രണ്ടാം അച്ഛനാ... തങ്കം പോലത്തെ കുട്ടി ആയിരുന്നു... ശരിക്കും ഉപദ്രവം ഉണ്ടായിരുന്നു.  ഒരു പത്തു ദിവസം മുമ്പേ വലിയ വഴക്ക് ആയിരുന്നു.. അതിനെ കേറി പിടിച്ചെന്നോ മറ്റോ... അതിനെ ഇനി കൊന്നതാണോ... ചത്തതാണോ... ദൈവത്തിന് അറിയാം. ആ 'അമ്മ ഇതൊക്കെ എങ്ങനെ സഹിക്കുന്നു എന്തോ?" 

വിനോദിന് ശരിക്കും അടിയേറ്റ പോലെയായി 

" വിനുവേട്ടന് ഉറപ്പാണോ... ഇത് ആ കുട്ടി ആയിരിക്കുമെന്ന്?"

" അപ്പു... അയാൾ പറഞ്ഞ പോലെ ആണെങ്കിൽ എനിക്ക് ആക്സിഡന്റ് ആയി ഇവിടെ വീണ ദിവസം അവൾ മരിച്ചിട്ടുണ്ടാവണം... എനിക്ക് വിശ്വസിക്കാൻ വയ്യ "

" ചേട്ടാ... പതുക്കെ പറ... നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഇവിടെ ആരും വിശ്വസിക്കില്ല " അപ്പു മെല്ലെ പറഞ്ഞു 

" ചേട്ടാ... ആ കുട്ടി പാവം ആയിരുന്നു അല്ലെ? അതിനു ഒരു ചേച്ചിയാണോ.. അനിയത്തിയോ... ആരോ ഉണ്ടല്ലോ ഞാൻ കണ്ടിട്ടുണ്ട് " അപ്പു വീണ്ടും ചോദിച്ചു  

" അവൾ ഒറ്റ മോള് ആണ്... അവളുടെ താഴെ ഒരു ചെക്കനും. നല്ല സ്നേഹം ഉള്ള കുട്ടി ആയിരുന്നു... ഇപ്പോഴും ചിരിച്ച് അല്ലാതെ കണ്ടിട്ടില്ല... അതിന്റെ വിധി " 

വിനോദിന് നെഞ്ചിനുള്ളിൽ ഭാരം കൂടി... അവളെ രക്ഷിക്കാൻ പറ്റുമായിരുന്നോ? ഞാൻ എന്റെ കാര്യം മാത്രം അല്ലെ അപ്പൊ നോക്കിയുള്ളൂ ?

" ഈ കുട്ടി എങ്ങനെയാ മരിച്ചേ?" വിനോദ്  ഇടറിയ സ്വരത്തിൽ ചോദിച്ചു 

" അമ്പലക്കുളത്തിൽ പുലർച്ചെ ശവം പൊങ്ങിയപ്പോൾ ആണ് എല്ലാരും അറിഞ്ഞത്.. പിന്നെ പൊലീസ് വന്നു " 

വിനോദിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി 

"ചടങ്ങു കഴിഞ്ഞൂന്നു തോന്നുന്നു..."  അയാൾ ആ വീട്ടിലേക്കു നോക്കി കൊണ്ട് പറഞ്ഞു 

ആരും കാണാതെ കണ്ണുകൾ തുടച്ചു കൊണ്ട് വിനോദ് പണം കൊടുത്തു പുറത്തേയ്ക്ക് ഇറങ്ങി.. പെട്ടന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു.

" ആ കുട്ടിയുടെ പേര് എന്താ ചേട്ടാ ?" 

" മീനാക്ഷി.. മീനുകുട്ടിയെന്നു വിളിക്കും " 

വിനോദിന് അടിയേറ്റതു പോലെയായി 

"ഈ അമ്പല കുളം ദൂരെ ആണോ ?" 

" ഈ റോഡിന്റെ പിറകിലൂടെ പോയാൽ ഒരു വലിയ പാടം എത്തും... അവിടെ നിന്നും വലത്തോട്ട് പോകുന്ന വഴി ചെന്ന് ചേരുന്നത് അമ്പലത്തിന്റെ മുമ്പിൽ തന്നെ " 

****    *****    *****    ****

അമ്പലക്കുളത്തിന്റെ  പടവിൽ നിന്നും വിനോദ് വെള്ളത്തിലേക്കു തന്നെ നോക്കി നിന്നു... തെളിഞ്ഞ വെള്ളം...താമര പൂ ഉണ്ട്... നല്ല കാറ്റു ഉണ്ട്... പക്ഷേ അവൾ...

എന്തിനാ അവളെ ഞാൻ കണ്ടത്... അതോ എനിക്ക് അങ്ങനെ തോന്നിയതോ... എന്നെ അവൾ രക്ഷിച്ചതാണോ? അതോ അവൾ രക്ഷിച്ചത് ദേവിയെയോ? ഞാൻ അവളെ കാണുമ്പോൾ ജീവൻ ഉണ്ടായിരുന്നോ... അതോ ഞാൻ കണ്ടത്...

അമ്പലത്തിൽ നിന്നും ഉള്ള മണി നാദം അവനെ ചിന്തകളിൽ നിന്നും ഉണർത്തി...

അവൾ മീനാക്ഷി. എനിക്ക് നൽകിയത് കനിവിന്റെ വെളിച്ചം ആണ്... ഈ ലോകത്തിൽ ഏറ്റവും കുറവായി കാണപ്പെടുന്ന കനിവ്.. എനിക്ക് അവൾ ഏറ്റവും കൂടുതൽ തന്നതും അത് തന്നെയാണ്.