Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോമം

astro-homam Representative Image

തീയിൽച്ചുട്ടെടുത്ത  

കനലുകളുമായ് 

കാലമേറെയായി-

ക്കടൽത്തീരത്തു     

കാത്തിരിക്കുന്നിതൊന്നു 

വറുത്തെടുക്കുവാൻ. 

സമയം തികയാതെ  

യുഗങ്ങളിലേക്കെത്തി 

നോക്കുന്നു പലപ്പോഴും..

തിളവെള്ളത്തിൽ നിന്നും 

കടംകൊണ്ട നീരാവിയും, 

തീവണ്ടിക്കു കടംകൊടുത്ത 

ഇടനെഞ്ചിൻ താളവും, 

ഇരുമ്പുരുക്കിയൊഴിച്ചത് 

ഇരുണ്ട തണുത്തുറഞ്ഞ-

യുള്ളത്തിലേയ്ക്കായതിനാൽ 

വളഞ്ഞുപോയ വാക്കുകളും,  

കർക്കിടകരാവു കടമെടുത്ത 

തമസ്സിൻ കഷ്ണങ്ങളും,

ഓർമകൾ തെളിഞ്ഞുനിൽക്കുന്ന  

ചൂടാറാത്ത ഒരുപിടി ചാരവും 

നിൻ ഭാണ്ഡത്തിൽ..!

ഏറ്റവുമടിയിൽ നീയൊളിപ്പിച്ച 

സ്നേഹമൂറും വാക്കുകളും. 

കാഴ്ചക്കാരില്ലാത്തതിനാൽ 

ജഠരാഗ്നിയിലമർന്ന 

വഴിയോരങ്ങളിന്നു 

വാഴയിലയിൽ കിടക്കെ, 

ഒളിപ്പിച്ചൊരു ചിരിയുമായ് 

ചാരെയണയുന്നു 

ശകുനം മുടക്കികളെന്നു   

വാഴ്ത്തപ്പെട്ടോർ.. 

നേരമില്ല കളയുവാൻ 

മാറിമറിയുവാൻ മറന്നുപോയ 

ഋതുക്കൾക്ക് ഓർമയുടെ 

പുതുനാമ്പുനൽകണം..  

നിന്റെ വാക്കുകളിടക്കിടെ 

തിരുകിയിതിനാലാകാം 

അണതുറന്നെന്ന പോലെ 

യെണ്ണയൊഴുക്കിയിട്ടും  

അഗ്നിയേറെയകലെത്തന്നെ!

മതിയാക്കാമിനിയെന്നോതി  

കാലമേതെന്നറിയാത്തൊരു ജന്മി 

തറവാടിൻ മേൽക്കൂര 

അന്നമായേകി 

എല്ലാമൊടുങ്ങിത്തീരും വരെ 

കാവലാളായും ആ തീരത്ത്  

വറുത്തെടുത്ത കനലുകളുമായ്