Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമി

oasis

ഒരു പാവമായിരുന്നു അയാളുടെ അച്ഛൻ. അമ്മയുമായി നല്ല പ്രായ വ്യത്യാസമുണ്ട്. ഒരുപാട് പാടവും പറമ്പുമൊക്കെയുള്ള തറവാട്ടുകാരായതുകൊണ്ടു മാത്രം അന്നു നടന്ന കല്യാണം.... താൻ ജനിക്കുമ്പോൾത്തന്നെ അച്ഛന് അമ്പതിനു മുകളിൽ പ്രായമുണ്ടായിരുന്നു. പിന്നീട് തനിക്കൊരനുജനും കൂടി ഉണ്ടായി. മൂത്ത ചേച്ചിമാരൊക്കെ തങ്ങൾക്ക് അമ്മയെപ്പോലായിരുന്നെന്നും പറയാം. ബാല്യമൊക്കെ പ്രതാപമുള്ളതായിരുന്നെങ്കിലും കൊയ്ത്തും മെതിയുമൊക്കെ നിന്നതോടെ കഷ്ടപ്പാടും ദുരിതവും തുടങ്ങി. സ്ഥലങ്ങളൊക്കെ മുറിച്ചു വിറ്റാണ് പെങ്ങൻമാരുടെ കാര്യങ്ങളൊക്കെ നടത്തിയത്. എൻജിനീയറാവണമെന്നുള്ള തന്റെ ആശയൊക്കെ ഐടിഐയിൽ ഒതുങ്ങുകയായിരുന്നു. തറവാട്ടുകാരാണെന്നുള്ള അമ്മയുടെ വീമ്പു പറച്ചിൽ കേൾക്കുമ്പോൾ  കലിവരും. കയ്യിൽ കാശില്ലാത്തവന് എന്തു തറവാട്ടു മഹിമ? ഗതികേടുകാരന്റെ സ്വപ്നഭൂമിയായ ഗൾഫിലേക്കു പറക്കുമ്പോൾ മനസ്സ് പറഞ്ഞു... എല്ലാം ശരിയാവും. കൂടപ്പിറപ്പുകളുടെ സമൃദ്ധി കണ്ടിട്ടു വേണം അച്ഛനും അമ്മയും കണ്ണടയ്ക്കാൻ.

ഓണത്തിന് ഒപ്പമുണ്ടാവണമെന്നുള്ള അമ്മയുടെ നിർബന്ധം കഴിഞ്ഞ എട്ടുവർഷമായിട്ടും അയാൾ തെറ്റിച്ചിട്ടില്ല. പനി വരുമ്പോൾ സ്ഥിരമായി പോകാറുള്ള ക്ലിനിക്കിലെ മലയാളിപ്പെണ്ണിനെ വീട്ടിലെല്ലാവർക്കും ഇഷ്ടമായപ്പോൾ ജീവിതം കുറേക്കൂടി ഭദ്രവുമായി. സ്വകാര്യ ക്ലിനിക്കിൽ ശമ്പളം കുറവാണെന്നുള്ള കാര്യമൊന്നും വീട്ടുകാരെ അറിയിച്ചിരുന്നില്ല. വർഷത്തിലുള്ള അവരുടെ വരവിൽ മാത്രമായിരുന്നെല്ലോ കൂടെപ്പിറപ്പുകളുടെ കണ്ണ്. കഴിഞ്ഞ നാലു വർഷമായി ഉണ്ണിമായയും കൂട്ടിനുണ്ട്. അവളെത്തുമ്പോഴാണ് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ചെറുപ്പമാവുന്നത്. ചേച്ചിമാർക്കൊന്നും ഇപ്പോൾ പഴയ ഗതികേടില്ല. ആദ്യകാലങ്ങളിൽ തന്റെ ശമ്പളത്തിന്റെ നല്ലൊരു പങ്കും അവരെ പൊക്കിയെടുക്കാനായി ഇട്ടു കൊടുക്കുമായിരുന്നു. സഹായിക്കാനുള്ള മനസ്സുള്ളവളെത്തന്നെ ഭാര്യയായി കിട്ടിയത് ഈശ്വര കൃപയെന്നല്ലാതെ എന്തു പറയാൻ!

ആദ്യകാലങ്ങളിൽ കൂടെപ്പഠിച്ച ഒരു കൂട്ടുകാരന്റെ തണലിലായിരുന്നു. ജവാസാത്ത് റോഡിലെ ബകാലയിലുള്ള ഒരു പാക്കിസ്ഥാനിയുടെ കമ്പനിയിൽ കുറച്ചു നാൾ..... പിന്നീട് അവിടെ അടുത്തുള്ള ഒരു ക്യാഷ് ക്ലബ്ബ് കമ്പനിയിൽ ഡ്രൈവറായും സെയിൽസ്മാനായും ഒരു ആറ് മാസം. യാസ് ഐലന്റിനടുത്തുള്ള മാർവാഡിയുടെ സ്റ്റീൽ ഫാക്ടറിയിൽ ജോലിയായിട്ട് ഇതിപ്പോൾ അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. ഗ്രാൻഡ് മോസ്ക്കിനടുത്തുള്ള ഫ്ലാറ്റിലേക്ക് താമസം മാറിയത് കല്യാണത്തിനു ശേഷമാണ്. അവിടെയാകുമ്പോൾ അവൾക്ക് ക്ലിനിക്കിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. രണ്ടു പേരും ജോലി ചെയ്യാതെ സാധാരണക്കാരന് പിടിച്ചു നിൽക്കാൻ പറ്റാത്ത സ്ഥലമാകുന്നു ഗൾഫ്. നാട്ടുകാരുടെ മുമ്പിൽ ഗൾഫുകാരൻ അന്നും ഇന്നുമെല്ലാം ഒരു സംഭവം തന്നെയാണെല്ലോ.. പത്രാസും പരിഷ്കാരവുമെല്ലാം ഒട്ടും കുറയ്ക്കാൻ പറ്റാത്തവൻ പ്രവാസി.

മരീനാ മാൾ മുഴുവനും മലയാളികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. നാട്ടിലേക്കുള്ള ഷോപ്പിങ്ങിന്റെ തിരക്കാണ്. അവളുടെ കൈവശമുള്ള ലിസ്റ്റിലെ പകുതി മുക്കാലും അയാൾ വാങ്ങിക്കഴിഞ്ഞു. നാട്ടിൽ ഇതൊന്നും കിട്ടാഞ്ഞിട്ടല്ല. ഗൾഫിൽ നിന്നുമുള്ള സൗജന്യത്തിന് ഒരു പ്രത്യേക സുഖമാണ്. ഇനി പെങ്ങളുടെ കോളജ്കാരി മകൾക്ക് ഐഫോൺ കൂടി വാങ്ങണം. പതിവുപോലെ അക്കൗണ്ട് ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്ന വിവരം അയാളുടെ കയ്യിലെ ചൈനീസ് ഫോണിൽ തെളിഞ്ഞു വരുന്നുണ്ട്. സാരമില്ല ... തിരിച്ചു വന്നാൽ തീർക്കാവുന്ന കാര്യമല്ലേ ഒന്നിനും ഒരു കുറവും വേണ്ടെന്ന് ഭാര്യയുടെ ആത്മഗതം. നാട്ടിൽ കാത്തിരിക്കുന്ന കണ്ണുകളിലെ തിളക്കമായിരുന്നു അയാളുടെ ഊർജ്ജം. കഴിഞ്ഞ എട്ടു വർഷമായിട്ടുള്ള പതിവാണ്. നാട്ടിലെത്താൻ കാത്തിരിക്കുന്ന കുറേ സ്വന്തക്കാർ വേറെ.... അവർക്കൊക്കെ പണം കടമായിട്ടു മതി. തിരിച്ചു ചോദിക്കില്ലെന്ന് ഉറപ്പുള്ള കടം.... ഇനി മൂന്നാൾക്കും ഇട്ടു കൊണ്ടുപോകാൻ പുത്തനുടുപ്പുകൾ കൂടി വാങ്ങണം. ഒപ്പം ഒരു പുതിയ സ്പ്രേയും.... ആ പുതിയ മണമാണെല്ലോ തങ്ങളെ ഗൾഫുകാരാക്കുന്നത്....

എയർപോർട്ടിൽ കാറുമായി അനിയനെത്തിയിരുന്നു. മാരുതിയുടെ പുതിയ ഓട്ടോമാറ്റിക്ക് കാറാണ്. ഇതാവുമ്പോൾ അവൾക്കുമോടിക്കാമെന്ന് അവൻ പറയുമ്പോൾ അയാൾ ഭാര്യയെ ഒന്ന് പാളി നോക്കി. വർഷങ്ങളായി അബുദാബി ട്രാൻസ്പോർട്ടിനെ ആശ്രയിക്കുന്നവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ട്. ഈ വർഷം മഴ കൂടുതലാണ്. പോകുന്നതിനു മുമ്പ് ചേട്ടൻ വീടുപണി തുടങ്ങണം... അതിരെല്ലാം തിരിച്ചിട്ടുണ്ട്‌. പറ്റിയാൽ അതിന്റെ കൂടെ തറവാടും ഒന്ന് മെനയാക്കണം. അമ്മയുടെ വീതത്തിലുള്ള സ്ഥലമൊക്കെ അമ്മാവൻ വിറ്റെന്നാ കേട്ടത്. ആരുമില്ലാത്ത സമയം നോക്കി  അമ്മയെ കാണാൻ ഇടയ്ക്കൊക്കെ അമ്മാവൻ വരാറുണ്ടെന്ന് അവൾ പറയാറുണ്ട്. ഞാനൊന്നും ചോദിക്കാൻ പോയില്ല.... നമുക്കായി എഴുതിത്തരാത്ത വസ്തുവിൽ നമുക്കെന്തു കാര്യം... നാട്ടിലെ ഏറ്റവും വലിയ വീടു തന്നെയാവണം എന്റെ ചേട്ടന്റേത്... കരാറെടുത്ത് പണിയുന്ന ചെറുപ്പക്കാര് പിള്ളേര് നമ്മുടെ നാട്ടിൽത്തന്നെയുണ്ടല്ലോ

എല്ലാവരും പൂമുഖത്തു തന്നെയുണ്ട്. മൂത്ത അളിയൻ കഴിഞ്ഞ വർഷം  ഈ സമയത്ത് വന്നതാണെന്ന് ആരോ അടക്കം പറയുന്നത് കേട്ടു. പ്രായത്തിന്റെ ക്ഷീണമൊന്നും അച്ഛന്റെ മുഖത്തില്ല. രണ്ട് ദിവസം കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്. കൊണ്ടുവന്ന കുപ്പിയൊക്കെ അളിയൻമാർ മൽസരിച്ചടിച്ചു തീർത്തു. മുറിയിലിരുന്ന് കഥകൾ പറയുന്നതിനിടയിലാണ് ആ വിഷയം അച്ഛനെടുത്തിട്ടത്. വീടുപണി ഇനിയും വൈകിക്കേണ്ട... അടുത്ത വരവിൽ പുതിയ വീട്ടിൽ വേണം ഓണമുണ്ണുവാൻ. തല ഉയർത്താതെ എല്ലാം തലയാട്ടി സമ്മതിക്കുമ്പോൾ കട്ടിലിനടിയിലിരുന്ന ഒരു തുണി സഞ്ചി അച്ഛനയാളുടെ മടിയിലേക്കെടുത്തു വെച്ചു. അമ്മയുടെ വീതം വിറ്റു കിട്ടിയ പണമാണ്. കഴിഞ്ഞ എട്ടുവർഷം കൊണ്ട് നീ നാട്ടിലേക്കായി ചിലവാക്കിയ പണത്തിലും കൂടുതലുണ്ട്. ഗൾഫുകാർക്ക് മണം മാത്രമേയുള്ളൂ..... ചിരിയിൽ ജീവനില്ല. നിന്റേയും ഭാര്യയുടേയും ഒട്ടിച്ചു വെച്ച ചിരി ഞങ്ങൾ എന്നേ തിരിച്ചറിഞ്ഞതാണ്. ഈ പണമിനിയും ഇങ്ങനെ സൂക്ഷിക്കാൻ വയ്യാ... നിന്റെ നീക്കിയിരിപ്പു തന്നെയാണീ പണം. അങ്ങനെ തന്നെ വേണം മറ്റുള്ളവരും കരുതാൻ......

ആ സഞ്ചിയിൽ മുറുക്കിപ്പിടിക്കുമ്പോൾ ഗൾഫിലുള്ള സഹജീവികളുടെ മുഖം അയാൾക്കോർമ വരുന്നുണ്ട്. നാട്ടിൽ ഇതുപോലെ നീക്കിയിരിപ്പില്ലാത്ത കുറേ പാവങ്ങൾ... പതിവുകളൊക്കെ വരും വർഷങ്ങളിലും തുടരുന്നതാണ്.... ഒപ്പം വേറെ കുറച്ചു കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഭാര്യ ഒരിക്കലും എതിരുപറയില്ലെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങൾ....