Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിറകറ്റ ചിത്രശലഭങ്ങൾ...

poverty Representative Image

"ഇങ്ങളെന്താ എപ്പോളും വെള്ളസാരി മാത്രം ഉടുക്കുന്നെ? വേറെ കളറൊന്നും ഇഷ്ടല്ലാ?" അപ്പുകുട്ടൻ പതിവുപോലെ തന്റെ ചോദ്യങ്ങളുടെ കെട്ടും കൊണ്ടെന്റെ അടുത്തേക്കു വന്നു. "അത് അപ്പൂട്ടാ, ആന്റിക്ക് ഈ ഒരു സാരിയല്ലേ ഉള്ളു, അപ്പൊ വേറെന്താ ചെയ്യാ!" വരിയിലെ ആദ്യത്തെ പേഷ്യന്റിന്റെ ഐവി കണക്ട് ചെയ്തുകൊണ്ട് ഞാൻ അവനോടു പറഞ്ഞു. അവനത് കളിയായിട്ട് എടുക്കുമെന്നേ കരുതിയുള്ളൂ, പക്ഷേ, അഞ്ചു വയസ്സിന്റെ നിഷ്കളങ്കത അവന്റെ കണ്ണുകളിലേ തിളക്കം കുറച്ചു. വാടിയ മുഖത്തോടെ അവൻ പറഞ്ഞു, "ന്റെ അമ്മയ്ക്കും ഒരു സാരിയെ ഉള്ളു, എനിക്ക് ഈ ഒരു ഉടുപ്പും!" മുഷിഞ്ഞു മണ്ണുപുരണ്ട ചുവന്ന ഷിർട്ടിലേയ്ക്കും ട്രൗസറിലേയ്ക്കും എന്റെ നോട്ടം പതിഞ്ഞപ്പോൾ ആഹ്ലാദം വീണ്ടെടുത്ത് അവൻ പറഞ്ഞുതുടങ്ങി, "പക്ഷേ, ഉണ്ണിമോൾക്ക് രണ്ട് ഉടുപ്പുണ്ടല്ലോ! അച്ഛൻ വാങ്ങിക്കൊടുത്ത ചുമന്ന പുള്ളിയുള്ള ഒരു വെള്ള ഉടുപ്പും, പിന്നെ ഒരു പച്ചയും. ഞാൻ പഠിച്ചു വലിയ ആളാവുമ്പോ അമ്മയ്ക്കും ഉണ്ണിമോൾക്കും നിറയെ കുപ്പായം വാങ്ങികൊടുക്കുവല്ലോ... അപ്പൊ ആന്റിക്കും ഞാൻ കൊറേ സാരി വാങ്ങിത്തരാമെ!"

രൂപയുടെ മൂല്യമോ, ഈ വലിയ ലോകത്തെയോ, ജീവിതം എന്തെന്നു തന്നെയും അറിയാത്ത ആ ബാല്യം, ഒരുപാട് എന്ന വാക്കിനുപകരം തന്റെ കുഞ്ഞുതലയിൽ കണ്ടെത്തിയതാണ്, "കൊറേ". തനിക്ക് ഒരു ജോഡി ഉടുപ്പുമാത്രമുണ്ടായിട്ടും, അനിയത്തിക്ക് രണ്ടെണ്ണമുണ്ട് എന്ന സന്തോഷം, വലുതാവുമ്പോൾ അമ്മയ്ക്ക് "കൊറേ" സാരി വാങ്ങികൊടുക്കാനുള്ള ആഗ്രഹം, ഒരിക്കലും കെട്ടടങ്ങാത്ത വിശപ്പ്, അപ്പുക്കുട്ടന്റെ മുഖത്ത് ഒരേസമയം ഒരുപാട് ഭാവങ്ങൾ ആയിരുന്നു. ഒരാഴ്ച മുൻപ് അസുഖം മൂർച്ഛിച്ചു ഏതോ കടത്തിണ്ണയിൽ നിന്ന് ആരോ ഈ ആശുപത്രിയിൽ എത്തിച്ച അവന്റെ അമ്മ പാതി തുറന്ന കണ്ണുകളുമായി അടുത്ത ഇഞ്ചക്ഷനുള്ള തന്റെ ഊഴവും കാത്തു കിടന്നു. 

നാലു ദിവസം പഴകിയ ഐവി ക്യാനുലയിലൂടെ അവരുടെ അസുഖം ഒരു രീതിയിലും ഭേദപ്പെടുത്താൻ സാധ്യത ഇല്ലാത്ത മരുന്ന് കുത്തിവെച്ചുകൊണ്ട് ഞാൻ പറഞ്ഞു, "മോൻ വലുതായി ആന്റിക്ക് ഉറപ്പായും സാരി വാങ്ങി തരണേ". ആവേശത്തോടെ അവൻ പറഞ്ഞു, "തരും തരും ". വേനൽചൂട് സഹിക്കവയ്യാതെ മൂന്നു വയസുള്ള അവന്റെ അനിയത്തി അവന്റെ അമ്മയുടെ അടുത്ത് കിടപ്പുണ്ടായിരുന്നു.  വീങ്ങിയ കോശങ്ങളിലൂടെ മരുന്ന് കടന്നുപോയപ്പോൾ അവന്റെ അമ്മയുടെ കൈ ഒന്ന് പിടഞ്ഞുവോ? ചിലപ്പോൾ എനിക്ക് തോന്നിയതാവും.  കാരണം, അവർക്ക് അത്രയ്ക്ക് പോലും ജീവൻ ബാക്കിയില്ല എന്ന് എനിക്കറിയാമായിരുന്നു. 

മയങ്ങുന്ന അമ്മയുടെ കൈകളിൽ അപ്പുകുട്ടൻ പതിയെ തലോടിക്കൊണ്ടിരുന്നു. വെറും ഒരാഴ്ച മുൻപ് തന്റെ സർക്കാരാശുപത്രിയിലേക്ക് വന്ന ഈ കുരുന്ന് തനിക്കെത്ര പ്രിയപെട്ടവനായിരിക്കുന്നു എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ചില ബന്ധങ്ങൾ അങ്ങിനെയാണ്,  വ്യാഖ്യാനങ്ങളില്ലാതെ, കാരണങ്ങളില്ലാതെ, അങ്ങനെ അങ്ങനെ.  

മരുന്നുകൾ നിറച്ച ട്രേയുമായി അടുത്ത പേഷ്യന്റിന്റെ അരികിലേക്കു നീങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു, അപ്പുവിന്റെ അമ്മ, ഈ  അവസ്ഥയിൽ നിന്ന് രക്ഷപ്പെടുമോ? "ഇല്ല " എന്ന ഉത്തരം വ്യക്തമായി അറിയാമായിരുന്നിട്ടും വെറുതെ ഒരു ചോദ്യം. അവരുടെ അസുഖത്തിനുള്ള മരുന്ന് ആശുപത്രിയിൽ ഇല്ല. അത് പുറത്തു നിന്നും വാങ്ങാൻ അപ്പുവിന് കഴിയുകയുമില്ല. ഇതൊന്നുമറിയാതെ തന്റെ അമ്മ സുഖപ്പെടും എന്ന വിശ്വാസത്തോടെ ആ കൈകൾ തലോടിക്കൊണ്ടിരുന്ന പിഞ്ചുകരങ്ങളിലേക്ക് ഞാൻ വീണ്ടും നോക്കി. അല്ലെങ്കിൽ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം. ദിവസവും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് അപ്പുവിനോട് പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും, ഇത്രയും കാലത്തെ ആശുപത്രി ജീവിതം വെച്ച് ഒന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അസുഖം ഭേദമാവുന്നവർക്ക് നന്ദി പറയാനുള്ള ഒരാൾ മാത്രമാണ് ദൈവം. അസുഖം മാറാത്തവർക്കും മരിക്കുന്നവർക്കും ദൈവം എന്നും അന്യനാണ്. 

ഞാൻ ഇങ്ങനെ പലതരം ആലോചനകളിൽ മുഴുകി നിന്നപ്പോൾ ഉച്ചഭക്ഷണം വന്നു. രണ്ടുപേർക്കുള്ള ആഹാരം ആശുപത്രി കൊടുത്തിരുന്നു. പേഷ്യന്റിനും കൂടെയുള്ള ഒരു ബന്ധുവിനും. ചോറും കറികളും നിറച്ച വെല്ല്യ ഉന്തുവണ്ടിയുമായി വരുന്ന കേശവൻ ചേട്ടനെ കണ്ടപ്പോളേക്കും ആവേശത്തോടെ അപ്പു പാത്രമെടുക്കാൻ ഓടി. അവന്റെയും ഉണ്ണിമോൾടെയും ഇപ്പോഴത്തെ ആഹാരം അതാണല്ലോ.  അവൻ ആദ്യം ചെന്ന് ഗ്ലാസിൽ അമ്മയ്ക്കുള്ള സൂപ്പ് വാങ്ങിച്ചു. മൂക്കിലിട്ട ട്യൂബിലൂടെ ഗ്ലാസിൽ പകരാവുന്ന ആഹാരമല്ലേ കൊടുക്കാൻ പറ്റു! പിന്നെ മറ്റൊരു കുഞ്ഞു പത്രത്തിൽ അവൻ അവനും ഉണ്ണിമോൾക്കുമുള്ള ആഹാരവും വാങ്ങി. സൂപ്പ് ഗ്ലാസിൽ നിന്ന് ട്യൂബിലേക്ക് ഒഴിച്ചുകൊടുക്കുമ്പോൾ ഞാൻ കണ്ടു, ഉറങ്ങി കിടന്ന ഉണ്ണിമോളെ വിളിച്ചുണർത്തി അപ്പു ഭക്ഷണം വാരി കൊടുക്കുന്നു. അപ്പോൾ ആ  കൈകൾക്ക് ഒരുപാട് പ്രായമേറിയതായി തോന്നി എനിക്ക്. അവന്റെ മേലുള്ള ഉത്തരവാദിത്തങ്ങൾ എന്നെ വല്ലാതെ ഭയപ്പെടുത്തി.

അവനെപോലെയുള്ള കുഞ്ഞുങ്ങൾ വേറെയും ഉണ്ടായിരുന്നു. രോഗികൾക്കു കൂട്ടു നിൽക്കുന്നവർ, സ്വയം രോഗികൾ ആയവർ.  അവർക്കെല്ലാവർക്കും കൈമുതലായി ഉണ്ടായിരുന്നത് കുറെ സ്വപ്‌നങ്ങൾ മാത്രം. അപ്പു പറഞ്ഞതു പോലെ, "കൊറേ കൊറേ സ്വപ്‌നങ്ങൾ "!

സ്വപ്നങ്ങളുടെ ഒരു കുഞ്ഞു കൂട്ടം അവിടെയും ഇവിടെയും ഇരുന്ന് ആഹാരം കഴിച്ചു. സ്വപ്‌നങ്ങൾ ഒക്കെ ഏറെക്കുറെ തകർന്ന ഞങ്ങൾ അവരിൽ ചിലരെ ഊട്ടി, അവരുടെ രോഗികളായ ബന്ധുക്കളെയും. 

ഈ ലോകം എത്ര ക്രൂരമെന്ന് ഇവർ അറിയുന്നില്ലലോ എന്ന് ഞാൻ വെറുതെ ഓർത്തു. കഴിഞ്ഞ ദിവസം എനിക്ക് ചോറ് പൊതിയാൻ നേരത്ത്, ഒരു പൊതികൂടെ എടുക്കുന്നതു കണ്ട്, ഇവനുവേണ്ടിയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം എന്റെ ഭർത്താവ് പറഞ്ഞത് ഇങ്ങനെ,  "നേഴ്സ് ആണെന്ന് കരുതി നാട്ടുകാരെ മുഴുവൻ ഊട്ടാൻ നടന്നാലേ, അവസാനം നമ്മുടെ മക്കൾ പട്ടിണി ആവും. ലക്ഷകണക്കിന് ആണല്ലോ മാസാമാസം ശമ്പളം മേടിക്കുന്നത് "!

രണ്ടാമത്തെ ചോറുപൊതി മകളുടെ ബാഗിൽ വെച്ചു ഞാൻ. അപ്പോൾ മനസ്സിൽ വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്വപ്‌നങ്ങൾ കാട്ടുന്ന ഈ ലോകത്തോടുള്ള വെറുപ്പോ, അവ തകർക്കപ്പെടുമ്പോൾ ഉണ്ടാവുന്ന സങ്കടമോ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. അതൊക്കെ എന്നേ മനസ്സിന്റെ ആഴങ്ങളിൽ കെട്ടടങ്ങിയിരുന്നു. 

ആഹാരം കഴിച്ചതിനു ശേഷം അവർ രണ്ടുപേരും അവരുടെ അമ്മയ്ക്കിരുവശവുമായി പറ്റിച്ചേർന്നു കിടന്നു. അപ്പോഴും അപ്പുകുട്ടൻ വാതോരാതെ അവന്റെ അമ്മയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.  

വൈകീട്ട് രണ്ടാളും ഉറങ്ങുന്നത് കണ്ടിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. പിറ്റേന്ന് ഞാൻ ചെന്നപ്പോൾ അപ്പുവിന്റെ അമ്മയുടെ ബെഡ് ഒഴിഞ്ഞുകിടന്നു. അപ്പോഴാണ് ഞാൻ ഓർത്തത്, ആ സ്ത്രീയുടെ പേര് എനിക്ക് അറിയില്ലല്ലോ. അമ്മയുടെ പേര് ചോദിച്ചപ്പോൾ "അമ്മ " എന്നുമാത്രമേ അപ്പുവിന് ഉത്തരമുണ്ടായിരുന്നുള്ളു. അമ്മ എവിടെ പോയെന്നറിയാതെ അപ്പുവും ഉണ്ണിമോളും ഒരുകോണിൽ ഭയന്ന് ഇരിപ്പുണ്ടായിരുന്നു.എന്നെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിവന്നു അപ്പു പറഞ്ഞു, "അമ്മയെ പെട്ടന്ന് എങ്ങോട്ടോ കൊണ്ടുപോയി ആന്റി,  എനിക്ക് പേടിയാവുന്നു "!. അവനെ സമാധാനിപ്പിച്ചു അവന്റെ അമ്മയുടെ കാര്യം അന്വേഷിച്ചപ്പോൾ മനസ്സിലായി, അപ്പുവും ഉണ്ണിയും അനാഥരായിരിക്കുന്നു, അവന്റെ അമ്മ വേദനകളുടെ ലോകത്തുനിന്നും പോയിരിക്കുന്നു. ഇതൊന്നും അറിയാതെ ആ കുഞ്ഞുങ്ങൾ അമ്മ വരുന്നതും കാത്തിരുന്നു. 

പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു ബോഡി കിട്ടാൻ ഉച്ചയായി. ഞാൻ എന്നും ആലോചിച്ചിട്ടുണ്ട്, നമുക്കൊക്കെ സ്വന്തം പേരുകളിൽ നിന്നും ബോഡികളാവാൻ ചുരുക്കം സമയം മാത്രം മതി. ഇന്നലെവരെ അവർ അപ്പുവിന്റെ അമ്മ ആയിരുന്നു, ഇന്നവർ വെറും ജഡമാണ്. അപ്പൂട്ടൻ സ്നേഹത്തോടെ തഴുകിയ കൈകൾ മരവിച്ചിരിക്കുന്നു.  

ശവം പൊതുശ്‌മശാനത്തിലേക്ക് കൊണ്ടുപോവുമ്പോൾ അപ്പുവിനെയും ഉണ്ണിയേയും ആരോ ആംബുലൻസിൽ കയറ്റി. അല്ലെങ്കിലും രോഗികൾ അല്ലാത്തവർക്ക് ആശുപത്രിയിൽ ഇനിയെന്ത് കാര്യം. ഞാൻ അടുത്തുനിന്ന കേശവൻ ചേട്ടനോട് ചോദിച്ചു, "രാവിലെ മുതൽ പിള്ളേര് പട്ടിണി അല്ലെ, ഉച്ചയൂണ് നമുക്ക് കൊടുത്തൂടെ "?  "അതെങ്ങനെയാ സിസ്റ്ററെ ", അയാൾ പറഞ്ഞു "മരിച്ച ഒരാളുടെ ബന്ധുകൾക്ക് ഫുഡ്‌ അലവന്‍സ് ഇല്ലാലോ. "മറുത്തൊന്നും ഞാൻ പറഞ്ഞില്ല. ആംബുലൻസിന്റെ അടുത്തേക്ക് ചെന്നപ്പോൾ അപ്പു ചോദിച്ചു, "ഞങ്ങളെ എവിടെയാ ആന്റി കൊണ്ടോവുന്നെ"? എന്ത് മറുപടി പറയും എന്നറിയാതെ കുഴങ്ങിയ എനിക്ക് ഇത്രയേ പറയാൻ സാധിച്ചുള്ളൂ, "മോൻ ഇനി ഇങ്ങോട്ട് മടങ്ങി വരണ്ട ". "അപ്പൊ ഞങ്ങൾക്കിനി ഭക്ഷണം കിട്ടൂല്ല അല്ലെ "? അഞ്ചു വയസ്സിന്റെ നിഷ്കളങ്കത എന്നെ വീണ്ടും തോൽപിച്ചുകൊണ്ട് ചോദിച്ചു. അമ്മ മരിച്ചെന്നുപോലും അറിയാതെ അവൻ ആകെ ചിന്തിച്ചത് തന്റെയും അനിയത്തിയുടെയും വിശപ്പിനെക്കുറിച്ചു മാത്രം.

അവനുവേണ്ടി വാങ്ങിയ ഒരു ജോഡി ഷർട്ടും പാന്റ്സും എന്റെ ഉച്ചഭക്ഷണത്തിന്റെ പൊതിയും അവനെ ഏൽപിച്ചു ഞാൻ തിരിച്ചു നടന്നു.  ഒന്നും പറയാതെ, ഒന്ന് കരയാൻ പോലുമാവാതെ. "വലുതാവുമ്പോ സത്യായിട്ടും ആന്റിക് ഞാൻ കൊറേ കൊറേ സാരി വാങ്ങിത്തരുംട്ടോ ".  അപ്പു പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു. എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളി താഴെ എത്തുന്നതിനുമുന്നെ പൊടിപറത്തികൊണ്ട് ആംബുലൻസ് പാഞ്ഞുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.