Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മഹാ കർക്കടകം

rain Representative Image

“ശിവാ ബോദീ മഹാ ബോദീ ഗംഗാ ഭഗവതീ ഉറക്കൊഴിയാ…’’ 

പാണർ പാടി തുടങ്ങിയിരിക്കുന്നു അവരുടെ പാട്ട്.

“തുയിലുണർത്തു പാട്ട് പാടിത്തുടങ്ങി കഴിഞ്ഞാൽ എല്ലാവരും ഉണർന്നിരിക്കണം". മുത്തശ്ശി പറയാറുള്ളത് ഓർമകളിലേക്ക് ഓടി വന്നു. 

ദോഷങ്ങൾ പാണർ ദമ്പതികൾ ഏറ്റു വാങ്ങിയപ്പോൾ രവീണയുടെ മനസൊന്നു തണുത്തു.

"മുജ്ജൻമ പാപദോഷങ്ങൾ തീർന്നു കാണും ... ഹാവൂ സമാധാനമായി…..” ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു. “തന്റെ  ജീവിതത്തിലെ പ്രയാസങ്ങൾക്ക് ഇനിയെങ്കിലും ഒരു പരിഹാരം ആയിരുന്നെങ്കിൽ...” 

ദൗർഭാഗ്യ ദേവത ആയ ജ്യേഷ്ഠ ഭഗവതി ആയിട്ടാണ് അവൾ സ്വയം വില ഇരുത്തിയിരുന്നത്. ഒരു പക്ഷേ അനുഭവങ്ങളാകാം അവളെ അത്തരത്തിൽ ചിന്തിക്കാൻ നിർബന്ധിതയാക്കിയത്.

“കർക്കടകം തുടങ്ങി... നല്ല മഴ… നല്ല മഴ എന്നൊന്നും പറഞ്ഞാൽ പോരാ, കാൽച്ചുവട്ടിലെ മണ്ണു പോലും ഒഴുകി ഒലിച്ചു പോവുന്ന ശക്തമായ മഴ.... "

ഇനി വയ്യ ഒന്നിനും കുറേ കാലായില്ലേ ഇങ്ങനെ അനുഭവിക്കാൻ തുടങ്ങിയിട്ട്. ഇപ്പോളുള്ള മഴയ്ക്കൊന്നും പ്രണയമില്ല....

അല്ല.... പ്രണയം ഇല്ലാതായത് എന്റെ മനസ്സിലാണ് എന്നു പറയുന്നതാവും ശരി. പ്രണയം ഇല്ലാതെ പെയ്യുന്ന ഈ മഴനീര് ഒറ്റപെട്ടു പോയവരുടെ കണ്ണീരു തന്നെ... കുറേ ആളുകൾ ഉണ്ടല്ലോ അങ്ങു മുകളിൽ… ദൈവങ്ങളും കരയുന്നുണ്ടാവും. ഇവരെല്ലാം കരയുമ്പോൾ പിന്നെ എന്റെ കാര്യം പറയണോ.”

അവളുടെ ചിന്തകൾ കാടും മലയും കയറി ഇങ്ങനെ പോയികൊണ്ടേയിരുന്നു. ‘ജ്യേഷ്ഠ ഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത്’ തീരുമാനിച്ചുറപ്പിച്ചു. 

ഇതു വരെ കാണാത്ത മഴ ആയിരുന്നു അന്ന്. കലിയിളകി മുടിയഴിച്ചിട്ടുവരുന്ന ദേവിയെ പോലെ ആർത്തട്ടഹസിച്ചു സകല രൗദ്രഭാവങ്ങളോടും കൂടി അവൾ പെയ്തിറങ്ങി.  

റോഡ് മുറിച്ചു കടന്നതൊന്നും വീണ അറിഞ്ഞിരുന്നില്ല. മഴയെ കീറിമുറിച്ചു വണ്ടികൾ മരണപ്പാച്ചിൽ പാഞ്ഞു. ആദ്യം വന്ന ബസിൽ തന്നെയായിരുന്നു അവൾക്കു പോവേണ്ടത്. കുട ഒന്നുമില്ല കയ്യിൽ, നനഞ്ഞൊട്ടിയ ദേഹവുമായി അവൾ ആ ബസിന്റെ സീറ്റിൽ ഇരുന്നു. ആ യാത്രയിൽ അവൾക്കൊരു കൂട്ട് എന്ന പോലെയായിരുന്നു ആ മഴയും “എന്റെ യാത്ര ഈ മഴയ്ക്ക് വേണ്ടി കാത്തിരുന്നതാവും…” അവൾ മനസ്സിലോർത്തു

അൽപ്പം അകലെയായാണ് അവളുടെ ഓർമകൾ ഉറങ്ങുന്ന നീർത്തുരുത്ത്. നഗരത്തിലെ കൂറ്റൻ കെട്ടിടങ്ങളിൽ നിന്നും കുറേ ദൂരെയായി പച്ച പുതച്ച വയലേലകൾ. ഓർക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നു. ഇനിയൊരു മടക്കയാത്ര ഇല്ല എന്നുറപ്പിച്ചുകൊണ്ട് ആ മടിത്തട്ടിൽ ഉറങ്ങാനായി ഒരു യാത്ര…

"എന്റെ മണ്ണ് എന്റെ നാട് എന്നു പറയുമ്പോഴുളള സന്തോഷം അത് എനിക്ക് മാത്രം സ്വന്തം."

“വല്ലാത്തൊരു ആശ്വാസം… എല്ലാ കെട്ടുപാടുകളും അഴിഞ്ഞിരിക്കുന്നു... ശരീരഭാരം അപ്പൂപ്പൻ താടിക്കു സമം... ഇതാണ് താൻ  ആഗ്രഹിച്ചത്. ഇതുമാത്രം” തന്റെ ആകുലതകളെ മൂടിവയ്ക്കുവാൻ ഒരു മന്ത്രം പോലെ അവളതുരുവിട്ടു കൊണ്ടിരുന്നു.  

ബസിന്റെ വേഗത കൂടും തോറും മഴയുടേയും ഓർമകളുടെയും വേഗത കൂടി കൂടി വരുന്നത് പോലെ. നേരം ഇരുട്ടും മുൻപ് നീർതുരുത്തിൽ എത്തിച്ചേരണം, അവൾ മനസിനോടു പറഞ്ഞു. കാഴ്ചകൾ ഓരോന്നായി പിന്നിലേക്ക് ഓടിമറഞ്ഞുകൊണ്ടിരുന്നു. ഓർമകളിലെ അവളുടെ ആകാശത്തിന്റെ  മനോഹാരിത  അവർണനീയം. 

അവളുടെ ജീവന്റെ തുടിപ്പുകൾ തേടിയുള്ള യാത്ര മാത്രം ആണിത്……

" അവിടെ തന്നെ ആണ് തന്റെ  തുടിപ്പുകൾ, അവൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു.'' 

''ഇത്രയും നാൾ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല... എല്ലാവരും പറയാറുള്ളതുപോലെ മാറ്റമില്ലാതെ തുടരുന്ന പെണ്ണിന്റെ ജീവിതം 

ബാക്കിയുള്ളവരെല്ലാം സ്വാർത്ഥ ലാഭങ്ങൾക്കു പിറകെ പോയപ്പോൾ അവൾ തനിച്ചായി… ആ വീടിന്റെ വിളക്കായി സ്വയം എരിഞ്ഞു തീർന്നു.

ആരുടെ കണ്ണുകളിൽ ആണ് സത്യം ഒളിഞ്ഞിരുന്നതു എന്ന് മനസിലാക്കുവാൻ കഴിയാതെ എല്ലാവരെയും സ്നേഹിച്ചു. വിട്ടുകൊടുത്തവൾ.

പിന്നിട്ട വഴികളെല്ലാം കല്ലും മുള്ളും നിറഞ്ഞതായ്. അവൾ പോലും അറിയാതെ എപ്പോളോ അവൾ ജ്യേഷ്ഠ ഭഗവതിയായി മാറി…

''ഞാനില്ലാതെ ഇവരൊക്കെ എന്താ ചെയ്യാൻ പോവുന്നത് എന്ന് എനിക്കൊന്നു കാണണം. യ്യോ! വേണ്ടാ വേണ്ടാ.. കാണേം വേണ്ട കേൾക്കേം വേണ്ട... ഞാൻ എന്റെ സ്വാതന്ത്ര്യം ആസ്വദിക്കട്ടെ… മതിയാവോളം. ''

ഒരു ദീർഘ നിശ്വാസത്തിൽ സ്വാതന്ത്ര്യത്തിന്റെ സുഖം വീണ്ടും ഒന്നുകൂടി നുകർന്നു.

''നീർതുരുത്തിൽ എനിക്കായ് കാത്തു നിൽക്കുവാൻ ആരുമില്ലെന്ന് അറിയാം.... പക്ഷേ, ഇതെന്റെ സ്വപ്നം ആണ്. വെറുതെ കണ്ട ഒരു സ്വപ്നം അല്ലാട്ടോ. സ്വപ്നങ്ങളുടെ കൂടെയുള്ള യാത്ര. സ്വപ്നങ്ങൾ മുൻപോട്ടെന്നെ നയിക്കുമ്പോൾ ഒരായിരം ഓർമകൾ ഇന്നെനിക്ക് കൂട്ടിനുണ്ട്."

ചിന്തകളെ കാത്തു സമയം നിൽക്കില്ലല്ലോ... സമയം കടന്നു പോയത് അവൾ പോലും അറിഞ്ഞില്ല.

മഴയുടെ തുള്ളികൾ മുടിയിഴകളിലൂടെ നെറ്റിയിലേയ്ക്കൂർന്നിറങ്ങി, പതിയെ ചുണ്ടുകളിലേയ്ക്കും. അവൾ ബസിൽ നിന്നും നീർതുരുത്തിലേക്കിറങ്ങി. അവിടം വിജനമായിരുന്നു, മഴതോർന്നിട്ടില്ല, വീശി അടിക്കുന്ന കാറ്റും ഉണ്ട്. നേർത്ത വെള്ളിനൂൽ ആകാശത്തു  നിന്നും ഭൂമിയിലേയ്ക്ക് ചെരിച്ചിട്ടതു പോലെ മഴത്തുള്ളികൾ താഴേയ്ക്കു ചിതറി. എവിടെയോ കണ്ടു മറന്ന, തന്റെ മോളുടെ പുസ്തകത്താളിലെ ചിത്രങ്ങളെ ഓർമിപ്പിക്കും വിധമായിരുന്നു ആ കാഴ്ച..

ആ കാഴ്ചയിൽ മങ്ങിയ നിഴൽ പോലെ മോളെയും കണ്ടു. പെട്ടെന്ന് അവളറിയാതെ മനസൊന്നു പിറകോട്ടു ആടിപ്പോയി. എന്നാലും മുൻപോട്ടുള്ള നടത്തം നിറുത്താതെ തുടർന്നു.

അവളെ ഭയപ്പെടുത്തും വിധം ഇലക്ട്രിക് പോസ്റ്റിലെ കമ്പികൾ പാടങ്ങൾക്കു മുകളിലൂടെ നീണ്ടു പോയിരുന്നു. മഴ വീണ്ടും വീണ്ടും ശക്തിയായി പെയ്യുകയാണ്. അവളും മഴക്കൊപ്പം വേഗത്തിൽ മുൻപോട്ടു നീങ്ങി. 

നീർത്തുരുത്ത്  മനോഹരമായ് തന്നെ മാറാതെ നിന്നു, അവളിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്. ചെളി നിറഞ്ഞ വരമ്പിലൂടെ മഴയെ പുണർന്നവൾ പാടവും പുഴയും ഒന്നാകുന്നതു കണ്ടു. നാളേറെയായി ആ വഴികളിലൂടെ അവൾ നടന്നിട്ട്. നല്ല വഴുക്കൽ ഉണ്ടായിരുന്നു അവിടെ, എന്നിട്ടും നടപ്പിന്റെ വേഗതയ്ക്കൊരു കുറവും വന്നില്ല.

പക്ഷേ, ചെളി നിറഞ്ഞ ആ വഴി അവളെ അധികം വേഗത്തിൽ കുതിക്കുവാൻ അനുവദിച്ചില്ല...

"കാലു വഴുതി വെള്ളക്കെട്ടിലേയ്ക്ക് വീണുപോയല്ലോ ഞാൻ!'' എന്ന് ഒരു നിമിഷം ആലോചിക്കും മുൻപേ ഏതോ രണ്ടു കൈകൾ അവളെ കോരിയെടുത്തു. 

ആരാ നിങ്ങൾ എന്നു ചോദിക്കുവാനുള്ള സമയം അയാൾ അവൾക്കു നൽകിയില്ല കാരണം അപ്പോളേക്കും ആ ഉരുക്കു പോലത്തെ കൈകൾ അവളുടെ കൈകളെ മുറുകെ പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ മുന്നോട്ടേക്കുള്ള യാത്ര തുടങ്ങിയിരുന്നു.

അവൾ അയാളെ ഒന്ന് നോക്കി...

നല്ല ഉയരം ഉണ്ട്, ഒരു തോർത്തുമുണ്ടും ഉടുത്തിട്ടുണ്ട്. വേഷം കണ്ടപ്പോൾ പണ്ട് വയലിൽ പണിക്കുണ്ടായിരുന്ന മാധവേട്ടനെ കുറിച്ചോർത്തു. ഒരു രസികൻ ആയിരുന്നു മാധവേട്ടൻ. ഞങ്ങൾ കുട്ടികൾക്ക് പണ്ടത്തെ കുറെ കഥകളും പാട്ടുമൊക്കെ പാടത്തെ പണിക്കിടയിൽ പറഞ്ഞു തരുമായിരുന്നു. പാവം രണ്ടു വർഷം മുൻപ് മരിച്ചു പോയ്...

"വയലിലെ പണിക്കാരനോ മറ്റോ ആണോ ഇയാള്? ഇയാള് എന്തിനാണാവോ എന്നെ വലിച്ചുകൊണ്ട് പോവുന്നെ?'' കുറച്ചു ദൂരം കഴിഞ്ഞു  വയൽ വരമ്പ് അവസാനിക്കുന്ന വഴിയിലായ് അയാൾ പിടിയൊന്നു മെല്ലെ അയച്ചു, എന്നിട്ടു തിരിഞ്ഞു നോക്കി. ആ നോട്ടം മഴയുടെ ശക്തിയെ തോൽപ്പിച്ചു കളഞ്ഞു. അയാളുടെ കണ്ണിൽ അടങ്ങാത്ത ഒരു തീജ്വാല അവൾ കണ്ടു. ആ ഉരുണ്ട കണ്ണിലേക്കു നോക്കുവാൻ അവൾ നന്നേ പ്രയാസപ്പെട്ടു. 

കറുത്ത് പൊക്കം കൂടിയ വലിയ ശരീരത്തോടെ നിൽക്കുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ. രാക്ഷസനു സമം.

പുഴ കുത്തി പതഞ്ഞൊഴുകുന്ന ശബ്ദം മാത്രം ചുറ്റും. ഉള്ളിലെ ഭയം കൊണ്ടാണോ എന്നറിയില്ല അവൾ മറ്റൊന്നും കേട്ടില്ല. അവർ രണ്ടു പേരുടെയും മൗനത്തെ പകുത്തു മഴയും പുഴയും ഒന്നാകുന്ന ശബ്ദം ഉയർന്നുകേട്ടു.

ഒടുവിൽ അവളുടെ ജിജ്ഞാസയെ തടുത്തു വയ്ക്കുവാൻ കഴിയാതെ ചുണ്ടുകൾ തനിയെ ചലിച്ചു.. പതിഞ്ഞ സ്വരത്തിൽ അവൾ  ചോദിച്ചു ''നിങ്ങൾ ആരാണ്? എന്തിനു എന്നെ രക്ഷിച്ചു? ഞാൻ വീണാൽ നിങ്ങൾക്കെന്താ കുഴപ്പം? എന്തിനെന്റെ അനുവാദം കൂടാതെ എന്നെ പിടിച്ചു മുൻപോട്ടു നടന്നു?... ആ യൂ എയ്ബിൾ റ്റു ഫോല്ലോ മി? ഹൗ യൂ കെയിം ഹിയർ ആൻ ഹൗ യൂ നോ മി?’'.... ഒറ്റ ശ്വാസത്തിൽ ചോദിച്ചു തീർത്തു ഈ ചോദ്യങ്ങൾ.

അയാൾ അവളെ തന്നെ കണ്ണ് പറിക്കാതെ നോക്കി  ഒന്നും മിണ്ടാതെ അൽപ്പ സമയം അങ്ങനെ തന്നെ നിന്നു.

എന്നിട്ട് അവൾക്കറിയാത്ത ഭാഷയിൽ ഇങ്ങനെ പറഞ്ഞു. ''ഓഹ്ലാ, തുദ് ബേം?... ഓ മ്യുനോമിയെഹ് പാഓ."

ദേഹത്തു പതിക്കുന്ന മഴതുള്ളികളുടെ വേദന അസഹനീയമായി.. മഴയുടെ ഭംഗി മടുത്തതു കൊണ്ടാണോ അതോ മഴ കനത്തതു  കൊണ്ടാണോ എന്നറിയില്ല. അവളുടെ മനസ്സിൽ വല്ലാത്തൊരു ഭയം കടന്നു കൂടി. അയാളുടെ രൂപം കണ്ടിട്ട് ഒരു ആഫ്രിക്കൻ വംശജനെ പോലുള്ളത് കൊണ്ടു രണ്ടും കൽപ്പിച്ചു പറഞ്ഞു.

"എനിക്ക് ആഫ്രിക്കൻ ഭാഷ അറിയില്ല." മഴയുള്ളതു കൊണ്ടു നല്ല ഉച്ചത്തിൽ ചെവി പൊട്ടുന്ന പോലെ  അവൾ പറഞ്ഞു. 

 "എനിക്കു ആഫ്രിക്കൻ ഭാഷ അറിയില്ല" എന്നായിരുന്നു അയാളുടെ മറുപടി. 

"മഹാ നീ എന്റെ മഹാ ആണു. എന്റെ മാത്രം മഹാ. പതിനേഴാം നൂറ്റാണ്ടിൽ തുടങ്ങിയ എന്റെ കാത്തിരിപ്പിനു ഇന്നു അവസാനമായി. ആഫ്രിക്കൻ ഭാഷ എന്നോ എനിക്കു കൈമോശം വന്നു. പോർച്ചുഗീസുകാർ എന്നെ തട്ടികൊണ്ടു വന്ന് അടിമയാക്കിയപ്പോൾ നിന്റെ മനോഹരമായ കണ്ണുകൾ മാത്രം ആണ് എന്നിലെ ആത്മാവിനു ഉയിര് തന്നത്.” അവൻ പറഞ്ഞു നിർത്തി. 

അവളുടെ പേരിപ്പോൾ മഹാ എന്നതായി. അവന്റെ ഭാഷയിൽ പറഞ്ഞാൽ മനോഹരമായ നയനം ഉള്ളവൾ. "രവീണയിൽ നിന്നും മഹായിലേക്കുള്ള യാത്ര ആയിരുന്നോ എന്റേത്. ഇതായിരുന്നോ എന്റെ സ്വപ്നം തേടിയുള്ള യാത്ര?”ഒന്നുമറിയാത്ത ഒരു കുട്ടിയെ പോലവൾ അവന്റെ മുൻപിൽ നിന്നു. ഇനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി അയാൾ തെങ്ങിൻ തോപ്പിലേയ്ക്ക് നടന്നു നീങ്ങി…

പിറകെ അയാളുടെ കാലുകളെ പിന്തുടർന്ന് അവളും. 

“എന്തായാലും ഒരു രസോണ്ട് എന്റെ പേര് കേൾക്കാൻ….. പറയാനും… ഇയാള് ഭ്രാന്തനോ മറ്റോ ആണോ? എന്തായാലും വരുന്നിടത്തു വച്ചു കാണാം… .ഒറ്റയ്ക്കുള്ള യാത്രയിൽ സ്ത്രീകൾ ഇത്തരത്തിൽ പല പ്രശ്നങ്ങളും നേരിടും അതൊക്കെ തരണം ചെയ്തു മുൻപോട്ടു പോകുന്നവർ ആണു വിജയിക്കുക……”

അവളിലെ സ്ത്രീ ഉണർന്നു. വിജയിച്ചു കാണിക്കുവാൻ വേണ്ടി. തെങ്ങിൻതോപ്പ് കടന്നു ലേശം കൂടി മുൻപോട്ടു പോയാൽ ഒരു ചെറിയ തോടുണ്ട്, ആ തോട്കൂടി കഴിഞ്ഞാൽ മുറ്റത്തു നിറയെ മാവുള്ള ഓട് പാകിയ ഒരു കൊച്ചു വീട് കാണാം. സ്വപ്നങ്ങൾ ആ ഉറങ്ങുന്ന വീടും  മുറ്റവും അവളെ വരവേൽക്കുവാൻ തയാറായി നിന്നു. 

''ആഫ്രിക്കൻ വംശജൻ ആയ മലയാളം  സംസാരിക്കുന്ന ഇയാളുടെ ഉള്ളിൽ എന്തായിരിക്കും? എന്റെ വീട്ടിലേയ്ക്കു തന്നെ ആണല്ലോ എന്നെ കൂട്ടി കൊണ്ടു പോവുന്നത്...

ഒറ്റയ്ക്കു വന്ന എന്റെ കൂടെ ഇയാള് എന്തിനാ വരുന്നത്...

ഒന്ന് വിരട്ടി നോക്കിയാലോ...

ഞാൻ വിരട്ടിയാൽ ഈ ഭൂതം വിരണ്ടോടുമോ...

കണ്ടിട്ട് തന്നെ പേടിയാവുന്നു...

അയാളുടെ ഒരു മഹാ...''

"ബുഹാഹാ ബുഹാഹാ. അവൾ പതുക്കെ ഒച്ച ഉണ്ടാക്കി കളിയാക്കി ചിരിച്ചു. ഇയാളുടെ കൂടെ കുറച്ചുകൂടി നടന്നു കഴിഞ്ഞാൽ എനിക്കും ഭ്രാന്താവും, ഉറപ്പാണ്.'' 

''മഹാ നിന്റെ വീടെത്തി....'' പരുക്കൻ ശബ്ദം അവിടം മുഴങ്ങി.

തോട് നിറഞ്ഞു മുറ്റത്തേയ്ക്ക് വെള്ളം കയറീട്ടുണ്ട്. അയാൾ പെട്ടെന്ന് രണ്ടു ചെറു മീനുകളെ കൈകുമ്പിളിൽ കോരി എടുത്തു ചോദിച്ചു..

“മഹാ നീ എന്താ ഒന്നും എന്നോട് പറയാത്തെ, ഓർമയില്ലേ നിന്റെ പാഓയെ, മറന്നു കാണുമെന്ന് എനിക്കറിയാം. പണ്ട് നൈജർ നദി നവംബറിൽ നിറഞ്ഞൊഴുകുമ്പോൾ ഞാൻ നിന്റെ കണ്ണുകളിലെ തിളക്കം കണ്ടിരുന്നു.''

ഇപ്പോളവൾ ഉറപ്പിച്ചു ഭ്രാന്തൻ തന്നെ ആണല്ലോ ഈ പുള്ളി…

''എന്റെ വീട് കുത്തി തുറന്നിട്ട് പിച്ചും പേയും പറയുന്നോ.എന്റെ വീട്ടിൽ താമസിച്ചു എന്നെ കുറിച്ചറിഞ്ഞിട്ടു പൈസയ്ക്ക് ആവും വാചകം അടിക്കുന്നത്. എന്റെ അനുവാദം കൂടാതെ എന്റെ വീട്ടിൽ കയറീട്ടു തോന്നിയത് പോലെ എന്റെ പേരും മാറ്റി കഥ മെനയുന്നു. കള്ളനാവുമോ ഈശ്വരാ…''മുഖത്തു ഭാവ വ്യത്യാസം ഒന്നും വരുത്താതെ മനസ്സിൽ പറഞ്ഞു.

“എന്റെ വീട്” എന്നു പറഞ്ഞു കൊണ്ടവൾ വേഗത്തിൽ വീട്ടിലേയ്ക്കു ഓടി കയറി തിരിഞ്ഞു നിന്നു പറഞ്ഞു... ''ശരി, പൈസക്ക് ആണെങ്കിൽ നാളെ വന്നോളു...എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഇനി നിൽക്കേണ്ട നിങ്ങൾക്കു പോവാം...''

ഒറ്റനോട്ടത്തിൽ മൊട്ടത്തല പോലെ തോന്നിപ്പിക്കുമെങ്കിലും അവിടിവിടെ ആയി പറ്റിപിടിച്ച കാപ്പിരി തലമുടി തടവി അയാൾ ആ പടിയിലിരുന്നു. രവീണ എന്ത് ചെയ്യണം എന്നറിയാതെ മിന്നലേറ്റതു പോലെ നിന്നു.

“ഞാനെന്തൊരു മണ്ടിയാണ് തിരക്കിട്ടു ഇറങ്ങി പോരുന്നതിനിടയിൽ  ഫോൺ പോലും എടുത്തില്ല. .മഴ ഉള്ളത് കൊണ്ട് ലാൻഡ് ഫോണിലെ കണക്ഷനും ഉണ്ടാവില്ല. എന്തൊരു കാട്ടാളൻ ആണ് ഈ മനുഷ്യൻ.'' 

മനസ്സിൽ പിറുപിറുത്തതിന് മറുപടി ഉടൻ കിട്ടി.. ''ഞാൻ കാട്ടാളൻ അല്ല മഹാ, നിന്റെ പാഓ ആണ്.’’    

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അയാൾ തുടർന്നു...

“ബെയോബാബ് മരത്തിന്റെ പിറകിൽ നിന്നെ ഒളിപ്പിച്ചിരുത്തി വെള്ളക്കാർക്കു സ്വയം പിടി കൊടുത്തപ്പോൾ ഞാൻ എന്നെങ്കിലും മാലിയിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു… പോർച്ചുഗീസ് കച്ചവടക്കാർ എന്നെ കപ്പലിലേക്ക് എറിയുമ്പോൾ ഞാൻ അവസാനമായി കണ്ടത് നിന്റെ നിറഞ്ഞ കണ്ണുകൾ ആണ്. എന്റെ ജീവിതം തന്നെ ആയിരുന്നു എറിയപെട്ടത് എന്ന് മനസിലാക്കിയപ്പോൾ ഒരുപാടു വൈകിയിരുന്നു. കുട്ടിയായ എന്നെ എന്തിനവർ കൊണ്ടു പോയി എന്നുള്ളത് പിന്നീടാണ് മനസിലായത്. അപ്പോഴത്തേയ്ക്കും ഞാനും നീയും തമ്മിൽ ഒരു വലിയ കടൽ ദൂരത്തിൽ അകന്നിരുന്നു.” കുറച്ചുനേരം അയാൾ ഒന്നും മിണ്ടാതിരുന്നു. എന്നിട്ട് വലിയൊരു ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു എടുത്തിട്ട് വീണ്ടും പറഞ്ഞു തുടങ്ങി…

“ആ കപ്പലിൽ ഞാൻ തനിച്ചായിരുന്നില്ല, മാലിയിലെ ഒട്ടുമിക്ക സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും അവർ അടിമകൾ ആക്കി കഴിഞ്ഞിരുന്നു. വെളിച്ചം പോലും കടന്നു വരാത്ത കപ്പലിന്റെ അറയ്ക്കുള്ളിൽ ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ഞങ്ങൾ കഴിച്ചു കൂട്ടി. ചിലപ്പോൾ ചില ദിവസങ്ങളിൽ കപ്പലിലെ ജോലികൾക്കായി അവർ വന്നു ഒന്ന് രണ്ടു സ്ത്രീകളേയും പുരുഷന്മാരെയും കൂട്ടി കൊണ്ട് പോവുമായിരുന്നു. 

അവർക്കു വെളിച്ചം കാണുവാൻ ഉള്ള ഭാഗ്യം ലഭിച്ചു… കൂടെയുള്ള കുറച്ചു പേര് കപ്പലിൽ തന്നെ മരിച്ചു. ആരൊക്കെയോ കൂടി അവരെ കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. അപ്പോഴൊക്കെ കുട്ടിയായിരുന്ന ഞാൻ ആ ഇരുട്ടറയിൽ നിന്റെ കണ്ണുകളുടെ ഓർമയിൽ ദിവസങ്ങൾ തള്ളിനീക്കി. അങ്ങനെ കടൽ കടന്നു കരയിൽ ഇറങ്ങിയപ്പോൾ മനസിലായി സ്വന്തം ശരീരത്തിന് പോലും അവകാശമില്ലാത്തവരായി മാറി ഞങ്ങൾ എന്ന്… ഞങ്ങളുടെ ശരീരത്തിനു അവർ വില എഴുതി ചങ്ങലകളിൽ കോർത്തിട്ടു. നീയിന്നു സ്വാതന്ത്ര്യം തേടി വന്നതു പോലെ അന്ന് ഞങ്ങൾക്കായില്ല…''

രവീണ അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു അയാളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു. അന്ന് നടുന്നുവെന്നു പറയുമ്പോൾ എന്നായിരിക്കും എന്ന് മനസിലാലോചിച്ചു തീരും മുൻപേ കിട്ടി മറുപടി.

“ഈ കാപ്പിരി പാഓ എന്നോ മരിച്ചത് അല്ലേ... മരിച്ചു എന്നു പറയുന്നത് ശരിയല്ല എന്നെ അവർ കൊന്നു.” 

“ഇയാൾ രണ്ടും കൽപ്പിച്ചാണ്” അവളോർത്തു.“എന്റെ മനസിലുള്ളത് അതു പോലെ പറയുന്നു. മനസിലുള്ളത് പറയുന്ന ആൾക്ക് ഒരു പേരുണ്ടല്ലോ... പേടികൊണ്ടാണെങ്കിൽ ഒന്നും ഓർമയും വരുന്നില്ല...”

“മഹാ നീ എന്നെ  കാക്കാലൻ എന്നല്ലേ  ഉദ്ദേശിച്ചത്...” അയാൾ പറഞ്ഞു.

“ആരൊക്കെയോ പെട്ടു പെട്ടു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോളാ  മനസ്സിലായത് ഞാൻ ശരിക്കും പെട്ടു എന്ന്. നീർതുരുത്തിൽ അല്ലെന്നു മാത്രം കാപ്പിരി കുരുക്കിൽ ആണു പെട്ടത്.”   

അൽപനേരത്തെ മൗനം ഭഞ്ജിച്ചു കൊണ്ടു പാഓ പ്രണയം തുളുമ്പുന്ന ശബ്ദത്തോടെ പറഞ്ഞു...

“ഇത്തവണ നല്ല മഴയാ…. മഹാ  നമ്മുടെ പ്രണയം ആഘോഷിക്കുവാൻ, മഴയുടെ ഈ തുള്ളികൾ ഒരുമിച്ചു സന്തോഷിക്കുകയാണ്.”  

ഇതൊക്കെ കേട്ടിട്ടും രവീണയുടെ മനസ്സിൽ അയാളെക്കുറിച്ചുള്ള ചിന്തകൾക്ക് ഒരു മാറ്റവും വന്നില്ല. ഒരു ഭ്രാന്തനെ വിശ്വസിക്കുവാൻ മാത്രം.

പിന്നീടവൾക്ക് തോന്നി ഇനി എന്തെങ്കിലും മാനസികതകർച്ചയാവുമോ അയാളെ ഇങ്ങനാക്കി മാറ്റിയത്? ഇനി ഏതെങ്കിലും രാജ്യത്തുനിന്നും  ഈ നാട് കാണുവാൻ വന്നതാവുമോ?

“നമ്മുടെ നാടല്ലേ, ഇവിടെ തന്നെ ഉണ്ട് കുറേ ഭ്രാന്തന്മാർ, അതിന്റിടയിലേക്ക് വേറെ രാജ്യത്തുന്നും വണ്ടി പിടിച്ചു കാശും കൊടുത്തു ഭ്രാന്തു മേടിക്കുവാൻ വന്നതാവും ഈ തിരുമണ്ടൻ…”

“ഗൂഗിൾ ‘ഗോഡ്സ് ഓൺ കൺട്രി’ എന്നു കാണിച്ചു പറ്റിച്ചല്ലോ ഈ പാവത്തിനെ. എനിക്കറിയാം മനസു കൈവിട്ടു പോയാലുള്ള വേദന എന്തെന്ന്, ഒരിക്കൽ എന്റെയും മനസ്സ്…”  

ഓർമകളിൽ അവളുടെ മിഴികൾ സജലങ്ങളായി… പാഓയോട് പാവം തോന്നി ഒരു ചായ ഇട്ടു കൊടുക്കാം എന്നു വിചാരിച്ചു കോലായിൽ നിന്നും അവൾ അകത്തേക്ക് കടന്നു. മുറികളെല്ലാം വൃത്തിയാക്കി ഇട്ടിരിക്കുന്നു, ഇത്രയും നാൾ അടച്ചിട്ട വീടാണിത് എന്നാരും പറയില്ല. 

അവൾ അടുക്കളയിൽ എത്തി, അവിടുത്തെ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും കണ്ട് അവൾ അത്ഭുതപ്പെട്ടുപോയി. മാത്രമല്ല  രണ്ടു കപ്പിൽ ആവി പാറുന്ന നല്ല ചൂട് ചായ റെഡിയാക്കി വച്ചിരിക്കുന്നു. അരികിലായി ചൂട് ഉപ്പുമാവും. കുറച്ചു നേരം ഒന്നും പിടികിട്ടാതെ അവൾ  അങ്ങനെ നിന്നു. പിന്നെ ഒറ്റ ഓട്ടത്തിന് അടുക്കളയിൽ നിന്നും തിരിച്ചഉമ്മറത്തെത്തി. അവിടെ കണ്ടകാഴ്ച അവളെ വീണ്ടും ഞെട്ടിച്ചു. പാഓ അയാളുടെ കൈ കുമ്പിളിലെ മീനിനോട് സംസാരിക്കുന്നു.

“പാഓ അടുക്കളയിൽ അതു കണ്ടോ …”

പിറകിലേക്ക് കൈ ചൂണ്ടി പറയും മുൻപ്, മുൻപത്തെ പോലെ തന്നെ ദേ കിട്ടി മറുപടി.

“മഹാ അതു ഞാൻ ഉണ്ടാക്കിയതാ... നീ ഒത്തിരി യാത്ര കഴിഞ്ഞു വരുന്നതല്ലേ, എനിക്കറിയാം. അതും ഈ കോരിച്ചൊരിയുന്ന മഴയത്ത്...’’

“വേഗമെടുത്തു കഴിച്ചോളു” പാഓ അവളോട് മെല്ലെ പറഞ്ഞു…

അവൾ കുറച്ച് ഉപ്പുമാവും ഒരുഗ്ലാസ്സ് ചായയും വിറയ്ക്കുന്ന കൈകളോടെ അയാൾക്കരികിലേയ്ക്ക് വച്ചുനീട്ടി. ആർത്തിയോടെ അയാൾ അതെടുത്തു… എന്നിട്ട് കുറച്ചു ഉപ്പുമാവെടുത്തു ആത്മാക്കൾക്ക് കൊടുക്കും വിധം മീനിനു കൊടുത്തു.

“പാഓയ്ക്കു എന്നോട് പ്രണയം ആയിരുന്നോ… ഞാൻ ഇയാളുടെ മഹാ ആണോ?” ഇതു ചോദിക്കുവാൻ തന്നെ അവൾ തീരുമാനിച്ചു.  

അവളുടെ കണ്ണുകൾക്കതീതമായ എന്തോ ഒരു നിഗൂഢത  അയാളിൽ ഉണ്ടായിരുന്നു.

പാഓ പറഞ്ഞു തുടങ്ങി...

“മഹാ എനിക്കു നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്റെ അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ എനിക്കു നീ ആയിരുന്നു എല്ലാം. സ്വർണകൊതി മൂത്തു നമ്മുടെ നാട്ടിൽ വന്ന പോർച്ചുഗീസ് സായിപ്പന്മാർ സമുദായ തലവൻമാരെ കയ്യിലെടുത്തു രാജ്യത്തിന്റെ  ഉള്ളിൽ തന്നെ യുദ്ധം അഴിച്ചു വിടീച്ചു. 

സ്വന്തം സാമ്രാജ്യത്തിലെ തലവന്മാർ നമ്മുടെ വംശജരെ അടിമകളാക്കി ഉപയോഗിച്ചു പടവെട്ടി. വിചാരിച്ചതു പോലെ സ്വർണം കിട്ടാതെ വന്ന വെള്ളക്കാർ നമ്മുടെ കൂടെ ഉണ്ടായിരുന്ന മനുഷ്യരെ തന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. 

ഏറ്റവും ഒടുവിൽ തലവന്മാരുടെ മക്കളെവരെ കൊണ്ടുപോവുന്നത് കണ്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. തങ്ങളുടെ രാജ്യത്ത് ജനസംഖ്യ  കുറഞ്ഞു വരുന്നത് ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും തെല്ലും വക വയ്ക്കാതെ ചെറിയ കുട്ടികളെ വരെ ആ ദുഷ്ടന്മാർ കൊണ്ടു പോയി.  

ക്ഷീണം ഇല്ലാതെ പോരാടുകയും പണിയെടുക്കുകയും ചെയ്യുന്ന വെറും കല്ലുകൾ ആയിരുന്നു അവർക്കു ഞങ്ങൾ. മജ്ജയും മാംസവും ഉണ്ടായിരുന്നിട്ടും നിറം കറുപ്പായതു കൊണ്ട് മനസ്സില്ലാത്ത കാട്ടാളന്‍മാരായി ഞങ്ങളെ മുദ്ര കുത്തി. മൊസാംബിക്വിൽ നിന്നും കൊണ്ടു വന്ന സ്ത്രീകളെയും പുരുഷന്‍മാരെയും വെറും രണ്ടോ മൂന്നോ ഡകറ്റ്സിനു വിറ്റു. ഒരു മനുഷ്യന്‍റെ വില വെള്ളക്കാർ നിശ്ചയിച്ചു. എന്നേക്കാൾ മുൻപേ അവർ എന്റെ മാതാപിതാക്കളെ കൊന്നു.”

ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊണ്ട് അയാൾ നിശബ്ദൻ ആയി മീനുകളെ നോക്കി തലകുനിച്ചിരുന്നു. എല്ലാം  കേട്ടു കൊണ്ട് അവളും...

“മഹാ നീ ഈ പടിയിലേക്കു ഇരിക്ക്...” ഒരു സ്വപ്നത്തിൽ ഇരുന്നവൾ പാഓയുടെ വാക്കുകൾക്ക് വീണ്ടും കാതോർത്തു.

“വെള്ളം  പടി വരെ കയറീട്ടുണ്ട് അല്ലെ … നിന്റെ ആഗ്രഹം ആയിരുന്നില്ലേ മഴയത്തു മുറ്റത്തു പൊന്തുന്ന വെള്ളത്തിൽ ഇതു പോലെ കാലിട്ട് ആ ചെറു മീനുകളെ ഒന്നു തൊടുവാൻ. ഇങ്ങോട്ടിരിക്കു മഹാ… ഇവിടെ എന്റെയടുത്തു രണ്ടു മീനുകളുണ്ട്. നീ കയ്യിൽ  എടുക്കുവാൻ കാത്തു നില്‍ക്കുകയാണ് അവർ. എന്റെയച്ഛനും അമ്മയും.”   

മീനാണോ നിങ്ങളുടെ അച്ഛനുമമ്മയും  എന്നവൾ  ചോദിച്ചു.“അതെ മീൻ തന്നെ… അവരാണ് ഈ രണ്ടു മീനുകൾ. അമ്മ മലബാറിൽ വച്ചു വസൂരി പിടി പെട്ടു മരിച്ചു. പോർച്ചുഗീസുകാർ അടിമകളെ കൊണ്ടു വന്ന കപ്പലിൽ അച്ഛൻ മീനായി ജനിച്ചു. പിന്നീട് അമ്മയും ഒരു മീനായി ജനിച്ചു അച്ഛനു കൂട്ടായ്.”

അവളുടെ മുഖത്തെ സംശയം കണ്ട അയാൾ വീണ്ടും തുടർന്നു…

“ഒരിക്കൽ അടിമകളെ തിക്കി നിറച്ചു  പോർച്ചുഗീസ് ചരക്കു കപ്പൽ മലബാറിലേക്ക് വരികയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തു വച്ചു കൊടുങ്കാറ്റിലും പേമാരിയിലും പെട്ടു കപ്പൽ ആടിയുലഞ്ഞു. അന്ന് ഏമാന്‍മാരും കപ്പലിൽ ഉണ്ടായിരുന്ന അടിമകളും കൂടി കപ്പലിന്‍റെ മുകൾത്തട്ടിൽ പോയി കൂട്ട പ്രാർത്ഥന നടത്തി. എന്നിട്ടും തിരകൾ അടങ്ങിയില്ല. അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ചു ഏമാന്മാർ ഒടുവിലൊരു  വഴി കണ്ടെത്തി. നല്ല തണ്ടും തടിയുമുള്ള ഒരു കാഫറെ കടലിലേക്കെറിഞ്ഞു കൊടുക്കുക. തിരഞ്ഞെടുത്ത ആ ഭാഗ്യവാൻ എന്റെ അച്ഛൻ ആയിരുന്നു… അവർ അച്ഛനെ കപ്പലിന്‍റെ അറ്റത്തു കൊണ്ടുപോയി നിറുത്തിയതിന് ശേഷം തല അരിഞ്ഞു വീഴ്ത്തി… കടലിനു ബലിയായി ഉടലും തലയും നൽകി. ഉടനെ കടൽ ശാന്തമായി.

ഒരു പ്രായശ്ചിത്തം എന്നവണ്ണം അന്നത്തെ ആ കപ്പലിൽ ഉണ്ടായിരുന്ന കപ്പിത്താൻ കൊച്ചിയിൽ താമസമാക്കി. കൊച്ചി ഉപേക്ഷിച്ചു പോകുവാനും അയാൾക്ക് മനസു വന്നില്ല എന്നതാവും കൂടുതൽ ശരി. അതു മാത്രമല്ല  ഉള്ളിലുള്ള ഭയം മടക്ക യാത്രക്കുള്ള കടൽ താണ്ടാൻ അയാളെ അനുവദിച്ചില്ല. അയാളെന്നും എന്റെ അച്ഛനെ ഓർക്കുമായിരുന്നു. ആ ഓർമയ്ക്കായി ഭക്ഷണം കഴിക്കും മുൻപ് എന്നും അയാൾ ഒരു പങ്കു അച്ഛനു സമർപ്പിക്കുമായിരുന്നു.”

“അങ്ങനെ ഇരിക്കെ ഒരിക്കൽ ആരോ കാഴ്ചയായി വച്ച ഒരു കെട്ടു ബീഡിയും അരയിൽ തിരുകി കാപ്പിരി മതിലിനു മുകളിൽ ഇരിക്കയായിരുന്നു ഞാൻ. പെട്ടെന്ന് നാവിക വേഷധാരി ആയ സ്വർണ തലമുടിയുമായ് ഉയരം കൂടിയ കൊമ്പൻ മീശയുള്ള ഒരാള് എന്റെ അടുത്തേയ്ക്കു നടന്നു വന്നു. ''ഓയി ബോംഡിഎഹ്, മ്യു നോമിയെഹ് ഹെയ്‌തൂർ…'' 

അവളുടെ നിൽപ്പ് കണ്ടപ്പോൾ പാഓയ്ക്കു പിടികിട്ടി ഒന്നും മനസിലായിട്ടില്ലാന്നു. 

“പോർച്ചുഗിസ്‌ ഭാഷയൊക്ക മറന്നൂല്ലേ?”

ഹലോ ഗുഡ്മോർണിംഗ്, എന്റെ പേര് ഹെക്ടർ എന്നാണ് അയാൾ പറഞ്ഞത് എന്നു അവൾക്കു മനസിലാക്കി കൊടുത്തു.

''എന്നിട്ട്…?'' 

ആകാംഷയോടവൾ ചോദിച്ചു. 

ഒരു കഥ കേൾക്കും പോലവൾ പാഓയുടെ കണ്ണിൽ നോക്കി ഇരുന്നു. പാഓ അവളുടെ കണ്ണിലെ തിളക്കം കണ്ടു ഒട്ടും വൈകാതെ തുടർന്നു…

''ഹമ്മ്... എന്നിട്ട് എന്റെ അടുക്കൽ വന്ന ഹെയ്‌തൂർ എന്നെ ഫോർട്ടുകൊച്ചിയിലെ ഡച്ച് സെമിത്തേരിയുടെ അരികിലേക്ക് കൂട്ടി കൊണ്ട്‌ പോയ്. അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന നല്ലൊരു സിഗാർ എനിക്ക് വച്ചു നീട്ടികൊണ്ടു പറഞ്ഞു. ആത്മാക്കൾക്ക് ഇടയിൽ അടിമയെന്നോ ഏമാനെന്നോ ഉള്ള വ്യത്യാസം ഇല്ലാന്ന് കാണിക്കുവാൻ വേണ്ടി. എന്റെ തോളിൽ തട്ടി പറഞ്ഞു ധീരനായ അച്ഛന്റെ മകൻ ആണ് നീ പാഓ. 

‘രണ്ടു ദിവസം മുൻപ് ഞാൻ മരിച്ചു അപ്പോൾ മുതൽ നിന്നെ അന്വേഷിച്ചു ഇറങ്ങിയത് ആണ്. എനിക്കിനി പേടി കൂടാതെ എന്റെ നാട്ടിലേയ്ക്ക് പോവാം.’

ഹെയ്‌തൂർ എന്നോട് ഒരു കാര്യം കൂടി ഓർമിപ്പിച്ചു അയാളുടെ ആത്മാവ് ഇവിടെ നിന്നും പോയാലും ഇവിടുള്ള ആളുകൾ ആത്മാവിനു കൊടുക്കാൻ ഉള്ളത് കൊടുക്കണം. അതു പറഞ്ഞു തീർന്ന ഉടൻ അയാൾ കട്ടിയുള്ള വെള്ള പുകയായി കാറ്റിനൊപ്പം പോയി. കപ്പിത്താൻ പറഞ്ഞിട്ട് പോയന്ന് മുതൽ ഞാനിതു തുടരുന്നു. കണ്ടില്ലേ മീനുകൾ രണ്ടും കഴിച്ചത്. അയാൾ വീണ്ടും കൈകുമ്പിളിൽ മീനുകളെ കോരി എടുത്തു. പറഞ്ഞത് ശരിയാണ് എന്നു വരുത്തുവാൻ.''

                                

ഉറക്കത്തിന്റെ ആലസ്യം നിറയുന്ന അവളുടെ കണ്ണുകൾ ശ്രദ്ധിച്ചു കൊണ്ട് പാഓ പറഞ്ഞു... ''നിനക്ക് നല്ല ക്ഷീണം ഉണ്ട്, പോയി കിടന്ന് ഉറങ്ങിക്കൊള്ളൂ മഹാ. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.'' 

ഇത്തവണ അവൾ പാഓ എന്ന് വിളിച്ചത് അൽപം മയത്തിൽ ആയിരുന്നു. ആദ്യം ഉണ്ടായിരുന്ന വെറുപ്പിന് ലേശം കുറവുണ്ടോ എന്നു തോന്നിപ്പിക്കും പോലെ…

''പാഓ, നിങ്ങൾ ഇവിടെ ഇരിക്കേണ്ട ആവശ്യം ഇല്ല. നിങ്ങൾക്കു പോവാം. ഒത്തിരി ദൂരം ഉണ്ടോ വീട്ടിലേയ്ക്ക്...?

അതോ ഇവിടെ അടുത്ത് വല്ലതും ആണോ താമസം? 

ശരി എന്നാൽ…

ഞാൻ ഒന്ന് കിടക്കട്ടെ." 

അവൾ അകത്തേയ്ക്കു ചെന്ന് അലമാരയുടെ മുകളിൽ വച്ചിരുന്ന ഒരു കുട എടുത്തു. കുട ലേശം തുരുമ്പു പിടിച്ചിട്ടുണ്ടായിരുന്നു. അത് നിവരുമോ ഇല്ലയോ എന്നൊന്നും അവൾ ആലോചിച്ചില്ല. വേഗം എടുത്തു അയാൾക്ക്‌ കൊടുത്തു പറഞ്ഞു വിടണം എന്നു ചിന്തിച്ചു കൊണ്ടുപറഞ്ഞു,

''പാഓ ദാ ഈ കുട എടുത്തോളു…

കുട മടക്കി തരേണ്ട നിങ്ങൾ എടുത്തോളു. ഇവിടെ വേറെ കുടയുണ്ട്…” അതു മടക്കി തരുവാൻ ഇനിയും വരാതിരിക്കുവാൻ വേണ്ടി ഒരു ചെറിയ മുൻകരുതൽ എന്ന പോലെ അവൾ പറഞ്ഞു.

“ആഹ് പിന്നെ നാളെ ഞാൻ ഇവിടുണ്ടാവില്ല കുറെ നാളു കൂടി നാട്ടിൽ വന്നത് അല്ലെ ഒന്നുരണ്ടിടത്തു പോവാനുണ്ട്.'' 

അയാൾ ഒന്നും മിണ്ടാതെ ഉണ്ടകണ്ണുരുട്ടി അവളെ തറപ്പിച്ചു നോക്കി. കുടയൊട്ടു മേടിച്ചുമില്ല. അയാൾ കുട മേടിക്കാതെ പെട്ടെന്നു ചാടി എണീറ്റു. 

“പാഓ നിങ്ങൾക്കു വീടില്ലേ?”

അയാള് അതൊന്നും കേൾക്കാത്ത മട്ടിൽ വെള്ളം നിറഞ്ഞ ആ മുറ്റത്തേയ്ക്ക് ആഞ്ഞു ചവിട്ടി വെള്ളം തെറിപ്പിച്ചുകൊണ്ടു വീടിന്റെ ചുറ്റു മതിലിന്റെ മേലേയ്ക്കു കയറി ഇരുന്നു കൊണ്ട്‌ പറഞ്ഞു...

"മഹാ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കെന്നെ വിശ്വാസം വരുന്നില്ല അല്ലെ.. ഞാൻ കുറച്ചു ദിവസായി ഇവിടെ തന്നെ ആണ് താമസം.''  

മഴയുടെ ശക്തി വീണ്ടും കൂടി. കൂട്ടത്തിൽ നല്ല ഇടിയും മിന്നലും. മിന്നലിൽ അയാളുടെ മുഖം വിരൂപമായ പോലെ. അവളുടനെ കതകടച്ചു കുറ്റി ഇട്ടു പതിയെ കട്ടിലിൽ കിടന്നു.അയാളുടെ രൂപം മനസ്സിലേക്ക് മിന്നൽ പോലെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അതുകൊണ്ടു തന്നെ അവൾ ഒരു പോള കണ്ണടച്ചില്ല. വീട്ടിൽ നിന്നും ഇറങ്ങിയ തീരുമാനം തെറ്റായിരുന്നു എന്നുള്ള ചിന്ത അവളെ കരയിച്ചു. 

''എനിക്കിപ്പോ എന്റെ മോളെ കാണണം… ഒന്ന് വേഗം നേരം വെളുത്തിരുന്നെങ്കിൽ ഞാൻ ഓടി പോയ് അവളെ കെട്ടിപിടിച്ചു കരയും.''

തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നിട്ടും അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല. എപ്പോഴോ ഒരു മയക്കം അവളെ തേടിയെത്തി. പക്ഷേ തലയില്ലാത്ത കുറെ ഉടലുകൾ അവളെ പിന്തുടർന്നു...

വെള്ളത്തിന് വേണ്ടി അവർ അവളെ ആക്രമിക്കുവാൻ പോയപ്പോൾ പാഓ അവളുടെ കൈകൾ പിടിച്ചതും അവൾ ഞെട്ടി എണീറ്റു. 

ഉറക്കത്തിന്റെ കാര്യത്തിൽ അതോടെ തീരുമാനം ആയി. അവൾ സമയം നോക്കി, രാത്രി രണ്ടു മണി. ഇനി എന്ത് ചെയ്യും എന്നാലോചിച്ചു അവൾ കണ്ണും തുറന്നു കിടന്നു.

അവസാനം അവൾ ചാടി എണീറ്റ് വാതിൽ തുറന്നു. പുറത്തേയ്ക്കു നോക്കിയപ്പോൾ അയാൾ പെരുമഴയത്തു മതിലിനു മുകളിൽ കുത്തി ഇരിക്കുന്നു. 

''മതി അവിടിരുന്നതു.. ശല്യം.. ഇങ്ങോട്ടു കയറി ഇരുന്നോളൂ… സ്വന്തം വീട്ടിലെങ്കിലും സ്വസ്ഥമായി ഉറങ്ങാമെന്നു വിചാരിച്ചതാ ഞാൻ. അതിങ്ങനെ ആയല്ലോ ഈശ്വരാ… ‘ഒരു പാഓയും അയാളുടെ കുറെ നൊസും!!!!’

എന്നൊരു പുസ്തകം ഇറക്കാൻ പോവാ ഞാൻ… വല്ലോം മനസിലായോ ഇഷ്ടാ… എവിടെ മനസ്സിലാവാൻ അല്ലേ. ഈ പൊട്ടൻ ശങ്കരന് എന്ത് പുസ്തകം എന്തു ബോധം…എന്തായാലും സിനിമേല് പറയും പോലെ 'എത്ര മനോഹരമായ ആചാരങ്ങൾ'. അതെന്തായാലും വല്ലാത്തൊരു കഷ്ടായി പോയി. വല്ലപ്പോഴുമെങ്കിലും വീട്ടിലേയ്ക്കു വരേണ്ടതായിരുന്നു.

വന്നിരുന്നെങ്കിൽ ഇതുപോലെ  ഒരു പാഓയും പാവ്ഭാജീം ഒന്നും വീട്ടിൽ കയറി താമസിക്കുമായിരുന്നില്ല.” എന്റെ തെറ്റ് എന്നു പറഞ്ഞവൾ തലയ്ക്കു കൈവച്ചു പോയി.

“ഇതിപ്പോ അയൽപക്കത്തെ ആളുകൾ വരെ എന്നെ മറന്നു കാണും. പുതിയ കുട്ടികൾക്കൊക്കെ എന്നെ എങ്ങനെ അറിയാനാ?...

അവിടെയെല്ലാം എല്ലാരും ജോലിക്കാരാണ്. പിന്നെ വയസ്സാവരൊക്കെ ആരും തന്നെ ഇപ്പൊ ജീവനോടെയുമില്ല. ഇനി ബാക്കി ജീവനോടെ ഉള്ളവരെയെല്ലാം, മിക്കവാറും വൃദ്ധസദനത്തിൽ എൻജോയ് ചെയ്യാൻ കൊണ്ടു വിട്ടും കാണും. ഞാനും മോശമല്ല നഗരത്തിലെ എന്റെ വീട്ടിലെ അയൽപക്കത്തുള്ളോരെ അറിയാത്ത ഞാൻ ആണ് ഇനി ഇവിടെ പണ്ടത്തെ പരിചയം പുതുക്കുവാൻ പോകുന്നേ...

എന്തായാലും എന്റെ ജീവിതത്തിലെ വലിയൊരു തിരിച്ചറിവാണ് ഈ വരവ്.

സ്വന്തം വീട്ടുകാരുടെ ഫോൺ നമ്പർ പോലും ഓർത്തെടുക്കാൻ കഴിയാത്ത ഒരു തലമുറയിലിലേക്കാണ് എന്റെ പകുതി ജീവിതത്തെ ജനിച്ചു വീഴ്ത്തിയത്. എണ്ണിയാൽ ഒടുങ്ങാത്ത കുറെ എഫ്.ബി. കൂട്ടുകാരും വാട്സാപ്പ്  കൂട്ടുകാരുമൊന്നും ഉണ്ടായിട്ട് ഒരു കാര്യോമില്ല. ലൈക് അടിക്കാനും സ്മൈലി ഇടാനും മാത്രം കൊള്ളാം. 

ഈ അവസ്ഥയിൽ തനിക്ക് ആരുമില്ല… വിളിച്ചാലും വരില്ല. അതെല്ലാം ഒരു മായാ ലോകം ആണ്. കണ്ടാൽ  ഓടി വന്നു ആത്മാർത്ഥമായിട്ടു ചിരിക്കുന്ന കൂട്ടുകാർ ഇന്ന് ഇല്ലാന്ന് തന്നെ പറയാം.

ഇതെല്ലാം കേട്ടുകൊണ്ട് ''ഇര വിഴുങ്ങിയ പാമ്പിനെ പോലെ പാഓ അരമതിലിൽ അനങ്ങാതിരുന്നു. അവൾ വീണ്ടും പറഞ്ഞു തുടങ്ങി.

''ഈശ്വരാ ഇയാളുടെ മഹായെ ഒന്ന് വേഗം കാട്ടി കൊടുക്കണേ... ഇല്ലെങ്കിൽ ഞാനും ഇയാളെ പോലെ ആയി പോവും. തലയിലോ മറ്റോ വല്ല തേങ്ങാ വീണു നൊസ്സായതാണോ. അല്ലാതെ ഈ ജാതി പ്രാന്ത് പറയില്ല. ചരിത്രത്തിലൊക്കെ നല്ല വിവരാണ് ഈ മഹാന്. ഞാൻ എന്തായാലും ഈ മായാജാലക്കാരനെ വിശ്വസിക്കില്ല.

ബിക്കോസ് ഐ ആം രവീണ നോട്ട് മഹാ.

ഐ വിൽ നെവർ ബിലീവ് ദിസ് അറ്റെർ ഫൂലിഷ്നെസ്.

ഈ യുഗത്തിലെ ഞാൻ ഇതൊക്കെ കണ്ടു മയങ്ങില്ല.''

അവളുടെ ഗദ്ഗദങ്ങൾ ഒരു തീവണ്ടി പോലെ നീണ്ടു നീണ്ടു പോയി. പാവം പാഓ ആ തീവണ്ടിയെ നോക്കി  ഇരിക്കുന്ന  യാത്രികനെ പോലെയും.

മഹായുടെ മാറ്റം പാഓയെ നന്നായിട്ടു തന്നെ വിഷമിപ്പിച്ചു.

                                                      

‘’നീ ഒരുപാട് മാറി, ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പണ്ട്, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മുഖം അതായിരുന്നു എന്റെ മനസ്സിൽ നീ.'' എന്തായാലും നേരം വെളുക്കും വരെ അവൾ പാഓയെ കേൾക്കേണ്ടി വരും അല്ലാതെ വേറെ വഴിയില്ല. അതുകൊണ്ടു പാതി മനസ്സോടെ അയാളെ കേട്ടിരുന്നു.  

“മഹാ” അയാളുടെ വിളിയിൽ വല്ലാത്തൊരു തോന്നിതുടങ്ങിയിരുന്നു.

മഹാ അയാൾ വീണ്ടും വിളിച്ചു…

''നീ ഇവിടെ വന്നതു നിന്റെ ഓർമകൾ ഉറങ്ങുന്ന ഈ മണ്ണിൽ ശിഷ്ടകാലം ആസ്വദിച്ചു ജീവിക്കുവാൻ വേണ്ടിയാണ്. പക്ഷേ ഞാൻ വന്നത് നിന്നെ എന്റെ കൂടെ കൊണ്ടുപോവാനും. നാളെ മഴ തോർന്നാൽ ആ മാവിൻ കൊമ്പിലെ ഇലയിലെ ശേഷിച്ച മഴത്തുള്ളികളെ വടി കൊണ്ട് നിനക്കു തട്ടി ഇടണ്ടേ?

നിനക്കു നിന്റെ കളിക്കൂട്ടുകാരിയുടെ കൂടെ ആ പറമ്പിലെ കുളത്തിനരികിൽ പോയ് ഒരായിരം കാര്യങ്ങൾ പറയണ്ടേ, പള്ളിക്കൂടത്തിലേക്കുള്ള വഴിയിലൂടൊക്കെ ഒന്ന് നടക്കണ്ടേ… ഇതിനെല്ലാമായ് നിന്റെ മനസ്സ് എത്രമാത്രം കൊതിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. നിന്റെ മനസ്സിൽ ഞാൻ ഇപ്പോളും ഒരു ഭ്രാന്തൻ ആണ്. 

പക്ഷേ ഈ ഭ്രാന്തിനു നിന്റെ സ്വപ്നങ്ങളുടെ കൂടെ കൂട്ടു വരാൻ പറ്റും. നിന്നെ എവിടെ വേണമെങ്കിലും ഞാൻ കൊണ്ട് പോവാം. 

എന്റെ കൂടെ നീ വരുമെന്നു സമ്മതിച്ചേ പറ്റൂ. ഇനി നീ ഇല്ലാതെ ഞാൻ എങ്ങോട്ടേയ്ക്കും ഇല്ല.....''

ആരും അറിയാതെ അവൾ മനസ്സിലിട്ടു താലോലിച്ച സ്വപ്നങ്ങളെ ഒരു തെറ്റും കൂടാതെ അയാൾ  പറഞ്ഞു. മഴ.....ചില സമയങ്ങളിൽ അത്  ഓർമകളുടെ നൊമ്പരം സമ്മാനിക്കും. അവിടെ പ്രണയം ഉണ്ടാവില്ല പകരം നഷ്ടപ്പെട്ട് പോയ കുറെ നല്ല സ്നേഹബന്ധങ്ങളുടെ വേദനിപ്പിക്കുന്ന ഓർമകൾ മാത്രമാകും ഉണ്ടാവുക.

ആ വീട്ടിൽ പണ്ട് ഉണ്ടായിരുന്ന അച്ഛനോ അമ്മയോ സഹോദരനോ ഇന്ന് അവളുടെ കൂടെ ഇല്ല. എല്ലാരും അവളെ വിട്ടു പോയിട്ട് കാലങ്ങളായി. ആദ്യസമയങ്ങളിൽ വല്ലാത്ത ഒരു ശൂന്യത ആയിരുന്നു. പിന്നെ കാലം അവളെ മുൻപോട്ടു ഓടിച്ചു. ഓടി തളർന്നിരിക്കുമ്പോൾ വെറുതെ എങ്കിലും ഫോൺ എടുത്തിട്ട് അച്ഛന്റെയും ഏട്ടന്റെയും ഒക്കെ നമ്പർ നോക്കും. 

“അവർ ദൂരെ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നെ വിളിക്കുമായിരുന്നില്ലെ…… ഞാനിങ്ങനെ ഒറ്റ പെട്ട് പോവുമായിരുന്നില്ലല്ലോ…”

മഴയുടെ ശക്തി കൂടിയും കുറഞ്ഞും പെയ്തു കൊണ്ടേയിരുന്നു. അവളുടെ നെഞ്ചിലെ ചൂട് കൂടി കൂടി കണ്ണുനീരായ് പുറത്തേക്ക് ഒഴുകി. 

''എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നോ? എവിടെ പോയാലും ഓരോ പ്രശ്നങ്ങൾ എന്നെ പിന്തുടരുന്നതു പോലെ. ബന്ധങ്ങളാകുന്ന ബന്ധനങ്ങളെല്ലാം ഇട്ടെറിഞ്ഞു ഓടി ഒളിച്ചിട്ടും ആ കെട്ടുകൾ വീണ്ടും പതിൻ മടങ്ങു ശക്തിയിൽ മുറുകുക ആണല്ലോ ഭഗവതീ. എന്ത് വന്നാലും ഇന്നലെ കണ്ട കാപ്പിരിക്ക്, എന്നെ കൊണ്ട് പോകുവാൻ കഴിയില്ല. ഇയാളല്ലല്ലോ എന്റെ ജീവിതത്തിന്റെ ഗതി മാറ്റുന്നത്…'' 

മനസ്സിൽ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഭയം അവളെ വിഴുങ്ങിയിരുന്നു. ഒന്നനങ്ങാൻ പോലും കഴിയാതെ അവൾ ആ കസേരയിൽ ഇരുന്നു. 

''ഒരാത്മാവ് എന്റെ കൂടെ ഇരിക്കുന്നു എന്നോട് സംസാരിക്കുന്നു എന്റെ പേര് മാറ്റുന്നു. അയാൾ പറയുന്നത് എല്ലാം എന്റെ ആത്മാവ് കാർന്നുതിന്നും പോലെ. പൂർവ ജന്മത്തിലെ കാര്യം തന്നെയാണോ ഞാൻ ഇത്രയും നേരം കേട്ടിരുന്നത്. ഇയാൾ എന്നെ കൂടെ കൂട്ടും...” 

അവൾ മോളെ ഓർത്തു പൊട്ടി കരഞ്ഞു. നേരം ഇനി വെളുക്കില്ല ഈ കാപ്പിരി, അയാളിലെ ഇരുട്ട് എല്ലാ ഇടത്തേയ്ക്കും പടർത്തി. 

മനസിലെ വെളിച്ചം കെടാതെ അവൾ പിടിച്ചു നിന്നു… സൂര്യനെയും കാത്ത്.

പാഓയുടെ മലയാളം കേൾക്കാൻ ഒരു രസോണ്ട്. കാരണം അയാൾക്കിപ്പോ സ്വന്തമായി ഒരു ഭാഷ ഉണ്ട്. 

എല്ലാം കൂടി ചേർത്ത് പ്രത്യേക രീതിയിലാണ് വർത്തമാനം. ആഫ്രിക്കനും പോർച്ചുഗീസും അവിടേം ഇവിടേം ആംഗലേയോം പിന്നെ നമ്മുടെ സ്വന്തം മലയാളോം.....

വേറൊരു ആള് കേൾക്കുക ആണെങ്കിൽ രണ്ടു പ്രാവശ്യം ഇയാള് പറയേണ്ടി വരുമെന്ന് അവൾ ഓർത്തു. “എന്നിട്ടും എനിക്കു എങ്ങനെ മനസ്സിലാവുന്നു?” ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലുണ്ട്. അവൾ പതുക്കെ അയാളെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. 

അയാൾ വീണ്ടും കൈകുമ്പിളിൽ രണ്ടു മീനുകളെ എടുത്തു അവളുടെ കൈയ്യിലേയ്ക്ക് വച്ചു കൊടുത്തു. 

''മഹാ....നീ ആ മീനുകളെ ഒന്നു സൂക്ഷിച്ചു നോക്കു…" അയാൾ പറഞ്ഞതനുസരിച്ചു അവൾ അതിനെ സൂക്ഷിച്ചു നോക്കി. ഉരുണ്ട കണ്ണുകൾ ഉള്ള രണ്ടു കറുത്ത പള്ളത്തികൾ. 

അതിൽ ഒരെണ്ണം ചുണ്ടുകൾ കൂർപ്പിച്ചു അവളോടു സംസാരിച്ചു തുടങ്ങി..

''ഓ മ്യു നോമീയെഹ് എകുണ്ടായോ. ഈയോനോമി ദെലാ ലേഹ് ഫൊലാമി." 

പാഓ ഉടനെ അവളോടു പറഞ്ഞു അച്ഛന്റെയും അമ്മയുടെയും പേരാണിപ്പോ പറഞ്ഞത്

"എകുണ്ടായോ, ഫൊലാമി''. 

''അച്ഛൻ പറഞ്ഞത് എനിക്കു മനസിലായി പാഓ. എനിക്കിപ്പോൾ നിങ്ങളുടെ പോർച്ചുഗീസ് ഭാഷ മനസിലായി തുടങ്ങി.'' 

പിന്നീടുള്ളത് എല്ലാം എകുണ്ടായോ പോർച്ചുഗീസിൽ തന്നെ പറഞ്ഞു. എകുണ്ടായോയും ഫൊലാമിയും അവൾ മഹാ ആണെന്നു പറഞ്ഞു. 

അവളുടെ അച്ഛന്റെ പേര് ഒലൂച്ചിയും അമ്മ മോസായും. അവരുടെ ഒരേയൊരു മകൾ ആയിരുന്നു മഹാ. 

മഹായെയും വെള്ളക്കാർ അടിമയാക്കി എങ്ങോട്ടോ തട്ടികൊണ്ടുപോയി. പിന്നീട് അവളും എല്ലാ യാതനകളും ഏറ്റു വാങ്ങി ജീവൻ വെടിഞ്ഞു. 

ഫൊലാമി അവളോടായി പറഞ്ഞു…

“എന്റെ  മകനു വേണ്ടി നിന്നെ ഞാൻ കുറെ തിരഞ്ഞു"

അവസാനം നിന്നെ കണ്ടെത്തിയപ്പോൾ നീ ഈ നാട്ടുകാരിയായ് ജന്മം എടുത്തു കഴിഞ്ഞിരുന്നു. 

വളരെ പണ്ടു മുതൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് എറിയപ്പെട്ടവരാണ് നമ്മൾ… നമ്മുടെ കഥകൾ ഒരിക്കലും പറഞ്ഞു തീരാത്ത, യാതനകളുടെ, ത്യാഗങ്ങളുടെ, ചോരയുടെ വാസനയുള്ള ജീവിതങ്ങൾ ആണു. നിറങ്ങൾ മനുഷ്യനെ പല വിഭാഗങ്ങൾ ആയി തിരിച്ചു. ആ നിറങ്ങൾ തന്നെ മറ്റൊരു നിറത്തെ വേട്ടയാടി. 

ഒന്നാലോചിച്ചാൽ ലോകത്തിലെ എല്ലാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധം ഉള്ളവർ തന്നെ. അത് തിരിച്ചറിയാത്ത കുറെ ക്രൂരന്മാർ നമ്മെ പച്ചയ്ക്കു അറുത്തിട്ടു. 

കാപ്പിരികൾ പുനർജനിച്ചു പല പേരുകളിൽ, പല നിറങ്ങളിൽ, പല ഇടങ്ങളിലായി ജീവിക്കുന്നു. പിന്നെ കുറച്ചു പേരുണ്ട് അവർ തീരാതെ പോയ ആശകളെ  നിറവേറ്റുവാൻ ആത്മാക്കൾ ആയി അലയുന്നു.”

ഇങ്ങനെ പറഞ്ഞു കൊണ്ട് ആ രണ്ടു പള്ളത്തികൾ വെള്ളത്തിലേക്ക് ചാടി... കുറെ ഏറെ കഥകൾ ബാക്കിയാക്കി.

ഇനി രവീണ പാഓയെ ഭ്രാന്തൻ എന്നു വിളിക്കില്ല. അവളിൽ ഉണ്ടായിരുന്ന മഹായെ അവളിപ്പോ അറിയുന്നു. അവളുടെ പാഓയെ അവളിപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 

തന്നെ ബെയോബാബ് മരത്തിന്റെ പിറകിൽ ഒളിപ്പിച്ചു നിറ കണ്ണുകളോടെ പിടി കൊടുത്ത കളികൂട്ടുക്കാരൻ ആയ അവളുടെ മാത്രം പാഓ. മുറ്റത്തു നിൽക്കുന്ന രണ്ടു കുഞ്ഞു മാവിൻ തൈകൾ  അവളുടെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി. അവൾ സ്വയം വെള്ളക്കാർക്കു പിടി കൊടുക്കുകയായിരുന്നു. വേറൊന്നിനും അല്ല അവൾ അങ്ങനെ ചെയ്തത്…

അവളുടെ പാഓയുടെ അടുത്ത് എത്തി ചേരുവാൻ വേണ്ടി. കാലങ്ങൾ കഴിഞ്ഞു സ്നേഹം നിറഞ്ഞ മറ്റൊരു അച്ഛന്റെയും അമ്മയുടെയും മോളായ് പിറന്നപ്പോൾ അവർ അവൾക്ക് രവീണ എന്നു പേര് നൽകി. ഒരു വലിയ കാലത്തിന്റെ മറയ്ക്കുള്ളിൽ നിന്നും പാഓ അവളെ എങ്ങനെ കണ്ടെത്തി എന്നതും ആരും പറയാതെ തന്നെ അവൾക്കു വ്യക്തമായി. 

ഇപ്പോൾ പാഓ സ്വതന്ത്രനാണ്, മൂന്നു നൂറ്റാണ്ടുകൾക്കൊടുവിൽ. അവൾ അറിയാതെ അവനെ തുറന്നു വിട്ടു. ഒരു വർഷം മുൻപ് രവീണ മട്ടാഞ്ചേരിയിലെ മങ്ങാട്ടുമുക്കിൽ എത്തിയിരുന്നു. അന്ന് ഒരു സുഹൃത്തിന്റെ വീടു സന്ദർശിക്കുവാൻ എത്തിയ രവീണ കൊച്ചിയെല്ലാം കണ്ടു. അവിടെ കാപ്പിരി തറയിൽ എത്തിയ അവൾ ആദ്യം വിചാരിച്ചതു ഏതോ പ്രതിഷ്ഠ ആവും അതെന്ന്. 

മതിലിനോട് ചേർന്നുള്ള ആ തറയുടെ മധ്യത്തിൽ ഒരു ചെറിയ വിളക്കുണ്ടായിരുന്നു അതിന്റെ അരികിലായി ഒരു കുപ്പി കള്ളും ഒരു കെട്ടു ബീഡിയും ഉണ്ട്. പിന്നെ അവിടവിടെ ആയി കാക്ക കൊത്തി പറിച്ചതു പോലെ  പൊടിഞ്ഞു കിടക്കുന്ന കുറച്ച് പുട്ടും. 

പെട്ടെന്ന് പുറകിൽനിന്ന് അനു അവൾക്കൊരു തീപ്പെട്ടി കൊടുത്തിട്ടു വിളക്ക് കൊളുത്തുവാൻ പറഞ്ഞു. 

കൗതുകം അടക്കി വയ്ക്കുവാൻ നല്ല പ്രയാസമുള്ള രവീണ അതെ കുറിച്ച് അനുവിനോട് ചോദിച്ചു. 

''നീ ആദ്യം വിളക്കു കൊളുത്തു മോളെ. എന്നിട്ടു ആവട്ടെ കഥ പറയുന്നത്…'' അനു പറഞ്ഞു.

വിളക്കു കൊളുത്തിയതിനു ശേഷം രവീണയും അനുവും കൂടി അനുവിന്റെ വീടിനോടു ചേർന്നുള്ള പറമ്പിൽ ഒരു വലിയ ഊഞ്ഞാലിൽ പോയിരുന്നു. 

നേരം ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. പണ്ടു മുത്തശ്ശി പറയും പോലെ സന്ധ്യ എരിഞ്ഞു കയറുന്ന സമയം. എന്തായാലും കഥ പറയുവാൻ പറ്റിയ അന്തരീക്ഷം. 

''അനു വേഗം പറയൂ. എനിക്കു കേൾക്കണം... ക്ഷമയില്ലാ മോളു.'' 

അനു ഒന്നുകൂടി ചുറ്റും നോക്കി. എന്നിട്ട് ഊഞ്ഞാലിന്റെ കയറിൽ മുറുകെ പിടിച്ചു മെല്ലെ തല ആ കയ്യിലേക്ക് ചായ്ച്ചു വച്ച് കാലു നിലത്തു കുത്തികൊണ്ടു പതിയെ ആടികൊണ്ടു കഥ പറയുവാൻ ഒരുങ്ങി…

''രവീണേ നിനക്കറിയ്യോ... ആ തറയുടെ കീഴെ നിറയെ നിധി ആണ്. ആ നിധിക്കു കാവൽ ഇരിക്കുന്ന ആളാണ് കാപ്പിരി മുത്തപ്പൻ. കാപ്പിരി മുത്തപ്പന് വേണ്ടിയാണു നീ ഇപ്പോ തിരി തെളിയിച്ചത്.

പണ്ടിവിടെ പോർച്ചുഗീസ് കച്ചവടക്കാർ എത്തിയിരുന്നു. കച്ചവടത്തിനും പോരിനും ഒക്കെ ആയി അവർ കുറെ ആഫ്രിക്കൻ കാപ്പിരികളെ ഇവിടെ കൊണ്ടു വന്നു. അവരുടെ കഴുത്തിലും കയ്യിലും കുറെ ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്നു. അവരുടെ മുഖത്തൊക്കെ കുറെ വെട്ടുപാടുകൾ ഉണ്ടായിരുന്നു. പല്ലു മാത്രേ വെളുത്തത് എന്ന് പറയാൻ ഉള്ളൂ. കണ്ണ് വരെ കറുത്തിട്ടാണത്രെ. അമ്മമ്മ പറഞ്ഞതാട്ടോ ഇതൊക്കെ…''  

നിറത്തെ കുറിച്ചു പറഞ്ഞത് രവീണയ്ക്കു തീരെ ഇഷ്ടപ്പെട്ടില്ല.

 ''പഴയ ആളുകൾ ഓരോന്ന് പറഞ്ഞൂന്നുവച്ച് നീയും കളിയാക്കാ, കറുപ്പ് വെളുപ്പ് എന്നൊക്കെ പറഞ്ഞിട്ട്. അനു നീ നിറം വച്ച് ആരെയും കളിയാക്കരുതേ, നമ്മളൊക്കെ ഈ കാലത്തെ  വിദ്യാസമ്പന്നർ എന്ന് പറയപ്പെടുന്ന കൂട്ടത്തിൽ ഉള്ളതാ...

വെറുതെ നീ എന്നെ ദേഷ്യംപിടിപ്പിക്കല്ലേ'' 

അനു നിർത്താതെ ചിരിച്ചു കൊണ്ട് പറഞ്ഞു.

''എന്റെ മണ്ടിപ്പെണ്ണേ... പണ്ട് എപ്പോഴോ ജീവിച്ചു മരിച്ചു പോയ കാപ്പിരികളെക്കുറിച്ചു പറഞ്ഞതിന് നീ എന്തിനാടോ ഇത്ര ദേഷ്യ പെടുന്നത്...

നീ സങ്കടപ്പെടാതെ കഥ മുഴുവൻ കേൾക്കു, പിന്നെ നീ അധികം അങ്ങോട്ട് പാവം കൂറിയാൽ ചിലപ്പോൾ മതിലിനു മുകളിൽ ആരെയും ഉപദ്രവിക്കാതെ ബീഡിയും കള്ളുമായി കഴിയുന്ന കാപ്പിരി നിന്റെ കൂടെ അങ്ങ് പോരുംട്ടോ...

അത് വേണോ മോളെ…

ഞങ്ങള് വളരെ സൂക്ഷിച്ച് അവിടെ കുടിയിരുത്തീതാ പുള്ളിക്കാരനെ. ചില ആളുകളൊക്കെ സെക്കന്റ് ഷോ സിനിമ കണ്ടു മടങ്ങുമ്പോൾ കാപ്പിരി മതിലിനു മുകളിൽ ബീഡി വലിച്ചിരിക്കുന്നതു കണ്ടിട്ടുണ്ടത്രെ. ഈ കാപ്പിരികളുടെ മരണം അത്ര സുഖള്ളതൊന്നും അല്ല…''

“പോർചുഗീസ്കാർക്ക്‌ പുറകെ കൊച്ചി അന്വേഷിച്ചു ഡച്ചുകാരും എത്തി. ഡച്ചുകാരെ എതിർത്ത് നിൽക്കുവാൻ കഴിയാതിരുന്ന അവർ തങ്ങളുടെ സ്വത്തെല്ലാം വലിയ കുഴികൾ ഉണ്ടാക്കി അതിലിട്ടു. എന്നിട്ട് അതിനു കാവൽ ആയിട്ട് ആ പാവം കാപ്പിരികളെ വെട്ടിയരിഞ്ഞിട്ടു...

നിധിക്കു കാവൽ ആയി…

ഒടുവിൽ അവർ ആ കുഴികൾ മൂടി. വെള്ളക്കാർക്കും അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണത്. അതിനുശേഷം ആരും ആ നിധി തൊടുവാൻ ധൈര്യപ്പെട്ടിട്ടും ഇല്ല.'' അനു പറഞ്ഞ കഥ രവീണ മനസ്സിൽ ഒരുചലിക്കുന്ന ചിത്രം പോലെ കണ്ടു.                             

ഇപ്പൊ രവീണയ്ക്കു മനസിലായി എങ്ങനെ പാഓ അവളെ തിരിച്ചറിഞ്ഞുവെന്ന്. കാരണം നിധിക്കുള്ളിൽ ചേതനയറ്റുകിടന്ന പാഓയുടെ, ശരീരത്തിന്റെ മുകളിൽ മാത്രമേ ദുഷ്ടന്മാർ മതിലു പണിതുള്ളു. അവന്റെ മനസ്സ് ആ കുഴിക്കുള്ളിൽ ഇട്ട് മൂടുവാൻ അവർക്ക് സാധിച്ചില്ല. അവന്റെ ആത്മാവ് അവളുടെ വരവിനായി കാത്തിരുന്നു. മഴയും വെയിലും ഒക്കെ മാറി മറയുന്നതു കണ്ടു കൊണ്ട്. മനുഷ്യരുടെ മാറ്റങ്ങൾ കണ്ടു കൊണ്ട്. അവന്റെ ആത്മാവ് തുടിച്ചതു ഒന്നിന് വേണ്ടി മാത്രം,

മഹായുടെ കൈകളിൽ ഒന്നു കൂടി പിടിക്കണം.

രവീണ ഇപ്പോൾ വലിയ കുറെ തിരിച്ചറിവുകളുടെ നടുവിലായിരുന്നു. അവളാണ് മഹാ

അതിലുപരിയായി, ഏതൊക്കെ ജന്മം എടുത്താലും മനുഷ്യ വർഗം ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഉള്ളിൽ കുടുങ്ങി കിടക്കുകയാണെന്നും, ആർക്കും ആരിൽ നിന്നും ഒളിച്ചോടുവാൻ കഴിയില്ല എന്നും അവൾ മനസ്സിലാക്കി.

മഴയുടെ തണുപ്പ് കുറഞ്ഞു വരുന്നത് പോലെ. ഇത്രയും നേരം കേട്ടിരുന്ന പാഓയുടെ ശബ്ദം പെട്ടെന്നു കേൾക്കാതായി. മഴ കുറേ നേരത്തിനു ശേഷം ശമിച്ചു.

നേരം വെളുത്തു... ഇരുട്ടിനെ കീറി സൂര്യൻ വരുന്നുണ്ട്. അവൾ വീണ്ടും വിളിച്ചു… “പാഓ ഞാൻ നിന്റെ മഹാ ആണ്. അതു പോലെ തന്നെ ഞാൻ രവീണയും ആണ്.” 

നിശബ്ദത പൊടുന്നനെ പാഓയുടെ ഒരു മൂളി പാട്ടിൽ അവസാനിച്ചു. 

''മഹാ നേരം വെളുത്തു നമുക്ക് പോവാൻ സമയം ആയി, നിന്റെ എല്ലാ സ്വപ്നങ്ങളും നടത്തി തന്നാൽ നീ ചിലപ്പോൾ എന്റെ കൂടെ വരില്ല.'' 

പാഓയുടെ കൂടെ പോകേണ്ടിവരും എന്നോർത്ത് രവീണ നന്നായി പേടിച്ചു.

''ഇല്ല ഞാൻ വരില്ല പാഓ. എനിക്ക് എന്റെ സ്വപ്‌നങ്ങൾ മാത്രമല്ല, ജീവിതം കൂടി ബാക്കിയുണ്ട്. എനിക്ക് എന്റെ വിനീതേട്ടന്റെയും മോളുടെയും അടുത്തേയ്ക്കു പോയാൽ മതി. പാഓ നിന്റെ മനസിൽ ഉള്ളത് നടക്കില്ല.'' 

ഇത് പറഞ്ഞു തീർന്നതും പാഓയുടെ മുഖഭാവങ്ങളിലൊക്കെ എന്തൊക്കെയോ മാറ്റം വരുന്നത് അവൾ കണ്ടു. അയാളുടെ കയ്യിൽ ഒരു വാൾ പ്രത്യക്ഷപ്പെട്ടു. ആ വാൾ മുകളിലേയ്ക്കു പിടിച്ചു അയാൾ  അവളെ വെട്ടി വീഴ്ത്തുവാൻ ഒരുങ്ങി…

പെട്ടെന്ന് ആ വാളിൽ ഇരുട്ടാകുന്ന പുതപ്പിൽ നിന്നും രക്ഷപെട്ടു വരുന്ന സൂര്യ രശ്മികൾ പതിച്ചു.

വാളിന്റെ പ്രകാശത്തിൽ അവൾക്ക് ഒന്നും കാണുവാൻ കഴിഞ്ഞില്ല. അത്രയ്ക്ക് ഭയങ്കര വെളിച്ചം ആയിരുന്നു.

അവൾ മെല്ലെ കണ്ണ് തുറന്നു. വെയിലിന്റെ നേർത്ത രശ്മികൾ ജനൽ വിരിയിലൂടെ അവളുടെ കൺപോളകളെ തലോടി ഉണർത്തി. കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ക്ലോക്ക് ആയിരുന്നു. 

''മണി എട്ടു കഴിഞ്ഞോ? ഞാൻ വീടെത്തിയോ? അയാളെന്നെ കൊന്നില്ലേ? ആ വാള് കൊണ്ട്

എന്നെ കൊല്ലാതെ എന്റെ വീട്ടിൽ എത്തിച്ചത് അയാളാണോ?

ഇന്ന് ഏതാണ് ദിവസം…

ഞായറോ തിങ്കളോ…‌

ഒന്നും ഒരു നിശ്‌ചയോമില്ലല്ലോ ഈശ്വരാ. വിനീതേട്ടനെയും മോളെയും അയാള് കൊന്നു കാണുമോ...”

കുറേ സംശയങ്ങൾക്കു നടുവിൽ ചലനമറ്റു  നേരെ മുകളിലുള്ള ഫാനിൽ നോക്കി കിടന്നു. അവൾ നേരിട്ട സംഘർഷ ഭരിതമായ മുഹൂർത്തങ്ങൾ ആ കട്ടിലിൽനിന്നും ഒന്നെഴുന്നേൽക്കുവാൻ പോലും അവളെ ആശക്തയാക്കിയിരുന്നു.

കണ്ണിന്റെ മുൻപിൽ നിന്നും പാഓ മങ്ങി തുടങ്ങിയിരിക്കുന്നു. അവളുടെ കട്ടിലിന്റെ അരികിലേക്ക് ആരോ നടന്നു വരുന്നുണ്ട്...

''വിനീതേട്ടൻ ഒരു കപ്പു ചായയും പിടിച്ചു നിൽക്കുന്നു.'' 

അദ്ദേഹം സ്നേഹത്തോടെ അവളോട് ചോദിച്ചു, ''മാഡം എണീക്കുവാൻ ആയോ? ചായ റെഡി.'' 

അവൾ പതുക്കെ എണീറ്റ് ചായയുടെ കപ്പു മേടിച്ചു ചിരിച്ചു കൊണ്ട് എന്തൊക്കെയായിരുന്നു സംഭവിച്ചത് എന്ന് ആലോചിച്ചു. തിരിച്ചു വീട്ടിൽ എത്തിയ സന്തോഷത്തിൽ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സമാധാനം ആയിരുന്നു. 

എവിടെ പോയാലും, ഇവരെയെല്ലാം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ അവൾക്കു കഴിയില്ല. അവളുടെ ജീവൻ അവരുടെ കൂടെയാണുള്ളത്. വിനീതേട്ടനും മോളും കൂടി അടുക്കള കുളമാക്കി കാണും എന്നുള്ള ആദിയിൽ ചായക്കപ്പ്‌ ടീപ്പോയിൽ വച്ചിട്ട് അവൾ അടുക്കളയിലേയ്ക്ക് ഓടി. ഓടും മുൻപ് അവളൊന്നു മറന്നില്ല. തനിക്ക് നല്ല ചൂട് ചായ കൊണ്ട് തന്ന പാഓ ചേട്ടനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കുവാൻ.

രാത്രി പെയ്ത മഴ അവളുടെ സ്വപ്നങ്ങളെ പറത്തി വിട്ടു. കൊതിതീരെ നനഞ്ഞ് വീണ്ടും പുതുതളിരായ് തളിർത്ത പോലൊരു സുഖം അവളിൽ നിറഞ്ഞു നിന്നു.

''നാളെ ചിങ്ങം ഒന്നാണ് പിടിപ്പതു പണിയുണ്ട്... ഇപ്രാവശ്യം ഞങ്ങൾ മൂന്ന് പേരും നാട്ടിലെ പൂട്ടിയിട്ട വീട്ടിൽ തന്നെ ഓണം ആഘോഷിക്കും. ഇനിയുള്ള എന്റെ എല്ലാ ദിവസങ്ങളും നിറശോഭയാർന്നതായിരിക്കും.''