Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ ഒരു ശരത്കാലത്ത്

me-too-from-america

അമേരിക്കയിലെ ഒരു സായം സന്ധ്യ. അത്  ശരത്കാലമായിരുന്നതിനാൽ മരങ്ങൾ മുറ്റത്തെല്ലാം  ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു. 

മാപ്പിള അന്ന് പുറത്തൊന്നും പോയില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ആകെ വയ്യ,  വാതം വല്ലാതെ അലട്ടിത്തുടങ്ങിയിരിക്കുന്നു. മാപ്പിള മെല്ലെ ഒരു കസേരയിൽ ഇരുന്നു. എന്നിട്ട് കരുതിവച്ചിരുന്ന കൊട്ടംചുക്കാദി തൈലം കൈകാലുകളിൽ പുരട്ടാൻ തുടങ്ങി. പത്തു വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരു ശരത്കാലത്ത് നാട്ടിൽ നിന്ന് വന്ന കുറച്ചു പെൺ സുഹൃത്തുക്കളെ അമേരിക്കൻ കാഴ്ച്ചകൾ കാണിക്കാൻ കറങ്ങിയത് ഓർത്ത് അദ്ദേഹം പുഞ്ചിരിച്ചു. ആ മധുര സ്മരണയിൽ പുഞ്ചിരിച്ചുകൊണ്ട് സ്മാർട്ട് ഫോൺ കൈയ്യിൽ എടുത്തു സോഷ്യൽ മീഡിയയിൽ പരതി. 

തനിക്കു പരിചയം ഉള്ള ഒരു നമ്പറിൽ നിന്നുള്ള ഒരു പോസ്റ്റ് കണ്ട അദ്ദേഹത്തിന് ആദ്യം വിശ്വസിക്കാൻ ആയില്ല, അതെ അത് വന്നിരിക്കുന്നു, തനിക്കെതിരായി ഒരു #metoo.

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെയും പിന്നെയും #metoo കണ്ട്‌ മാപ്പിള അന്തം വിട്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സഹധർമിണി ആ മുറിയിലേക്ക് കടന്നു വന്നത്. അദ്ദേഹത്തിന് കുടിക്കുവാൻ കേരളത്തിൽ നിന്ന് പ്രത്യേകം പറഞ്ഞു  വരുത്തിയ വാതനിവാരിണി കഷായവും സഹധർമിണിയുടെ കൈയിൽ ഉണ്ടായിരുന്നു. 

മാപ്പിള  മൊബൈൽ ഫോൺ നോക്കി അന്തം വിട്ടിരിക്കുന്നതു കണ്ട സഹധർമിണി ആ ഫോൺ വാങ്ങി നോക്കി  ക്രുദ്ധയായി.

അതു കണ്ട മാപ്പിള ദയനീയമായി പറഞ്ഞു.

“ഞാൻ ഒന്നും അറിഞ്ഞതല്ലാ,… എനിക്കൊന്നും അറിഞ്ഞു കൂടാ”.

കയ്യിലിരുന്ന കഷായം മേശയിൽ ശക്തിയായി വച്ച  ശേഷം ദേഷ്യത്തിൽ തിരിഞ്ഞു നടന്നു കൊണ്ട് സഹധർമിണി ഉച്ചത്തിൽ പറഞ്ഞു,

“അതേയ് ആവതൊള്ള കാലത്ത് ഓരോന്നുങ്ങളെ തലേക്കേറ്റി വച്ച് നടക്കുമ്പോ ഓർക്കണമായിരുന്നു, ഇനിയിപ്പോ നിങ്ങള് തനിയെ എണ്ണയും പുരട്ടി കഷായോം കുടിച്ചോണ്ടിരുന്നാ  മതി’’  

അപ്പോൾ മാപ്പിള ദയനീയമായി വിളിച്ചുപറഞ്ഞു,

'ഇത് എന്റെ മീ ടൂ അല്ലാ, എന്റെ മീ ടൂ ഇങ്ങനയല്ലാ'