Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധരാത്രികൾ

army

അവരെന്റെ രാത്രികളുടെ കാവൽക്കാരാണ്. 

ഇരുട്ടിലെ യുദ്ധങ്ങളിൽ എന്നെ നഷ്ടപ്പെട്ട എന്റെ പടയാളികൾ.

അവസാനത്തെ ഓർമയും മരണപ്പെട്ട രാത്രിയിൽ 

അവരുടെ ഉടവാളിൽ പുരണ്ട രക്തം എന്റേതായിരുന്നു.

അവ്യക്തമായി ജനിച്ചു മരിക്കുന്ന വിറങ്ങലിച്ച ചിന്തകളിൽ നിന്നും 

അവരെന്നെ മോക്ഷപ്രാപ്തയാക്കി.

എന്നെ പട്ടുവസ്ത്രങ്ങളണിയിച്ചു.

മുടിയിൽ പൂവും കൈകളിൽ കുപ്പിവളയും അണിയിച്ചു.

മുഖത്തെ ചായങ്ങളിൽ എനിക്കെന്നെ നഷ്ടപ്പെട്ടു.

വാളിന്റെ കൈപ്പിടിയിൽ ഞാനെന്റെ രക്തത്തെ തിരിച്ചറിഞ്ഞു.

ഹൃദയം വിറങ്ങലിച്ചില്ല.

ഒരു ശ്വാസം പോലും നഷ്ടപെട്ടില്ല.

പക്ഷേ, പുനർജന്മത്തിന്റെ കരയിലെവിടെയോ പടയാളികളെന്നെ ഉറ്റു നോക്കി.

അപ്പോഴും വാൾപ്പിടിയിൽ എന്റെ രക്തം ഉണങ്ങിപ്പിടിച്ചിരുന്നു.

ഒരിക്കൽ എനിക്കും ജീവനുണ്ടായിരുന്നു എന്നോർമിപ്പിക്കുന്ന 

ഒരേയൊരു തെളിവ് അവരുടെ വാളിലെ രക്തക്കറ മാത്രമാവുന്നു.