Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയല്ലിത്, കണ്ണീര് ഉണങ്ങാത്ത ജീവിതം

international-labour-team

ഒഴിവു ദിവസങ്ങളിൽ പാർടൈം ജോലിക്ക് ഒരു കമ്പനിയിൽ പോയപ്പോഴാണ് ഞാനാദ്യമായി അയാളെ കാണുന്നത്. നരച്ച തലമുടിയും കുഴിഞ്ഞ കണ്ണുകളുമുള്ള അയാൾക്ക് ഏകദേശം അൻപത്തഞ്ച് അറുപതിനോടടുത്ത് പ്രായം തോന്നും. എപ്പോഴും മുഖം താഴ്ത്തിയാണ് നടപ്പ് ആരോടും അധികസംസാരമില്ല... ചങ്ങാത്തമില്ല.....

"ഇയാളെന്താ ഇങ്ങനെയെന്ന് " അവിടുത്തെ ഒരു ജോലിക്കാരനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അയാൾ നാട്ടിൽ പോയിട്ട് മൂന്നര വർഷം കഴിഞ്ഞു എന്നാണ്.

ഇയാളെന്താ ബംഗാളികൾക്ക് പഠിക്കയാണോ എന്നൊരു സംശയം ഞാൻ ഉന്നയിച്ചു. സാധാരണ ബംഗാളികളാണ് അഞ്ചും ആറും കൊല്ലം കഴിഞ്ഞിട്ടൊക്കെ നാട്ടിൽ പോകാറുള്ളത്....

"അയാൾക്കു നാട്ടിൽ പോവാൻ പറ്റില്ല, എന്തോ ഒരു പ്രശ്നമുണ്ട്"

അതും പറഞ്ഞ് അവൻ അവന്റെ ജോലിയിൽ മുഴുകി. ഒരു പക്ഷേ, അവൻ എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ എന്നൊരു സംശയം എന്നിലുണ്ടായി. സത്യമാണോന്നറിയണം എന്തു കൊണ്ടാണ് നാട്ടിൽ പോവാത്തത്, എന്താണയാളുടെ പ്രശ്നമെന്ന് അറിയാനുള്ള ആകാംഷയോടെയാണ് പരിജയപ്പെടാൻ ഒരു ഒഴിവ് സമയത്ത് ഞാൻ മെല്ലെ അയാളുടെ അടുത്തേക്ക് നടന്നത്.....

"എന്താണ് ഒരു ഉഷാറില്ലാത്തെ... " ഏതോ സ്വപ്ന ലോകത്തായിരുന്നു അയാൾ, പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി ചെറുതായി ഒന്നു ചിരിച്ചു.

"ഏയ് ഒന്നൂല്യാ..."

പ്രവാസികൾ തമ്മിൽ പരിചയപ്പെട്ടാൽ ചോദിക്കുന്ന പതിവ് ചോദ്യങ്ങൾ ഞാനും ചോദിച്ചു.

"നാട്ടിലെവിടെയാ.... "

"തൃശൂര്..... "

"ഞാൻ കോഴിക്കോടാണ്.... വേറൊരു കമ്പനീലാ എനിക്കു പണി, ഇവിടെ ഒഴിവ് നിവസങ്ങളിൽ മാത്രം വരും " ചെറുതായി ഒന്നു മൂളി അയാൾ മുഖം താഴ്ത്തി.

"വീട്ടിൽ ആരൊക്കെയുണ്ട്..... "

അമ്മയും ഭാര്യയും മകളും, അതു പറയുമ്പോൾ അയാളുടെ മുഖത്ത് സന്തോഷവും ദു:ഖവും മാറിമറിയുന്നത് ഞാൻ കണ്ടു.

"മോള് പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ പഠിക്കായിരിക്കും ല്ലെ...." എന്റെ മുഖത്തേക്ക് നോക്കി അയാളൊന്ന് ചിരിച്ചു

"ഏയ് അല്ല ചെറിയ കുട്ട്യാ... ലേറ്റ് മാരേജ് ആയിരുന്നു..... "

"ഓ.... സോറിട്ടോ..... നരച്ച തലമുടിയൊക്കെ കണ്ടപ്പോ.....എത്ര വയസ്സായി ... "

"നാൽപ്പത്തിരണ്ടു വയസ്..."

ഞാൻ അതിശയപ്പെട്ടു ഈ മനുഷ്യനെ കണ്ടിട്ടാണ് എനിക്ക് അൻപത്തഞ്ച് അറുപത് വയസ്സ് പ്രായം തോന്നിയത്. തല നരച്ചതല്ല വാർദ്ധക്യം എന്നത് എത്ര ശരിയാ...

നാട്ടിലൊക്കെ പോയി വന്നോ?

വിദൂരതയിലേക്ക് കണ്ണ് പായിച്ച് അയാൾ പറഞ്ഞു.

ഇല്ല പോണം.....

ആ നോട്ടം കടലും കടന്ന് നാടും വീടും കുടുബവും കൂട്ടുകാരെയുമൊക്കെ കണ്ട് നിമിഷനേരം കൊണ്ടാണ് തിരിച്ചു വന്നതെന്ന് എനിക്കു തോന്നി

"വന്നിട്ടെത്രയായി..... "

"മൂന്നര വർഷം "

"നാട്ടിൽ പോണ്ടെ ...."

അയാളെന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നു ചിരിച്ചു പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ചിരി... പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു "പോണം"

എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ പതിയെ പതിയെ അയാൾ മനസ്സു തുറന്നു. പ്രവാസ ജീവിതത്തിന്റെ കണ്ണീരിന്റെ ഉപ്പുരസങ്ങൾ അനുഭവിച്ചറിഞ്ഞ ഒരുപാടു പേരിൽ നിന്നും വ്യത്യസ്ഥമായ അനുഭവമായിരുന്നു അയാളുടേത്.

അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ കുറിപ്പ് എഴുതുന്നതു കൊണ്ട് തൽക്കാലം അയാളുടെ യതാർത്ഥ പേര് പറയാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് നമുക്ക് അയാളെ അരുണെന്ന് വിളിക്കാം. തൃശ്ശൂർ സ്വദേശി

ഇവിടെ ഖത്തറിൽ മറ്റൊരു തൃശ്ശൂർക്കാരന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയിൽ അക്കൗണ്ടന്റ്. തരക്കേടില്ലാത്ത ശമ്പളം. നൂറിനു മുകളിൽ ജോലിക്കാരുള്ള കമ്പനിയുടെ മുതലാളി എല്ലാവരോടും മാന്യമായ പെരുമാറ്റം. ബിസിനസ്സ് ഒന്നുകൂടി വിപുലീകരിച്ച് മറ്റു മേഘലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കമ്പനി മുതലാളി മുപ്പത് ലക്ഷം റിയാൽ ലോണെടുത്തു.

കടലിനെ കുറിച്ചറിയാത്ത ദിക്കും ദിശയും അറിയാത്ത ഒരാൾ കപ്പിത്താനായാലുള്ള അവസ്ഥ പോലെ തന്നെയാണ് അറിയാത്ത ബിസിനസ്സിലേക്ക് ഇറങ്ങുന്നതും... ഏതു സമയത്തും ആ കപ്പൽ പാറ കൂട്ടങ്ങളിലോ മഞ്ഞ് മലയിലോ ഇടിച്ചു തകർന്ന് മുങ്ങിപ്പോവുകയോ ദിശയറിയാതെ അലയുകയോ ചെയ്യും അപൂർവം ചിലർ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും വരാം.

ഇവിടെയും ആ കപ്പൽ പതിയെ മുങ്ങുകയായിരുന്നു....

അരുണിനോ കമ്പനിയിലെ മറ്റ് ജീവനക്കാർക്കോ അറിയില്ലായിരുന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലെ യാത്രികാരാണ് തങ്ങളെന്ന്.

മലയാളിയും അതിലുപരി തൃശൂർ ജില്ലക്കരനുമായ മുതലാളി അവസാന പ്രതീക്ഷയെന്നോണമാണ് അരുണിനെ സമീപിച്ച് അവന്റെ സമ്മതത്തോടെ അരുണിന്റെ പേരിൽ രണ്ട് ലക്ഷം [ഏകദേശം ഇന്ത്യൻ രൂപ നാൽപ്പത് ലക്ഷം ] റിയാൽ ലോണെടുക്കുന്നത്. മുതലാളിയുടെ അവസാന പ്രതീക്ഷയും അസ്ഥാനത്തായി കമ്പനി നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണു കൊണ്ടിരുന്നപ്പോൾ ജോലിക്കാരെ ഓരോരുത്തരായി അയാൾ കയറ്റി വിട്ടു.

അവസാനം അരുണും മുതലാളിയും മാത്രം ബാക്കി... ലോൺ അടച്ചു തീർക്കാതെ അരുണിനും മുതലാളിക്കും നാട്ടിലേക്ക് പോവാൻ പറ്റില്ല.....

ഒരിക്കലും ചതിക്കണമെന്നോർത്തിരിക്കില്ല അവന്റെ മുതലാളി അങ്ങനെയായിരുന്നെങ്കിൽ തെണ്ണൂറായിരം റിയാൽ അയാൾ തിരിച്ചടക്കില്ലായിരുന്നു.

രണ്ടു പേരുടെയും മുന്നിൽ വിജനത മാത്രം ബാക്കി. എന്തു ചെയ്യണമെന്ന് അറിയാത്ത ദിനങ്ങൾ.. ഒരു ലക്ഷത്തിപതിനായിരം ഖത്തർ റിയാലിന്റെ ബാധ്യത അരുണിനും മുപ്പത് ലക്ഷം റിയാലിന്റെ ബാധ്യത മുതലാളിക്കും.

ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മുതലാളിയും കൈമലർത്തിയതോടെ അരുണിന്റെ മുന്നിൽ ഇരുട്ട് മാത്രമായി..... ദിക്കും ദിശയും അറിയാത്ത ഇരുട്ട് എന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാത്ത അവസ്ഥ.

ജോലി ചെയ്ത് കിട്ടിയിരുന്ന ശബളം കൊണ്ട് കുടുംബം പുലർത്തിയിരുന്ന അരുണിന് ഇത്രയും തുക വലിയ ഒരു ഭാരം തന്നെയായിരുന്നു. 

തന്റെ കൊച്ചു വീടും ഭാര്യയും മകളും അമ്മയുമൊക്കെയായിരുന്നു ആ ഇരുട്ടിൽ അവനെ കാലിടറാതെ നേരെ നടത്താൻ സഹായിച്ചത്....

അവരോടുള്ള സ്നേഹവും കരുതലും മനസ്സിൽ ഉള്ളതു കൊണ്ട് മാത്രമാവാം ആത്മഹത്യ ചെയ്യാതെ അരുൺ പിടിച്ചു നിന്നതും.

ഇവിടെ ലോണിന് ചെറിയ പലിശയെ ഉള്ളു നാട്ടിൽ പലിശ കൂടുതലാണ്.

സമ്പാദ്യമെന്ന് പറയാൻ ആകെ ഉണ്ടായിരുന്ന വീടും പുരയിടവും പണയപ്പെടുത്തി കിട്ടിയ പത്ത് ലക്ഷം ഇവിടെ ഖത്തറിലെ ബാങ്കിലടച്ചത് എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്ന ചിന്തയിലാണ്....

നമുക്ക് സങ്കടങ്ങളും ദു:ഖങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ അമ്മയോട് ചേർന്ന് നിന്ന് മനസ് തുറന്നാൽ കിട്ടുന്ന സുഖമൊന്നും ലോകത്തൊരിടത്തു നിന്നും കിട്ടില്ലാന്ന് അയാൾ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരിന്നു.

മനസമാധാനത്തോടെ ഒന്ന് ഉറങ്ങീട്ട് മാസങ്ങളായി... രാപ്പകലില്ലാതെ പണിയെടുക്കുകയാണ് ഈ മരുഭൂമിയിൽ നിന്നൊന്ന് രക്ഷപ്പെടാൻ

ആരുടെ മുന്നിലും കൈ നീട്ടാൻ പോയിട്ടില്ല ദൈവം ആയുസ്സും ആരോഗ്യവും മാത്രം കൂട്ടിതന്നാൽ മതി എന്ന ഒറ്റ പ്രാർത്ഥനയേ ഉള്ളു... വീട്ടിലെ കാര്യങ്ങൾ നാട്ടിലെ ബാങ്കിലെ തവണകൾ, ഇവിടുത്തെ ബാധ്യത എല്ലാം ഈ ഒരൊറ്റ മനുഷ്യന്റെ അദ്ധ്വാനത്തിലൂടെ വേണം കണ്ടെത്താൻ.

അയാൾക്ക് മടങ്ങണം... അയാളെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക്, മകളുടെ അടുത്തേക്ക്, അമ്മയുടെ അരികിലേക്ക്....

മറ്റൊരാളെ സഹായിച്ചതു കൊണ്ട് കിട്ടിയ ബാധ്യത തീർക്കാൻ ഊണും ഉറക്കവുമില്ലാതെ രാവും പകലും നോക്കാതെ ജോലിയിലാണ് 

ചില ദിവസങ്ങളിൽ പതിനെട്ട് മണിക്കൂർ വരെ ജോലി.

എത്രയും പെട്ടന്ന് പിറന്ന മണ്ണിലേക്ക് മടങ്ങണമെന്ന ആഗ്രഹത്താൽ എത്ര ബുദ്ധിമുട്ടും കഷ്ടപ്പാടുമാണെങ്കിലും സ്വന്തം വീട്ടിലും നാട്ടിലും കിട്ടുന്ന തണലൊന്നും മറ്റൊരിടത്ത് നിന്നും കിട്ടില്ല. എന്നെങ്കിലുമൊരിക്കൽ നാടണയുമെന്ന പ്രതീക്ഷയിൽ ....

ആ പ്രതീക്ഷക്കും നാടിനും ഇടയിൽ അൻപത്തിമൂന്നായിരം ഖത്തർ റിയാലിന്റെ ദൂരം ഇനിയും ബാക്കിയാണ്.

പക്ഷേ, അത്രയും തുക സ്വരുകൂട്ടണമെങ്കിൽ വർഷങ്ങൾ ഇനിയും കഴിയും....