Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവറാച്ചായനെപ്പോലെ

mango-tree

രാത്രി പത്തുമണി കഴിഞ്ഞുകാണും, നാട്ടിൽ നിന്ന് ജോസിന്റെ വിളിവന്നു. ജോലിയും കഴിഞ്ഞ്, മോളെ കോളജിൽ നിന്നു വിളിച്ചുകൊണ്ടു വന്നിട്ട് പ്രാർഥിക്കാൻ ഇരുന്നപ്പോളാണ് ഫോൺ അടിച്ചത്. സാധാരണ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ എടുക്കാറില്ല. പക്ഷേ മോന്റെ അടുത്ത് ടിപ്പോയിൽ ഇരുന്ന ഫോണിൽ പേരുകണ്ട് അവനാണ് എന്റെ നേരെ നീട്ടിയത്. ഫോണെടുത്തതിന്, പ്രത്യേകിച്ചും നാട്ടിന്നുള്ള ഫോണാണെന്നു കണ്ടപ്പോൾ അന്നമ്മക്ക് ചെറിയൊരു പരിപഭവമുണ്ടായിരുന്നെങ്കിലും ഞാൻ അത് കണ്ടതായി നടിച്ചില്ല. ജോസ് തിടുക്കത്തിൽ പറഞ്ഞു, "എടാ നമ്മുടെ അവറാച്ചായൻ.." അവൻ പറഞ്ഞതു മുഴുവൻ കേൾക്കാൻ നിൽക്കാതെ മനസ്സ് ശരവേഗത്തിൽ വർഷങ്ങൾക്കു പിന്നിലേക്ക് പാഞ്ഞു.    

അവറാച്ചായനുമായി രക്ത ബന്ധം ഒന്നുമില്ല, പക്ഷേ നാട്ടിൽ നിൽക്കുന്ന സമയത്ത് അവറാച്ചായൻ എല്ലാമായിരുന്നു. എനിക്ക് മാത്രമല്ല, ആ വാർഡിലെ എല്ലാ ചെറുപ്പക്കാർക്കും. ഒരു നല്ല മനസ്സിന്റെ, എല്ലാവർക്കും നന്മ മാത്രം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന, എന്തിനും കാശുമുടക്കാൻ മടിയില്ലാതിരുന്ന ഒരു പാവം നാട്ടിൻപുമ്പുറത്തുകാരൻ. സംസാരിക്കുമ്പോൾ, വാക്കുകൾ പ്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കണമെന്നു ശഠിക്കുന്ന, എന്തു ചെയ്യുമ്പോഴും പരോപകാരമായി മാത്രം ചിന്തിക്കുന്ന ആദ്യം കണ്ടയാൾ. ഇനിയും തേടിക്കൊണ്ടിരിക്കുന്നതും കണ്ടിട്ടില്ലാത്തതുമായ ഒരാൾ. ക്രിസ്തുമസ്സ് പാട്ടിനു മുന്നിൽ, തോട്ടിൽ തേവി മീൻ പിടിക്കാൻ, ഓണത്തിന് റോഡിൽ തലപ്പന്ത് കളിക്കാൻ, ആർക്കെങ്കിലും ആപത്തുവന്നാൽ ആദ്യം ഓടിയെത്താൻ, അങ്ങനെ എല്ലാറ്റിനും ആ മനുഷ്യൻ മുന്നിലുണ്ടായിരുന്നു.

ആ മനുഷ്യനെപ്പോലെ ആവാൻ, അല്ലങ്കിൽ ആ മനുഷ്യനെപ്പോലെ കുറച്ചെങ്കിലും ആവാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, എനിക്കൊരിക്കലും അങ്ങനാവാൻ കഴിയില്ല എന്നറിഞ്ഞിട്ടും. പുള്ളിക്കാരന്റെ ഇളയമകൾ ജാൻസിയെ മനസ്സുകൊണ്ട് ഇഷ്ടപ്പെടുമ്പോൾ അവളോടുള്ള സ്നേഹത്തേക്കാളേറെ അവറാച്ചായനുമായി അങ്ങനെ ഒരു തീരാത്ത ബന്ധം സ്ഥാപിക്കാമല്ലോ എന്നൊരു മോഹമായിരുന്നു ആദ്യമൊക്കെ മുന്നിൽ. പക്ഷേ അത് അവറാച്ചായനോട്, എന്തിന്, ജാൻസിയോടു പോലും പറയും മുമ്പ് അവളെ ഒരു ഗൾഫുകാരൻ കെട്ടിക്കൊണ്ടുപോയി. എങ്കിലും അതിന്റെ മോഹത്തിൽ മറ്റു പലതും പറഞ്ഞ് അവറാച്ചായന്റെ മുന്നിൽ പല രാവിലെകളിലും ഞാൻ എത്തിയിട്ടുണ്ട്. ജാൻസിയെ കണ്ട് സായൂജ്യമണഞ്ഞിട്ടുമുണ്ട്.   

അങ്ങനെ ഒരു ദിവസം രാവിലെ ചെല്ലുമ്പോൾ അവറാച്ചായൻ മാങ്ങ പറിക്കാൻ വരുന്ന കുഞ്ഞാലിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സ്ഥലത്തുള്ള എല്ലാ വീടുകളിൽ നിന്നും മാങ്ങയും, പാക്കും അടക്കയും, ചക്കയും സ്ഥിരമായി മരത്തോടെ വാങ്ങുന്ന ആളായിരുന്നു കുഞ്ഞാലി. വരുന്നാഴ്ചത്തെ ക്ലബിന്റെ ഓണാഘോഷത്തെപ്പറ്റി പറയാനാണ് ചെന്നതെങ്കിലും ആദ്യം ജാൻസിയോടുള്ള സംസാരത്തിലും പിന്നിടുള്ള മാങ്ങ കച്ചവടത്തിലും വന്ന കാര്യം മറന്നു. ഒന്നും പ്രത്യേകിച്ച് പറയാതെ പതിവുപോലെ കുശലം മാത്രം ചോദിച്ച് അയലത്തെ കൂട്ടുകാരികളോടോന്നിച്ച് കോളജിലേക്ക് നടന്നു നീങ്ങിയപ്പോൾ അന്നും വരവിന് നിരാശ തോന്നിച്ചു.  പക്ഷേ, ജീവിതത്തിൽ ഒരു വലിയ കാര്യം അന്നും അവറാച്ചായനിൽ നിന്നും പഠിച്ചു.    

വീടിന്റെ തെക്കേമൂലയിൽ മുറ്റവും കവിഞ്ഞ് വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന കിളിച്ചുണ്ടൻ മാവിൽ ഇലകാണാനില്ലാതെ മാങ്ങ നിറയെ വിളഞ്ഞു നിന്നിരുന്നു. കുഞ്ഞാലി തന്റെ പതിവു ശൈലിയിൽ 'ഇപ്പോൾ കച്ചവടം ഒക്കെ നഷ്ടത്തിലാ' എന്ന സ്ഥിരം മുഖവരയോടെ, ആകെ ഇരുറ്റിയമ്പതു രൂപ വാഗ്ദാനം ചെയ്തു. അവറാച്ചായൻ സ്ഥായിയായ പുഞ്ചിരിയോടെ പറഞ്ഞു, "ഇതിന് ഇരുറ്റിയമ്പത് അല്ല, ആയിരത്തിനുമേലെ കിട്ടുമെന്ന് നമുക്ക് രണ്ടാൾക്കും അറിയാം. പിന്നെ കുഞ്ഞാലിയെ ഞാനും, എന്നെ കുഞ്ഞാലിയും ഇന്നും ഇന്നലെയൊന്നും കാണാൻ തുടങ്ങിയതല്ലല്ലോ. ഇതിവിടെ നിന്നാൽ എനിക്കൊട്ടു കഴിക്കാൻ മേലാ, ഷുഗറാ. പിള്ളാർക്കൊട്ട് വേണ്ടതാനും. പിന്നെ ആരാ താഴേക്കിടക്കുന്നത് വാരാൻ." ആ ശബ്ദത്തിൽ വർഷങ്ങൾക്കു മുമ്പ്, ജാൻസിയുടെ ജനനത്തോടെ അവറാച്ചായനെ വിട്ടുപോയ സുസമ്മാമ്മയുടെ അഭാവം നിഴലിച്ചിരുന്നു. 

സുസമ്മായുടെ മരണശേഷം അവറാച്ചായനു ജാൻസിയും, അവളുടെ ചേട്ടൻ ബോബിയും, പിന്നെ നാട്ടുകാരുമായിരുന്നു എല്ലാം. അവറാച്ചായനെ ഓർമയുടെ കയത്തിലേക്ക് അറിയാതെ വലിച്ചിറക്കിയതിനാലും പറഞ്ഞതിലെ സത്യത്തിന്റെ തിരിച്ചറിവും കുഞ്ഞാലിയെ നിശ്ശബ്ദനാക്കി. അതു മനസ്സിലാക്കിയിട്ടെന്നോണം, വിഷയം മാറ്റാനായി അവറാച്ചായൻ കൂട്ടിച്ചേർത്തു, "പിന്നൊരു കാര്യം, പറിക്കുമ്പോൾ ഒരു പത്തെണ്ണം നിർത്തയേക്കു." ബോബി നേവിയിൽ നിന്ന് അവധിക്കു വരുന്നുവെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അവറാച്ചായൻ തുടർന്നു, "കിളികൾക്കും, അണ്ണാനും തിന്നാനാ. പിന്നെ വഴിയിലൂടെ പോകുന്ന സ്കൂൾ പിള്ളാർക്ക് എറിയാനും കുറച്ച് വേണ്ടായോ. നമ്മളൊക്കെ കൊറേ അങ്ങനെ എറിഞ്ഞതല്ലേ. മറക്കാൻ പാടില്ല." 

അതൊരു വലിയ കാഴ്ചയുടെ, കാഴ്ചപ്പാടിന്റെ സംസാരമായിരുന്നു. അവറാച്ചായനെ പോലെ അവറാച്ചായനുമാത്രം കാണാനാവുമായിരുന്ന മനസ്സിന്റെ നിറവ്. അന്നമ്മയുടെ കുലുക്കി വിളിയോടെയാണ് എന്റെ ഓർമകളുടെ രഥത്തിനു കടിഞ്ഞാൺ വീണത്. ജോസ് എപ്പോഴാണ് ഫോൺ വച്ചതെന്നുകൂടി ഓർക്കുന്നില്ല. അന്നമ്മയുടെ നോട്ടത്തിനു മറുപടി വേണമെന്നു തോന്നിച്ചു, "നമ്മുടെ അവറാച്ചായൻ, അറ്റാക്കായിരുന്നു." അന്നമ്മ കൈയിൽ കടന്നുപിടിച്ചു, മറുപടി ആവശ്യമില്ലായിരുന്നെങ്കിലും അവൾ ചോദിച്ചു, "ജാൻസിയുടെ അച്ചാച്ചൻ?".