Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധമിഴികൾ

budha

ഒരിടത്തു പോയി വരും വഴി വെറുതെ റോഡിലേക്ക് 'വരുവാനില്ലാരുമി വിജനമാം' എന്ന സ്റ്റൈലിൽ നോക്കിയിരുന്നപ്പോഴാണ് അകലെ  മാനംമുട്ടെ തലയുയർത്തി നിൽക്കുന്ന ബുദ്ധനെ കണ്ടത്. ശിശിരത്തിന്റെ നിറക്കൂട്ടുകൾക്കിടയിൽ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പല നിറത്തിലുള്ള കോസ്മോസ് പൂക്കൾക്കു പിന്നിൽ പതിവിലധികം ശാന്തനായി പാതി മിഴിയടച്ചു നിൽപ്പായിരുന്നു കരിനീലക്കളറുള്ള ശ്രീ ബുദ്ധൻ!          

ജപ്പാനിൽ മൊത്തത്തിൽ 80,0000 ബുദ്ധ ക്ഷേത്രങ്ങളെങ്കിലും ഉണ്ടത്രേ. എവിടെ പോയാലും, ഒരു തടാകം, ഒരു റോപ്പ്‌വേ, ഒരു പർവ്വതം, ഒരു അമ്പലം, ഒരു മണി പിന്നെ ഒരു മൊണ്ട് ഫുജി വ്യൂ എന്നാണ് കണക്ക്. ഈ മണിയടിച്ചു കൈകൂപ്പി നിൽക്കുന്നതാണൊരു പ്രാർഥനാ രീതി. ജാതിമതലിംഗ വ്യത്യാസം ഒന്നുമില്ല, ആർക്കും പ്രാർഥിക്കുകയോ പ്രാർഥിക്കാതിരിക്കുകയോ ചെയ്യാം. അതിപ്പോൾ മോസ്കിലും ചർച്ചിലും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. കല്യാണം മരണം എന്നീ അതീവ ഗുരുതരമായ അവസരങ്ങളിലാണ് പ്രധാനമായും മനുഷ്യർ ആരാധനാലയങ്ങളിൽ പോകുന്നത്. ഒരു വീട്ടിൽ തന്നെ രണ്ടു മൂന്നു മതങ്ങളിൽ വിശ്വസിക്കുന്നവരും മതവിശ്വാസമേ ഇല്ലാത്തവരും കാണും.

ജപ്പാനിൽ എല്ലാ ഇന്ത്യക്കാരും ബുദ്ധന്റെ നാട്ടുകാരായിട്ടാണ് അറിയപ്പെടുന്നത്. ആ ഒരു അകന്ന ബന്ധത്തിൽ കിട്ടുന്ന സ്നേഹം, അത് നമ്മളായി വേണ്ടാന്നും വെച്ചിട്ടില്ല. ആരെങ്കിലും ചോദിച്ചാൽ, അതിനെന്താ നമ്മുടെ സ്വന്തം ആളല്ലേ എന്ന ഭാവത്തിൽ ഒരു നിൽപ് നിൽക്കും! അല്ലേലും യുപി സ്കൂളിലെ ചരിത്ര പാഠപുസ്തകത്തിൽ നമ്മളെന്താ വായിച്ചിട്ടില്ലേ? ഈയിടെ ഓർമകളെ കട്ടു തിന്നുന്ന ആരൊക്കെയോ തലയിൽ കുടിയേറിയിട്ടുണ്ടെങ്കിലും. 

ഏതു സ്ഥലത്തു ചെന്നാലും കാണും ഇപ്പൊ പെറ്റു വീണ ആട്ടിൻ കുട്ടികളെപ്പോലൊരു ടീം, അമ്മൂമ്മ-അപ്പൂപ്പൻ ഗാങ്. ജോലി– കുഞ്ഞുകുട്ടി പരാധീനതകളിൽ നിന്നും പൂർണ്ണമായും മോചിതരായി പൊട്ടിച്ചിരികളും സന്തോഷങ്ങളും കൊണ്ട് ചുറ്റുപാടും പ്രകാശപൂരിതമാക്കുന്നവർ!  ദ്വീപ് രാജ്യത്തിന്റെ എല്ലാ അതിശയങ്ങളും കണ്ണിലോളിപ്പിച്ച്, വന്ന വിദേശികളിലാർക്കെങ്കിലും ജാപ്പനീസ് ഭാഷ അറിയുമോ എന്ന് ചെവികൂർപ്പിച്ചു നിൽക്കും. ഒരിത്തിരിയെങ്കിലും ഭാഷ  അറിഞ്ഞാലോ, പിന്നെ ഒരു കടലോളം ചോദ്യങ്ങളായി. ഇന്ത്യയിൽ ദിവസത്തിൽ മൂന്നു നേരവും കറി കഴിക്കുമോ എന്നതൊന്നാമത്തെ ചോദ്യം! മൂന്നല്ല വേണമെങ്കിൽ അഞ്ചോ പത്തോ വരെ വേണമെങ്കിലും കഴിക്കുമെന്ന് മുറി ജാപ്പനീസിൽ ഞാൻ!. അടുത്തതായി അവരുടെ ഭാവനയിലെ ഇന്ത്യയെ കുറിച്ചാണ്, ഇന്ത്യയിൽ നിറയെ ഉള്ള ബുദ്ധ ദേവാലയങ്ങളെ കുറിച്ച് ചോദിച്ചു കളയും. ജീവിതത്തിൽ  23  വയസ്സു വരെ ഒരൊറ്റ ബുദ്ധക്ഷേത്രവും അകലെ നിന്നു പോലും കാണാത്ത ഞാൻ ശൂന്യാകാശം നോക്കി നെടുവീർപ്പിടും. പോകാൻ നേരം ജാപ്പനീസ് അക്ഷരമാല പകുതി പോലും അറിയാത്ത എന്റെ ഭാഷ പ്രാവീണ്യത്തെ പൊക്കി ട്രോപോസ്ഫിയറിൽ എത്തിക്കും. അടുത്തതായി കുറച്ചു കൂടി സെൻസിറ്റീവ് ഏരിയ ആയ സൗന്ദര്യം, നീണ്ട മുടിയും ഉണ്ടക്കണ്ണുകളും  വർണ്ണിച്ചു കളയും, പ്രശംസ കേൾക്കുന്നത്  ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ സ്ട്രാറ്റോസ്ഫിയറും  മെസോസ്ഫിയറും ഓസോൺ പാളിയും തുളച്ചു ആനന്ദത്തിന്റെ അനന്താകാശങ്ങളിൽ പറന്നു നടക്കും. 

എന്തായാലും 120 മീറ്റർ ഉയരവും 4000 ടൺ ഭാരവുമുള്ള  ഈ വെങ്കലപ്രതിമ, ഉണ്ടാക്കിയ സമയത്ത്(1993) ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരുന്നു. സംഭവം 'ബുദ്ധ പ്രതിമയാണെങ്കിലും, ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബേർട്ടി വെച്ച് നോക്കുമ്പോൾ  മൂന്നിരട്ടി വലുതാണൊക്കെ എഴുതി വെച്ചിട്ടുണ്ട്, കൂടെ ഫ്രെയിം ചെയ്ത ഗിന്നസ് റെക്കോർഡും. 

budha-japan

ലോകത്തെ അശുദ്ധികളായ അത്യാഗ്രഹം, വഞ്ചന, പക എന്നിവയിൽ നിന്നും മോചിപ്പിക്കുന്നതിന്റെ ആദ്യ പടിയാണത്രെ താമരപൂവിൽ കാലും വെച്ചുള്ള നിൽപ്പ്. 

അഞ്ചു നിലകളിൽ ആദ്യത്തേതിൽ ഇരുട്ടാണ് വരവേറ്റത്. ഉയരങ്ങളിൽ നിന്നു വീണ പ്രകാശ ബീമിൽ സ്വർണ്ണ ഗൗതമൻ തിളങ്ങി. അടുത്ത നിലയിൽ ബുദ്ധ സൂത്രങ്ങൾ ഹൃദിസ്ഥമാക്കാനുള്ള ഹാൾ ആണ്. മൂന്നാമത്തെ ഫ്ലോറിൽ മൂവായിരത്തി അഞ്ഞൂറോളം കൈപ്പത്തി നീളത്തിലുള്ള സുവർണ്ണ ബുദ്ധന്മാർ. അഞ്ചാമത്തെ നില 85 മീറ്റർ ഉയരത്തിലാണ്. ബുദ്ധപ്രതിമയുടെ ഹൃദയഭാഗത്ത് പുറത്തേക്ക് മൂന്നു കിളിവാതിലുകളുണ്ടായിരുന്നു. ഓരോ കിളിവാതിലുകളിലൂടെയും കണ്ട കാഴ്ചകളും വ്യത്യസ്തമായിരുന്നു. ലുംബിനി തൊട്ട് ബുദ്ധഗയ വരേയുള്ള മനസ്സിന്റെ യാത്രകളും ചിത്രങ്ങളും ഫ്രെയിം ചെയ്തു വിവരിച്ചിരിക്കുന്നു. ഒടുവിൽ കുശിനഗറിലെ രാജകിർ പർവ്വതത്തിലേക്ക് അവസാന യാത്ര പോയതും. വടക്കോട്ട് തലവച്ചു കിടന്ന ഉണരാ നിദ്രയിലേക്ക് യാത്ര തുടങ്ങിയപ്പോൾ ചുറ്റുമുള്ള സാല മരങ്ങളിൽ നിന്നും പൂമഴ പെയ്തിറങ്ങിയത്രേ! 

തിരിച്ചിറങ്ങാൻ നേരം ഒരു സന്യാസിനിയാണത് തന്നത്, ഒരു പേപ്പർ. ബുദ്ധിസം ഒരു മതമല്ലത്രേ, ശ്രീബുദ്ധൻ ദൈവമോ ദൈവ പുരുഷനോ അല്ലെന്ന്. മരിച്ചാൽ മോക്ഷം എന്നൊരു കോൺസെപ്റ്റും ഇല്ലത്രെ!. മറിച്ചു ജീവിച്ചിരിക്കുമ്പോൾ ആർക്കും ശ്രമിച്ചാൽ നേടിയെടുക്കാൻ പറ്റിയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പരകോടി ആണത്രേ നിർവാണം. ഈ പരമമായ അറിവു നേടിയാൽ സ്ത്രീ പുരുഷ ഭേധമന്യേ ആർക്കു വേണമെങ്കിലും ബുദ്ധനായി മാറാമത്രേ !.

ഒരു പാതിയെ കഥകളും കദനങ്ങളും നിറച്ച് ഉറക്കാൻ കിടത്തി ഭൂമിയുടെ മറുപാതിയിലേക്ക് വെളിച്ചവുമായി സൂര്യൻ പുറപ്പെടുകയാണ്. ചെമ്മരിയാട്ടിൻ കുട്ടികളും, മുയലിൻ കൂട്ടങ്ങളും കൂടണയാറായി. വട്ടക്കുളത്തിലെ മീനുകൾ സ്വർണ്ണ വെളിച്ചത്തിൽ തിളങ്ങി. തടാകത്തിനപ്പുറത്തെ താഴ്‌വരയിൽ ഗ്രാനൈറ്റ് കല്ലുകൾക്ക് താഴെ നിത്യ നിദ്രയിലായ ആത്മാക്കളെക്കുറിച്ചോർത്തു നിന്നപ്പോൾ എവിടെ നിന്നെന്നില്ലാതെ ഒരു അമ്മൂമ്മ കയറി വന്നു. വിറയാർന്ന ചെറിയ ശബ്ദത്തിൽ എന്റെ വലതു ഭാഗത്തെ കണ്ണു നോക്കി പറഞ്ഞു "ബുദ്ധന്റെ കണ്ണുകൾ ". അതിരുകളില്ലാത്ത കാലത്തിലേക്ക്, ആറാം ബിസിയിലേക്ക് തിരിഞ്ഞു നോക്കി ജീനുകൾ ചുരണ്ടി സ്ഥിരീകരിക്കാൻ തുടങ്ങിയപ്പോൾ പൂച്ചക്കണ്ണൻ തിരിച്ചു വിളിച്ചു "വരൂ, പോകാം "

നോട്ടീസ്: ഞാനിപ്പോൾ കണ്ണാടി താഴെ വെക്കാറില്ല!