Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിന്റെ മക്കൾ

Majuli Forest

നീലാകാശം കൂരയാക്കി

പച്ചപ്പുൽമേടു ചോലയാക്കി

പൂക്കൾ പൂമ്പാറ്റകൾ പറവകൾക്കൊപ്പം

കാടിൻ മടിത്തട്ടിലായ് വളർന്നൂ.

കാട്ടാറരുവികൾ മുലയൂട്ടി ഞങ്ങളെ 

കാറ്റിൻ താരാട്ടു കേട്ടുറക്കി.

കനവുകൾ തേവി നനച്ചു നിത്യം

കവിതകൾ പൂത്തു പൂവിട്ടു നിത്യം.

ഞങ്ങൾക്ക് കൂട്ടായി ഞങ്ങൾ മാത്രം

കാടിന്റെ മക്കൾക്ക് കാട് മാത്രം.

പേരു ചൊല്ലി വിളിച്ചു നിങ്ങൾ

ആദിവാസികളറച്ചു നിങ്ങൾ

ഭൂമി പകുത്തു കയ്യേറി നിങ്ങൾ

ഈ ഉലകത്തിലനാഥർ ഞങ്ങൾ

വെട്ടിമുറിച്ച മാമരമൊക്കെയും

കെട്ടിയുയർത്തിയ സൗധങ്ങളൊക്കെയും

കല്ലറ തീർത്തെടോ ഞങ്ങടെ 

സ്വപ്നങ്ങൾക്കൊക്കെയും...

കീറിമുറിച്ച കാട്ടാറുകളൊക്കെയും

നീരുറവയ്ക്കായി ഭൂമി കുഴിയ്ക്കവേ

വാർന്നുതീർന്നത് ഞങ്ങടെ ചോര നീരെടോ...

കാട്‌ വിളിച്ചു... അലറിവിളിച്ചു...

പാതിരാക്കാറ്റ് വിളിച്ചു....

പൂഞ്ചോലമേട്‌ വിളിച്ചു....

പുലരി വിളിച്ചു, 

പുതുമഴ ചിന്നിച്ചിതറി വിളിച്ചു 

മിഴിയിലൊളിച്ചു...

നീട്ടിവിളിച്ചു നീലനിലാവ് 

നീരരുവി വിളിച്ചു അലമുറയിട്ടു.

കാടിന്റെ മക്കളേ..., തിരികെ വരൂ...

നാം കണ്ട കനവിനു കനലു നൽകൂ...

"വരുകില്ല വരുകില്ല മിഴിനീര്‌ വറ്റിയമ്മേ....

തടവിലാണ് ഞങ്ങടെ കനവുകളും കവിതകളും....

ഇരുകൈകൾ കെട്ടി ഞങ്ങളെ പൊതിരെ തല്ലുന്നു..,

തുപ്പുന്നു... കള്ളന്മാരെന്നാക്രോശിക്കുന്നു

അറിവ് കൂടിയ നാട്ടാരു നിത്യവും.

അവര് ചൊല്ലുന്നു ഞങ്ങടെ തൊലിയുമുടലും കറുപ്പെന്ന്...

അവര് ചൊല്ലുന്നു

കാടും നാടുമവരുടേതെന്ന്...

അവര് പാടുന്നു ഞങ്ങളെ ഭ്രാന്തരാക്കുന്നു...

അറിവ് തീണ്ടാത്തോരെന്നു പരിഹസിക്കുന്നു...

അവര് പൊട്ടിച്ചിരിക്കുന്നു ഞങ്ങടെ 

കണ്ണീരുപ്പുറവ മൊത്തിക്കുടിക്കുന്നു

അവര് ചിത്രം പകർത്തുന്നു 

ഞങ്ങടെ കനവ് വറ്റിത്തളരുന്നു..

ഉടലിലൊക്കെയും ചോര പൊടിയുന്നു,

ഞങ്ങടെ കുടലുകീറി ചോര പടരുന്നു...

പകയും വെറുപ്പും പ്രതികാരവും 

ചേർത്തെരിയുന്നു ചോര തുപ്പുന്നു...

ഒടുവിൽ മണ്ണിൽ വീണടങ്ങുന്നു...

നീയറിയുക...,ചെഞ്ചോരവീണീ 

മണ്ണൊരുനാൾ തളിർക്കുമെന്ന്

കനവിൻ നിറം പെയ്തൊരു വസന്തം വിരിയുമെന്ന്...

അവിടെ ഞങ്ങൾ...,കാടിന്റെ മക്കൾ 

പുതിയ പുലരിയായ് വന്നുദിക്കും