Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മൃതിയാത്ര

kuruva-dweep-island

കുളപ്പുരക്കടവില്‍ ചങ്ങാടം രാവിലെ രണ്ടു സമയങ്ങളിലാണ്. ഒന്ന് എട്ടരയ്ക്ക്. രണ്ടാമത്തേത് ഒന്‍പതു മണിക്കും. എട്ടരക്കുള്ള ചങ്ങാടം കിട്ടാന്‍ രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങണം. ചങ്ങാടം വിട്ടുപോയാല്‍ പിന്നെ ആലുംമൂട്ടില്‍ നിന്ന് ബസ്‌ കിട്ടാന്‍ ബുദ്ധിമുട്ടാകും. മിക്കവാറും സ്കൂള്‍, കോളജ് കുട്ടികള്‍ എട്ടരക്കുള്ള ചങ്ങാടമാണ് തിരഞ്ഞെടുക്കുക.                                                                       

ചങ്ങാടയാത്ര രസകരമായ ഒരു ഒത്തുചേരല്‍ കൂടിയാണ് നാട്ടുകാര്‍ക്ക്. നാട്ടു വിശേഷങ്ങള്‍, വീട്ടുവിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാനുള്ള ഒരു വേദി. ഗ്രാമീണ നിഷ്കളങ്കതളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അയാളും ഉള്‍ക്കൊള്ളാറുണ്ട്. 

വള്ളക്കാരന്‍ കുഞ്ഞുകുഞ്ഞ്‌. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മേരി. മക്കള്‍ ഇല്ല. കല്യാണം കഴിഞ്ഞിട്ട് വർഷം പത്തായി. എന്നിട്ടും എന്തേ കുട്ടികളില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറും പലപ്പോഴും കുഞ്ഞുകുഞ്ഞ്‌. പാവം മേരി എന്നു പെണ്ണുങ്ങള്‍ പറയാറുണ്ട്. ഒരു പുച്ഛം കലര്‍ന്ന ചിരി അപ്പോഴൊക്കെ അയാളുടെ ചുണ്ടുകളില്‍ വിരിയാറുണ്ട് ആരും കാണാതെ.                                                          

ഓളപ്പരപ്പുകളെ മെല്ലെ തലോടി ചങ്ങാടം എന്നും അക്കരെ ഇക്കരെ പൊയ്ക്കൊണ്ടിരുന്നു. മാറോടൊതുക്കിപ്പിടിച്ച പുസ്തകത്താളുകളില്‍ എന്നും കഥകള്‍ രചിക്കാന്‍ കുഞ്ഞുകുഞ്ഞിനാഗ്രഹമില്ലാഞ്ഞിട്ടല്ല. എന്തോ മനസ്സിന്റെ മോഹഭംഗങ്ങളെ കഴുക്കോലു വച്ചു തള്ളിക്കളയാനാണ് അയാള്‍ ശ്രമിക്കാറ്. എങ്കിലും അവള്‍, തൂവെള്ള ഹാഫ് സാരി ഉടുക്കുന്ന ആ പെണ്‍കുട്ടി. അവളുടെ കൈപ്പടിയില്‍ ഒതുക്കി വച്ചിരിക്കുന്ന നോട്ട്ബുക്ക്‌ പേജുകളിലെ നീലമഷിയാവാന്‍ അയാള്‍ അവളറിയാതെ മോഹിച്ചിരുന്നു.                                                              

പലപ്പോഴും ഈ ചങ്ങാടം ഒരു ഉദ്യാന പ്രതീതി നല്‍കിയിരുന്നു അയാള്‍ക്ക്‌. ചുവപ്പും നീലയും വെള്ളയും നിറമുള്ള പൂക്കള്‍ നിറഞ്ഞ ഒരു ഉദ്യാനം. ശലഭങ്ങള്‍ പാറിപ്പറന്നുനടക്കുന്ന ഒരു പൂന്തോപ്പ്. ശലഭങ്ങളുടെ വിശപ്പിനെ പ്രണയമെന്നു തെറ്റിദ്ധരിച്ചു നില്‍ക്കുന്ന പൂക്കള്‍ നിറഞ്ഞ ഉദ്യാനം. മേരിയോ ഒരു മണമില്ലാത്ത കാട്ടുപൂവ്. ജീവിതത്തിന്റെ നിര്‍വചനമറിയാത്ത വെറും കാട്ടുപൂവ്.                            

ജീവിതം എന്താണെന്ന് ഒന്നു നിര്‍വചിക്കാമോ എന്ന് അയാള്‍ ആരോടെന്നില്ലാതെ ചോദിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ ചോദ്യം ആ തൂവെള്ള ഹാഫ് സാരിക്കാരിയുടെ നീണ്ടിടതൂര്‍ന്ന മുടിയിഴകൾക്കരികിലൂടെ മന്ദം മന്ദം ഒഴുകിപ്പോയി. ജീവതം എന്നത് സാമൂഹിക വ്യവസ്ഥിതിയില്‍ അധിഷ്ടിതമായി ജീവിക്കുന്ന മനുഷ്യന്‍റെ മൂല്യങ്ങളുടെ ഒരു സമന്വയം മാത്രമാണ്. അതില്‍ മനുഷ്യ മനസ്സിന്‍റെ വികാരങ്ങളും വിചാരങ്ങളും അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. കുഞ്ഞുകുഞ്ഞിനതറിയാം താനും ഇതില്‍ നിന്നും ഒട്ടും ഭിന്നനല്ല എന്ന്. മേരിയോടയാള്‍ക്ക് പരിഭവമില്ല. അവള്‍ വെച്ചുവിളമ്പുന്ന ഭക്ഷണത്തില്‍ രുചിക്കുറവുമില്ല. 

പക്ഷേ മേരിക്ക് അയാളുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൂന്തോട്ടത്തില്‍ നിന്നും ഒരു പൂവ് പോലും പൊട്ടിക്കാന്‍ അയാള്‍ക്കും കഴിഞ്ഞില്ല. വെള്ളത്തിലൂടെ ഒഴുകി വന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം ആഫ്രിക്കന്‍ പായലിന്റെ അഴുകിയ മണവുമായി സമരസപ്പെട്ടു പോകുന്ന പോലെ അയാള്‍ക്ക്‌ തോന്നി.