Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിച്ചുറങ്ങുമ്പോൾ 

way-to-heaven

പകൽ എന്നത്തേയും പോലെ അതിന്റെ തിരിച്ചുവരവിനൊരുങ്ങുകയാണ്. രാത്രിയുടെ കനമുള്ള പുതപ്പ് മാറ്റി അത് ആലസ്യത്തോടെ എഴുന്നേൽക്കുന്നതേ ഉള്ളൂ. പകൽ അതിന്റെ വേലകളെ ചുമലിൽ ഏറ്റാൻ തുടങ്ങും മുൻപേ ഞാൻ ഉണർന്നിരുന്നു. രാത്രി അതൊരു മൂർച്ചയുള്ള ആയുധമാണ്. ചിലപ്പോൾ ഒരു ആരാച്ചാരുടെ ഭാവവിചാരങ്ങളോടെ അതെന്നെ എത്രയോ തവണ ദു:സ്വപ്നങ്ങളുടെ കയറിൽ വലിച്ചിഴച്ചു കൊണ്ടുപോയി തൂക്കിലേറ്റിയിരിക്കുന്നു. എല്ലായിപ്പോഴും ഞാൻ ആ കയർ കുരുക്കുകളിൽ ശ്വാസം കിട്ടാതെ പിടയുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കൽ പോലും ചലനമറ്റു ഞാൻ തൂങ്ങിയാടിയിട്ടേ ഇല്ല. അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിരുന്നു. കാരണം എനിക്കത് അത്രമേൽ ആശ്വാസകരമായിരുന്നു. 

ആരും എഴുന്നേറ്റിട്ടില്ല. മുറിയിൽ നിന്നും പതിയെ എഴുന്നേറ്റു. ശരീരത്തിനു പഴയ പോലെ ആ ബുദ്ധിമുട്ട് അനുഭവപ്പെട്ടതേ ഇല്ല. തൂവൽ ഭാരം മാത്രമേ ശരീരത്തിനുള്ളൂ എന്നു തോന്നും. വാതിൽ തുറന്ന് പതിയെ ഞാൻ പുറത്തിറങ്ങി. വാക പൂക്കൾ നാട്ടിടവഴികളിൽ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. മഞ്ഞ് ദൂരകാഴ്ചയെ മറച്ചിരിക്കുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. വെറുതെയങ്ങനെ നടക്കുക, തോന്നും പോലെ, തോന്നിയ ഇടത്തേക്ക്.

അമ്പലത്തിനരികുവശത്തു കൂടിയുള്ള റോഡിലൂടെ നടന്നു. ചാമി റോഡിനരികിലൂടെയുള്ള ആ തോട്ടിൽ പതിവുപോലെ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നു. കാലമിത്രയായിട്ടും ഒരു ചെറു മീൻ പേരിനു പോലും കൊത്തിയതായി എനിക്കറിവില്ല. ചാമി അദൃശ്യമായ ഏതോ ഒരു വാഗ്ദാനത്തിന്റെ പേരിലാണ് ഇത്തരത്തിൽ ഒരു കൃത്യത്തിൽ ദിനവും മുഴുകുന്നതെന്ന് എനിക്ക് ഉറപ്പാണല്ലോ! ക്ഷേത്രം വക റോഡ് കഴിഞ്ഞിരിക്കുന്നു. എന്തൊക്കെയോ ഓർത്ത് ഇവിടെ വരെ നടന്നു. ക്ഷേത്രം വക റോഡ് നേരെ പോകുന്നത് പരമേശ്വരൻ നായരുടെ കൃഷിയിടത്തിലേക്കാണ്. ഞാറു നട്ടു കഴിഞ്ഞിരിക്കുന്നു. ഈ കൃഷിയിടത്തിനപ്പുറത്താണ് ഞാനെന്റെ കുസൃതികൾ ഒളിപ്പിച്ച ഒരിടമുള്ളത്. ഓർമകൾ, സ്വപ്‌നങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എല്ലാം ഞാനൊളിപ്പിച്ച ഇടം. അവിടെയാണ് എന്റെ ജീവനും ജീവിതവും.       

കളരിക്കൽ കുടുംബ ക്ഷേത്രവും കുളവും കഴിഞ്ഞു വേണം അവിടെയെത്താൻ. ''വള്ളത്തോൾ സ്മാരക വായനശാല '' എന്റെ കണ്ണുകൾ അതിലുടക്കി. കൈകളിലെ രോമങ്ങൾ എഴുന്നു നിന്നു. ജീവിതം അന്യമാകുമ്പോഴും ഈ ഇടം, അതിന്റെ അസാന്നിധ്യം അതാണെന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നത്. നേരെ എന്റെ ഇടത്തിലേക്ക്, എന്റെ സ്വർഗത്തിലേക്ക് കയറി. പുതിയ ആരൊക്കെയോ ആണല്ലോ ഇവിടെ, പരിചയം തീരെ പോരാ. നാലു വർഷങ്ങൾ കഷായം മണക്കുന്ന ചുമരുകൾക്കുള്ളിൽ തടവറ ജീവിതം നയിച്ച എനിക്ക് ഇവരെ അറിയാത്തതിൽ അത്ഭുതപ്പെടാൻ ഒന്നും തന്നെ ഇല്ല. മാധവൻ നായർ എന്നത്തേയും പോലെ പത്ര പാരായണത്തിലാണ്. ചൂടൻ ലൈബ്രറിയൻ രാഘവേട്ടൻ 'സന്തോഷ് ഏച്ചിക്കാനത്തിന്റെ -ബിരിയാണി 'ചൂടാറാതെ ഭക്ഷിച്ചു കൊണ്ടിരിപ്പാണ്. ആരും എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല. ഞാൻ നേരെ നടന്നു. മലയാളം കവിതകളാണ് ആദ്യം, പിന്നെ നോവൽ, റഫറൻസ് അങ്ങനെ പോകും. ചെറു കഥകളോടാണ് എനിക്കേറ്റം പ്രിയം. നോവലുകളിൽ നിന്നും ചെറുകഥകളിലേക്ക് ഒരു പാലമാണ്. വിരലുകൾ സമാഹാരങ്ങളിലൂടെ ഓടി നടന്നു. വിരൽ ഇപ്പോൾ ഒരിടത്ത് തടയപെട്ടിരിക്കുന്നു. പതിയെ ഞാൻ ആ പുസ്തകം വലിച്ചെടുത്തു. "തനിച്ചുറങ്ങുമ്പോൾ -ശിവദാസ് മഠത്തിൽ" എനിക്കിത് വിശ്വസിക്കാൻ കഴിയുന്നതേ ഇല്ല. തടവറ ജീവിതം കഷായങ്ങളെ പറ്റി മാത്രമാണ് പഠിപ്പിച്ചത്. ഇവിടെ മറ്റെന്തൊക്കെയോ നടന്നിരിക്കുന്നു. ഒന്നിനെക്കുറിച്ചും, യാതൊന്നിനെകുറിച്ചും ഈ നിമിഷം വരെ ഞാൻ അറിഞ്ഞിട്ടേ ഇല്ല.    "തനിച്ചുറങ്ങുമ്പോൾ -ശിവദാസ് മഠത്തിൽ". ആയിരം വട്ടം അതുറക്കെ മനസ്സിൽ വിളിച്ചു പറഞ്ഞു, നെഞ്ചോട് ചേർത്തു. 'പാത്തുമ്മയുടെ ആടിനും' 'മതിലുകൾക്കുമിടയിൽ ' തനിച്ചുറങ്ങിയ എന്റെ ജീവനെ ഞാൻ വെളിച്ചമുള്ള ഏറ്റവും മുൻപിൽ പ്രതിഷ്ഠിച്ചു. ജീവിതം ഇത്രമേൽ സഫലമെന്നോർത്ത് തിരിച്ചിറങ്ങുകയാണ്. 

"തനിച്ചുറങ്ങുമ്പോൾ -ശിവദാസ് മഠത്തിൽ" എന്റെ ചുണ്ടുകൾ ഇപ്പോഴും ഒരു മന്ത്രം പോലെ അതുരുവിട്ടുകൊണ്ടിരിക്കുകയാണ്. ആകാശത്ത്‌ മഴ മേഘങ്ങൾ ഉരുണ്ടു കൂടിയിരിക്കുന്നു. വൻമരങ്ങൾ തല കീഴായി നിൽക്കുന്നതു പോലെ തോന്നും വിധമാണ് ഓരോ മേഘകൂട്ടങ്ങളും. 

                             

'തനിച്ചുറങ്ങുമ്പോൾ -ശിവദാസ് മഠത്തിൽ' മനസ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. കുമ്പസാരിച്ചു കുറ്റം ഏറ്റു പറഞ്ഞ പാപിയുടെ ആശ്വാസമുണ്ടിപ്പോൾ. എഴുതപെട്ടിട്ടില്ലാത്ത വാക്കുകൾക്കിടയിലെവിടെയോ ഞാൻ ഇപ്പോഴും എന്റെ തന്നെ അടയാളങ്ങൾക്കായി തിരഞ്ഞു കൊണ്ടേയിരിക്കുന്നു. മേഘങ്ങൾ മഴ പൊഴിച്ചിരിക്കുന്നു. ജീവിതം കെട്ടി പുണർന്ന ഓർമകളുടെ പഴയ മണങ്ങളെ മഴ കെട്ടിവലിച്ചു കൊണ്ടു വരുന്നുണ്ട്. നിശബ്ദതകൾ കൂട്ടി വച്ച ഒരു ബാല്യത്തിന്റെ ബാക്കി കൂടിയാകുന്നു അത്. 

തിരിച്ചുവീട്ടിലെത്തിയിരിക്കുന്നു. ആരെയും വിളിക്കാതെ വാതിൽ തുറന്ന് അകത്തു കയറി. വാതിൽ തുറന്നാൽ ആദ്യം കണ്ണിലുടക്കിയിരുന്നത് നേരെയുള്ള ചുമരിലെ ഒൻപത് കിളി വാതിലുകളുളള പഴയ ഒരു ക്ലോക്ക് ആയിരുന്നു. അതിന്റെ സ്ഥാനം ചുമരിന്റെ വലതു വശത്തേയ്ക്കു മാറ്റപ്പെട്ടിരിക്കുന്നു. പഴയ സ്ഥാനത്ത്‌ മാലയിട്ട് തൂക്കിയ ഒരു ചിത്രമുണ്ടിപ്പോൾ. അതിലെ ആലേഖനം ഞാൻ മനസ്സിൽ വായിച്ചു. 

                   

'ശിവദാസ് മഠത്തിൽ '

ജനനം : 2/7/1860

മരണം : 1/9/1920 

ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ. ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നത്രെ.. എന്നാൽ ഞാൻ എവിടെ മരിച്ചിരിക്കുന്നു. ജീവിതം അതു ദിശ മാറി ഒഴുകുന്നു എന്നു മാത്രം എനിക്കു തോന്നുന്നു. തിരിച്ചു പോകാനാവാത്തൊരു വഴിയിൽ വച്ച് കണ്ടുമുട്ടിയ യാത്രക്കാരെ പോലെ നിശബ്ദതയും ഞാനും എത്രയോ ദൂരങ്ങൾ ഇനിയും നടന്നു പോയേക്കാം. 

'ജാനകി, 'മരിക്കാത്ത എന്റെ ഓർമകളാൽ വരിഞ്ഞു മുറുക്കപ്പെട്ട് മുറിയിൽ എന്റെ മേശ മേൽ കൊണ്ടു വന്നു വച്ചിട്ടു പോയ പാൽ ചായയിൽ പാടകെട്ടിയിരിക്കുന്നു. ശവത്തിലെന്ന പോലെ അതിലും ഉറുമ്പുകൾ ചുടലനൃത്തം ചവിട്ടുന്നു. ഞാനിനിയും എത്രയോ കാലമിങ്ങനെയങ്ങനെ. പണ്ടെപ്പോഴോ വായിച്ചു തീർത്ത മാധവികുട്ടിയുടെ പുസ്തകത്തിലെ വരികൾ, അതെന്നെ അടയാളപ്പെടുത്തുന്നതായി തോന്നി. "ശൈത്യത്തിന്റെ മഞ്ഞിലേക്ക് മറയുന്ന പർവതങ്ങൾ പോലെ, ഞാനെന്റെ സ്വപ്‌നങ്ങളത്രയും മറച്ചു വച്ചു "

മരണം എനിക്കതൊരു ഉറക്കം മാത്രമാണ്. പകലും, രാത്രിയും, നിലാവും വെളിച്ചവുമെല്ലാമുള്ള നിദ്ര......