Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുത്തിയമ്മ കഥ

x-default Representative Image

ഇപ്പോൾ ചില നേരങ്ങളിൽ എന്റെ ഓർമകൾക്കുമേൽ ഒരു പാട വന്നുവീഴും, തിമിരം ബാധിച്ച രണ്ടു കണ്ണുകളും ഒരു കട്ടികണ്ണടയും അപ്പോൾ കടന്നുവരും. നീണ്ടതും കുറിയതുമായ വരകൾ നിറഞ്ഞ കൈലിമുണ്ടും ബ്ലൗസും ധരിച്ച, വയസായെങ്കിലും നീളമുള്ള കോലൻമുടിയുടെ  തുമ്പു കെട്ടിയിട്ട മുത്തിയമ്മ. വിളക്കുകൊളുത്തിയാൽ രാമരാമ പാഹിമാം പാടി തീർത്ത്, ചൂട് കഞ്ഞിയിൽ കുറച്ചു തേങ്ങാപ്പീരയും ചിരണ്ടിയിട്ടു, സന്ധ്യയ്ക്കു മുന്നേ അരിഞ്ഞു കൊടുത്ത ചക്കക്കുരുവും കൊത്തമരയും ഒരുമിച്ച തോരനും കൂട്ടി, മുത്തി കഞ്ഞി കുടിക്കുമ്പോൾ ഞാനും ഇടയ്ക്കതിന്റെ പങ്കുപറ്റാൻ അടുത്തു ചെന്നിരിക്കാറുണ്ടായിരുന്നു. ചക്കക്കുരു ഇങ്ങനെ തോരൻ വെക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു തന്നെ ആ തേങ്ങചിരവിയിട്ട കഞ്ഞി മാത്രമായിരുന്നു ലക്‌ഷ്യം.

പച്ചമല്ലിയും വറ്റൽ മുളകും പെരുംജീരകവും അമ്മികല്ലിൽ അരച്ചെടുത്തു കൂടെ തേങ്ങാകൊത്തുമിട്ട് ഇടയ്‌ക്കെപ്പോഴെങ്കിലുമൊക്കെ മുത്തി, ചക്കക്കുരു ഉലർത്തിയെടുക്കുമായിരുന്നു.  വീട്ടിൽ പോത്തിറച്ചി വാങ്ങുന്ന ദിവസങ്ങളിലാണ് മുത്തിയുടെ ഈ കറികൾ കൂട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കു കിട്ടിയിരുന്നത്. പോത്തിന്റെ മണമോ ആ ഇറച്ചിയുടെ രുചിയോ മുത്തിക്കെപ്പോഴും അലോസരമുണ്ടാക്കിയിരുന്നു. അമ്മയുടെ പോത്തിറച്ചി വരട്ടിയതിന്റെ മുമ്പിലും മുത്തിയുടെ ചക്കക്കുരു ഉലർത്ത് ചിലനേരങ്ങളിൽ നെഞ്ചുവിരിച്ചു നിന്നു കൊഞ്ഞനം കുത്തികാണിക്കും. അതുംകൂട്ടി കഞ്ഞി കുടിക്കാൻ ആ ദിവസങ്ങളിൽ എനിക്കും ചേട്ടനും തിടുക്കം കൂടുതലായിരുന്നു. വർഷങ്ങൾക്കിപ്പുറം നിന്നു തിരിഞ്ഞു നോക്കുമ്പോഴും ആ രുചി ഓർമകളിൽ ഒരു ചെറിയ വളിപ്പുവാസന പോലും തട്ടിയിട്ടില്ല.

നാലുമണി മഴയിൽ നനഞ്ഞു കുതിർന്നു സ്കൂൾ വിട്ടുവരുമ്പോൾ, ചൂട് കട്ടൻ ചായക്കൊപ്പം പച്ചക്കപ്പയോ, വാട്ടുക്കപ്പയോ, ചക്കയോ വേവിച്ചതും നല്ല മുളകരച്ച മീൻചാറും അമ്മ കിണ്ണത്തിൽ വിളമ്പി തരും. അതും കയ്യിലെടുത്തു, മഴ കാണാനായി ഉമ്മറത്തിണ്ണയിൽ ചെന്നിരിക്കും. കൂട്ടിനു മുത്തിയുടെ മഴക്കാല കഥകളുമുണ്ടാകും. എത്രപറഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ആ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ എനിക്കെപ്പോഴും ഇഷ്‍ടമായിരുന്നു.  മഴ പെയ്തു വെള്ളം നിറഞ്ഞപ്പോൾ, പാടത്തു നിന്നും മുറ്റത്തേക്ക് കേറി വന്ന വരാലിനെ പിടിച്ചു കറിയാക്കിയതും, ജാനകി നാത്തൂന് കല്യാണത്തിനു പോകാൻ താലിമാല ഊരിക്കൊടുത്തതിന് മീൻചട്ടിയിലെ കറി മുഴുവൻ തലയിലൊഴിച്ച മുത്തച്ഛന്റെ കഥകളും ഒരു ദിവസം മുഴുവൻ മീൻ വെട്ടി മടുത്തതും പിന്നെയും ബാക്കിവന്ന വരാല് കുഞ്ഞുങ്ങളെ മുത്തച്ഛൻ കാണാതെ പറമ്പിലേക്കെറിഞ്ഞതും രണ്ടു പൊടിപിള്ളേരെയും കൊണ്ട് പനമ്പു മറച്ച ഒറ്റമുറി കുടിലിൽ ചണച്ചാക്കു വിരിച്ചുറങ്ങിയതും റേഷനരിയിൽ നിന്നും കിട്ടിയ യമണ്ടൻ പുഴുവിനെ എടുത്തു കളഞ്ഞേച്ച് ആ കഞ്ഞി മോന്തി കുടിച്ചതുമൊക്കെ കേൾക്കുമ്പോൾ ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ എന്റെ കണ്ണുനിറയും. 

സ്നേഹമൊരുപാടുണ്ടെങ്കിലും വഴക്കിനും കുശുമ്പിനും കുറവില്ലാത്തതുകൊണ്ടു അമ്മയുമായി എപ്പോഴും വഴക്കിടുന്ന മുത്തിയിൽ നിന്നും കുറച്ചു മുതിർന്നപ്പോൾ ഞങ്ങളും പതുക്കെയകന്നു. പിന്നെ പിന്നെ അമ്മയെ പിന്തുണച്ചു മുത്തിയോട് വഴക്കിടുന്നത് എന്റെയും രജിയുടെയും പതിവായി. ഇടയ്ക്കിടെ പിണങ്ങി വല്യച്ഛന്റെ വീട്ടിലേക്കു പെട്ടിയും കിടക്കയുമായി പോകുന്ന മുത്തി ഞങ്ങളിൽ പലപ്പോഴും ചിരി പടർത്തിയിരുന്നെങ്കിലും ഉള്ളിലൊരു ചെറുനീറ്റലുണ്ടാകുമായിരുന്നു. എങ്കിലും കുറച്ചുദിവസങ്ങൾക്കു ശേഷം അവിടെനിന്നും വഴക്കിട്ടു പോയതുപോലെ തന്നെ തിരികെ വരുമ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം ചേർന്ന് മുത്തിയെ കളിയാക്കാൻ ഞങ്ങളും മുൻനിരയിലുണ്ടാകും. സത്യത്തിൽ ആ തിരിച്ചുവരവെല്ലാം ഞങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ടാണെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോഴും എന്നത്തേയും പോലെയിഷ്ടം. അല്ലെങ്കിൽ അകന്ന ബന്ധത്തിലൊരാൾ ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ വന്നപ്പോൾ, അയാളോട് ചോദിച്ചു വാങ്ങിയൊരു വാച്ചുമായിവന്ന്, ''മോഹനൻ നിനക്കു തരാൻ പറഞ്ഞു തന്നതാടാ'' എന്നും പറഞ്ഞു ഏറെ സന്തോഷത്തോടെ എന്റെ ചേട്ടനതു സമ്മാനിച്ച മുത്തിയ്ക്ക് എപ്പോഴും ഞങ്ങളോടൽപം ഇഷ്ടക്കൂടുതലുണ്ടായിരുന്നു.

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുത്തിയ്ക്കു ഏകദേശം എൺപതിനു മുകളിൽ പ്രായമുണ്ട്. ഓർമകളിൽ മൂടലുബാധിച്ച്, കിടന്ന കിടപ്പിൽ കാര്യങ്ങളെല്ലാം സാധിച്ച്, ദേഹം മുഴുവൻ പൊട്ടിയൊലിച്ച്, ആ വേദനകൾക്കിടയിൽ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും വിളിച്ചു കരയുമ്പോഴും ഞാനടുത്തു ചെല്ലുമ്പോൾ മറ്റാരെയും തിരിച്ചറിഞ്ഞില്ലെങ്കിലും (നേരാനേരങ്ങളിൽ ചോറുവാരി കൊടുക്കുന്ന, എന്റെ അമ്മയെപോലും) എന്നെ മാത്രം തിരിച്ചറിയുന്നുവെന്നത് എന്തുകൊണ്ടാണെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി എന്നിലുണ്ട്. 

ഏഴ് ഇഡ്ഡലിയും സാമ്പാറും കണക്കുപറഞ്ഞു വാങ്ങിച്ചു കഴിച്ചതിനുശേഷം ഒരു മണിക്കൂറ്‍ തികയും മുന്നേ വീണ്ടും വന്ന് "ഞാനിതുവരെ ഒന്നും കഴിച്ചില്ലെടി പെണ്ണേ....എനിക്കെന്തെങ്കിലും കഴിക്കാൻ താ.." എന്നും പറഞ്ഞു വീണ്ടും വാങ്ങി കഴിക്കുമ്പോൾ "ഈ വിശപ്പെല്ലാം എന്റെ രോഗത്തിന്റെയാ'' എന്നൊന്ന് പരിതപിക്കാനും മുത്തി മറക്കാറില്ല. ആ പറച്ചിലുകൾക്ക് നേരെ പരിഹാസമെറിഞ്ഞതും ദേഹം മുഴുവൻ  ചുട്ടുനീറുന്നുവെന്നു പറയുമ്പോൾ കുളത്തിലിറങ്ങി കിടക്കാൻ പറഞ്ഞു കളിയാക്കിയും ഇപ്പോഴൊരു പൊള്ളലായി ഉള്ളുനീറ്റുന്നു. കാരണം ആ വിശപ്പിപ്പോൾ എന്നെയും ബാധിച്ചിരിക്കുന്നു. ഉള്ളം കാലുകൾ അകാരണമായി പുകയുന്നു. വയറ്റിലൊരു വിശപ്പിന്റെ തീഗോളം കത്തുകയും ചെയ്യുന്നു. പ്രമേഹത്തിന്റെയെന്നു ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ട്.