Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യർ

story Representative Image

ഉച്ചവെയിലിൽ ഭൂമി കത്തും എന്ന പോലായിരിക്കുന്നു. മുഷിഞ്ഞു കീറിയ കുപ്പായത്തിൽ, അവന്റെ അമ്മയാകണം അവിടവിടെ പലതരം തുണികൾ വെച്ച് തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.

"വർണ്ണ പമ്പരം 20 രൂപ സാർ"

സമയത്തെ വേഗതകൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിയ മനുഷ്യരെ നോക്കി അവൻ പറയുന്നുണ്ട്. 60 സെക്കന്റ് സമയം ചുവപ്പ് മാറി പച്ചയാകും, ഈ വർണ്ണ മാറ്റത്തിനിടയിൽ വേണം അവന് സെയിൽസ്മാൻ ആയി മാറി തന്റെ വർണ്ണ പമ്പരങ്ങൾ വിൽക്കാൻ. ഓരോ പമ്പരങ്ങൾ വിൽക്കുമ്പോഴും അവന്റെ മുഖം നോക്കിയാൽ ആ കറങ്ങുന്ന വർണ്ണങ്ങളിൽ എവിടൊക്കയോ ആണ് അവൻ തന്റെ സ്വപ്നങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്‌ തോന്നി പോകും.

പമ്പരം വിറ്റതിന്റെ സന്തോഷമുണ്ടെങ്കിലും കുഞ്ഞു കയ്യിലെ പമ്പരം മറ്റൊരു കയ്യിൽ അകപ്പെട്ടത്തിന്റെ നീരസം ഉണ്ടോ എന്നു തോന്നും.

ഏയ് ഇല്ല തോന്നിയതാകും!

ചിലരൊക്കെ വാങ്ങുന്നുണ്ട്, ചിലർ ഒന്ന് നോക്കും, മുഷിഞ്ഞ കുപ്പായം ഇട്ടു മുന്നിൽ നിൽക്കുന്ന പയ്യനെ ആണോ അതോ അവന്റെ കയ്യിലെ പമ്പരത്തെയോ, ഏതെന്ന് ഊഹിച്ചെടുക്കും മുൻപേ ആ നോട്ടം സിഗ്‌നൽ ലൈറ്റിൽ ആയിട്ടുണ്ടാകും.

പച്ച ഒന്ന് കത്തിയിരുന്നെങ്കിൽ...

****    ****    ****   ****

കണ്ണ് തുറന്നു തന്നെയാണയാൾ നടക്കുന്നത്, പക്ഷേ ചുറ്റുമുള്ള കാഴ്ചകൾ കാണുന്നുണ്ടാകുമോ, എന്തോ? മുഖം നന്നേ ക്ഷീണിച്ചാണ്, ജോലിഭാരം ആകാം. ഇഷ്ടമില്ലാത്ത ജോലി ഒരു ഭാരം തന്നെയാണല്ലോ. ആ ജോലി കൊണ്ടുള്ള ഒരു ഗുണം കുറേ സമയം സ്വയം അറിയാതെ പൊയ്ക്കൊള്ളും എന്നുള്ളതാണ്.

യുവാവാണ് എങ്കിലും മധ്യവയസ്കന്റെ രൂപം ആയിരിക്കുന്നു. കടമകൾ, ചുമതലകൾ, ഉത്തരവാദിത്വങ്ങൾ ഇതെല്ലാം അയാൾക്ക് പ്രായത്തിലും കൂടിയ പക്വത സമ്മാനിച്ചിരിക്കുന്നു. തനിക്ക് ചുറ്റുമുള്ള കാഴ്ചകളെ ആസ്വദിക്കാൻ അയാൾക്കു സാധിക്കുന്നില്ല. അകമേ ഏതോ ഇരുട്ടറയിൽ അടച്ചിട്ടിരിക്കുകയാണ് ആസ്വാദനത്തിന്റെ കണ്ണുകളെ.

പോക്കറ്റിലെ കൂട്ടുകാരൻ പുതിയതെന്തൊ പറഞ്ഞു.

ടെക്സ്റ്റ് മെസ്സേജ്... സാലറി ക്രെഡിറ്റഡ്...

****    ****    ****   ****

ഒരു 68 വയസ്സുണ്ടാകും, നല്ല കൂനുണ്ട്, ജീവിതം ചുമന്ന് നടന്നു കൂനിപ്പോയതാകാം. ഇപ്പോൾ കൂട്ട് ഒരു ചെറിയ വടിയാണ്, വാക്കിങ് സ്റ്റിക് എന്നൊക്കെ പരിഷ്കരിച്ചു പറയാം. കയ്യിൽ ഒരു കവറുണ്ട്, അതും പിടിച്ച് പതിയെ പോകുന്നത് പാർക്കിലെ ബഞ്ചിൽ ഒരു ഇടം തേടിയാണ്.

****    ****    ****   ****

അയാൾക്കും മുന്നേ രണ്ടു പേർ അവിടെ സ്ഥാനം പിടിച്ചിരുന്നു. കയ്യിലെ കുഞ്ഞൻ തുകകൾ എണ്ണി തിട്ടപ്പെടുത്തുന്ന മുഷിഞ്ഞ വസ്ത്രധാരിയായ ഒരു കൊച്ചു പയ്യൻ.

'......110,120,140 അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ 60 രൂപയോളം ആകും. ബാക്കി അച്ഛനെ ഏൽപിക്കാം. 5 രൂപയുടെ നാരങ്ങ മിഠായി ഉണ്ടെങ്കിൽ കുഞ്ഞിപെങ്ങൾക്കു സന്തോഷം ആകും..'

തൊട്ടപ്പുറത്ത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഏതോ കനത്ത സംഖ്യകൾ കൂട്ടി കിഴിക്കുന്ന, യൗവനത്തിൽ വാർധക്യം ബാധിച്ച ചെറുപ്പക്കാരൻ. '...വീടിന്റെ വാടക, അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം, വാട്ടർ ചാർജ്, കറന്റ് ചാർജ്, ഫോൺ റീചാർജ്ജ്, അരി, പച്ചക്കറി ഇതെല്ലാം കഴിഞ്ഞ് എനിക്കൊരു ഷർട്ട് എടുക്കുവാൻ ഈ വട്ടം എങ്കിലും ബാക്കി എന്തെങ്കിലും ഉണ്ടാകുമോ. അത് ഇല്ലെങ്കിലും വേണ്ടില്ല പരാധീനതകളുടെ ജീവിതം പങ്കിടാൻ വരുന്നുവോന്ന് മാളൂനോട് ചോദിക്കുവാൻ വേണ്ടി അവൾക്കൊരു കോഫി വാങ്ങാൻ എങ്കിലും ഉണ്ടായാൽ മതിയായിരുന്നു..'

'...ചോദിക്കില്ലെങ്കിലും വെറുതെ ഒരു ചൂടുകാപ്പികുടിച്ച ഓർമയെങ്കിലും ഉണ്ടാകേണ്ടേ?...'

****    ****    ****   ****

ഇവരുടെ ഓരത്താണ് ആ വൃദ്ധൻ സ്ഥലം കണ്ടുപിടിച്ചിരിക്കുന്നത്. കവർ തുറന്നു. മുദ്ര പത്രം... അല്ല വിൽപത്രം... ഇത്ര നാളും താൻ സമ്പാദിച്ച സ്വത്ത്, അവയെല്ലാം മക്കൾക്ക് പകുത്തു നൽകിയതിന്റെ രേഖ. ഇത്ര നാളത്തെ ജീവിതത്തിന്റെ വിലയാണ് ആ കയ്യിലെ പേപ്പർ. അതു കൈമാറുന്ന നിമിഷം ജീവിതത്തിന്റെ വില വെറും പൂജ്യം ആകും.

ഒരു വടിയാണ് ഇപ്പൊ സഹായം. ആ സഹായത്തിൽ എഴുന്നേറ്റ് നടന്നു. പോകുന്ന വഴിയിൽ എവിടെയെങ്കിലും ചവറു കൂന ഉണ്ടാകും, ഇത് അതിൽ ഇടണം.

****    ****    ****   ****

അവർ ഇരുന്നയിടങ്ങൾ ഇപ്പോൾ ശൂന്യമാണ്. മറ്റാരെങ്കിലും അവിടേയ്ക്ക് വരുന്നുണ്ടാകും, പക്ഷേ, ഈ കാക ജന്മത്തിന് ഇപ്പോൾ അത് ആരെന്നു നോക്കി ഇരിക്കാൻ സമയമില്ല.

'...കൂടണയണം കാത്തിരിപ്പുണ്ട് കറുമ്പിപെണ്ണും കുട്ടികളും.....'

****    ****    ****   ****

തന്റെ കുഞ്ഞികണ്ണുകളും കൊണ്ട് ഈ വലിയ ലോകത്തെ മുഴുക്കെ നോക്കി കാണാൻ ആവേശം കാട്ടുന്ന കുഞ്ഞിനെയും കടന്ന് 

ആ കാകൻ കൂടും ലക്ഷ്യമാക്കി പറന്നു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.