Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഇസ്തിരിക്കഥ

iron-box.jpg

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ ഒരിക്കൽ അവധിക്ക് വീട്ടിൽ വന്നപ്പോൾ ഉമ്മയോട് സംസാരത്തിനിടയ്ക്ക് പറഞ്ഞു,“ഞാൻ കൂടെ പഠിക്കുന്ന ചില കുട്ടികളുടെ ഡ്രസ്സിന് ഇസ്തിരി ഇട്ടു കൊടുക്കാറുണ്ട്, അവർ എനിക്കതിന് കാശും തരും”.

അവൾ ആ കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു,

“അങ്ങിനെ ചെയ്യരുതെന്ന് പറയണം, സാധിക്കുമെങ്കിൽ അവൻ അവർക്ക് ഇസ്തിരി ഇട്ടു കൊടുത്തോട്ടെ, പക്ഷേ; പ്രതിഫലമൊന്നും വാങ്ങിക്കണ്ട എന്നു പറയണം”.

അവൾ പറഞ്ഞു,“ഞാൻ അത് പറഞ്ഞതാ അവനോട്. അപ്പോൾ അവൻ പറയുന്നു,“നല്ല കാശുള്ള വീട്ടിലെ കുട്ടികളുടെ ഡ്രസ്സിനാ ഞാൻ ഇസ്തിരി ഇട്ട് കൊടുക്കാറ്, അവരുടെ കൈയിൽ നല്ല കാശ് ഉണ്ട് എന്ന്”.

ഭർത്താവ് ചിരിച്ചു കൊണ്ട് പറഞ്ഞു,

“അവന്റെ ഒരു കാര്യം”

“അതല്ല അവൻ എന്നിട്ട് ആ കാശ് എന്ത് ചെയ്യുന്നു, എത്ര കാശാ വാങ്ങിക്കുന്നത്?”

ഭാര്യ പറഞ്ഞു,“എത്ര കാശാ വാങ്ങിക്കുന്നതെന്നൊന്നും ചോദിച്ചിട്ടില്ല ഞാൻ”

“പിന്നെ... കാശ് എന്ത് ചെയ്യാനാ അവൻ... ഐസ്ക്രീമോ, ചോക്ലൈറ്റോ വാങ്ങിക്കാണും”.

അവർ അതു പറഞ്ഞു ചിരിച്ചു. അന്നു രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് ഇരിക്കുമ്പോൾ ഉപ്പ ചോദിച്ചു മകനോട്,

“ഇസ്തിരിയൊക്കെ ഇട്ട് നല്ല പൈസ ഉണ്ടാക്കുന്നുണ്ടല്ലെ?”

അവൻ ചിരിച്ചു,“എപ്പോഴും ഇല്ല ഉപ്പാ.. ഇടയ്ക്ക് ചില കുട്ടികൾക്ക് ഇട്ട് കൊടുക്കും, അവർ തരുന്ന പൈസ വാങ്ങിക്കും”.

“എന്നിട്ട് എന്തു ചെയ്തു കാശൊക്കെ?”

“അതിന് ഞാൻ അത്രയൊന്നും വാങ്ങിക്കാറില്ല”.

“എങ്കിലും കിട്ടിയത് എന്ത് ചെയ്തു?”

“അത് ഞാൻ”... എന്നു പറഞ്ഞ് അവൻ താഴോട്ട് നോക്കി.

“എന്തു പറ്റി?.. സാരമില്ല, ഉപ്പ വെറുതെ ചോദിച്ചതാ”.

ഉമ്മ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു, “അതെന്താ ഉപ്പ ചോദിക്കുമ്പോൾ നിനക്ക് എന്തു ചെയ്തു പൈസ എന്ന് പറഞ്ഞാൽ?!”

“നീ മിണ്ടാതിരുന്നേ, സാരമില്ല പോട്ടെ” ഉപ്പ മകനു വേണ്ടി വാദിച്ചു.

മകൻ മെല്ലെ തല ഉയർത്തി പറഞ്ഞു,

“ഉപ്പാ എനിക്കു കിട്ടുന്ന പൈസ ഞാൻ കൂടെ പഠിക്കുന്ന എന്റെ കൂട്ടുകാരനാണ് കൊടുക്കാറ്”

അതു പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് പോലെ തോന്നി ഉപ്പാക്ക്.

ഉപ്പ അവനെ ചേർത്ത് പിടിച്ചു “ഏത് കൂട്ടുകാരനാ മോനെ? എന്തിനാ മോൻ സങ്കടപ്പെടുന്നത്?”

“ഒന്നുമില്ല ഉപ്പ. അവൻ പാവമാ ഉപ്പാ, എന്നെക്കാൾ ചെറുതാ അവൻ”.

ഒരു ദിവസം ഉമ്മയും, ഉപ്പയും എന്നെ കാണാൻ വന്നപ്പോൾ ബിസ്കറ്റുകളും ഫ്രൂട്ട്സുമെല്ലാം കൊണ്ട് വന്നിരുന്നു. അന്നു ഞാൻ അത് കഴിക്കുമ്പോൾ‌ അവനും കൊടുത്തു,

മുന്തിരി കഴിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ, അവൻ ആദ്യം പറഞ്ഞില്ല”

പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,

“എന്റെ ഉപ്പ മരിച്ചു പോയി. ഞാനും, ഉമ്മയും, അനുജനും അനുജത്തിയും വാടക വീട്ടിലാണ് താമസം”

“എന്നെ ഇവിടെ ചേർക്കാൻ കൊണ്ടുവരുന്നതിനു തലേദിവസം എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഞങ്ങൾ മാർക്കറ്റിൽ പോയിരുന്നു,

അന്ന് ഒരു കടയിൽ മുന്തിരി കണ്ട് എന്റെ കുഞ്ഞു പെങ്ങൾ കരഞ്ഞു, ഉമ്മാന്റെ കൈയിൽ ഉണ്ടായിരുന്ന പൈസ തീർന്നു പോയതു കൊണ്ട്,

ഉമ്മ “ഇനിയൊരിക്കൽ‌ വാങ്ങിത്തരാം മോളെ”.. എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ഞാനിപ്പോൾ ഇത് തിന്നുമ്പോൾ എന്റെ കുഞ്ഞു പെങ്ങളെ ഓർത്തു പോയി”

“പാവങ്ങൾ ... ഏറെ കഷ്ടത്തിലാ ഉപ്പാ അവരുടെ ജീവിതം, പലരും സഹായിക്കുമത്രെ, പക്ഷേ, അവന്റെ ഉമ്മാക്ക് സുഖമില്ല, ആശുപത്രിയിൽ തന്നെ കുറെ കാശ് ചിലവാകും എന്ന് പറഞ്ഞു, അവൻ”.

“അതിനു ശേഷം ഞാൻ പൈസക്കാരായ പിള്ളേരോട് ഇസ്തിരി ഇടാനുണ്ടെങ്കിൽ പറഞ്ഞോ ഞാൻ ഇട്ട് തരാം എന്നും കാശ് തരണമെന്നും പറഞ്ഞു, അവർ സമ്മതിച്ചു, ആ കിട്ടുന്ന കാശ് ഞാൻ എന്റെ  കൂട്ടുകാരന് നൽകും, അവൻ വേണ്ട എന്നു പറയും. ഞാൻ നിർബന്ധിച്ച് കൊടുക്കും”

“ലീവിന് പോകുമ്പോൾ കുഞ്ഞു പെങ്ങൾക്കും അനുജനും ബിസ്കറ്റും മുന്തിരിയൊക്കെ വാങ്ങിക്കണമെന്ന് പറഞ്ഞു, ഞാനവനോട്”

മകന്റെ വാക്കുകൾ കേട്ട ഉപ്പയുടേയും ഉമ്മയുടേയും കണ്ണുകൾ നിറഞ്ഞു.

“അങ്ങനെ സഹായിക്കണമെങ്കിൽ‌ മോന് ഉപ്പാനോട് പറഞ്ഞാൽ പോരായിരുന്നോ? എന്തിനാണ് അതിന് മോൻ ഇസ്തിരി ഇടാനൊക്കെ പോയത്?”

“അതല്ല ഉപ്പാ... ഞാൻ എന്തെങ്കിലും ചെയ്ത് ഉണ്ടാക്കുന്ന പൈസ കൊണ്ട് ആർക്കെങ്കിലും സഹായം ചെയ്യുന്നതല്ലേ ഉപ്പാ നല്ലത്”?

മകന്റെ ചോദ്യത്തിനു മറുപടി പറയാതെ, മകനെ ചേർത്തു പിടിച്ച് ആ തലയിൽ തലോടി ഉപ്പ.