Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാടന്റെ ചരമക്കുറിപ്പ്

849297752

സമയം അത്ര പന്തിയല്ല... നേരത്തെ തിരിക്കേണ്ടതായിരുന്നു... ഇനിയും വൈകിക്കൂടാ... എത്രയും പെട്ടെന്ന് പറമ്പിലെത്തണം, എന്നായി പിന്നീടങ്ങോട്ടുള്ള ഉണ്ണീരന്റെ ചിന്ത. കാലം നല്ലതല്ല, ആരേം വിശ്വസിക്കാൻ കൊള്ളില്ല. അപ്പോഴാണ് കുറച്ചു ദൂരെ വലതു വശത്ത് ഒരു കറുത്ത രൂപം അവൻ കണ്ടത്. ഈശ്വരാ.... ഒന്ന് ഓരിയിട്ട് കരഞ്ഞാൽ കൂടി കേൾക്കാൻ ആരുമില്ലല്ലോ. കണ്ടിട്ട് ഒരു പോത്ത് ആണെന്നാണ് തോന്നുന്നത്. ഇനിയിപ്പോൾ എന്നെ ഒാടിക്കാൻ വല്ലോരും വേഷം മാറി വരികയാണോ?... 

അവനങ്ങനെ തോന്നാൻ കാരണം ഇമ്മിണിയുണ്ടേ. അവന്റെ ജ്യേഷ്ഠൻ നാട്ടിലെ ഒരു പ്രമാണിയാണ്. അപ്പോൾ പിന്നെ ശത്രുക്കളെ പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. കാലം കെട്ടത് തന്നെ. ഉണ്ണീരൻ പിന്നൊന്നും നോക്കീല്യാ, മുണ്ടിൻ തലപ്പങ്ങ് മടക്കിക്കുത്തി ഒരോട്ടമങ്ങ് വച്ചുകൊടുത്തു, വലത്തോട്ട് നോക്കാനേ പോയില്ല. അവനറിയാം അവനെ ഓടിത്തോൽപ്പിക്കാൻ കഴിയില്ല എന്ന്, അവനാണ് ഓട്ടമൽസരത്തിൽ ഒന്നാമൻ. അവനെയാണോ ഓടിപ്പിടിക്കാൻ നോക്കണേ നടന്നതന്നെ... ഉണ്ണീരൻ അവനെ ഒടിക്കാൻ വിട്ടവരെ ഒന്ന് പുച്ഛിച്ച് ചിരിച്ച് വീട്ടിലോട്ടുള്ള വഴിയിലൂടെ പാടമെത്തുന്നതു വരെ ശരം വിട്ടകണക്കെ ഓടി. ഇവിടെ നിന്നാൽ അവന് വീട്ടിലെ പടിപ്പുരയിൽ തൂങ്ങിയാടുന്ന വിളക്ക് കാണാം. വീട്ടിലെത്താൻ ഇനി കുറച്ചു പാടവരമ്പുകൾ മാത്രമേ നടക്കേണ്ടതുള്ളൂ. 

പെട്ടെന്നാണ് എന്തോ പിന്തുടരുന്നതായി അവനു തോന്നിയത്. എന്തോ മിന്നിമായുന്നത് അവൻ നിലാവെളിച്ചത്തിൽ കണ്ടു. അതവനു തീർച്ചയാണ്. തിരിഞ്ഞ് നോക്കാതെ അവൻ നടത്തത്തിന്റെ വേഗത കൂട്ടി. അതെ... അവനു പിന്നിൽ ഒരു രൂപം നടന്നു നീങ്ങുന്നു. അത് വേഗത കൂട്ടി അവനരികിലേക്ക് അടുക്കുന്നത് അവൻ അറിഞ്ഞു. സർവ്വശക്തിയും സംഭരിച്ച് അവൻ ഒന്നാഞ്ഞു ശ്വസിച്ച് ഓടി. വരമ്പിൽ നിന്ന് കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന കന്യകയായ കണ്ടത്തിലേക്ക് അവൻ എടുത്ത് ചാടി. കൊയ്തിട്ടിരിക്കുന്ന നെൽക്കതിർക്കൂട്ടത്തിനരികിലൂടെ അവൻ ഓടി. അടുത്ത ചാട്ടത്തിനു വരമ്പിൽ കേറണം, അത് വഴി ഓടിയാൽ പടിപ്പുരക്കരികിലുള്ള മാവിൻ ചുവട്ടിലെത്താം, അവിടെത്തിയാൽ ഭയപ്പെടാനില്ല. അവിടന്നങ്ങോട്ട് കരിങ്കുട്ടിയുടെ ശക്തി വലയത്തിലാണെന്ന് അവന് ഏട്ടൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി ഒരു 20 അടി കൂടി വച്ചാൽ മാവിൻചുവട്ടിലെത്താം. അവന്റെ പിന്നാലെ വരുന്ന മാടനോടു അവന് പുച്ഛം തോന്നി. നിന്റെ കളി എന്നോടല്ലേ നടക്കൂ. ധൈര്യമുണ്ടെങ്കിൽ നീ എന്റെ കരിങ്കുട്ടിയോട് കോർത്ത് നോക്ക്, ആ മാവിൻ ചുവട്ടിനപ്പുറത്തേക്ക് കയറിനോക്ക്, അപ്പോൾ കാണാം തരം. അവൻ മാടനെ ഒന്ന് വെല്ലുവിളിക്കുക പോലും ചെയ്തു. പെട്ടെന്ന് അവിടെ കിടന്നിരുന്ന ഒരു മണ്ണിൻ കട്ടയിൽ ചവിട്ടി അവൻ വരമ്പത്തു നിന്ന് തെന്നി പാടത്തേക്ക് വീണു. പാടത്തിലൂടെ ഒഴുകുന്ന ഒരുചെറിയ വെള്ളച്ചാലിൽ അവൻ മുഖം പൊത്തി കിടന്നു. 

മുഖത്തു പറ്റിയ നനവ് അവനെ ഉണർത്തി. ഓലമേഞ്ഞ തറവാടിന്റെ ഇടയിൽ ഉള്ള ഒരു ചോർച്ചയിൽ നിന്ന് വെള്ളം മുഖത്തു വീണതാണ്. 

ഹൂ.... ന്നാലും വല്ലാത്തൊരു സ്വപ്നം തന്ന്യാണേ.... ആരായിരിക്കും ഇന്നലെ പിറകെ വന്നത്? മാടൻ ആവാനെ തരമുള്ളൂ.... ആ പാലാട്ടെ ഇട്ടുണ്ണൂലിത്തള്ളേടെ അവ്ടത്തെമാടനാവാനെ തരമുള്ളൂ. ഇന്നലെ രാവിലെ ആ വഴിക്ക് പോയപ്പോ അവർ തന്നെ വിളിച്ചിട്ട് താൻ നിന്നില്ല എന്നും അവൻ ഓർത്തു. അല്ലേലും അവർ വിളിച്ചാൽ ആരാ പോവാ... അവരുടെ കെട്ട്യോൻ ചാക്കപ്പൻ നായർക്ക് പോലും പേടിയാ അവരെ. അത്രേം കൂടോത്രാണേ കയ്യില്... എന്തായാലും അവർടെ കയ്യിലിരിപ്പിന്റെ ഗുണം എടക്കിടക്ക് കിട്ടുന്നുണ്ട്. കഴിഞ്ഞ കൊല്ലം ആ തണ്ടാനെ അവർ തെങ്ങു കേറാൻ വിളിപ്പിച്ചിരുന്നു. അവർ തെങ്ങിനെ അടിയിൽ നിന്നിട്ട് ‘ആ കൊലേലെ തേങ്ങ ഓരോന്നു വെട്ടി ഇടടാ.....’ എന്ന് അലറി. അവൻ എടുത്ത വഴിക്ക് ‘ഏതാ ഈ കൊല ആണോ’ എന്ന് ചോദിച്ച് ഒരു തേങ്ങ വെട്ടി അവര്ടെ തലക്ക് ഇട്ടു കൊടുത്തു. അതാ ആ തള്ള കിടക്കുന്നു വെട്ടിയിട്ട പോലെ. വെട്ടിയിട്ടാലും മുറികൂടുന്ന ഇനമാണ്. മൂന്നുമാസം കിടപ്പാർന്നേലും വീണ്ടും എഴുന്നേറ്റു നടന്നു. അവർ എഴുന്നേറ്റതും ചാമിക്കു നൊസ്സായി നാട്ടിൽ നടക്കാനും തുടങ്ങി. അവരുടെ മാടനാണിന്നലെ തന്റെ പിന്നാലെ വന്നിരിക്കുന്നത്. ഹും... നോക്കാം.... കരിങ്കുട്ടി ഉണ്ടല്ലോ... പിന്നെന്ത് പേടിക്കാനാ... ഇരുന്ന ഇരുപ്പിൽ അവൻ കുറേ ആലോചിച്ച് കൂട്ടി. പിന്നെ എങ്ങനൊക്ക്യോ അവ്ടന്ന് എഴുന്നേറ്റു പോയി കുളിച്ച് സ്കൂളിലോട്ട് പോയി. 

വൈകിട്ടവൻ കളിക്കാൻ പോവുമ്പോ അമ്മയോട് ചട്ടം കെട്ടി. 

‘അമ്മേ... ഇന്നേ വെള്ളിയാഴ്ച്യാ... ഞാനെ വരമ്പത്തോടു കേറണേനു മുമ്പ് അവിടെ നിന്ന് കൂവും, അപ്പോ അമ്മ പടിപ്പുരക്കടുത്ത് വന്ന് നിക്കണം. അമ്മേനെ കണ്ടാലെ ഞാൻ അവ്ടന്ന് വരുള്ളുട്ടോ....’

‘ഇത്ര പേടി ആണെങ്കിൽ നിനക്ക് നേരത്തെ കളി നിർത്തിയിങ്ങ് പോന്നൂടെ?’ അമ്മ കിട്ടിയ അവസരത്തിന് ഒന്നു കളിയാക്കി.....

‘അതിനിപ്പോ ഇവിടെ ആർക്കാ പേടി, പിന്നേ... പേടി... ഹും’ എന്നു പറഞ്ഞ് അവൻ കളിക്കാൻ ഓടിയിറങ്ങി...

ഉണ്ണീരൻ കളി തുടങ്ങ്യപ്പോ എല്ലാമങ്ങ് മറന്നു. അർമാദിച്ചങ്ങ് കളിച്ചു. ചങ്ങാതിമാരെ വിട്ട് ഒറ്റക്ക് നടന്നപ്പോഴാണ് ഉള്ളീന്ന് പേടി തേട്ടി തേട്ടി പുറത്തു വന്നേ.

ഹൂ... പണ്ടാരം നിലാവെളിച്ചം ഉണ്ടേലും നേരത്തെ പോന്നാ മത്യാർന്നു..... ഇതിപ്പൊരുമാതിരി.....’ ഉണ്ണീരൻ പിറുപിറുത്തു.

‘ന്നാലും വെറുതെ ഇന്നലെ മാടനെ വെല്ലുവിളിക്കണ്ടായിരുന്നു. ഇനിപ്പോ ആ ദേഷ്യം കൊണ്ടൊറ്റെ വര്യോ...... ഏയ്.... അതില്ലായിരിക്കും....’

നടന്ന് കുറെയങ്ങ് എത്യപ്പോഴാണു പിന്നിൽ ഒരു ശബ്ദം. ഒന്ന് നിന്ന് പിന്നിലോട്ടു തിരിയാതെ തന്നെ അവൻ ശ്രദ്ധിച്ചു.

‘ഏയ്... ഒന്നുമില്ല... തോന്നിയതാവും....’

അവൻ വീണ്ടും നടന്നു. ഇന്ന് കളി കഴിഞ്ഞ് ഒറ്റയ്ക്ക് കിട്ട്യപ്പോ അവൻ ഇന്നലെ സ്വപ്നം കണ്ട കാര്യം കൊച്ചാപ്പിയോട് പറഞ്ഞു. കൊച്ചാപ്പി പറയണത് കേട്ടപ്പോ അവന് ഒരു വഴി കിട്ടി. ഇനീപ്പോ മാടൻ വന്നാലും നേരിടേണ്ട രീതി ഉണ്ണീരനറിയാം. മാടനു നമ്മളെ നേരിട്ടൊന്നും ചെയ്യാൻ പറ്റില്ലത്രെ. നമ്മ്ടെ പിന്നാലെ വരണത് നമ്മളെ കൊണ്ട് തിരിഞ്ഞ് നോക്കിപ്പിക്കാനാണത്രേ. തിരിഞ്ഞു നോക്കിയില്ലേൽ മാടനൊന്നും ചെയ്യില്ല. പക്ഷേ, തിരിഞ്ഞ് നോക്കിയാലോ, തീർന്നു കഥ. അത് ആലോചിക്കാനേ വയ്യാ...

ഉണ്ണീരൻ അത് വിചാരിച്ച് നീങ്ങി.

‘അപ്പോ എന്ത് വന്നാലും തിരിഞ്ഞ് നോക്കരുത്. അങ്ങനെ മാവിൻചുവട് വരെ എത്തിയാൽ കൊഴപ്പല്യാ... പക്ഷേ അതുവരെ പിടിച്ചു നിൽക്കണം.’

അവൻ അതിരു കടന്നു പാടവരമ്പിലോട്ട് കയറി....

‘അമ്മ പഠിപ്പുര വരെ വരട്ടെ. എന്നിട്ട് ഇനി നടന്നു തുടങ്ങ്യാല്‍ മതി.’

അവൻ ഉറക്കെ കൂവി... കൂൂൂ.... വീണ്ടും കൂവി... ആരും വരണകാണാനില്ലല്ലോ... ഇനിയിപ്പോ എന്താ ചെയ്യാ.... നടക്കന്നെ. അങ്ങനെ പേടിച്ചാൽ പറ്റില്ലല്ലോ... എന്തായാലും ഇരുട്ടല്ല, പിന്നെന്താ....

നടപ്പു തുടങ്ങ്യപ്പോഴാണ് അവൻ ഒരു കാര്യം ശ്രദ്ധിച്ചത്, അവൻ നിൽക്കുമ്പോൾ ശബ്ദം കേൾക്കുന്നില്ല, പക്ഷേ നടക്കുമ്പോൾ കേൾക്കുന്നുണ്ട് താനും... അതിനർഥം?... അവൻ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല, നടപ്പിന്റെ വേഗത കൂട്ടി... എടക്കണ്ണിട്ട് അവൻ നോക്കി. സത്യം തന്നെ, ഒരു രൂപം അവനു പിന്നാലെ വരുന്നുണ്ട്. അവൻ ഇപ്പോൾ തന്നെ അതിന്റെ പിടിയിലാകും. നടപ്പ് ഓട്ടമായി... അവൻ ഇടത്തോട്ട് തിരിഞ്ഞ് പാഞ്ഞു... രൂപം പലപ്പോഴും അവനെ മറികടക്കും എന്ന ഘട്ടം വരെ വന്നു. അപ്പോൾ അവൻ ദിശ മാറി വീണ്ടും ഓടി. ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനോടവൻ എത്രയും പെട്ടെന്ന് അവനു പിന്നിൽ വരുന്ന മാടനെ കുറിച്ച് കരിങ്കുട്ടിയെ ധരിപ്പിക്കാൻ കേണപേക്ഷിച്ചു. ഇനി കരിങ്കുട്ടിക്കേ തന്നെ രക്ഷിക്കാൻ പറ്റൂ. അവൻ ഓടിക്കൊണ്ടിരുന്നു. മുന്നിൽ, വളരെ മുന്നിൽ ഉള്ള മാവിന്റെ അടുത്തെത്തിയാൽ വിജയിച്ചു. ബാക്കി കരിങ്കുട്ടി നോക്കിക്കോളും. അവൻ പാടത്തു നിന്ന് ഒറ്റച്ചാട്ടത്തിന് വരമ്പത്ത് കയറാൻ നോക്കി... പക്ഷേ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ, അവന് വരമ്പ് വരെ ഉയരാൻ കഴിഞ്ഞില്ല. വഴുക്കി വീണു, മറിഞ്ഞു വീണു. പെട്ടെന്നുള്ള ആഘാതത്തിൽ അവൻ പിന്നിലേക്ക് നോക്കിപ്പോയി. മാടൻ അവിടെയില്ല. അവന്റെ നിഴൽ നിലാവെളിച്ചത്തിൽ തിളങ്ങുന്നതവൻ കണ്ടു. അവൻ ഇടത്തോട്ട് തിരിഞ്ഞ് കരിങ്കുട്ടി വസിക്കുന്ന മണ്ടൊപ്പുരയിലേക്ക് നോക്കി. അവിടെ വിളക്ക് കത്തുന്നതവൻ കണ്ടു. പിറകിലെ ചന്ദ്രനെ അവൻ തിരിഞ്ഞു നോക്കി. ചന്ദ്രൻ അവനോട് കണ്ണ് ചിമ്മി എന്തോ പറഞ്ഞു. അവൻ ചിരിച്ചു. 

‘ഹാ...അപ്പോ അതാ സംഭവിച്ചതല്ലേ?..തന്റെ പിന്നിൽ മാടൻ ഉണ്ടെന്ന് ചന്ദ്രൻ കരിങ്കുട്ടിയെ അറിയിച്ചിരിക്കുന്നു. കരിങ്കുട്ടി അവനെ എന്റെ നിഴലിൽ ചേർത്ത് വച്ചു.... ഹു.... കരിങ്കുട്ടി ഇല്ലായിരുന്നെങ്കിലോ?... എടാ മാടാ...ഇനി നീ എന്റെ അടിമ...’

അവൻ ഉറക്കെ അട്ടഹസിച്ചു. ഒരു നെടുവീർപ്പോടെ അവൻ വരമ്പിൽ വലിഞ്ഞ് കയറി. മാവിന്റെ നിഴലിനരികിൽ നിന്ന് അവന്റെ പിന്നിലെ നിഴലിനെ നോക്കി ചിരിച്ചു. അവന്റെ നിഴലിലെ മാടന്റെ ഭാരവും പേറി, മുഖത്ത് ഒരു പുഞ്ചിരിയും മനസ്സിൽ മാടനെ സ്വന്തം അടിമയാക്കി എന്ന ശകലം അഹങ്കാ രവും വച്ച് അവൻ പഠിപ്പുരക്കകത്തോട്ട് കയറി. അപ്പോൾ മാടൻ അവനു അരികിലായി നടന്ന് നീങ്ങി...രാത്രിയിൽ സ്വപ്നങ്ങൾ വരാതിരിക്കില്ല.....