Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണം

Gold Ornaments

ഒരിക്കൽ പോലും തോന്നാത്ത ചില കാര്യങ്ങളാണ് ഈയിടെ മനസ്സിൽ പലവുരു വന്നു പോകുന്നത്. എന്തിനാ ഇപ്പോൾ ഇങ്ങനൊക്കെ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അല്ലേലും ഒന്നും അങ്ങോട്ടു നമ്മൾ നിരീക്കുന്ന പോലല്ലല്ലോ പോകുന്നെ.

സൂക്ഷ്മ ദർശനേ മാത്രം കാണാൻ കഴിയുന്നത്ര ലോലമായ സ്വർണനൂലും അതിൽ ഞാന്നു കിടക്കുന്ന ആരും കൊതിക്കുന്നൊരു കുഞ്ഞു ലോലാക്കും ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാനാണോ ഇപ്പോ കടുപ്പത്തിൽ ഒരു സ്വർണ്ണച്ചങ്ങല വേണമെന്ന് വാശി പിടിക്കുന്നെ? സ്വർണ്ണം അലർജിയാണെന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ വീശി നടന്ന കൈകളിൽ സ്നിഗ്ധതയും നിറവും നഷ്ടമായത് എപ്പോഴാണ്? പാദസരം ഇട്ടില്ലെങ്കിലും കാണാൻ മനോഹരം എന്നഹങ്കരിച്ച കാലുകൾ വിണ്ടു കീറാൻ തുടങ്ങിയത് എപ്പോഴാണ്?

യുവത്വവും സൗന്ദര്യവും അപഹരിച്ച പ്രായം, തൊലിപ്പുറത്ത് കരുവാളിപ്പും ചുളിവുകളും പ്രകടമാക്കിയപ്പോൾ അതു മറയ്ക്കാൻ ആണോ സ്വർണ്ണത്തിന്റെ കൂട്ടുപിടിക്കാൻ തീരുമാനിച്ചത്?

ട്രെൻഡ് പിന്തുടരുമ്പോൾ വെള്ളിയിൽ ആയിരുന്നു താൽപര്യം. പെണ്ണായാൽ പൊട്ടും പൂവും വേണം അമലൂ ദേഹത്ത്...’ എന്നു മുത്തശ്ശി ഉപദേശിക്കുമ്പോഴൊക്കെ അവജ്ഞയായിരുന്നു. പൊട്ടുതൊടാതെ പൂ ചൂടാതെ ഞാനൊരു സംഭവമാണ് എന്ന് സ്വയം ഘോഷിച്ചു നടന്ന ആ ഞാനാണോ ഇപ്പോൾ എല്ലാറ്റിനും മേലെ പൊന്നു വേണം എന്ന് ആഗ്രഹിക്കുന്നെ...

ചാരനിറം പൂണ്ടു വാടിത്തുടങ്ങിയ ചുണ്ടുകളിൽ ചുവന്ന ചായം ഇപ്പോഴാണ് അലങ്കാരമായി തോന്നിത്തുടങ്ങുന്നത്. മുഖം മിനുക്കാൻ എനിക്കെന്തിനു ചായക്കൂട്ടുകൾ എന്നു ചോദിച്ച ഞാനാണ് ഇപ്പോൾ മേക്ക് അപ്പ് കിറ്റുകൾ വാങ്ങിക്കൂട്ടുന്നത്. വർഷങ്ങൾ മനോഭാവത്തിൽ വരുത്തിയ മാറ്റങ്ങൾ ചില്ലറയല്ല!

അല്ലയോ മനുഷ്യാ, കാലം കഴിയുന്തോറും നീ വെറും തിളക്കം മങ്ങിയ ഓട്ടുപാത്രം പോലെ ആകുന്നു. ഒരിക്കൽ ആരാധിച്ച കണ്ണുകൾ പിന്നീടു നിന്നെ മടുപ്പോടെ നോക്കുന്നു. പലവട്ടം പ്രശംസിച്ച അധരങ്ങൾ പിന്നൊരിക്കൽ നിന്നെ താഴ്ത്തിക്കെട്ടുന്നു. അഹങ്കാരത്തിന്റെ തിരിച്ചടവില്ലാത്ത വില നിന്നെ പല്ലിളിച്ചു കാട്ടുന്നു... ഇതൊന്നും അറിയാൻ പാടില്ലാത്ത കൊണ്ടല്ല, എന്നാലും തോറ്റുകൊടുക്കാൻ മനസ്സ് വരുന്നില്ല. പരശ്രദ്ധയാകർഷിക്കാൻ ഞാനൊരു അഭിനേത്രിയോ സാമൂഹ്യപ്രവർത്തകയോ അല്ല... എങ്കിലും ഒരു മോഹം.

അങ്ങനെ കാലം തെറ്റി വന്ന മോഹത്തിന്റെ പുറത്താണ് ഈ ജ്വല്ലറി ഷോപ്പിൽ സെയിൽസ്മാന് ഓർഡറും കൊടുത്തിട്ട് ബാഗും മൊബൈലും പിടിച്ചിങ്ങനെ കുത്തിയിരിക്കുന്നെ. ചങ്ങല പോലൊരു നീളൻ മാലയും കുടക്കമ്മലും പാദസരങ്ങളും രണ്ടു മൂന്നു മോതിരങ്ങളും പിന്നെ കുറച്ചു വളകളും വാങ്ങണം. ഇനി സ്വർണ്ണം അണിഞ്ഞെങ്കിലും നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു വന്നെങ്കിലോ... പരീക്ഷിച്ചില്ലെന്നു വേണ്ടാ.

ഒടുവിൽ... എന്തിന്റെയോ പരിണിതഫലം പോലെ... ബപ്പി ലഹരി എന്ന വിളിപ്പേര് മാത്രം ശേഷിക്കുമോ എന്ന ശങ്കയില്ലാതില്ല!