Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയം 

tree

കനിവിൻ നിറവിൽ കരൾ നിറയും നേരം 

കരുണാ വാരിധി അലിവിൻ പൊരുളായി 

ഓരോ മനസിലുമാനന്ദാമൃതമൂട്ടും നേരം 

അറിവിൻ നിറവിൽലകം നിറയുന്നു ...

ഊഷര ഭൂമിയിൽ മുകിൽമാലകളായി

സാന്ത്വന മഴയായി പെയ്യും കരുണാമയ -

വിസ്മയ ഹർഷ വിശുദ്ധിയിലോരോ 

തനുവും തുടിത്തുള്ളിതുയിലുണരുന്നു

വെയിലാളും മരുഭൂമികളിൽ, കനലാളും 

കരളുകളിൽ ഹരിത മരീചികയരുളും 

മായാമോഹന ജാല വിദ്യകൾകാൺകെ 

ഉള്ളകമാകെ ഓരോ തരിയും പൂത്തുലയുന്നൂ ....

ഇലയും പൂവും കായും മധുവും മണവും 

മൃദുമന്ദസ്മിതമായൊരു ചെപ്പിലൊളിപ്പിച്ച -

നവവാദ്യലയങ്ങളിലാ വിത്തു മുളക്കും നേരം 

മണ്ണും വിണ്ണും ഓരോ നാമ്പും കുളിരണിയുന്നു ...

ലയമായി ആനന്ദാമൃതമായി വിരിയും 

ഹൃദ്യതരംഗാവലികളിലെങ്ങും നിറയും 

ആത്മഹർഷങ്ങളിൽ ആണ്ടുമുങ്ങീടവേ 

ഓരോ ജീവനുമഭിരാമ ഗേഹങ്ങൾ തേടുന്നു ...

സ്വരമായി അക്ഷരസ്വരൂപമായി, വാക്കായി 

വാങ്മയ ലാവണ്യ ചൈതന്യമായി വാഴും 

ദീപ്ത സൗഗന്ധികങ്ങൾ വിരൽതൊട്ടറിയവേ 

പ്രജ്ഞയിൽ സഹസ്രദല പത്മം വിടരുന്നൂ ...

അതിഗൂഢരൂഢ മായിനീളും പ്രാപഞ്ചിക 

സവിധ വിസ്മയകവാടങ്ങളിൽ മൗന മായി 

മനന തീർത്ഥങ്ങളിൽ മുങ്ങിനിവരവേ 

അകവും പുറവുമാത്മ ഹർഷം നിറയുന്നൂ ..

തോരാതെ നിനവിലും കനവിലും നിരന്തരം 

ഇരുൾവെളിച്ചങ്ങളിൽ പെയ്യും കനിവിൽ 

നിരുപമ ലാവണ്യ മായാപ്രവാഹമായി 

ആരുനീ അകതാരിലനുമാത്ര നിറയുന്നു, ..

താരാ പഥങ്ങളിൽ പ്രാപഞ്ചിക ദൂരങ്ങളിൽ 

പ്രകാശ രേണുക്കളിൽ കടംകഥകളായി നീളും 

നിതാന്ത വീഥികളിൽ അലയുന്ന നേരങ്ങൾ 

ജ്ഞാന തൃഷ്ണയകതാരിലുണരുന്നു ...

ഇരവിലും പകലിലും നിനവിലും കനവിലും 

ഓരോ നിമിഷവും നിഷ്‌സ്പന്ദമായി

പ്രാണനടക്കുവാൻ വെമ്പും ഒരു വിസ്മയം 

അനുക്ഷണം അകതാരിലുണരുന്നു ....

മഴയായി മഞ്ഞായി കാറ്റായി കടലായി 

ഓരോപൊരുളിലും പെരുകുന്ന നേരായി 

കതിരും പതിരുമായനുമാത്ര പെയ്യുന്ന 

പ്രപഞ്ചലീലയിൽ ഓരോ തനുവും നനയുന്നു ....

ജീവനിൽ സ്പന്ദനമായി മണ്ണിൽ മരമായി  

ആഴിയിൽ തിരയായി ഗഹന നീലയിൽ

നിർമല ദീപ്തിയായി ആരൊരാൾ വാഴുന്നു 

അവനിയിലാദിവ്യതേജസിലെല്ലാം ലയിക്കുന്നു