Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിത പാർന്നു തന്ന കനിവുകൾക്ക്, എന്റെ കരളിലെ കവികൾക്ക്

x-default

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അയ്യപ്പപ്പണിക്കരുടെ ''തിരഞ്ഞെടുത്ത കൃതികൾ "എന്ന പുസ്തകം പപ്പ വായനയ്ക്കായി തന്നത്... ! അതുവരെ സ്ക്കൂളിൽ പഠിപ്പിച്ചിരുന്ന വൃത്ത, താള നിബന്ധമായ പദ്യ കവിതകളേ പരിചിതമായിരുന്നുള്ളു.. ചെറുശ്ശേരി, എഴുത്തച്ഛൻ, ഉള്ളൂർ കുഞ്ചൻ നമ്പ്യാർ, ആശാൻ ,പി , വൈലോപ്പിളളി തുടങ്ങിയ മഹാകവികളെ ചെറിയ ക്ലാസ് മുതലുള്ള മലയാള പാഠവലി പുസ്തകങ്ങളിലൂടെ കവിതയുടെ അമാനുഷ മൂർത്തികളായി മനസിൽ പതിപ്പിച്ചു വെച്ചിരുന്നു... അവർ പകർന്നു പഠിപ്പിച്ച കവിത, പണ്ഡിതരുടെ മാത്രം ബൗദ്ധിക വ്യവഹാര മേഖലയായിരുന്ന ഒരിടമായിരുന്നു... അന്നൊക്കെ അർത്ഥം വേണ്ടത്ര മനസ്സിലാക്കാതെ, '' അമ്മയ്ക്കു   നൽകുവാൻ ചെമ്മുള്ള ചേലകളും, മോഹങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലവും, ഉള്ളത്തിൽ ഭയമേറുക മൂലവും,.ഹാ പുഷ്പമേയും  മറ്റും കാണാപാഠം പഠിച്ച് മലയാള പരീക്ഷകൾക്ക് നല്ല മാർക്ക് വാങ്ങാൻ ശ്രമിച്ചിരുന്നു. ഗുരു/ലഘു തിരിക്കൽ ,തുടങ്ങിയ വൃത്ത പാഠങ്ങളും, കേക, മാലിനി,കാകളി, വസന്തതിലകം, തുടങ്ങിയ സംസ്കൃത, ഇതര വൃത്ത വൃത്താന്തങ്ങളും,ഉത്പ്രേക്ഷ/ഉപമ തുടങ്ങിയ വ്യാകരണവ്യാഖ്യാനങ്ങളുമൊക്കെ പഠിപ്പിക്കുന്ന ഹൈസ്ക്കൂൾ മലയാളഗ്രാമർ ക്ലാസുകൾ ബോറായി തോന്നിയിരുന്നു.. അങ്ങനെയിരിക്കുമ്പോഴാണ് അയ്യപ്പപ്പണിക്കർ എന്ന കവിയെ വലിയ താത്പര്യമില്ലാതെ  പപ്പയെ പേടിച്ച്  വായിക്കുന്നത്.. പുസ്തകത്തിൽ 

" പന്തിരണ്ട് കഴിയാത്ത പവാനിക്കുട്ടി തൻ നെഞ്ചത്ത് നോക്കി നെടുവീർപ്പെട്ടു.. ഇനി എന്നാണീശ്ശവങ്ങൾ വളരുന്നതാവോ "!

എന്നെഴുതിയ കവിതയിലാണ് ആദ്യം കണ്ണുടക്കിയത്! അവിടം, പന്തിരണ്ട് കഴിഞ്ഞ കൗമാരക്കാരിയുടെ കൗതുകത്തോടെ പേർത്തും, പേർത്തും വായിച്ചു.. ഈ കവി കൊള്ളാല്ലോ എന്ന് തോന്നി... കവിത പുസ്തകം നിധിപോലെ സൂക്ഷിച്ചു. പവാനിക്കുട്ടിയെ മാത്രം ഇടയ്ക്കെടുത്ത് വായിച്ചു രസിച്ചു. കൂട്ടുകാരികളോട് സ്വകാര്യമായി ഇത് പങ്കുവെച്ചു. അവർക്കും വായിക്കണമെന്ന് പറഞ്ഞ പുസ്തകം കൊടുക്കാൻ മടിച്ചു. ആ കവിത മാത്രമല്ല

 "കൊതുകമ്മേ, കൊതുകമ്മേ 

കടിച്ചു കൊല്ല്, 

നിന്റെ കൊതി തീരും

 വരെയെന്നെ കടിച്ചു കൊല്ല് 

എന്ന മട്ടിലുള്ള കുട്ടികൾക്ക് രസകരമായി തോന്നുന്ന ചില കവിതകളും എന്നെ ആകർഷിച്ചു .അക്കൊല്ലത്തെ സ്ക്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഞാൻ പദ്യപാരായണത്തിന് ചേരണമെന്നും അയ്യപ്പപ്പണിക്കരുടെ 'കാടെവിടെ മക്കളെ " എന്ന കവിത പഠിച്ച് അവതരിപ്പിക്കണമെന്നും പപ്പ പറഞ്ഞു.

"കാടെവിടെ മക്കളെ 

മേടെവിടെ മക്കളെ

കാട്ടു പുൽത്തകിടിയുടെ

വേരെവിടെ മക്കളെ ...."എന്നു തുടങ്ങുന്ന രസികൻ കവിതയും ഏറെ

.ഇഷ്ടമായി എന്ന് പറയേണ്ടതില്ലല്ലോ!. കവിത കാണാതെ പഠിക്കുകയും ചെയ്തു.ആ വർഷത്തെ പദ്യപാരായണത്തിന് '' കാടെവിടെ മക്കളെ "എനിക്ക് രണ്ടാംസമ്മാനം വാങ്ങിത്തന്നു... അക്കാലത്ത് തൊടുപുഴയിലെ  മറ്റു ചില സാംസ്ക്കാരികവേദികളിലും, ഞാൻ ഈ കവിത അവതരിപ്പിച്ചിട്ടുണ്ട്.

"യന്ത്രം കറക്കുന്ന

തന്ത്രം ചവയ്ക്കുന്ന

മന്ത്രം ജപിക്കുന്ന

മന്ത്രിമാരരുളാത്ത

കുടിലും കുലങ്ങളും

ചുടുചാമ്പലാക്കാത്ത

എന്നു തുടങ്ങുന്ന നിർത്താതെ വരികൾ ചേർന്നു ചേർന്നു പോകുന്ന   അവസാന ഭാഗം കാവ്യ മര്യാദകളില്ലാതെ, ഉറക്കെ, നാടകീയമായി ഞാൻ ഗമയ്ക്ക് ചൊല്ലിയതും കുട്ടിയല്ലേ എന്നു ചൊല്ലി ആളുകൾ കൈയ്യടിക്കുന്നതു -മോർക്കുമ്പോൾ ഇന്നും ചമ്മലുണ്ട്.വീട്ടിൽ അതിഥികൾ വന്നാൽ സ്ഥിരം പപ്പ എന്നെ

 കാടെവിടെ മക്കളെ ചൊല്ലാൻ വിളിക്കും

അതു കേൾക്കുകയേ വേണ്ടു, ഞാൻ ഓടിയെത്തി കവിത പ്രകടനം നടത്തും..!

അക്കാലത്ത് ഒരു പൂവാലൻ നാലു മണിക്ക് ഞാൻ സ്ക്കൂൾ വിട്ടു വരുമ്പോൾ വഴിയിൽ കാത്ത് നിന്ന് കാടെവിടെ മക്കളെ... എന്ന് വികല സ്വരത്തിൽ ഉച്ചത്തിൽ പാടി എന്നെ കളിയാക്കിയിരുന്നതും ഇന്ന് ചിരിയോടെ മാത്രമേ ഓർക്കാൻ സാധിക്കുകയുള്ളു.

  ഇതിനിടയിൽ ആ പുസ്തകത്തിലെ കുറച്ചേറെ  കവിതകളും, പൂരുരവസ്സ് എന്ന സംഗീത നാടകവും ഞാൻ വായിച്ചു..സന്ധ്യയും, ഗോപികാ ദണ്ഡകവുമൊക്കെ മനസിലാക്കാൻ ശ്രമിച്ചു.. അറിഞ്ഞ കവിതകൾ വാനോളം ഇഷ്ടമായി..! കവിതയുടെ വിത്തുകളാണ്, കവി എന്റെ കുഞ്ഞു മനസിലേക്ക് പാകി പകർത്തിത്തന്നത് എന്നറിയില്ലായിരുന്നു പക്ഷേ...!

കടമ്മനിട്ടയുടെ കവിത പിറ്റേ വർഷമാണ് പപ്പ തന്നത്. അതിലെ ''കുറത്തി "ആ വർഷം ഞാൻ സ്ക്കൂൾ പദ്യപാരായണ മത്സരത്തിന് ചൊല്ലണം. കാടെവിടെ മക്കളെ തന്ന രണ്ടാം സ്ഥാനം ഇപ്രാവശ്യം ഒന്നാമതാക്കണം.    കാസറ്റ് സംഘടിപ്പിച്ച് പപ്പ അത് എന്നെ പഠിപ്പിച്ചു... " മലഞ്ചൂരൽ മടയിൽ നിന്നും

വിളഞ്ഞ ചൂരപ്പനമ്പു പോലെയെത്തി, അരങ്ങത്ത് മുൻ നിരയിൽ മുറുക്കി ത്തുപ്പി, ഇടം കണ്ണാൽ തന്നെ വീക്ഷിച്ച് ശംഗാര മെറിയുന്ന കരനാഥൻമാർക്കു നേരേ  നിവർന്നു നിന്ന് കാരിരുമ്പു പോലെ

 " നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ.... " 

എന്ന് ചോദിക്കുന്ന കുറത്തിയെ എന്തിനോ തിളയ്ക്കുന്ന പെണ്ണകമുള്ള  കൗമാരക്കാരിക്ക് ഏറെ ഇഷ്ടമായി....

ആ കവിത മാത്രമല്ല, താളവും, തുടിയും നാട്ടു ചന്തവുമൊക്കെ ചേർന്ന ശാന്തയും കോഴിയും കാട്ടാളനുമൊക്കെ അവൾ നെഞ്ചിലേക്ക് പകർത്തി എടുത്തു.

യുവജനോത്സവത്തിന് സാഹിത്യ, ചിത്രകലാ മത്സരങ്ങൾ കൂടാതെ പ്രസംഗ, പദ്യപാരായണ മത്സരങ്ങൾക്കു കൂടി എന്നെ പങ്കെടുപ്പിക്കാൻ പപ്പ തീരുമാനിച്ചു. ചിത്രരചനാ പാടവമൊന്നും അത്രകണ്ട് എനിക്കില്ല.. അധികമാരും പങ്കെടുക്കാത്ത ഇനമായ കൊണ്ട് സമ്മാനം കിട്ടിയിട്ടുണ്ട്.. കാർട്ടൂണിനെപ്പറ്റിയോ, ആശയങ്ങൾ രസകരമായി ചെറുവരകളിലൂടെ ആസ്വാദകരുടെ മനസിലേക്കെത്തിക്കാനുള്ള വിരുതും ഇല്ല... ചെറിയ ധാരണകൾ കഴിവാകുകയില്ലല്ലോ.

എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ തെല്ലും താൽപര്യമില്ല. എഴുത്ത്, വര മുതലായ കാര്യങ്ങളോട് എനിക്കത്ര അഭിപ്രായവുമില്ല. കാരണം എന്റെ സുന്ദരികളും, മിടുക്കികളുമായ സ്നേഹിതമാർ മിക്കവരും നല്ല നർത്തകികളും, ഗായികമാരും ആയിരുന്നു .ആ കഴിവുകൾ ഒന്നുമില്ലാത്ത ഒരുവളായ എനിക്ക് വിധിച്ച അപകർഷതയായിരുന്നു അന്ന്   സാഹിത്യ ചിത്രകലാ മത്സരങ്ങൾ.! പപ്പ പറഞ്ഞാൽ പക്ഷേ എതിർ വാക്കില്ലല്ലോ..

     പദ്യപാരായണത്തിന് കുറത്തി നന്നായി കാണാതെ പഠിച്ചു. ക്ലാസിൽ കൂട്ടുകാരായ സിലുവിനേയും, ടൈ നിയേയുമൊക്കെ ചൊല്ലി കേൾപ്പിച്ചു. അസ്സലായിട്ടുണ്ടെന്ന് ക്ലാസിലെ പഠപ്പിസ്റ്റും കണ്ണടക്കാരിയുമായ സിലു സർട്ടിഫിക്കറ്റും തന്നപ്പോൾ സമാധാനമായി...

അങ്ങനെ യുവജനോത്സവ ദിനം വന്നു.പതിനൊന്ന് മണിക്ക് മലയാളം റെസിറ്റേഷൻ, ശേഷം, പ്രസംഗ മത്സരം, ഒപ്പം കാർട്ടൂൺ മത്സരം ഒക്കെയാണ്.. പ്രോഗ്രാം.. കാർട്ടൂൺ / പ്രസംഗ വിഷയങ്ങൾ ആ സമയത്ത് മാത്രമേ നമുക്ക് തരികയുള്ളു... പപ്പയും, മമ്മിയും എന്റെ കൂടെ വന്നു.ഞാൻ പഠിക്കുന്ന ഗവർമെന്റ് ഗേൾസ് ഹൈസ്ക്കൂളിന് തൊട്ടടുത്താണ് കുടുംബ സുഹൃത്തും എന്റെ പിൽക്കാല സീനിയറുമായിരുന്ന അഡ്വ.കെ.ജി സുകുമാരൻ സാറിന്റെ വക്കീൽ ഓഫീസ്..സ്ക്കൂൾ വിട്ട് ഭാർഗ്ഗവീ നിലയം പോലുള്ള ആ കെട്ടിടത്തിന് മുൻപിലൂടെ നടന്നുപോകുമ്പോൾ, തൊട്ടു കാണുന്ന കറുത്ത കോട്ടിട്ട വക്കീലന്മാരെ വവ്വാൽ എന്ന് വിളിച്ച് കൂട്ടുകാരികളുമായി രഹസ്യമായികളിയാക്കുമ്പോൾ, പിന്നീട് ഞാനും ഒരു വവ്വാലായി ആ മരഗോവണിയിറങ്ങി വരുമെന്നും, യക്ഷിയെപ്പോലെ വെള്ള സാരി എന്ന വക്കീൽ യൂണിഫോമണിഞ്ഞ് ആഗോവണി കയറി അങ്ങോട്ട് കയറിപ്പോകുമെന്നും സ്വപ്നേ പി   കരുതിയിട്ടില്ല. പറഞ്ഞു വന്നത് മറ്റൊന്നുമല്ല, ആ ഓഫീസിലെ ക്ലർക്ക് റൂമിൽ എന്നെ ഇരുത്തി ചില ആശയങ്ങൾ തന്ന് കറുത്ത സ്കെച്ച് പെൻ വെച്ച് പപ്പ എന്നെക്കൊണ്ട് കാർട്ടൂൺ വരപ്പിക്കുന്നു. വക്കീലന്മാർ എല്ലാവരും കോടതിയിലാണ് എന്നാണ് ഓർമ്മ.. ഒരു സ്ത്രീയെ വരച്ചതിൽ അവരുടെ സാരിയുടെ തുമ്പ് ഔട്ട് ലൈനിനപ്പുറം പാറി നിൽക്കാത്ത കാരണം, പപ്പയെ ക്ഷുഭിതനായി. വക്കീലോഫീസിലെ സ്കെയിലെടുത്ത് ഒരടി! സ്വതവേ തൊട്ടാവാടിയാണ് ഞാൻ. ,പപ്പ വഴക്കു പറയാറില്ല. ചിലപ്പോൾ മാത്രം അടി. ആവശ്യത്തിലധികം പൊക്കി വെച്ചാണ് എന്നെ വളർത്തുന്നത്. ബൗദ്ധികമായി ഉന്നത നിലവാരമുള്ള അദ്ദേഹത്തിന് സാധാരണക്കാരിയും, സ്വപ്നജീവിയുമായ മകളിൽ ഏറെ പ്രതീക്ഷയുണ്ട്. മകൾക്ക് ആ പ്രതീക്ഷക്കൊത്ത് ഉയരാൻ ഏറെ അഭിനയിക്കേണ്ടതുമുണ്ട്...! എന്തായാലും അടി എന്നെ പൊട്ടിക്കരയിപ്പിച്ചു.കണ്ടു നിന്ന മമ്മിയും, ക്ലർക്ക് സതീശൻ ചേട്ടനും സമാധാനിപ്പിച്ചു. പപ്പ ദേഷ്യപ്പെട്ട് അവിടുന്ന് പോയി.      സമയം 11 മണി കഴിഞ്ഞിട്ടുണ്ട്.പദ്യ പാരായണ മത്സരം തുടങ്ങുന്നു എന്ന മൈക്ക് അനൗൺസ്മെന്റ് സ്ക്കൂളിൽ നിന്നും കേൾക്കാം...! കണ്ണു തുടച്ച് മൂക്ക് ചീറ്റി, സങ്കടപ്പെട്ട്  ഞാൻ സ്ക്കൂളിലേക്ക് വേഗം നടന്നു. വഴിയിലുള്ളവരൊക്കെ എന്റെ കരച്ചിൽ ശ്രദ്ധിക്കുന്നുണ്ട്.     ക്രോസ് റോഡിലൂടെ സ്ക്കൂളിന്റെ പിൻ ഗേറ്റിൽ എത്തിയതേ എന്റെ പേര് ആദ്യം വിളിക്കുന്നത് കേൾക്കാം.. ഉത്ക്കണ്ഠ കൊണ്ട് ശ്വാസം മുട്ടി. തിടുക്കത്തിൽ ഗേറ്റ് കടന്ന് ഓടി സ്ക്കൂളിന്റെ പല ബ്ലോക്കുകൾ താണ്ടി, ഇടയിൽ തപ്പി തടഞ്ഞു വീണ്, എണീറ്റ് എങ്ങനെയോ, മൂന്നാം വിളിയും കഴിഞ്ഞ് അടുത്ത  മത്സരാർത്ഥിയുടെ പേര് വിളിക്കാൻ  തുടങ്ങുന്ന സെക്കന്റുകൾക്കുള്ളിൽ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിന്റെ സ്റ്റേജിലെത്തി ചടുപൊടുന്നനെ ഞാൻ മൈക്കിന് മുന്നിൽ നിന്നും യാന്ത്രികമായി പഠിച്ച ഇൻട്രോ പ റഞ്ഞു തുടങ്ങി

" ശ്രീ കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തി എന്ന കവിതയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്...." എന്ന്!

എന്നിട്ട് 

"മലഞ്ചൂരൽ മടയിൽ

 നിന്നും കുറത്തിയെത്തുന്നു,, "

എന്നു തുടങ്ങിയ ആദ്യ വരികൾ ചൊല്ലിത്തുടങ്ങി.. ഓടിയണച്ചെത്തിയ കിതപ്പും, ്വാസം മുട്ടലും ഒതുക്കി ഒരു വിധത്തിൽ കര നാഥന്മാർക്ക് നേരേ വിരൽ ചൂണ്ടി.. വരെ എത്തിച്ചു. ശേഷം മോഡുലേഷൻ മാറണം.

കവിതയുടെ പ്രഖ്യാത ഭാഗം, കാതൽ, ആത്മാവ് രുദ്രത, ചോദ്യം ചെയ്യൽ ഒക്കെ അവിടെ തുടങ്ങുന്നു

" നിങ്ങളെന്റെ കറുത്ത മക്കളെ

ചുട്ടു തിന്നില്ലേ?

നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുത്തില്ലേ????

എന്നു തുടങ്ങി, തുടർന്നങ്ങോട്ട് കുറത്തി ചോദ്യങ്ങളാൽ, ഉഗ്ര വാക്കേ റുകളാൽ, കരനാ ഥൻമാരുടെ ചൂഷണത്തിനും ചതിക്കും മേലാളവാഴ്ചയ്ക്കുമെതിരെ അടിയാളരുടെ ആത്മരോഷത്തോടെ  ഉറഞ്ഞു തുള്ളുകയാണ്.....!

കവിതയത്രയും നാവിലുണ്ട്.... പക്ഷേ, പക്ഷേ എനിക്ക് ചൊല്ലാൻ സാധിക്കുന്നില്ല! കിതപ്പും, ടെൻഷനും, ഭയവും കൊണ്ട് ഒച്ചയടച്ച പോലെ... കാർട്ടൂൺ വിഷയത്തിലെ പപ്പയുടെ ശാസന ,അതുമൂലം പെട്ടന്ന് മനസിനേറ്റ ടെൻഷൻ ഈ വിധത്തിൽ വിനയാകുമെന്ന് കരുതിയില്ല..

ശരീരം തളർന്നു പോകുന്ന പോലെ..!.

മൈക്ക് പിടിച്ച് വിയർത്ത് ഞാൻ സ്റ്റേജിൽ വെറുതെ നിന്നു. സദസ്സിൽ നിന്നും സി ലു എണീറ്റ് നിന്ന് താനി വിടുണ്ടെന്ന് കൈ വീശി കാണിച്ചു.ജഡ്ജസ് ആയ ടീച്ചേഴ്സ് മുന്നിലിരിക്കുന്ന കുട്ടികളോട് എന്നെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ പറഞ്ഞു. എല്ലാവരും കൈയ്യടിക്കുന്നു. കൂട്ടുകാരികൾ ചിരിച്ച് കൈ വീശുന്നു.. എല്ലാവരുടേയും വിചാരം ഞാൻ സഭാ കമ്പത്തിൽപ്പെട്ടു കവിത മറന്നു പോയി എന്നാണ്. സംഭവിച്ചത് എനിക്കല്ലേ അറിയൂ....!

ഒടുവിൽ '"കാട്ടുപോത്തിൻവെട്ടു പോലെ

കാരിരുമ്പിൻ പ്രതിമ പോലെ

നെഞ്ചിലെ കുറത്തിയുമായി നിസഹായയായി കരഞ്ഞു മുഖം പൊത്തി സ്റ്റേജിൽ നിന്നിറങ്ങി പോരുകയാണ്.......!ഉള്ളിലെ കവിത കലങ്ങി മറിഞ്ഞു......! അപമാനവും വേദനയും നിസ്സഹായതയും കൊണ്ട് കാഴ്ചയറ്റ പോലെ. ഇന്നും യുവജനോത്സവങ്ങൾക്ക് പങ്കെടുപ്പിക്കാൻ കുഞ്ഞുങ്ങൾക്ക് പ്രഷർ കൊടുക്കുന്ന .അച്ഛനമ്മമാരോട് അമർഷം തോന്നാറുണ്ട്....!

അതായിരുന്നു എന്നേയ്ക്കും ഞാൻ പങ്കെടുത്ത അവസാന കവിതാപാരായണ മത്സരം.. പിന്നീടൊരിക്കലും സ്ക്കൂൾ മത്സരങ്ങളിൽ കവിത ചൊല്ലാൻ ഞാൻ കയറിയിട്ടില്ല...... കാർട്ടൂൺ പ്രസംഗ മത്സരങ്ങൾക്ക് അന്ന്   പങ്കെടുത്തുവോ എന്ന് ഓർക്കുന്നുമില്ല.

പക്ഷേ കുറത്തിയേയും, കടമ്മനിട്ടയേയും ശാന്തയേയുമൊന്നും നെഞ്ചിൽ നിന്നിറക്കി വിട്ടതേയില്ല ഞാൻ. ചേർത്തു വെച്ചു..ലളിത സുഭഗയാ യ നല്ല വാക്കോതുന്ന, ശാന്ത യേയും, ആൺകോയ്മയുടെ ആട്ടത്തറയിൽ കാരിരുമ്പിന്റെ വാക്കരുത്തുമായി ഒറ്റക്ക് നിൽക്കുന്ന കുറത്തിയേയും കൂട്ടിച്ചാലിച്ച് ഉള്ളിലേക്ക് തൊട്ടടുത്തു....

കവിതയിൽ സമാനതകളില്ലാത്ത അതികായരായിരുന്നു എനിക്ക്അ യ്യപ്പപണിക്കരും കടമ്മനിട്ടയും . യാഥാസ്ഥിതികവൃത്തങ്ങളിൽ നിന്നും  കവിതയെ മോചിപ്പിച്ച് കാവ്യോത്സുകരായ സാധാരണക്കാർക്ക് പങ്കുവെച്ചു കൊടുക്കാനുള്ള ഔദാര്യം അവർ കാണിച്ചു..   (കവിതയെ ഏറെ ജനകീയവും ആസ്വാദ്യവുമാക്കിയ ചങ്ങമ്പുഴയേയും, വയലാറിനേയും,ഇടപ്പള്ളിയേയും, ഇടശ്ശേരിയേയുമൊന്നും മറക്കുന്നില്ല) പക്ഷേ ഉത്തരാധുനികതയുടെ വക്താവായിരുന്ന അയ്യപ്പപ്പണിക്കർ താളത്തിൽ പറയുന്നതെന്തും, കവിതയായി കൂട്ടാമെന്ന ആത്മവിശ്വാസം തന്നു.. പടയണിപ്പാട്ടുകളുടെ നാട്ടുരാഗങ്ങളെ കടമ്മനിട്ട ധാരാളമായി എടുത്തുപയോഗിച്ചു... സമകാലിക രായിരുന്ന ഓ എൻ വി, ചുള്ളിക്കാട് സുഗതകുമാരി എന്നിവരൊക്കെ കവിത ജനകീയമാക്കിയവരെങ്കിലും പാണ്ഡിത്യത്തിന്റെ പദമേന്മയും, കുലീനതയും അവരുടെ കവിതകളെ കൈ കഴുകി തൊടാൻ തോന്നിപ്പിച്ചു. പക്ഷേ താത് പര്യമുള്ള എല്ലാവരേയും കവിയാക്കാനായിരുന്നു അയ്യപ്പപണിക്കരുടെ എഴുത്തിന്റെ ദൗത്യം. അദ്ദേഹം പദ്യ ഗദ്യ സമ്പ്രദായങ്ങളും, നാട്ടുസ്ളാങ്ങുകളും, ആധുനികതയും ഉത്തരാധുനികതയും കവിതയിൽ കൊണ്ടുവന്നു. ആത്മത്തിലൂന്നിയ കവിതകളേക്കാൾ പുറം ലോകമാണ് കവിത എന്നു കാണിച്ചു തന്നു. അദ്ദേഹത്തിന്റെ കവിതകൾക്ക് പലതിനും പൊതു സാമ്യം കുറവായിരുന്നു... കവിതയിൽ ലിംഗഭേദമില്ലാത്ത മനുഷ്യനായതു കൊണ്ടു മാത്രമാണ് 

"വിജനത്തിലേ കാന്ത ഭവനത്തിലൊറ്റക്ക് 

തഴുതിട്ട കതകിന്റെ 

പിറകിൽ മറഞ്ഞിരുന്നിടറുന്ന മിഴികളാൽ സ്വന്തം മനസിനെ മുകരുന്ന ഗോപിക "

യെന്ന സ്ത്രീയെ (ആ ഗോപിക എല്ലാ സ്ത്രീകളിലുമുണ്ട് ) അദ്ദേഹത്തിന് കാണാൻ സാധിച്ചത് '. കവിത   പണ്ഡിതരുടെ മാത്രം കുത്തകയല്ലെന്നും താളത്തിലും, സുഗമമായും എഴുതുന്നതും കവിതയാണ് എന്ന കാഴ്ചയിലേക്കും ലോക കവിതകളുടെ ഗദ്യ മാതൃകകളിലേക്കും അദ്ദേഹം മലയാള കവിതയെ തിരിച്ചിരുത്തി... 

തൊടുപുഴ ന്യൂമാൻകോളേജ് യൂണിയൻ ഉദ്ഘാടനത്തിന് കടമ്മനിട്ട തോൾസഞ്ചി തൂക്കി വന്നപ്പോൾ ഞാനവിടെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു.. ഇഷ്ട കവി മുൻപിൽ വന്നു നിൽക്കുന്നു. കുട്ടികളായ ഞങ്ങളെ നോക്കി കുഞ്ഞിനെപ്പോലെ മുറുക്കാൻ ചിരി ചിരിക്കുന്നു. കൂട്ടുകാരൊക്കെ ഓട്ടോഗ്രാഫ് വാങ്ങുന്നു.നോട്ട് ബുക്ക് പേജ് കീറി ാനും തുണ്ടുകടലാസ് നീട്ടി.". നന്നായി വരും.. ".. നേർത്ത സുന്ദരമായ അക്ഷരങ്ങളിൽ കവി എഴുതിത്തന്നു.....

നന്നായി വന്നോ? അറിയില്ല......! കവി അല്ല എങ്കിലും ജീവിതത്തിലെ ഓരോ മാത്രകളും താളാത്മകമായി പകർത്തുന്ന ഒരുവൾ എപ്പോഴും ഉള്ളിലുണ്ടായിരുന്നു... എഴുതുന്നത് ഒന്നും കവിതയല്ലെങ്കിൽ പ്പോലും  അവൾക്ക് ഇവർ കാണിച്ചു  തന്ന വഴികളിലൂടെ ഒളിച്ചും പാത്തും 

"വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ

പൂക്കാതിരിക്കാൻ എനിക്കാവതില്ലേ "  എന്ന പോലെ ,കവിതയുമായി വരാതെ കഴിയില്ലായിരുന്നു..! മലയാള കവിതാ ദിനം ഒച്ചപ്പാടൊന്നുമില്ലാതെ  കഴിഞ്ഞു പോയെങ്കിലും

 ഈ കുറിപ്പ്, എനിക്ക് കവിത പാർന്നു തന്ന, എന്റെ കരളിൽ കവിത തെളിയിച്ച ഈ രണ്ടു അനശ്വര കവികളുടേയും, അവരുടെ  കവിതകളുടേയും  മുന്നിൽ ആദരവോടെ സമർപ്പിക്കുന്നു