Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമക്കെട്ടുകൾ അഴിയുമ്പോൾ

couples Representative Image

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്തോ ഒരു വല്ലായ്മ. ശരീരത്തിന് ഒരു വേദന. തലേന്നേ ജോസച്ചായന് ഉച്ചക്ക് കഴിക്കാനുള്ളത് ഫ്രിഡ്ജിൽ എടുത്ത് വെച്ചിരിക്കുന്നത് എടുത്തുകൊണ്ട് പോകണമെന്നു കട്ടിലിൽ പുതപ്പിനടിയിൽ കിടന്നുകൊണ്ടു തന്നെ പറഞ്ഞു. ഒരു കാപ്പിയിട്ടു കൊടുക്കുക രാവിലത്തെ പതിവാണ്. എന്റെ അവശത കണ്ടിട്ടാവാം ഇന്ന് ഓഫിസിൽ ചെന്നിട്ടാവാം കാപ്പികുടി എന്നു പറഞ്ഞു. ഇന്നലത്തെ ബാക്കിയിരുന്ന ഒരു ബേഗളിൽ കുറച്ച് ക്രീം ചീസ് പുരട്ടിയെടുത്തതുകൊണ്ട് കൊണ്ടുപോയ്ക്കോളാം എന്ന് ജോസച്ചായൻ പറഞ്ഞു. മുറിയിൽ നിന്ന് ഡ്രസ്സുമാറിയിറങ്ങുമ്പോൾ തന്നെ ഇന്ന് ജോലിക്ക് കൊണ്ടുവിടണമെന്ന് ജോസച്ചായനെ ഓർമിപ്പിച്ചു. മൂന്നു മണിക്കേ ഇന്ന് ജോലി തുടങ്ങൂ. ഡ്രൈവ് ചെയ്യാൻ ഒരു മടി. പണ്ടു മുതലേ എന്തെങ്കിലും വഴിയുണ്ടെങ്കിൽ ജോസച്ചായനോട് കൊണ്ടുവിടാൻ പറയും. എത്ര വർഷമായി വണ്ടിയോടിക്കുന്നു, പക്ഷെ ഇപ്പോഴും ആ മടി മാറിയിട്ടില്ല. ടോമി ഡ്രൈവ് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ അവൻ കൊണ്ടുവിടും ക്ലാസില്ലാത്തപ്പോൾ. ഇന്ന് അവനു ക്ലാസ്സുണ്ട്, പോരാത്തതിന് ഒരു സുഖമില്ലായ്മയും.

കുറേ നേരം കൂടെ കിടന്നു. എഴുന്നേറ്റു മുഖം കഴുകി നിവർന്നപ്പോൾ കണ്ണാടിൽ ഇടത്തെ കണ്ണിന്റെ പുരികം പിടയുന്നത് ശ്രദ്ധിച്ചു. അത് ഒരു നല്ല ലക്ഷണമല്ലന്നാണ് പഴമക്കാർ പറയാറുള്ളത്. വൽസേച്ചിയെ ആണ് ആദ്യം ഓർമവന്നത്, പുള്ളിക്കാരിക്ക് ഇതിലൊക്കെ വലിയ വിശ്വാസമാണ്. നാട്ടിൽ അവധിക്ക് ചെല്ലുമ്പോൾ ഇപ്പോഴും അതുപറഞ്ഞ് കളിയാക്കാറുണ്ട്. ഒന്നുമില്ലെന്നു പറയുമ്പോഴും മനസ്സിലെവിടെയോ ഒരു നോവ് തോന്നിച്ചു. ഇടയ്ക്കിടെ പ്രഷർ കൂടാറുണ്ട്, ഇനി അതാവാം രാവിലത്തെ ഈ തളർച്ച എന്നോർത്ത്, ആദ്യം ചായക്ക് പാൽ അടുപ്പേൽ വെച്ചിട്ട് പ്രഷർ ഒന്ന് നോക്കിക്കളയാമെന്നു കരുതി പല്ലുതേച്ച്‌ താഴേക്കു ചെന്നു. 

പാലെടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോൾ മനസ്സിലായി ജോസച്ചായൻ ഉച്ചക്കത്തേയ്ക്ക് എടുത്തു വെച്ചിരുന്ന ഭക്ഷണം കൊണ്ടുപോയിട്ടില്ല. ക്രിസ്തുമസിന് ഇനി ഒരാഴ്ചയേ ഉള്ളൂ, ഓഫിസിൽ എന്തെങ്കിലും പാർട്ടി കാണും എന്നോർത്ത് പാൽ തിളപ്പിച്ച് തേയില പൊടിയിടുമ്പോൾ മേശപ്പുറത്ത് മൂന്നുനാലു ദിവസമായി എഴുതി വെച്ചിരിക്കുന്ന ബില്ലുകൾ അവിടെത്തന്നെയിരിക്കുന്നത് കണ്ണിൽപ്പെട്ടു. ഇന്നലെയും കൂടി പറഞ്ഞതാണ് കൊണ്ടുപോകാമെന്ന്, വീടിന്റെ ലോൺ അടയ്ക്കേണ്ട തീയതി കഴിഞ്ഞു കാണല്ലേയെന്ന് പ്രാർഥിച്ചു. ഈ വക കാര്യങ്ങളെല്ലാം ജോസച്ചായനാണ് സാധാരണ നോക്കുന്നത്. 

കയ്യിൽ പിടിച്ച ചായയുമായി ലിവിംഗ് റൂമിലേക്കു നടന്നു. ചായ ടിപ്പോയിൽ വച്ച് ടിവിക്കു താഴത്തെ ഡ്രോയറിന്റ വലിപ്പിൽ നിന്ന് പ്രഷർ നോക്കുന്ന ഉപകരണം പുറത്തേക്കെടുക്കുമ്പോഴാണ് ജോസച്ചായൻ ഉച്ചക്കത്തെ ഉണ്‌ മാത്രമല്ല തന്റെ ബാഗും കൊണ്ടുപോയിട്ടില്ലെന്നു കണ്ടത്. തുറന്നിരിക്കുന്ന ബാഗിനടുത്തേക്കു നീങ്ങി നിന്നുനോക്കിയപ്പോഴാണ് ബാഗിനുള്ളിൽ എന്തോയിരിക്കുന്നതുപോലെ തോന്നിയത്.  മറുകയ്യിൽ ബാഗും തൂക്കിയെടുത്ത് സോഫയിൽ ഇരിക്കുമ്പോൾ നേരത്തെ തോന്നിച്ച മനസിന്റെ ഭാരം ഇരട്ടിച്ചതുപോലെ അനുഭവപ്പെട്ടു. 

ബാഗിനുള്ളിൽ രണ്ടു ദിവസം മുൻപ് കൊണ്ടുപോയ കഴിക്കാതെ ബാക്കിവെച്ചിരിക്കുന്ന കേടായ സാൻവിച്ച് കണ്ടപ്പോൾ ജോസച്ചായന്റെ ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതിന് ആദ്യം സ്വയം കുറ്റപ്പെടുത്തി. പക്ഷേ, ജോസച്ചായൻ ഒരിക്കലും ആരുടെയും സഹായം ഈ കാര്യങ്ങളിൽ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നില്ല. ഒരാഴ്‌ച മുമ്പ് എഴുതിയ ക്രിസ്തുമസ്സ് കാർഡുകൾ ഇപ്പഴും ആ ബാഗിനുള്ളിൽ കണ്ടപ്പോൾ ചിന്തകൾ കാടുകയറാൻ തുടങ്ങി. കഴിഞ്ഞ നാൽപതു വർഷങ്ങളായി ഒരിക്കൽപോലും കാർഡുകൾ താമസിക്കരുതെന്നു കരുതി ഡിസംബർ ഒന്നിനു തന്നെ നാട്ടിലേക്കുള്ളതും ഇവിടെയുള്ളതും എഴുതി അയക്കുന്ന ജോസച്ചായനിതെന്തുപറ്റി? ഒന്നിനു പുറകെ ഒന്നായി സംശയങ്ങൾ മുളപൊട്ടിത്തുടങ്ങി. ഫോണെടുത്തു വിളിക്കാനാണ് ആദ്യം തോന്നിച്ചത്. മനസ്സ് തടഞ്ഞു, ഇന്ന് നേരത്തെ വരുമല്ലോ, നേരിട്ട് ചോദിക്കാമെന്നുറച്ചു.   

ജോലിക്ക് പോകാൻ തയാറായി. ഇപ്പോൾ ശരീരത്തിന്റെ വയ്യായ്മ തോന്നിക്കുന്നില്ല, കാരണം മനസ്സ് അത്ര മാത്രം ഭാരപ്പെടുന്നുണ്ടായിരുന്നു.  മനസ്സിലൂടെ വേണ്ടാത്ത ചിന്തകൾ പലതും കയറിയിറങ്ങി. ഒന്നിനും കൃത്യത ഉണ്ടായിരുന്നില്ല, പക്ഷേ സാധ്യതകൾ ഏറെയായിരുന്നു. ഒരുങ്ങി സോഫയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ക്ലോക്കിൽ സമയം രണ്ടരയടിച്ചിട്ടും ജോസച്ചായൻ എത്തിയിട്ടില്ല. മൂന്ന് മണിക്ക് ജോലിക്ക് കയറേണ്ടതാണെനിക്ക്, ട്രാഫിക്കോ മറ്റോ ആണെങ്കിൽ വിളിക്കേണ്ടതാണ്. 

ഫോണെടുത്ത് ജോസച്ചായനെ വിളിച്ചു. മുന്നാലടിക്കു ശേഷമാണ് ഫോണെടുത്തത്. അൽപം ദേഷ്യത്തോടെ ഞാൻ ചോദിച്ചു, "ഇതെവിടെ? എനിക്ക് ജോലിക്ക് പോവണ്ടേ", പെട്ടന്നാണ് ജോസച്ചായൻ മറുപടി പറഞ്ഞത്, "ഞാൻ വാതുക്കൽ ഉണ്ട്, പക്ഷേ" മുഴുമിക്കുന്നതിനു മുൻപ് ഞാൻ വാതിൽ തുറന്ന് മുന്നിലേക്ക് നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല. മുറ്റത്തേക്കിറങ്ങി ചുറ്റിനു നോക്കിയിട്ടും അവിടെയെങ്ങും ആരെയും കണ്ടില്ല. എന്റെ ദേഷ്യം ഇരട്ടിച്ചു, അത് ശബ്ദത്തിലൂടെ പുറത്ത് വന്നു. അതിനു മറുപടിയായി ജോസച്ചായൻ നേരത്തെ പറയാൻ തുടങ്ങിവെച്ചത് തുടർന്നു "അയാൾ കേറ്റിവിടുന്നില്ല" ജോസച്ചായൻ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല, "ഏതയാൾ? എന്റെ ദേഷ്യം മനസ്സിലായിട്ടെന്ന പോൽ ജോസച്ചായൻ പറഞ്ഞു, "ഞാൻ അയാളുടെ കയ്യിൽ ഫോൺ കൊടുക്കാം"

ഫോൺ കയ്യിൽ വാങ്ങിയ ഏതോ ഒരാൾ ഇഗ്ലിഷിൽ എന്നോട് സംസാരിക്കാൻ തുടങ്ങി. അയാൾ പറയുന്നതൊന്നും എനിക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് ഓരോന്നായി എന്റെയുള്ളിലേക്ക് ആഞ്ഞിറങ്ങാൻ തുടങ്ങി. 

കഴിഞ്ഞ പത്ത് മിനിറ്റുകളായി ജോസച്ചായൻ കഴിഞ്ഞ കുറെ വർഷമായി അവിടെ താമസിക്കുന്ന ഏതോ ഒരു മനുഷ്യന്റെ അപ്പാർട്‌മെന്റിൽ തന്റെ വീടാണെന്നു പറഞ്ഞു കയറാനുള്ള ശ്രമത്തിലായിരുന്നു. എത്ര പറഞ്ഞിട്ടും അത് തന്റെ വീടാണെന്നു ജോസച്ചായൻ വാദിച്ചുകൊണ്ടേയിരുന്നു. അയാൾ ഒരു നല്ല മനുഷ്യനായിരുന്നു, അല്ലങ്കിൽ ആദ്യമേ പൊലീസിനെ വിളിക്കുമായിരുന്നു. അവിടുത്തെ അഡ്രസ്‌ അയാൾ പറഞ്ഞപ്പോൾ കാര്യങ്ങൾ കുറേക്കൂടെ വ്യക്തമായി.

ഏകദേശം നാൽപതു മൈൽ ദൂരമുണ്ട് അവിടേക്ക്. വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ വന്നസമയത്ത് ഏഴുകൊല്ലത്തോളം, ജോസച്ചായൻ താമസിച്ചത് ആ അപ്പാർട്ട്‌മെന്റിൽ ആയിരുന്നു. ജോസച്ചായൻ വർഷങ്ങൾക്കു പിന്നിൽ തിരിച്ചറിയാനാവാതെ കുരുങ്ങിക്കിടക്കുന്നത് ഞെട്ടലോടെ ഞാൻ മനസ്സിലാക്കി. ഓർമക്കെട്ടുകൾ വല്ലാതെ അഴിഞ്ഞുതുടങ്ങിയെന്ന് തിരിച്ചറിഞ്ഞു. യൂബർ വിളിച്ച് ഞാൻ എത്തും വരെ ജോസച്ചായനെ അയാൾ തന്റെ വീട്ടിൽ ഇരുത്തി. വണ്ടിയെടുത്ത് തിരികെ പോരും മുമ്പ് നന്ദി പറയുമ്പോൾ അയാൾ പിന്നെയും സഹായിക്കാൻ സന്നദ്ധത കാണിച്ചു. 

വീട്ടിലേക്കിനി ജോസച്ചായനെയും കൊണ്ട് മൈലുകളോളം തിരിച്ചോടിക്കണം. ഒന്നും മിണ്ടാതെ ഒപ്പം കാറിൽ കയറിയ ജോസച്ചായൻ പുറത്തേക്കു വെറുതെ നോക്കിയിരുന്നതല്ലാതെ ഇനിയും മിണ്ടിത്തുടങ്ങിയിട്ടില്ല. വീട്ടിലെത്തുമ്പോഴേക്കും മക്കൾ രണ്ടാളും കോളജിൽ നിന്ന് വന്നു കാത്തുനിൽക്കുന്നുണ്ടാവും. അവരോട് കൂടുതലൊന്നും പറഞ്ഞിട്ടില്ല, അല്ലങ്കിൽ തന്നെ എന്താ പറയുക. നാഴികക്ക് നാൽപതു വട്ടം 'മോളു' 'മോനു' എന്നു വിളിച്ച് പിന്നാലെ നടക്കുന്ന അവരുടെ അപ്പൻ നേർക്കുനേരെ മുഖത്ത് നോക്കി ‘ആരാ, മനസ്സിലായില്ല’ എന്നു ചോദിക്കാൻ ഇനി അധികനാളുകൾ ഇല്ലാന്ന് പറയാൻ തനിക്കാവില്ലല്ലോയെന്ന് അവൾ ഓർത്തു. കാർ മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് വളവു തിരിയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി അവളുടെ മുന്നിലെ വഴികൾ അവ്യക്തമായി തുടങ്ങിയിരുന്നു.