വീൽചെയറിൽ കട്ടപ്പന ചുറ്റിയ സൈമൺ ബ്രിട്ടോ

Simon-Britto
SHARE

സൈമൺ ബ്രിട്ടോ വിട വാങ്ങി...

രണ്ടു കാലുള്ളവർ 64 വർഷം കൊണ്ട് ഓടിയാലും തീരാത്ത ദൂരം അദ്ദേഹം വീൽചെയറിലും ആ പഴയ അംബാസിഡർ കാറിലുമായി സഞ്ചരിച്ചു. കുത്തിയവരും കുത്തിച്ചവരുമൊക്കെ അമ്പരപ്പിച്ച് ആ ജീവിതം അദ്ദേഹം ജീവിച്ചു തീർത്തു.

വർഷം 2007...

കട്ടപ്പന ഗവ കോളജിലെ യൂണിയൻ ഉദ്ഘാടനം ചെയ്യാൻ സൈമൺ ബ്രിട്ടോയെയാണ് ആ വർഷം ക്ഷണിച്ചത്. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആളെ നേരിട്ട് അതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ തലേ ദിവസം കട്ടപ്പനയിൽ വരുന്ന സഖാവിനെ പരിചയപ്പെടാൻ പാർട്ടി ഓഫിസിലോട്ട് പോകാൻ ഇറങ്ങി.

ഇടുക്കികവല അമ്പലത്തിന് മുമ്പിൽ നിൽക്കുമ്പോൾ എംഎൽഎ ബോർഡ് വെച്ച ഒരു വെള്ള അംബാസിഡർ കാർ അടുത്തു വന്ന് നിർത്തി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലേക്കുള്ള വഴി ചോദിച്ചു.

ഞാനും അങ്ങോട്ടാണ് എന്നു പറഞ്ഞപ്പോൾ ഒരുമിച്ചു പോകാമെന്നു പറഞ്ഞ് അവർ എന്നെ കാറിൽ കയറ്റി. ഒറ്റ നോട്ടത്തിൽ കുഴപ്പങ്ങൾ ഒന്നും തോന്നാത്തതിനാൽ സത്യം പറഞ്ഞാൽ ആദ്യം അദ്ദേഹം സൈമൺ ബ്രിട്ടോ ആണെന്ന് എനിക്കു മനസ്സിലായിരുന്നില്ല.

ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹവുമായി വർത്തമാനം പറഞ്ഞപ്പോൾ എനിക്കാളെ പിടി കിട്ടി. ഓഫിസിലെത്തിയപ്പോൾ അവിടെ എസ് എഫ് ഐ സഖാക്കൾ എല്ലാവരുമുണ്ട്.

കുറെ നേരം അവിടെ ചിലവഴിച്ച ശേഷം അദ്ദേഹത്തിനു താമസം ഒരുക്കിയിരുന്ന ഗസ്റ്റ്‌ ഹൗസിലേക്ക് ഞങ്ങൾ പോയി. അവിടെയെത്തിയപ്പോൾ അദേഹത്തിന്റെ കൂടെ വന്നവർ അദേഹത്തെ കാറിൽ നിന്ന് ഇറക്കുന്നത് കണ്ട് നോക്കി നിന്നു പോയി.

രണ്ടു കാലിനും സ്വാധീനമില്ലാത്ത അദേഹത്തെ കൂടെ വന്നവർ നിഷ്പ്രയാസം പുറത്തിറക്കുന്നത് അന്ന് അത്ഭുതത്തോടെ നോക്കി നിന്നെങ്കിലും പിൽക്കാലത്ത് രണ്ടു കാലിന്റെയും സ്വാധീനം നഷ്ടപ്പെട്ട എന്റെ അമ്മയെ വണ്ടിയിൽ നിന്നും ഞാൻ നിഷ്പ്രയാസം ഇറക്കുന്നത് കാലത്തിന്റെ ഓരോ കളികളല്ലാതെ മറ്റെന്താണ്?

അങ്ങിനെ വൈകുന്നേരം ഒരു ആറ് മണിയായപ്പോൾ അദ്ദേഹത്തിന്റെ ഒരു ആവശ്യം കേട്ട് ഞങ്ങൾ ഞെട്ടി...

കട്ടപ്പന മുഴുവൻ വീൽചെയറിൽ കറങ്ങണമത്രെ...

ഞങ്ങൾ പറഞ്ഞു..."സഖാവേ റോഡ് മുഴുവൻ കയറ്റവും ഇറക്കവും കുഴിയുമൊക്കെയാണ് വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമോ?"

"പോടാ, എനിക്കോ ആരോഗ്യ പ്രശനമോ. ഇപ്പോൾ തന്നെ നമുക്കിറങ്ങാം"

ഞങ്ങൾ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദേഹത്തെ എടുത്ത് വീൽചെയറിൽ കയറ്റിയിരുന്നു.

അങ്ങിനെ ആ വൈകുന്നേരം ഞങ്ങൾ കട്ടപ്പന സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്നും ഗുരുമന്ദിരം റോഡിലൂടെ സെൻട്രൽ ജംഗ്ഷൻ വഴി ഇടുക്കികവല അമ്പലം ചുറ്റി തിരിച്ച് അശോക ജംഗ്ഷൻ വഴി കുന്തളംപാറ റോഡിലെത്തിയപ്പോൾ അവിടെ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ഒരു ചേട്ടൻ ഓടി വന്ന് അദ്ദേഹത്തോട് നിങ്ങൾ സൈമൺ ബ്രിട്ടോ അല്ലെ എന്ന് ചോദിച്ചപ്പോൾ പതിവ് ചിരിയോടെ അയാളോട് കുശലം പറഞ്ഞ് പാർട്ടി ഓഫിസിന് മുന്നിലൂടെ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലുള്ള വലിയ കയറ്റം ഞങ്ങളെല്ലാം കൂടി ഒരുമിച്ച് ഉന്തി കയറ്റി തിരിച്ച് ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ സമയം ഏഴ് മണി.

ഞങ്ങളെല്ലാം മടുത്തിരിക്കുമ്പോൾ അദ്ദേഹം നല്ല ആരോഗ്യവാനായി അടുത്ത കാര്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി...

wheel-chair

ഇടുക്കിയുടെ ജീവിത രീതികളെ പറ്റി, കൃഷിയെ പറ്റി, മനുഷ്യരെ പറ്റി, തൊഴിലാളികളെ പറ്റി, ഭക്ഷണങ്ങളെ പറ്റി... അങ്ങിനെ ഒരുപാട് കാര്യങ്ങൾ. എന്തിലും വ്യക്തമായ ഒരു നിലപാട് അദേഹത്തിന്റെ പ്രത്യേകതയാണ്.

അങ്ങനെ അദ്ദേഹം പിറ്റേ ദിവസം തിരിച്ചു പോകുന്നതു വരെ അദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അദ്ദേഹം എഴുതിയ നോവലും പറഞ്ഞു തീർത്ത അനുഭവ കഥകളും എല്ലാം കൂട്ടി ചേർത്തു വെച്ചാൽ എഴുതാൻ ഒരുപാടുണ്ടാകും.

അതിനിടയ്ക്ക് ആ അംബാസിഡർ കാറിൽ അദ്ദേഹം ഇന്ത്യ മുഴുവൻ ചുറ്റി എന്നറിഞ്ഞു. അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നത് ആ യാത്രകളൊക്കെ അദ്ദേഹത്തിനു നിസാരമല്ലേ എന്നാണ്. 

അതായിരുന്നു അദ്ദേഹം, രണ്ടു കാലുള്ള സാധാരണക്കാർ ഓടിയാലും അദ്ദേഹം സഞ്ചരിച്ചും അനുഭവിച്ചും തീർത്ത വഴികളിലൂടെ ആർക്കും ഒരിക്കലും സഞ്ചരിക്കാനാകില്ല.

ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA