മറ്റൊരസ്തമയം കൂടി; അപൂർവ സൗഹൃദത്തിന്റെ കഥ

hospital
SHARE

പള്ളിപ്പെരുന്നാളിന്‌ അയലത്തെ സൂസിയോടൊപ്പം റാസ കാണാനായി കോട്ടവാതുക്കൽ പടിവരെ പോകാനായി ഒരുങ്ങുന്നതിനിടയിലാണ്  അമ്മ തലകറങ്ങി താഴെ വീണത്. ശബ്ദം കേട്ട് പുറംപണിക്കു നിന്ന മോഹനൻ ആളെക്കൂട്ടി, പക്ഷേ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അമ്മ യാത്ര പറഞ്ഞു. അമ്മയുടെ മരണത്തോടെ ഇനിയും നാട്ടിൽ പറയത്തക്ക ബന്ധങ്ങൾ ഒന്നുമില്ലാതായതായി തോന്നിച്ചു.

മക്കളെല്ലാം പുറത്തായിരുന്നതുകൊണ്ടു ജിവിതത്തിൽ എന്നും കാത്തിരിപ്പിനു മാത്രം വിധിക്കപ്പെട്ട അമ്മ അവസാനമായി ആ തണുപ്പിൽ രണ്ടുദിവസം കൂടി ഞങ്ങൾക്കായി കാത്തിരുന്നു. മൂന്നിന് കുർബാന കഴിഞ്ഞാൽ ഓരോരുത്തരായി പിരിയുകയായി. തനിക്കിനിയും രണ്ടാഴ്ചത്തെ അവധിയുണ്ട്, വേണ്ടായിരുന്നു എന്നിപ്പോൾ തോന്നിക്കുന്നു. അമ്മയുടെ മരണത്തോടെ എന്തൊക്കൊയോ പെട്ടന്ന് അറ്റുപോയതുപോലെ തോന്നിക്കുന്നു. 

കൂടെ പഠിച്ചവരും കളിച്ചു വളർന്നവരും അങ്ങനെ പറയാനായി നാട്ടിൽ ആരും ശേഷിക്കുന്നില്ല. പലരും നാടിനു പുറത്താണ്, ചിലർ ഈ ലോകത്തിനും പുറത്തായി. ഇപ്പോൾ ആകെ പറയത്തക്ക ബന്ധമുള്ളയാൾ ഷാജിയാണ്, അവനാണെങ്കിൽ ദിവസങ്ങൾ എണ്ണി ആശുപത്രിയിലായിട്ടു ആഴ്ച നാലായി. ഓരോ ദിവസം കഴിയുന്തോറും ഓരോ അവയവങ്ങൾ പണിമുടക്കുന്നതായിട്ടാണ് നിഷ പറഞ്ഞത്. രണ്ടു വട്ടം അവനെ പോയി കണ്ടു, പഴങ്കഥകൾ കുറെ പറഞ്ഞു. രണ്ടുവട്ടവും ഒടുക്കം അവൻ കുറെ കരഞ്ഞു, ഞാനും. എന്തിനെന്നറിയാതെ. 

അവൻ ഉറക്കത്തിലായിരുന്നു ഇന്ന് ഞാൻ ചെല്ലുമ്പോൾ. നിഷ ചായയും വാങ്ങി വന്നതേയുള്ളു. കതകു തുറന്ന ശബ്ദംകേട്ട് അവൻ കണ്ണ് തുറന്നു. കാഴ്ചയിൽ അവൻ കൂടുതൽ ക്ഷീണിതനായി കാണപ്പെട്ടു. കട്ടിലിന്റെ തലക്കലെ സ്റ്റൂളിൽ ഞാനിരുന്നു. അവൻ പുഞ്ചിരിച്ചു, "ചുമ്മാതെ കിടക്കുമ്പോൾ പഴയതു പലതും ഓർക്കും. അപ്പോൾ, ഇവളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അവൾ മൂളികേൾക്കുമെന്നല്ലാതെ." ഷാജി സംസാരിക്കാനുള്ള നല്ല ആവേശത്തിലായിരുന്നു.

"രാത്രിയാകുമ്പോൾ കർത്താവ് വന്നിങ്ങനെ വാതുക്കൽ നിൽക്കുന്നതായി തോന്നും, ദാ അവിടെ. ആളിപ്പോഴും അവിടുണ്ട്" തല തിരിച്ച് ഞാൻ വാതിക്കലേക്കു നോക്കി. അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടന്നു നീങ്ങുന്ന രണ്ടു നേഴ്‌സുമാരെ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞൊള്ളുവെന്നു പറഞ്ഞില്ല.

നിഷ തമാശായിപ്പറഞ്ഞു, "കർത്താവല്ലിയോ, കാലനല്ലല്ലോ, എന്തിനാ പേടിക്കുന്നെ?" ആ തമാശ ഷാജിക്ക് അത്ര പിടിച്ചില്ല. "നീ ഒരു കാര്യം ചെയ്യ്, വീടുവരെ പോയിട്ടുവാ. ഇവനിവിടെ ഉണ്ടല്ലോ. ഞങ്ങൾക്ക് സ്വസ്ഥമായി എന്തേലും പറഞ്ഞിരിക്കാം."നിഷ പിന്നീടൊന്നും മിണ്ടിയില്ല.

"കർത്താവിനെ കാണുമ്പോൾ എനിക്ക് തോന്നുന്നത്, നിനക്ക് ഓർമയുണ്ടോ ലാലേട്ടന്റെ ‘ചിത്രം’ സിനിമ. നമ്മളെല്ലാം കൂടെ ചങ്ങനാശ്ശേരിയിൽ പോയി കണ്ട സിനിമ. അതിൽ സോമൻ, ജയിൽ വാർഡനാ, ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനു തലേരാത്രി വരുമ്പോൾ ലാലേട്ടൻ പറയുന്ന ഒരു ഡയലോകൊണ്ട്.” അവൻ ഒന്നു നിർത്തി, ഒരു വിഷാദ ചിരിയോടെ തുടർന്നു, “എനിക്കിപ്പോൾ വല്ലാതെ ജിവിക്കാൻ കൊതിതോന്നുന്നു, കൊല്ലാതിരിക്കാൻ പറ്റുമോയെന്ന്."  കുറെ നേരത്തേക്കിന് ആരും ഒന്നും മിണ്ടിയില്ല. 

നിഷ പുറത്തേക്ക് നോക്കിയിരുന്ന് കരയുന്നതു കണ്ടു. എന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു. "ഇല്ലടാ, നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, ഞാൻ ആ വാതുക്കൽ നിൽക്കുന്ന കർത്താവിനെ കാണുമ്പോൾ സോമനെ ഓർത്ത് മനസ്സുകൊണ്ട് ചോദിക്കുന്നത് നിന്നോട് പറഞ്ഞൂന്നേയുള്ളു" അവന്റെ ജീവിക്കാനുള്ള കൊതിയുടെ ആഴം ഞാനറിഞ്ഞു. ഒന്നിലേറെ കുഴലുകൾ കുത്തിയിരുന്ന കയ്യുടെ മുകളിൽ എന്റെ കൈ മെല്ലെ അമർത്തിയപ്പോൾ വീണ്ടും ആ കണ്ണുകൾ നനവറിഞ്ഞു.. 

ആ രംഗത്തിന്റെ തീവ്രത കുറയ്ക്കാനായി അവൻ സംസാരം വേറൊരു ദിശയിലേക്കു തിരിച്ചു. "ആ സിനിമ കാണാൻ കാശ് മുടക്കിയത് ആരാ? പെട്ടെന്ന് മുപ്പതു വർഷത്തിനു മുമ്പത്തെ കാര്യം ഇന്നലെത്തെപ്പോലെ എന്റെ മുന്നിൽ തെളിഞ്ഞു. "അത് നീയല്ലേ, കാറും പിടിച്ച്, വഴിയിൽ വേറെ പലയിടത്തും കയറി, അതൊരാഘോഷം അല്ലായിരുന്നോ" എന്റെ ശബ്ദത്തിലെ ചെറുപ്പത്തിന്റെ, സന്തോഷത്തിന്റെ മുഴക്കം അവൻ തിരിച്ചറിഞ്ഞു. 

അവൻ ചെറുതായൊന്നു ചിരിച്ചു, "എനിക്കൊരു ക്ഷമ പറയാനുണ്ട് നിന്നോട്”. അവൻ വീണ്ടും കാര്യങ്ങൾ മുൾമുനയിലേക്ക് തിരിക്കുന്നതായി തോന്നിച്ചു. “ഞാൻ നിന്റെ കഴുത്തിലെ മാല പണയം വെച്ചിരുന്നത്, നിന്റെ അമ്മ വഴക്കു പറഞ്ഞതിന് പെട്ടെന്ന് എടുത്തു തന്നത് ഓർമ്മയുണ്ടോ." വീണ്ടും മനസ്സിലെ അലകൾ അടങ്ങിയപ്പോൾ ഞാൻ പറഞ്ഞു, "പിന്നെ, അതിനു ഞാൻ അല്ലെ ക്ഷമ പറയേണ്ടത്" ഷാജി ചിറികോട്ടി ചിരിച്ചു.

"അതെ, നീ ക്ഷമ പറയുകയും ചെയ്തു. പക്ഷേ ആ മാല തിരിച്ചു തരുമ്പോൾ അതിന്റെ നാല് കണ്ണികൾ കുറവായിരുന്നു. അത് ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ. അതെടുക്കാൻ വേറെ വഴിയില്ലായിരുന്നു. പിന്നെ ബാക്കി കാശാ ഞാൻ അന്ന് സിനിമയ്ക്ക് പോയപ്പോൾ പൊട്ടിച്ചത്. നീ എന്നോട് ക്ഷമിക്കില്ലേ" 

എനിക്ക് പൊട്ടിച്ചിരിക്കാനാണു ആദ്യം തോന്നിയത്. പക്ഷേ അവൻ പിന്നെയും കരഞ്ഞു. കയ്യിലെ പിടുത്തം മുറുക്കിക്കൊണ്ട് ഞാൻ പറഞ്ഞു, "എടാ അത്, അമ്മ അന്നേ പിടിക്കുകയും, മാല മേടിച്ചു വെക്കുകയും ചെയ്തു. പക്ഷേ, പിറ്റേന്നല്ലേ വടക്കേ നടയിൽ വച്ച് പിള്ളാരുമായി തല്ലുണ്ടാക്കി ആകെ പ്രശ്നമായത്. പിന്നെ രായ്ക്കരാമാനം എന്നെ ഡൽഹിക്ക് കടത്തിയില്ലേ. അങ്ങനെ അത് ആ പ്രശ്നത്തിൽ മുങ്ങിപ്പോയതാ. നീയിപ്പഴും അതോർത്തുകൊണ്ടിരിക്ക." കുറച്ച് നേരത്തേക്കെങ്കിലും മുറിക്കുള്ളിൽ നേർത്തോരു ചിരി പടർന്നു, ഒപ്പം പുറത്തുനിന്ന് പകുതി തുറന്നു കിടന്നിരുന്ന വാതിലിലൂടെ ഒന്ന് തണുപ്പിക്കാന്നോണം ഒരിളം കാറ്റ് അകത്തേക്കടിച്ചു.  

കയ്യിലെ വാച്ചിൽ സമയം പത്തടിച്ചു. യാത്രപറഞ്ഞ് എഴുന്നേറ്റ് മുന്നോട്ട് നീങ്ങി വാതുക്കൽ നിൽക്കുന്ന കർത്താവിനോട്  ഞാനും കൊതിയോടെ അവന്റെ ആയുസിന്റെ പകൽ  നീട്ടിക്കിട്ടാനായി പ്രാർഥിച്ചുകൊണ്ട് പുറത്തെ ഇരുട്ടിലേക്കിറങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA