ചിന്തയുടെ ചീന്തുകൾ

loneliness
SHARE

തൈലത്തിൽ കുളിച്ചു കയറിയ

കുഴമ്പിന്റെ പരിദേവനങ്ങൾ;

ചിലനേരങ്ങളിൽ അലോസര-

മാകാറുണ്ടെങ്കിലും ചിരിക്കാറില്ല..

കഫക്കെട്ട് താളമിട്ടു പാടുന്ന

നെഞ്ചിൻകൂടിന്റെ പതർച്ച 

പടരുന്നു കൈകളിലേയ്ക്കും;

തൂണുകൾ പോലുറച്ച കാലുകളിലേയ്ക്കും..

മാറിമറിയുന്ന ഋതുക്കളീണമിടുന്ന

കയറ്റിറക്കങ്ങളിലൂടെ പിണക്കങ്ങൾ

അറിയിക്കുന്നുണ്ട് താളം പിഴച്ച

ആരോഹണാവരോഹണങ്ങളും..

വണ്ടിക്കാളയെന്നോണം

ചക്രം കറക്കിയുണർത്തിയ

വീഥികൾ പോലും മറന്നില്ലെന്നാലും,

ഇന്നില്ല കൂടെ കാട്ടിക്കൂട്ടിയതിലൊന്നും..

തേരുകളിൽ വലിച്ചുകയറ്റിയ

ഭാരങ്ങളോർത്തു വിലപിക്കും 

മുന്നേ പാഞ്ഞൊരാ ലോഹം

ചുവപ്പണിഞ്ഞതന്ത്യക്കാഴ്ചയും…

അക്കാഴ്ചയ്ക്കുമർഹനല്ലെന്ന

തിരിച്ചറിവെത്തിക്കുന്നിടയ്ക്കിടെ;

ഈറനുടുക്കാതെ ഓർമ്മക്കയങ്ങളിലെ

ഇരു ഗന്ധങ്ങളിൽ മുങ്ങിക്കുളിച്ചും

ഇറക്കങ്ങളിലാടിക്കളിച്ച റാന്തലിന്റെ

പുകമറച്ച വെളിച്ചത്തിലൊളിപ്പിച്ച

അറിവിന്റെ;യരികിലെ ചുടലക്കാട്ടിലെ

അനാഥമായ ആളിക്കത്തലുകളും

ഇന്നു ചുമച്ചുതള്ളുന്നതൊക്കെയും

മറച്ചുവച്ച അറിവില്ലായ്മയുടെ

ഗന്ധമറിഞ്ഞ ഇന്നലെകളിലെ;

രക്തക്കറയിറ്റുന്ന നാളെകളുമല്ലോ..!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA