കുരുമുളക് എരിവുപോലെ ചില കൊടൈക്കനാൽ ഓർമകൾ...

black-pepper-spice
SHARE

അനുഭവങ്ങൾ ഇല്ലാതെ എന്തു മനുഷ്യന്മാർ..

ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് ചുമ്മാ നടക്കുന്ന കാലം. അപ്പന്റെ ബിസിനസൊക്കെ അങ്ങ് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ പ്രദേശത്താണ്. അവിടുത്തെ കുരുമുളക് തോട്ടങ്ങൾ പാട്ടത്തിനെടുത്തിരിക്കുകയാണ്.

കൊടൈക്കനാൽ എന്നു പറയുമ്പോൾ നമ്മൾ വിചാരിക്കും, ടൂറിസ്റ്റ് സ്ഥലമാണെന്ന്. അതെ അതിനു മാറ്റമൊന്നുമില്ല. പക്ഷേ നമ്മുടെ തോട്ടങ്ങളിലേക്ക് അവിടുന്നു കിലോമീറ്ററുകൾ കാട്ടിലൂടെ പോകണം എന്നു മാത്രം. പേര് മാത്രമേ കൊടൈക്കനാൽ എന്നുള്ളൂ. ബാക്കിയെല്ലാം നല്ല ഒന്നാംതരം വനമാണ്. തോട്ടങ്ങൾ എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ള രണ്ടോ മൂന്നോ ഏക്കർ തോട്ടങ്ങളല്ല. നാനൂറും അഞ്ഞൂറും ഏക്കർ വിസ്തൃതിയുള്ള തോട്ടങ്ങളാണ് ഏറ്റവും ചെറുത്. 

തോട്ടങ്ങളിൽ പ്രധാന കൃഷി കുരുമുളക്, കാപ്പി, ഓറഞ്ച് എന്നിവയാണ്. അതിൽ കുരുമുളകാണ് നമ്മൾ മേടിക്കുന്നത്. കാപ്പിത്തോട്ടത്തിൽ നൂറ്റ്‌കോലു പൊക്കത്തിൽ നിൽക്കുന്ന കുരുമുളക് പറിക്കാൻ നല്ല നീളമുള്ള രണ്ട് എണിയെങ്കിലും കൂട്ടികെട്ടിയാലെ മുകളിൽ കയറാൻ പറ്റു.

അങ്ങനെയുള്ള തോട്ടങ്ങൾ മേടിച്ച് തൊഴിലാളികളെ വെച്ച് കുരുമുളക് പറിച്ച് ഉണക്കി വിൽക്കലാണ് സാധാരണ ചെയ്യുന്നത്. പുരുഷ തൊഴിലാളികളിൽ കൂടുതലും മലയാളികളും സ്ത്രീ തൊഴിലാളികളിൽ കൂടുതലും പാണ്ടികളുമാണ്. 

അങ്ങിനെ ഒരേ സമയം കുറെ തോട്ടങ്ങൾ കാണും. അവിടെയെല്ലാം പണിക്കാരും ഉള്ളതു കൊണ്ട് അപ്പൻ നേരം വെളുത്താൽ ഓരോ തോട്ടത്തിലൂടെ പോകുകയും ഉടമസ്ഥനായ പാണ്ടികളുമായി പുതിയ തോട്ടങ്ങൾ വാങ്ങാനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്യും. തൊഴിലാളികളുടെ താമസം ബംഗ്ലാവ് എന്നറിയപ്പെടുന്ന തോട്ടങ്ങളിൽ തന്നെയുള്ള വലിയ കെട്ടിടങ്ങളിലാണ്. നാട്ടുകാരായ സ്ത്രീകൾ വൈകുന്നേരം അവരുടെ വീട്ടിലേക്കു പോകും. മലയാളികളായ ചേട്ടന്മാർ കഞ്ഞിയും കറിയും വെച്ച് അവിടെ തന്നെ കൂടുകയും ചെയ്യും.

പത്താം ക്ലാസ്സ് കഴിഞ്ഞ് അല്ലറ ചില്ലറ പണികളുമായി നടക്കുന്ന സമയത്താണ് അപ്പൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളിക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല അത്യാവശ്യം സാധനങ്ങളുമായി നേരെ തമിഴ്‌നാടിന് വെച്ചുപിടിച്ചു.

കൊടൈക്കനാൽ എന്ന പേരു കേട്ടിട്ടാണ് നമ്മൾ എടുത്തു ചാടുന്നത്. അങ്ങനെ ഒരു ദിവസം രാവിലെ കട്ടപ്പനയിൽ നിന്നു പുറപ്പെട്ട് ഉച്ചയോടെ ഞങ്ങൾ തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ എത്തി. 'പട്ടിയൂരംപെട്ടി' എന്നോ മറ്റോ ആണ് ആ സ്ഥലത്തിന്റെ പേര്. തമിഴ്‌നാട്ടിൽ എവിടെ ചെന്ന് നോക്കിയാലും ഒരു പെട്ടി കൂട്ടിയുള്ള സ്ഥലം കാണും. ചെല്ലപ്പെട്ടി, കാടുപ്പെട്ടി, കോവിൽപ്പെട്ടി അങ്ങിനെ അങ്ങിനെ...

'പെട്ടി' എന്നാൽ 'ഊര്' 'നാട്' എന്നൊക്കെയാണ് അർഥം. തമിഴ് വംശജർ മൂന്നാറിൽ കൂടുതലായതു കൊണ്ടാണ് അവിടെ മാട്ടുപ്പെട്ടി ഉണ്ടായത്. മാടുകൾ ഉള്ള സ്ഥലം മാടുപെട്ടി. നമ്മൾ അതിനെ മലയാളീകരിച്ച് മാട്ടുപ്പെട്ടി എന്നാക്കി മാറ്റി.

കൊടൈക്കനാൽ പ്രതീക്ഷിച്ചു പോയ ഞാൻ എത്തിപ്പെട്ടതോ ഒരു ഓണം കേറാമൂലയിൽ. അപ്പന്റെ മുഖത്ത് ഭവഭേദങ്ങളൊന്നുമില്ല. പെട്ടു എന്ന അവസ്ഥയിൽ ഞാൻ ഇരിക്കുന്നു. അവിടുന്ന് കുറെ നേരം ജീപ്പിൽ യാത്രചെയ്ത് ഞങ്ങൾ ഒരു എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തി. ആ സമയം അവിടെ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാവരും പണിയാൻ പോയതായിരുന്നു. അയാളുടെ പേര് ഉണ്ണിമച്ചാൻ എന്നാണ്. കട്ടപ്പനക്കാരനാണ്. പക്ഷേ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അത്യാവശ്യം കറുത്ത് നല്ല തടിയുമായി ഒരു ഒന്നൊന്നര മനുഷ്യൻ. ഇപ്പോഴും അയാൾ ജീവിച്ചിരിപ്പുണ്ട് എന്നാണ് എന്റെ ഓർമ.

അപ്പനെ കണ്ട് ഉണ്ണിമച്ചാൻ ഇറങ്ങി വന്നു. എന്തൊക്കെയോ സംസാരിച്ചു. എന്നെ അയാൾക്ക് പരിചയപ്പെടുത്തിയിട്ട് അപ്പൻ വന്ന ജീപ്പിൽ തന്നെ കേറി വൈകുന്നേരം വരാം എന്നു പറഞ്ഞു പോയി.

എന്റെ തോളിൽ കിടന്ന ബാഗൂരി ഒരു മൂലയിൽ വെച്ചിട്ട് ഞാൻ ബംഗ്ളാവിന്റെ പുറത്തേക്കിറങ്ങി. ചുറ്റിനും നല്ല ഒന്നാംതരം കാട്, മല, കുന്ന്...

പുറത്ത് അടുപ്പത്ത് എന്തോ പാചകം ചെയ്യുന്ന ഉണ്ണിമച്ചാന്റെ അടുത്തേക്ക് ഞാൻ നീങ്ങി നിന്നു. തീയുടെ ചൂട് അടിച്ചപ്പോൾ നല്ല സുഖം. നട്ടുച്ചക്കും നല്ല തണുപ്പാണ്.

ഉണ്ണിമച്ചാൻ പാചകം ചെയ്യുകയാണ് ഉച്ചക്കുള്ള ഭക്ഷണം തൊഴിലാളികൾക്ക് ഉണ്ടാക്കി കൊടുക്കുന്നത് അയാളാണ്. ഒന്നും ചെയ്യാനില്ലാത്തവനെ പോലെ ഞാനവടെ തറയിൽ ഇരിന്നു. 

കുറെ കഴിഞ്ഞപ്പോൾ പണിക്കാർ ഉച്ചഭക്ഷണത്തിനായി ഓരോരുത്തരായി കയറി വന്നു. പതിനഞ്ചു പേര് കാണും അതിൽ മുൻപ് എനിക്കറിയാവുന്ന ഒരാൾ മാത്രമേയുള്ളൂ ആളൊരു ചെറുപ്പക്കാരനാണ്. പക്ഷേ അയാളുടെ പേര് ഞാൻ പറയില്ല. കാരണം അയാൾ പല സ്ഥലത്തും വില്ലനായിട്ട് വരും.

ഭക്ഷണത്തിനു ശേഷം അവരോടൊപ്പം പോകാൻ ഉണ്ണിമച്ചാൻ പറഞ്ഞതനുസരിച്ച് ഞാൻ ഒരു കൈലിമുണ്ടും ഉടുത്ത് പുറത്തിറങ്ങി. ഇരുപത് മിനിറ്റ് നടന്നാലെ മുളക് പറിക്കുന്ന സ്ഥലത്ത് എത്തുകയുള്ളൂ അത്രക്ക് ഉൾകാട്ടിലാണ് പണി നടക്കുന്നത്.

കുറേയങ്ങു നടന്നപ്പോൾ കാലിന്റെ അടിയിൽ എന്തോ നനഞ്ഞത് പോലെ ചെരുപ്പിലേക്ക് നോക്കിയപ്പോൾ മുഴുവൻ ചോര. എന്റെ പേടിച്ചുള്ള അലറൽ കേട്ട് ജാഥയായി പോകുന്ന പണിക്കാരെല്ലാം എനിക്ക് ചുറ്റും കൂടി. ഈ ജാഥ എന്ന വാക്ക് ഞാൻ അറിഞ്ഞു കൊണ്ട് ഉപയോഗിച്ചതാണ്. കാരണമുണ്ട് അത് വഴിയെ പറയാം.

എന്നെ ഒരിടത്തിരുത്തി ചെരുപ്പൂരി നോക്കുമ്പോൾ തോട്ടപ്പുഴു എന്നറിയപ്പെടുന്ന മനുഷ്യരക്തം കുടിക്കുന്ന ഒരുതരം അട്ടയാണ് കാല് മുഴുവൻ. അതിലൊരെണ്ണം പൊട്ടിയപ്പോഴാണ് ചോര പുറത്തു വന്നത്. കൂട്ടത്തിലെ ഒരു ചേട്ടൻ കയ്യിൽ കരുതിയിരുന്ന ഒരു കുപ്പിയിലെ ദ്രാവകം കാലിലേക്ക് ഒഴിച്ചപ്പോൾ കടിച്ചു തൂങ്ങി കിടന്ന അട്ടകളെല്ലാം പിടി വിട്ടു താഴെ ചാടി. അതവിടെ സ്ഥിരം ഏർപ്പാടാണ്. അട്ടകളുടെ കേന്ദ്രമാണ് അവിടയുള്ള മുഴുവൻ തോട്ടങ്ങളും. അതിനെ തുരത്താൻ ഒരു തരം ദ്രാവകം തൊഴിലാളികൾ ഉപയോഗിക്കാറുണ്ട്. ആ ദ്രാവകം കാലിൽ കുറച്ചു തേച്ചു പിടിപ്പിച്ചിട്ട് ഞങ്ങൾ പിന്നെയും നടന്നു.

അങ്ങിനെ പണി സ്ഥലത്ത് എത്തി. ആറും ഏഴും ആൾ പൊക്കമുള്ള വലിയ മരത്തിലാണ് കൊടികൾ നിൽക്കുന്നത്. ഒരു കൊടിയിൽ കേറണമെങ്കിൽ രണ്ട് ഏണി കൂട്ടി കെട്ടണം. രണ്ടു പേർ ഒരേ സമയം ഒരേ കൊടിമരത്തിൽ കയറി മുളക് പറിക്കാൻ പറ്റുന്ന തരത്തിൽ കായ്ഫലമുണ്ട്.

മലയാളികൾ മുകളിൽ കയറി മുളക് പറിക്കുമ്പോൾ തമിഴു പെണ്ണുങ്ങൾ താഴെ വീഴുന്ന മുളക് മണികൾ പറക്കിയെടുക്കുന്നു. അട്ടയുടെ ശല്യം പോരാതെ കാട്ടാനയും കാട്ടുപോത്തും ഇഷ്ടം പോലെയുള്ള കാടാണ്. ഞാനൊരു ഓറഞ്ചു മരത്തിൽ കയറി ഇരിപ്പുറച്ചു. അതാകുമ്പോൾ കാട്ടുപോത്തിനെയും കാട്ടാനയേയും പേടിക്കണ്ട എന്ന ചിന്തയാണ് മനസ്സിൽ. കൂടെ ഓറഞ്ചു മരത്തിൽ നിന്ന രണ്ടു മൂന്ന് ഓറഞ്ചു പറിച്ചു തിന്നപ്പോൾ കൂടെയുളളവർ പറഞ്ഞു അത് വേറെയാളുകൾക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നതാണ് പറിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന്.

സമയം കുറെ കഴിഞ്ഞു. ഓറഞ്ചും നോക്കി കൊതിവിട്ടിരിക്കുമ്പോൾ ദൂരെ കാപ്പി ചെടികൾ വല്ലാതെ ഇളകുന്നു. കാപ്പി ചെടി എന്നു പറഞ്ഞാൽ ഒന്നൊന്നര ചെടിയാണ്. വർഷങ്ങൾ പഴക്കമുണ്ട്. അധികം പൊക്കമില്ലാത്ത ആ ചെടികൾ നല്ല ബലത്തിലാണ് നിൽക്കുന്നത്. രണ്ടോ മൂന്നോ പേര് പിടിച്ചാലൊന്നും ഈ കാപ്പി ചെടികൾ അനങ്ങില്ല അത്രയ്ക്കുണ്ട് അതിന്റെ ശക്തി.

ഏണിക്ക് മുകളിൽ നിൽക്കുന്ന ചേട്ടന്മാരാണ് അത് കാട്ടുപോത്ത് വരുന്നതാണ് എന്ന് പറഞ്ഞത്. കൂടെയുള്ളവർ എന്തോ വലിയ ചെണ്ട പോലെ കൊട്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങി. നോക്കുമ്പോൾ രണ്ടു കാട്ടുപോത്തുകളാണ്. എന്റമ്മോ കണ്ണ് തള്ളിപ്പോയി നമ്മുടെ നാട്ടിൽ കാണുന്ന പോത്തിന്റെ രണ്ടിരട്ടിയെങ്കിലും കാണും.

പണ്ട് അമ്മ മാട്ടുപ്പെട്ടി ഇൻഡോ സിസ് പ്രോജെക്ടിൽ ജോലി ചെയ്യുന്ന കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് അനയോളം വലിപ്പമുള്ള മൂരികുട്ടന്മാരെ പറ്റി. പുറത്തുള്ളവരെ കാണിക്കാതെ മറച്ചുകെട്ടിയ കൂടിനുള്ളിൽ വളർത്തുന്ന അത്തരം മൂരികൾ വാഗമണ്ണിലെ പശു വളർത്തൽ കേന്ദ്രത്തിലും ഉണ്ട്. അത്രക്ക് വലിപ്പമുള്ളതാണ് ഈ പോത്തുകളും. അവയുടെ ശരീരത്തിൽ തട്ടി കാപ്പി ചെടികൾ വളയുന്നത് കാണുമ്പോൾ തന്നെയറിയാം അവയുടെ ശക്തി. ഒരു നേരത്തെ ചാണകം വലിയ കൊട്ടയിൽ വരിയെടുത്താലും തികയില്ല അത്രയ്ക്കുണ്ട് അവയുടെ വലിപ്പം.

മനുഷ്യനെ കണ്ടാൽ കാട്ടുപോത്ത് ഓടിരക്ഷപെടുകയാണ് പതിവ്. ഇനി തിരിഞ്ഞു നിന്നാൽ നമ്മൾ ഓടി രക്ഷപെട്ടുകൊള്ളണം അല്ലെങ്കിൽ വിവരമറിയും. വളഞ്ഞു നിൽക്കുന്ന രണ്ടു കൊമ്പിനുമിടയിൽ നിർത്തി തല ഒരു വെട്ടിക്കലാണ്. മനുഷ്യന്റെ നട്ടെല്ല് വരെ ഒടിഞ്ഞു പോകും അങ്ങിനെയാണ് മരണം സംഭവിക്കുക. അല്ലാതെ വളഞ്ഞു നിൽക്കുന്ന കൊമ്പു കൊണ്ട് അതിന് കുത്താനൊന്നും പറ്റില്ലല്ലോ. അതുകൊണ്ട് ഇനിയെങ്കിലും കാട്ടുപോത്ത് കുത്തി ചത്തു എന്ന് ആരും പറയരുത്. കാട്ടുപോത്ത് പ്രധാനമായും വെട്ടുകയാണ് ചെയ്യുന്നത്. കാട്ടുപോത്ത് മുന്നിൽ വന്നു പെട്ടാൽ എന്തു ചെയ്യണം എന്ന് ഉണ്ണിമച്ചാൻ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് അതിന്റെയും കഥ വഴിയേ പറയാം.

അങ്ങിനെ വൈകുന്നേരം പണി കഴിഞ്ഞു ബംഗ്ലാവിലെത്തി കുളിച്ചു ഫ്രഷായപ്പോൾ അപ്പനുമെത്തി. ഭക്ഷണമൊക്കെ കഴിഞ്ഞ് കേറി കിടന്നു ഉറങ്ങിപോയതറിഞ്ഞില്ല...

പിറ്റേന്ന് രാവിലെ എല്ലാവരും ബക്കറ്റുമായി താഴെ കാട്ടിലേക്കാണ് പോകുന്നത്. കക്കൂസിലല്ലാതെ വെളിക്കുപോയി ശീലമില്ലാത്ത എന്നെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവിടെ അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.

അങ്ങിനെ ഞാനും ബക്കറ്റും വെള്ളവുമായി ആരുമില്ലാത്ത സ്ഥലത്തേക്ക് മാറിയിരുന്നപ്പോൾ കൂടുതൽ അങ്ങോട്ട് പോകണ്ട ആനയുണ്ട് എന്ന വിവരമാണ് മറ്റുള്ളവരിൽ നിന്ന് കിട്ടിയത്. ആനയോ കാട്ടുപോത്തോ ഒക്കെയാണെങ്കിൽ സഹിക്കാം ഇത് മറ്റേ തോട്ടപ്പുഴുവിനെ കൊണ്ടാണ് ഒരു രക്ഷയുമില്ലാത്തത്. എവിടേക്കും ചെന്നിരുന്നാൽ അപ്പോൾ പാഞ്ഞുവരും കുത്തിച്ചാടി കുത്തിച്ചാടി... അതങ്ങനെയാണ് വരുന്നത് വാലിൽ കുത്തി പൊങ്ങി ....

പിറ്റേ ദിവസം പണിക്കിറങ്ങും മുമ്പ് അപ്പനെന്നെ വിളിച്ചിട്ട് പറഞ്ഞു, മുളകു മണി പിറക്കുന്ന പെണ്ണുങ്ങളുടെ കൂടെ നീ മുഴുവൻ സമയം വേണം. അല്ലെങ്കിൽ അവർ അലമ്പും സൂക്ഷിച്ചോണം എന്ന്.

അങ്ങിനെ ഞാനും ആ പെണ്ണുങ്ങളുടെ കൂടെയിരുന്ന് പണി തുടങ്ങി. അവരിൽ മര്യാദക്കാരികളായ സ്ത്രീകളാണ് കൂടുതൽ. ഒരു കാമാച്ചി എന്ന സ്ത്രീ അത്ര ശരിയല്ലെന്ന് ആദ്യ ഇടപെടലിൽ തന്നെ എനിക്ക് മനസ്സിലായി. കൂടെ ഒരു പെൺകുട്ടിയുമുണ്ട് കൂടി വന്നാൽ പതിനെട്ട് വയസ്സ് പ്രായം കാണും. പേര് പ്രിയ എന്നാണ്.

ഇവരുടെ ഇടപെടലൊക്കെ കണ്ടിട്ട് മലയാളി പണിക്കാരിൽ അല്ലറ ചില്ലറ കോഴിത്തരങ്ങളൊക്കെ ഉയർന്നു വരുന്നത് നമുക്ക് മനസിലാകും...

നേരത്തെ പറഞ്ഞ എന്റെയാ നാട്ടുകാരൻ ചേട്ടൻ ഇങ്ങനെ പാടും... ഓ പ്രിയേ പ്രിയേ നിനക്കൊരു......(ഈ വാക്ക് പൂരിപ്പിക്കുന്നില്ല നിങ്ങളുടെ ഇഷ്ടത്തിന് വിട്ട് തരുന്നു. എന്താണെങ്കിലും മോശം വാക്കാണ് അയാൾ അവിടെ ഉപയോഗിക്കുന്നത്)

പാവം ആ പതിനെട്ടുകാരി പെണ്ണിന് ഒന്നും മനസിലാകില്ല. കൂടെയുള്ള കാമാച്ചിക്ക് കുറച്ചൊക്കെ മലയാളം അറിയാം. അവളോട് പ്രിയ എന്താണ് കാര്യമെന്ന് ചോദിക്കുമ്പോൾ പിന്നെ പറഞ്ഞു തരാം എന്ന് അവൾ പറയും.

അങ്ങനെ അന്നത്തെ പണി കഴിഞ്ഞ് എല്ലാവരും അഞ്ചുമണിക്ക് കുളിച്ചൊരുങ്ങി പട്ടിയൂരമ്പെട്ടിക്ക് പോകാൻ തയാറെടുത്തു. സാധനങ്ങൾ വാങ്ങണം. അതിനാണ് യാത്ര കുറേയണ്ണ് നടക്കാൻ ഉണ്ട്. അന്നു മൊബൈലൊന്നുമില്ല. എല്ലാവരും ടോർച്ചെടുക്കണം എന്ന് നിർബന്ധം പറഞ്ഞൂ.

അങ്ങിനെ വൈകിട്ട് ആറു മണിയോടെ ഞങ്ങൾ ആ കൊച്ചു ജങ്ഷനിലെത്തി. എന്റെ നാട്ടുകാരനും വേറെ ഒരാളും കൂടി എന്നെ വിളിച്ചോണ്ട് ഒരു കെട്ടിടത്തിന് പുറകിലേക്ക് പോയി. ഇപ്പോൾ ഒരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞാണ് പോക്ക്. ആ ഇടുങ്ങിയ മുറിക്കുള്ളിൽ ഒരു  ശുഭ്രവസ്ത്രധാരി നിലത്തിരിക്കുന്നു. ഞങ്ങളും അയാളുടെ മുന്നിൽ വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്നു. 

അയാൾ പോക്കറ്റിൽ നിന്നും സിസർ സിഗരറ്റ് എടുത്ത് അകത്തുള്ള ചുക്കാൻ കുടഞ്ഞു ചാടിച്ചിട്ട് ഒരു പൊതിയിലെ ചുക്കാൻ അതിൽ വളരെ ശാസ്ത്രീയമായി നിറച്ചിട്ട് ആ സിഗരറ്റ് ഞങ്ങൾക്കു നേരെ നീട്ടി. കൂടെയുള്ളവർ അതുപോലെ മൂന്നെണ്ണം കൂടി മേടിച്ച് പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി. സംഗതി കാഞ്ചവാണെന്നു കൂടെയുള്ള ഒരാൾ പറഞ്ഞപ്പോഴാണ് നെഞ്ചിനകത്തു കൂടി ഒരു മിന്നൽപ്പിണർ പായുന്നത്. ദൈവമേ ഞങ്ങൾ അകത്തിരുന്ന ആ സമയത്ത് വല്ല പൊലീസും വന്നിരുന്നെങ്കിൽ... പിന്നെയാണ് മനസിലായത് ആവിടെ പൊലീസൊന്നും വരില്ല. അതിന്റെ വിഹിതം അവർക്കും കൊടുക്കുന്നുണ്ടെത്രെ.

അങ്ങിനെ സാധനങ്ങളെല്ലാം മേടിച്ച് ഞങ്ങൾ രാത്രി ഏഴരയോടെ തിരിച്ചു ബംഗ്ലാവിലേക്ക് നടന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ ജാഥയായാണ് നടപ്പ്. വലിയ മാക്കാച്ചി തവളകൾ കാണും വഴിയരുകിൽ. അത് കാലിൽ കയാറാതിരിക്കാൻ റോഡിന് നടുവിലൂടെയാണ് ജാഥ പോകുന്നത്. ശരിയാണ് നല്ല വലിപ്പമുള്ള തവളകൾ ടോർച്ചടിക്കുമ്പോൾ വഴിയരുകിൽ ഇരിക്കുന്നത് കാണാമായിരുന്നു.

നമ്മുടെ ഉണ്ണിമച്ചാൻ ആളൊരു രസികനാണ്. ഒരു കലം ചോറും സാമ്പാറും ഒറ്റക്ക് തിന്നും എന്നൊക്കെ കേട്ടിട്ടുണ്ട്. ഡയലോഗ് അടിക്കുന്നതിനാണെങ്കിൽ ഒരു കുറവുമില്ല.

ഞങ്ങളുടെ നടപ്പ് തുടരുകയാണ്. അതിനിടക്ക് ഉണ്ണിമച്ചാന്റെ വാചകമടിയുമുണ്ട്. ഞാൻ ഏതാണ്ട് നടുഭാഗത്തായാണ്. 

"ഇപ്പോൾ ഒരു കാട്ടുപോത്ത് മുന്നിൽ ചാടിയാൽ നമ്മൾ എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ?" ഉണ്ണിമച്ചാൻ ചോദിച്ചു

"ഓടും അല്ലാതെ എന്തു ചെയ്യാൻ" ബാക്കി എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പോൾ ഉണ്ണിമച്ചാൻ വിശദീകരിച്ചു.

"ഓടരുത് നിലത്തങ്ങു കിടന്നാൽ മതി പോത്ത് മുകളിലൂടെ പൊക്കോളും"

അങ്ങനെ മുന്നോട്ട് പോയപ്പോൾ അടുത്ത ഒരു വളവ് തിരിഞ്ഞില്ല താഴെ നിന്ന് കാപ്പിച്ചെടികൾ വകഞ്ഞു മാറ്റി ഒരു ഭീമൻ കാട്ടുപോത്ത് ഞങ്ങളുടെ മുന്നിലേക്ക് ചാടി. ഇതു കണ്ട ഉണ്ണുമച്ചാൻ ഞങ്ങളെയെല്ലാം തട്ടിമാറ്റി ഒരൊറ്റ ഓട്ടമായിരുന്നു. ആകെ ബഹളം പിന്തിരിഞ്ഞോട്ടം ഞങ്ങളുടെ വെപ്രാളം കണ്ടിട്ട് ആ കാട്ടുപോത്ത് മുക്രിയിട്ടു വന്ന വഴി തന്നെ തിരിച്ചു കയറിപ്പോയി. 

അധികം പ്രായമൊന്നുമില്ല എന്നാലും ഒരു ഇരുനൂറ്റിയമ്പത് കിലോ കാണും ആ പോത്ത്. മുക്രിയിടുക എന്ന് പറഞ്ഞാൽ ചീറ്റുക എന്നാണ് ഉദ്ദേശം. അതെപ്രകാരമായിരുന്നു എന്ന് ചോദിച്ചാൽ കോളജിൽ നിന്നും ടൂർ പോകുമ്പോൾ ബസ്സിൽ ഏറ്റവും പുറകിൽ ഒരു കുറ്റി വെച്ചിരിക്കുന്നത് കാണത്തില്ലേ, അതിന്റെ പേര് ബാസ് ട്യൂബ് എന്നാണ്. അതിൽ നിന്നാണ് ഈ ചങ്കിടിപ്പിക്കുന്ന ശബ്ദം പുറപ്പെടുന്നത്. അത്തരം ഒരു ട്യൂബ് പ്രവർത്തിച്ചത് പോലെയായിരുന്നു അതിന്റെ ശബ്ദം.

പോത്ത് പോയപ്പോൾ എല്ലാവരും പരസ്പരം ആളുണ്ടെന്നുറപ്പു വരുത്തി നോക്കിയപ്പോൾ ഉണ്ണിമച്ചാനെ കാണുന്നില്ല. മുന്നിലെ വളവു പോലെ പുറകിലും ഒരു വളവാണ്. നോക്കുമ്പോൾ വളവിനപ്പുറം ഒരു വെട്ടം ഞങ്ങൾ അവിടെ ചെന്നു നോക്കുമ്പോൾ എല്ലാരേയും തള്ളിമറിച്ചിട്ട് ഓടിയ ഉണ്ണിമച്ചാനാണ് പേടിച്ച് അവിടെ നിൽക്കുന്നത്. പോത്ത് പോയി എന്ന് പറഞ്ഞിട്ടാണ് അയാൾ പിന്നെ ഞങ്ങളുടെ കൂടെ വരുന്നത്. 

നിലത്ത് കമിഴ്ന്ന് കിടന്നാൽ മതി എന്നുപറഞ്ഞ ഉണ്ണിമച്ചാൻ തന്നെ ആദ്യം ഓടിയ കാര്യമോർക്കുമ്പോൾ ഇപ്പോഴും ചിരി വരും.

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി. അന്ന് വൈകിട്ടോടെ ആ തോട്ടത്തിലെ പണി തീരും. ഏകദേശം ഒരു മാസമായി അവിടെ പണി തുടങ്ങിയിട്ട്.പിറ്റേ ദിവസം വളരെ നാളുകൾക്ക് ശേഷം എല്ലാവരും നാട്ടിലേക്ക് പോകും. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ പണി തുടങ്ങു.

ഇപ്പോൾ പണി നടക്കുന്നത് ബംഗ്ളാവിന്റെ പുറകു വശത്തായി കുന്നിൻ ചെരുവിലാണ്. അപ്പൻ രാവിലെ പോയി. മുകളിൽ നിന്നും മുളക് പറിച്ചു തീർത്ത് കുന്നിന് താഴേക്കിറങ്ങി വരികയാണ് പതിവ്.

ഞാൻ നേരത്തെ പറഞ്ഞ കോഴികളായ പണിക്കാരും നമ്മുടെ കാമാച്ചിയും പ്രിയയും ഒരു വലിയ കൊടിയിലെ മുളകാണ് പറിച്ചെടുക്കുന്നത്. ബാക്കി എല്ലാവരുടെയും ആ ഭാഗത്തെ പണി തീർന്നപ്പോൾ അവർ താഴേക്കിറങ്ങി. കാമച്ചിയും കോഴികളും മനപ്പൂർവം പണി വൈകിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി. 

സമയം ഉച്ചയായി. ആ കൊടിയിൽ ഇപ്പോൾ പണിയെടുക്കുന്നത് അവർ നാലു പേരുമാണ്. ഞങ്ങൾ അങ്ങു താഴെയുമാണ്. ഞങ്ങളുടെ കൂടെയുള്ള ബാക്കി പണിക്കാർ എന്തൊക്കെയോ കോഡ് പറയുന്നുണ്ട്. തട്ടിക്കൂട്ടി നോക്കിയാൽ എന്റെ അന്നത്തെ ബുദ്ധിക്ക് അത്രയൊന്നും മനസ്സിലായില്ലെങ്കിലും ഇന്ന് എനിക്കത് ശരിക്കും മനസ്സിലാകും. 

ഞാൻ അന്നവിടെ വന്നിട്ട് പത്തു ദിവസമായി. എന്നോട് വീട്ടിലോട്ട് പൊക്കോളാൻ അപ്പൻ പറഞ്ഞു. അപ്പൻ മറ്റൊന്നാളെ വരൂ. കൂടെയുള്ളവർ വീടിനടുത്ത് വരെയുണ്ടല്ലോ എന്നു കരുതി എന്നെ അവരെയേൽപിച്ച് അപ്പൻ ഞങ്ങളെ വണ്ടികയറ്റി വിട്ടു.

കിട്ടിയ ബസ്സിൽ കയറി കൊടൈക്കനാലിൽ നിന്നും വത്തലഗുണ്ട് എന്ന സ്ഥലത്ത് എത്തിയപ്പോൾ സമയം പത്തു മണി. ഞങ്ങൾ ആറു പേരുണ്ട്. വന്നപാടെ എല്ലാവരും ഒരു ബാറിലേക്ക് കയറി. ഞാനാണെങ്കിൽ ആദ്യമായിട്ടാണ് ഈ ബാറിന്റെയുള്ളിൽ കേറുന്നതും. 

എന്റെ നാട്ടുകാരൻ ഒഴിച്ച് ബാക്കിയെല്ലാവരും ചെറിയ രീതിയിലാണ് മദ്യപിച്ചത്. അയാളാണെങ്കിൽ എട്ടരക്കെട്ട് പൂസും. ബാറിനുള്ളിൽ  നിന്നും കിട്ടിയ അർധ നഗ്നയായ സ്ത്രീയുടെ ഫോട്ടോ ഉള്ള ഒരു കലണ്ടറും കക്ഷത്തിൽ വെച്ചാണ് പുള്ളിയുടെ നടപ്പ്. ബസ്സ്റ്റാൻഡിൽ ചെന്നപ്പോൾ സമയം പതിനൊന്ന്. ഇനി നാളെ രാവിലെയെ തേനിക്ക് ബസ്സുള്ളൂ.

എന്ത് ചെയ്യുമെന്നറിയതെ നിൽക്കുമ്പോഴാണ് ഒരു അംബാസിസർ കാറുകാരൻ തേനിക്ക് വരുന്നുണ്ടോ എന്ന് ചോദിക്കുന്നത്. ഞങ്ങൾ അറുപേരും അതിൽ തിങ്ങിഞെരുങ്ങിയിരുന്നു. കുറെയങ്ങ് പോയപ്പോൾ നമ്മുടെ നാട്ടുകാരനും വേറെ ഒരുത്തനും കാറിൽ കിടന്ന് പൂക്കുറ്റി അടി...ആദ്യമൊന്നു ഞങ്ങൾ അടി കാര്യമാക്കിയില്ല. ആ സമയത്ത് കാറിൽ കേട്ടിരുന്ന ആ പാട്ട് ഇന്നും എന്റെ കാതുകളിലുണ്ട്. കാശി എന്ന തമിഴ് പടത്തിലെ " കാശിക്കു പോണാ യാരും തെരിവതിലൈ" എന്ന പാട്ടായിരുന്നു.

അടിയുടെ ശക്തി കൂടിയപ്പോൾ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോർ തുറന്നു പോയി. ഡ്രൈവർ വണ്ടി നിർത്തി അവരെ വലിച്ചു ചാടിച്ചപ്പോൾ ഇനി മര്യാദക്കിരുന്നോളാം എന്ന് പറഞ്ഞ് അയാളുടെ കാല് പിടിച്ച് വീണ്ടും വണ്ടിയിൽ കയറി. അങ്ങിനെ ഞങ്ങൾ തേനിയെത്തി.

കുമളിക്കുള്ള ബസ് വരാൻ ഇനിയും താമസിക്കും. ഞങ്ങൾ അവിടെതന്നെയിരുന്നു. 

അങ്ങിനെ കുമളിക്കുള്ള ബസ് വന്നു കയറി... കുമളിയെത്തി അവിടുന്നു ബസ് കയറി കട്ടപ്പനയെത്തി....ഈ യാത്രയിലെല്ലാം നമ്മുടെ നാട്ടുകാരൻ നല്ല ഒന്നാംതരം ഉറക്കമായിരുന്നു. അങ്ങിനെ രാവിലെ ആറു മണിക്ക് ഞങ്ങളുടെ നാട്ടിൽ ബസ് വന്നു നിന്നു. ഉറങ്ങി കിടന്ന അയാളെ ഞാൻ വിളിച്ചെഴുന്നേൽപ്പിച്ചു. ഒന്നുമറിയാത്തവനെ പോലെ കണ്ണും തിരുമി എണീറ്റ അയാൾ വണ്ടിയിൽ നിന്നും വളരെ മാന്യമായി പുറത്തിറങ്ങി. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കുടിച്ചു കൂത്താടി നടന്ന ആ മനുഷ്യൻ തന്നെയാണോ ഇതെന്ന് ഞാൻ ആലോചിച്ചു.

കുറെ നേരം ആലോചിച്ചു നിന്നതിനു ശേഷം അയാൾ പോക്കറ്റിൽ കൈയിട്ടു. നോക്കുമ്പോൾ അഞ്ചിന്റെ പൈസയില്ല. അയാളുടൻ അണ്ടർവെയറിൽ കൈയിട്ട് നേരത്തെ കരുതിയിരുന്ന 500 രൂപയുടെ ഒരു നോട്ട് പുറത്തെടുത്തു. ഒരു മാസം മുഴുവൻ അന്യ ദേശത്ത് നിന്ന് പണിയെടുത്തിട്ട് ബാക്കിയുള്ള പൈസയാണ്. 

അടുത്തു കണ്ട കടയിൽ നിന്ന് രണ്ടു പായ്ക്കറ്റ് പാലും മേടിച്ച് ബാക്കി പൈസ വീട്ടിൽ കൊടുക്കണം എന്ന് പറഞ്ഞ്  നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി ഞാൻ തലയിൽ കൈവെച്ചു. ഇങ്ങനെയും മനുഷ്യന്മാർ ഈ ലോകത്തുണ്ടല്ലോ എന്നോർത്ത്....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA