ചിറകറ്റുവീണവൻ

handcuff-1
SHARE

അങ്ങ് ദൂരെ കോഹാട്ടിൽ അഴിക്കുള്ളിൽ

വീണൊരു പക്ഷി പോലവൾ 

എൻ ശ്വാസത്തിൻ ഈണമായവൾ 

എന്റെ ഖൽബിൻ ഹൂറിയായവൾ 

വീണുടഞ്ഞൊരാ കണ്ണീർത്തുള്ളികളെൻ നെഞ്ചിൽ 

കാരമുള്ളുപോൽ തറച്ചൊരു നേരം 

പറന്നുപോയ്‌ ഞാനുമൊരു ചക്രവാകമായ് 

വിഷലിപ്തമായ വീഞ്ഞുപോൽ പ്രണയമെൻ 

സിരകളെ ഉന്മത്തമാക്കിയോ 

പ്രണയത്തിമിരമെൻ നേത്രങ്ങളന്ധമാക്കിയോ

ചിറകൊരുക്കി പറത്തിവിട്ടവർ 

കാത്തുവെച്ച കെണി ഞാൻ കണ്ടതില്ല 

അവൾക്കായ് നീട്ടിയ കരങ്ങളിൽ 

ആരോ വിലങ്ങിട്ടു 

വീണിതല്ലോ കിടക്കുന്നു ഞാനുമൊരു കൂട്ടിൽ 

"ചാരനാണവൻ 

അടയ്ക്കുക കൽത്തുറുങ്കിൽ 

ചാട്ടവാറിനാൽ അവന്റെ ദേഹം ഉരിച്ചെടുക്കുക 

വാൾത്തലയിലാ ഹൃദയം കോർത്തെടുക്കുക "

കർണ്ണങ്ങളിൽ ഉരുകിവീഴും ഈയംപോൽ

മുഴങ്ങുന്നു ഗർജ്ജനങ്ങൾ 

ഇരുട്ടിലൊരൊറ്റക്കണ്ണൻ പക്ഷിയെപ്പോൽ 

അടിയേറ്റു തകർന്നൊരിടം കണ്ണുമായ് 

ചോരയിറ്റു വീഴുമാത്മാവുമായ് 

മോഹങ്ങളെരിഞ്ഞടങ്ങിയ ശവപ്പറമ്പിൽ 

ഋതുക്കൾ കൊഴിയുന്നതറിയാതെ ഞാനിരുന്നു 

കാലത്തിന്നശ്വം പറന്നകന്നുപോയ്‌ 

പിന്നെയൊരുനാൾ മാതൃസ്നേഹത്തിൻ 

അരണി കടഞ്ഞോരഗ്നിയാൽ

എൻ ബന്ധനത്തിൻ ചങ്ങലകളുടഞ്ഞു ചിതറി 

കുഞ്ഞിച്ചിറകുകൾ കുടഞ്ഞുണർന്നു ഞാനും 

കാലത്തിൻ കനൽവഴികൾ താണ്ടി 

ചാരത്തിൽ നിന്നുയിർക്കുമൊരു ഫീനിക്സ് പക്ഷിയായ്.

പിൻകുറിപ്പ് : Hamid nihal ansari.  കാലത്തിന്റെ നെഞ്ചിൽ വീണൊരു കണ്ണീർത്തുള്ളി. പറന്നുയരുക വീണ്ടും. സ്വപ്‌നങ്ങൾ നിന്റെ ചിറകുകൾക്ക് ഊർജ്ജമാകട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA