മൂന്നാം മുറി

dreams
SHARE

കണ്ണടച്ചപ്പോൾ തന്നെ ചെറു നക്ഷത്രങ്ങൾ മിന്നുന്ന അഗാധ അന്ധകാരത്തിലേക്ക് വീണു. കുഞ്ഞ് കുഞ്ഞ് മിന്നൽ പിണരുകളുടെ നേരിയ വെട്ടം അവിടെ അവിടെയായി അണഞ്ഞും തെളിഞ്ഞും നീങ്ങുന്നുണ്ട്. പയ്യെ പയ്യെ ഇരുട്ട് മങ്ങുന്നു. അങ്ങ് ദൂരെ നിന്നും വെളിച്ചം ശക്തിയായി മുകളിലേക്കു കയറി വരുന്നു. മലക്കം മറിഞ്ഞും തിരിഞ്ഞും ആ വെളിച്ചം വന്നു വലിച്ചെടുത്തു താഴേക്ക്‌ നീക്കിയിട്ടു. ഭീകര വെളിച്ചം കാരണം കണ്ണ് തുറക്കാനേ കഴിയുന്നില്ല. താഴേക്ക്‌ തന്നെ പോയികൊണ്ടിരിക്കുവാണ്. കുറെ കഴിഞ്ഞപ്പോൾ കണ്ണ് പയ്യെ തിരുമ്മി തുറന്ന് നോക്കി. വെളിച്ചത്തിന് ചെറിയ തെളിച്ചം ഒക്കെയുണ്ട്. ചുറ്റിനും ഒന്ന് തുഴഞ്ഞു കറങ്ങി നോക്കി. ആലിപ്പഴം വീഴുന്നുണ്ടോ. കൈ നിവർത്തി കൈ മുകളിലേക്കു പൊക്കി കൈയിൽ വീഴുന്നുണ്ടോന്ന് നോക്കി. അതെ ആലിപ്പഴം. കൈയിൽ പറ്റിയ ആലിപ്പഴം നാക്കിലേക്കു തൊട്ട് വെച്ചു. കാലിലെ കുഞ്ഞു വിരലിന്റെ നഖം വരെ ഇളം തണുപ്പ് വന്നു അടിച്ചു. രണ്ട് കൈയും നിവർത്തി ആവോളം ആലിപ്പഴങ്ങളെ പിടിച്ചെടുക്കാൻ നോക്കി. കൈ വെള്ള ചെറുകനെ നൊന്തു തുടങ്ങി. എന്താണെന്നറിയാൻ നോക്കിയപ്പോൾ അതാ മഞ്ഞു കഷ്ണകട്ടകൾ. തണുപ്പും കൂടുന്നുണ്ട്. താടി തമ്മിൽ കൂട്ടി ഇടിക്കാൻ തുടങ്ങി. കൊടും തണുപ്പായി. കൈകൾ രണ്ടും ചുറ്റി മുറുകനെ പിടിച്ച് ചൂട് ചൂട് വരുത്താൻ നോക്കി. ചുറ്റിനും പുക പറക്കുന്ന ഐസ് കട്ടകൾ. വെള്ള തുള്ളികൾ അതിന് പുറമെ ഒഴുകി അതിലേക്ക് തന്നെ ഉറയുന്നുണ്ട്. കണ്ണുകൾ തണുത്തുറഞ്ഞു അടഞ്ഞു പോയി. കൺപീലികൾ പോലും അനക്കാൻ പറ്റുന്നില്ല. കാലിലെ തള്ള വിരൽ ഒന്ന് അനക്കാൻ നോക്കിയിട്ട് ഒന്നും അറിയുന്നത് പോലുമില്ല. മിക്കവാറും ഒരു ഐസ് കട്ടയായി മാറി കാണും. ഹൃദയമിടുപ്പ് വേഗത കുറഞ്ഞു. ശ്വാസം നിന്നു. 

അച്ഛനെയും അമ്മയെയും ഓർമ വരുന്നു. അച്ഛന്റെയും അമ്മയുടെയും ഒപ്പം ഉത്സവ പറമ്പിൽ കാറ്റാടി പിടിച്ച് ഓടി നടക്കുന്നത് ഓർമയിൽ തെളിയുന്നു. മരണ കിണറിന്റെ മുന്നിൽ മൈക്ക് പിടിച്ച് സംസാരിക്കുന്ന ചേട്ടന്റെ ചിരി ഇപ്പോൾ കാണാം. മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന ചേട്ടൻ കറങ്ങി കേറി വന്ന് നീട്ടിയ പൈസ വാങ്ങുന്നത് ഓർമ വരുന്നുണ്ട്. കൈ വിട്ടു താഴേക്ക്‌ വീണാലോ എന്ന്‌ പേടിച്ച് അച്ഛന്റെ കൈക്ക് പിടിച്ചത് ഓർമയിൽ വന്ന് മറയുന്നു. ഇപ്പോൾ ഒന്നും അറിയുന്നില്ല. ഒട്ടും ഭാരം തോന്നുന്നില്ല. നിശബ്ദത.

ദൈവമേ എങ്ങോട്ടാണീ പോക്ക്. ജീവിതം അവസാനിക്കാൻ പോകുകയാണോ!. പെട്ടെന്ന് തണുപ്പ് മാറുന്നു. വെളിച്ചത്തിൽ നിന്നും വീണ്ടും ഇരുട്ടിലേക്കായി വീഴ്ച. അവസാനം അവിടേക്ക് പതിക്കുന്നു. ഇത്രയും ശക്തിയായി വന്ന് വീണിട്ടും വേദന ഒന്നും അനുഭവപ്പെടുന്നില്ല. ക്ഷീണവും ഇല്ല. പയ്യെ എഴുന്നേറ്റു നടന്നു. കണ്ണടച്ചാലും, തുറന്നാലും ഒരേ ഇരുട്ട്. താഴെ നിന്നും നേരിയ വെളിച്ചം ഇരുട്ടിന്റെ കൂടെ കൂട്ടു വന്ന പോലെ തോന്നി. ആ ഭാഗത്തേക്ക്‌ നടന്നു നീങ്ങി. താഴേക്ക്‌ ഇറങ്ങാനുള്ള പടികൾ പോലെ തോന്നുന്നുണ്ടോ. ഗോവണി പടിയാണെന്ന് തോന്നുന്നു ... അതെ... തപ്പിത്തടഞ്ഞ് താഴേക്ക് ഇറങ്ങി. ഇരുണ്ട വെളിച്ചത്തിൽ മൂന്ന് വാതിലുകൾ കണ്ടു. 

ആദ്യത്തെ  വാതിൽ തള്ളി തുറന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. കണ്ണ് തിരുമ്മി വീണ്ടും നോക്കി. വിശ്വസിക്കാനാവാതെ അവൻ അലറിപോയി. സ്വർണ്ണ നാണയങ്ങളും,രത്നാഭരങ്ങളും, പല വില പിടിപ്പുള്ള മാലകളും, വളകളും മറ്റും നിറഞ്ഞ ഒരു സ്വർണ്ണ കുന്ന്. ഒന്നും ആലോചിക്കാതെ വാരിയെടുക്കാനായി ആഞ്ഞു... 

"തൊടരുത് തൊട്ടാൽ ഇത് മുഴുവൻ  നിന്റെ  സ്വന്തം .

  അടുത്ത വാതിൽ തുറന്നാൽ ഇതിലും വിലമതിക്കുന്നത് കിട്ടും. ഇത് വേണമെങ്കിൽ ഇതെടുക്കാം. പക്ഷെ അടുത്ത രണ്ട് വാതിലുകൾ തുറക്കാൻ കഴിയില്ല".

അല്‌പനേരം ആലോചിച്ച ശേഷം ഒന്നാമത്തെ വാതിലിന്റെ വെളിലേക്കിറങ്ങി. പതിയെ ആ വാതിൽ അടഞ്ഞു. രണ്ടാമത്തെ വാതിൽ തള്ളി തുറന്നു. അവിടെ കണ്ണഞ്ചിപ്പി ക്കുന്ന പ്രകാശം ഒന്നും ഇല്ലായിരുന്നു. ഒരു മൂലക്കായി ഒരു സ്വർണ്ണ നാണയം കിടക്കുന്നു. അതെടുക്കാനായി കുനിഞ്ഞപ്പോൾ...

"തൊടരുത് തൊട്ടാൽ ഇത് നിന്റെ സ്വന്തം. അടുത്ത വാതിൽ തുറന്നാൽ ഇതിലും വില മതിക്കുന്നത് കിട്ടും. ഇത് വേണമെങ്കിൽ ഇതെടുക്കാം. പക്ഷെ അടുത്ത വാതിൽ തുറക്കാൻ കഴിയില്ല ."

ഒന്നും ആലോചിക്കാതെ രണ്ടാമത്തെ വാതിൽ കടന്ന് മൂന്നാമത്തെ വാതിലിന്റെ അരുകിൽ എത്തി. ആ വാതിൽ തുറക്കുന്നതിനു മുൻപ് അവൻ ഒന്നും രണ്ടും വാതിൽ തള്ളിനോക്കി. ഫലമുണ്ടായില്ല. മൂന്നാമത്തെ വാതിൽ പെട്ടെന്ന് തുറന്നു. മുറിയിലേക്ക് കാലെടുത്തു വെച്ചു. എങ്ങും കുരിരുട്ട്!!! ഒന്നും കാണാൻ കഴിയുന്നില്ല.

പയ്യെ ഇരുട്ട് മാറി വെളിച്ചം പടരാൻ തുടങ്ങി. നേരം വെളുക്കുന്ന പ്രതീതി. ഇത്... ഇത്... എന്റെ മുറി ആണല്ലോ... ഇത്... ഞാനല്ലയോ ഈ കിടക്കുന്നത്..?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA