ഭാര്യയാണ് ആദ്യം മരിക്കുന്നതെങ്കിൽ...

Senior-couple
SHARE

നീയില്ലായിടങ്ങൾ (കഥ) 

തൊടിയിലെ ആൾക്കൂട്ടം പിരിഞ്ഞിരിക്കുന്നു. ഉയർന്നു പൊങ്ങുന്ന തീ കാണാം തെക്കേ ജനാലയിൽ കൂടി. ഐവർമഠത്തിന്റെ ആൾക്കാർ കുറച്ചു ദൂരെ മാറിയിരിക്കുന്നു. തലയ്ക്കൽ കലമുടച്ചു ചിതയ്ക്ക് തീ കൊളുത്തിയപ്പോഴും അവളുടെ മരണം സംഭവിച്ചു എന്നതുൾക്കൊള്ളാൻ വേണുവിനായില്ല.

മരണാന്തര ചടങ്ങുകൾ എന്തെല്ലാം ഉണ്ടെന്നോ, അതൊക്കെ എന്താണെന്നോ നിശ്ചയമില്ല. നെടുംപുറത്ത് തറവാട്ടിലൊരു മരണം അടുത്തയിടെ നടന്നിട്ടില്ല. കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു പോയതിനാൽ അന്ന് നടന്നതൊന്നും ഓർമയുമില്ല.

ഈറൻ മാറി വരാൻ മുറ്റത്തു നിന്ന് ആരോ, രവിമാമനാണെന്നു തോന്നുന്നു, വിളിച്ചു പറഞ്ഞു.

"വേണുവേട്ടാ, തല നല്ലോണം തുവർത്തൂ, ചുവരലമാരയിൽ അളുക്കിൽ രാസ്നാദി പൊടിയുണ്ട്, ഒരു നുള്ളു തിരുമ്മാൻ മറക്കല്ലേ !" അവൾ ഓഫിസിൽ നിന്നാണെങ്കിൽ പോലും വിളിച്ചു പറയാറുള്ള വാക്കുകൾ...

ഷവർ തുറന്ന് അയാൾ ഒരുപാട് നേരം വെള്ളത്തിന്റെ ഒഴുക്കിൽ നിന്നു. നേരം തെറ്റിയുള്ള കുളി, "നീർക്കെട്ട് വരു"മെന്നെത്ര പറഞ്ഞാലും അയാൾ അനുസരിക്കാറു തന്നെയില്ലല്ലോ... കിണറ്റിലെ വെള്ളത്തിലെ രാത്രിക്കുളിയുടെ രസം, "ചൂടുവെള്ളത്തിൽ മാത്രം കുളിക്കുന്ന നിനക്കെങ്ങനെ മനസിലാവാനാണെ"ന്നു പറഞ്ഞു പലവട്ടം അവളെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്.

കുളിമുറി തള്ളി തുറന്നീറൻ മാറി, കണ്ണാടിയിൽ സ്വയമൊന്നു നോക്കി. ചില്ലിൽ അവളുടെ നെറ്റിയിലെ വട്ടപ്പൊട്ടുകൾ... ഇന്നലെ ഒട്ടിച്ചു വെച്ചതടക്കമുണ്ട്... കുളിമുറിയുടെ അഴിയിൽ അവളുടെ സാരിയും ബ്ലൗസും... അവളുടെ മണം... അവൾ.. അവൾ മാത്രമാണ് ചുറ്റും....

അവൾ എരിയുകയാണ് പുറത്ത്... വേണുവിനു വല്ലാതെ പൊള്ളി.

വടക്കേതിൽ നട്ടു വളർത്തിയ ഇലഞ്ഞിയുടെ താഴേയ്ക്ക് മാറിയാണ് ദഹിപ്പിക്കുന്നത്. ഇലഞ്ഞി നിറയെ പൂത്തിട്ടുണ്ട്. വീട് വെച്ച കാലത്തെന്നോ, വാങ്ങി കൊണ്ടുവന്ന് നട്ടതാണത്. പൂക്കൾ വന്നു കാണാൻ അവളൊത്തിരി മോഹിച്ചിരിന്നു. ഇതിപ്പോൾ പൂക്കാൻ തുടങ്ങിയിട്ട് ഏഴെട്ടു കൊല്ലമായിക്കാണും. ചിന്തകൾ ചൂട് പിടിക്കുന്നു. 

ഉമ്മറത്ത് ആരൊക്കെയോ വരുകയും പോവുകയും ചെയ്യുന്നുണ്ട്. മകളും ഭർത്താവും ഇന്നു രാവിലെയാണ് അമേരിക്കയിൽ നിന്നും പുറപ്പെട്ടത്, അവർ എത്താനാകുന്നതേയുള്ളൂ. കുഞ്ഞുമക്കളെ കാണാൻ അവൾ വല്ലാതെ മോഹിച്ചിരുന്നു... അത് പൂർത്തിയാക്കാതെയാണ് അവൾ പോകുന്നത്. ആർക്കു വേണ്ടിയും കാത്തിരിക്കരുതെന്നു ഒരിക്കലവൾ പറഞ്ഞിരുന്നു.

അലമാര തുറന്നതും, അടുക്കി വെച്ചിരിക്കുന്ന തുണികളിലേക്കാണ് വേണുവിന്റെ കണ്ണുകളെത്തിയത്. ഓരോ അറയും, ചിട്ടയോടെ, അടുക്കി വെച്ചിട്ടുണ്ട്, അലക്കി, തേച്ചു മടക്കി... ഇവളിതെപ്പോൾ ചെയ്യുന്നുവെന്ന് ഓർത്തയാൾ അത്ഭുതപ്പെട്ടിട്ടുണ്ട്..

കൈയിൽ തടഞ്ഞ ഷർട്ടും മുണ്ടുമുടുത്തു അയാളവിടെ തന്നെയിരുന്നു. വല്ലാത്ത ശൂന്യതയിലേയ്ക്ക് ...ഡ്രസിങ് ടേബിൾ, കണ്മഷിയും, സിന്ദൂരവും, അവളുടെ പെർഫ്യുമും ഒക്കെ അവിടെയിരുന്നു അയാളെ തുറിച്ചു നോക്കുന്നതു പോലെ.... ചുമരിനോട് ചേർന്നയാൾ ചെരിഞ്ഞു കിടന്നു..

അവൾ ഉറങ്ങി പോയ രാത്രിയാണ് കഴിഞ്ഞത്. ഇടതു വശത്തേക്ക് കൈ ചുറ്റി പിടിക്കാനിനി ശൂന്യത മാത്രം.. അവൾ അവശേഷിപ്പിച്ചു പോയ ആ ചുളിവ് പോലും ഇപ്പോഴും കിടക്കയിൽ വേണുവിനു കാണാം. 

അസഹ്യമായ വേദന അയാളെ കീഴ്‌പ്പെടുത്തികൊണ്ട് അവളുടെ ഓർമകൾ, ആ വീട്ടിൽ എവിടെ നോക്കിയാലും, എങ്ങോട്ടു തിരിഞ്ഞാലും. വികാരങ്ങളുടെ കെട്ടുകള്‍ മുറിച്ചുമാറ്റുക അത്ര എളുപ്പമാണോ? അവളിവിടെ ഉണ്ടാകുമോ ? തന്നെ നോക്കികൊണ്ട്?

ഒരുപക്ഷേ, അവൾക്ക് താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നതായിരിക്കും അനുഭവപ്പെട്ടിട്ടുണ്ടാവുക. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ജീവനെ മനുഷ്യർക്ക് തിരിച്ചറിയാനാവില്ല, അതുമായി ഇടപെടാനുമാകില്ല. അങ്ങനെയല്ലേ മരണം എന്നത്?

അവളുടെ കഴുത്തിലെ താലിമാലയും, കൈയിൽ അയാളിട്ട മോതിരവും, അവളുടെ കാലിലെ കൊലുസ്സും, അമ്മായി ആവണം, ഡ്രസ്സിങ് ടേബിളിൽ കൊണ്ടുവന്ന് വെച്ച് പോയത്.. അയാളാ താലിമാല വിറയ്ക്കുന്ന കൈ കൊണ്ട്എടുത്തു.

ഇരുപത്തിയെട്ട് കൊല്ലം..... 

ഇരുപത്തിയെട്ട് കൊല്ലം മുൻപ്, അവളെ സാഹസികമായി വിളിച്ചിറക്കി കൊണ്ടു വന്നതാണ് താൻ. ഇവിടെ അമ്പലത്തിൽ വെച്ച് താലി കെട്ടി, തന്റെ വലംകൈയിൽ തൂങ്ങി കയറി വന്നത് ഇന്നലത്തേതു പോലെ അയാൾക്ക് തോന്നി. 

എല്ലാ ദമ്പതികളെയും പോലെ, പ്രണയിക്കുകയും, സ്നേഹിക്കുകയും, വഴക്കിടുകയും, ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്ത് ഇരുപത്തിയെട്ടു കൊല്ലം കടന്നു പോയിരിക്കുന്നു. "ഏട്ടനെ ഒറ്റക്കാക്കി പോവാൻ വയ്യ, ഞാനില്ലെങ്കിൽ ഏട്ടന് പിന്നെയാരാണ് ?"എന്ന് ചോദിച്ചവളാണ് തനിക്കു മുൻപേ കടന്നു പോയിരിക്കുന്നത്.

മൂന്ന് മക്കളെങ്കിലും വേണമെന്നൊക്കെ അവൾ പറഞ്ഞിരുന്നുവെങ്കിലും, ആദ്യ ഗർഭത്തിന്റെ സങ്കീർണ്ണതകൾ ഒരു കുഞ്ഞു മതിയെന്നതിലേക്ക് വേണുവിനെ എത്തിക്കുകയായിരുന്നു. "ഞാനല്ലേ പ്രസവിക്കേണ്ടത്? ഞാൻ റെഡിയാണെന്ന്" പറഞ്ഞവൾ വഴക്കിട്ടിട്ടുണ്ട്. "നിന്റെ വിഷമങ്ങൾ കണ്ടു നിൽക്കേണ്ടത്, ഞാനല്ലേ" എന്ന മറുപടിയിൽ അവളുടെ വഴക്കയാൾ അലിയിച്ചു കളഞ്ഞിരുന്നു. പ്രസവത്തിന്റെ അന്ന്, "ഏട്ടന് ഒരു ആൺകുട്ടിയെ തരാനെനിക്ക് പറ്റിയില്ലല്ലോ" എന്ന പരാതിയും, "നിന്നെ പോലെ ഒരു കുറുമ്പി മകൾ മതിയെനിക്ക്" എന്ന മറുപടിയിൽ അവളുടെ കണ്ണ് നിറഞ്ഞു പോയതും ഇന്നലെ പോലെ....

മകളുടെ വളർച്ചയുടെ കാലഘട്ടങ്ങൾ, പലപ്പോഴും ജോലിയുടെ ഭാഗമായി വേണ്ട വിധം നോക്കാനാവാതിരുന്നപ്പോഴും, അയാളെ അതൊന്നും പറഞ്ഞവൾ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഒടുവിൽ, അവൾക്കിഷ്ടപ്പെട്ടവനെ മകൾ തന്നെ കണ്ടെത്തിയപ്പോഴും, ഒരു പരാതിയും പരിഭവുമില്ലാതെ അതിനു വേണ്ടി വാദിച്ചതുമവൾ തന്നെയായിരുന്നു.

വീണ്ടും അവർ രണ്ടുമായി വീട്ടിൽ, റിട്ടയർമെന്റ് എത്തിയ വർഷം, ഇനിയിപ്പോ ഏട്ടനെ എപ്പോഴും എനിക്ക് കാണാമല്ലോ എന്നൊരു പതിനേഴുകാരി കാമുകിയുടെ കണ്ണുകളിലെ തിളക്കത്തോടു കൂടിയവൾ പറഞ്ഞിരുന്നു...

എന്നിട്ടും ഇടയ്ക്ക് കൂട്ടുകാരുടെ ഒപ്പം പോകുന്നതിനു ചെറിയ കുട്ടികളെ പോലെ അവൾ പിണങ്ങിയിരുന്നു. സമയം കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്നവൾക്കറിയാമായിരുന്നുവോ? ഇപ്പോഴോർക്കുന്നു, ഒപ്പമിരിക്കാമായിരുന്നു കുറെ സമയം കൂടി, പല സൗഹൃദങ്ങൾക്കായി പങ്കിട്ടു കൊടുത്ത സമയം എരിഞ്ഞില്ലാതായവൾക്ക് കൊടുത്തിരുന്നെങ്കിൽ, കുറ്റബോധത്തോടെ അയാൾ, അസഹ്യതയോടെ, നെഞ്ചു തടവി.

ഐവർമഠം മടങ്ങാൻ തയാറെടുക്കുന്നു, ഇനി സഞ്ചയനത്തിന് അവർ വരും, ബാക്കി ചടങ്ങുകൾ -അഗ്നിസംസ്‌കാരം ചെയ്താല്‍ നാലാംദിവസം ചെയ്യേണ്ട കര്‍മ്മം– അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത് പച്ചക്കലത്തിലിട്ട് പാലുള്ള വൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിടും. ഇലഞ്ഞിയുടെ താഴെ തന്നെയാകാം അത് ... അവളുടെ "നമ്മളിടങ്ങൾ ".

വീട്ടിലുണ്ടായിരുന്ന നേർത്ത കരച്ചിലിന്റെ അലയൊലികൾ അടങ്ങിയിരിക്കുന്നു. മരണമെന്ന യാഥാർഥ്യം ബന്ധുക്കളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു എന്നാണതിനര്‍ത്ഥം. ശരീരം ചാമ്പലാകുന്നതോടു കൂടി ഇത് ജീവിച്ചിരിക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ടാവും, പക്ഷേ അയാൾക്ക് മാത്രം അതുൾക്കൊള്ളാനായിട്ടില്ല.. ഇനിയും....

അതിനോടൊപ്പം തന്നെ തനിച്ചാക്കുകയില്ലെന്നും, "വയസാൻ കാലത്തു നിങ്ങളെ നോക്കാൻ ഞാനുണ്ടാവു"മെന്ന വാക്കു തെറ്റിച്ചയവളോട് വല്ലാതെ ശണ്ഠ കൂടാൻ അയാൾക്ക് തോന്നി.

അവളുമായുള്ള അഗാധമായ ബന്ധം മുറിച്ചുമാറ്റുവാൻ മരണം കൊണ്ട് സാധ്യമല്ലെന്ന വിധം അയാളുടെ മനസ്സിലേക്ക് അവളുടെ ഓർമകൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... ഒപ്പമയാളുടെ കണ്ണുകളും ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA