പ്രണയം പരാജയപ്പെടാം, പക്ഷേ ആ സമ്മാനങ്ങളോ?

anklet
SHARE

ഒറ്റക്കൊലുസ് (കഥ)

" ഇരുട്ട് പിടിച്ച അകത്തളങ്ങളിൽ ശബ്ദത്തിന്‍റെ ശവമടക്കു നടന്നിരിക്കുന്നു. പ്രഭാതത്തിനിടം നൽകാതെ  രാത്രികൾ ഇരുട്ടിന് വീണ്ടും സമയം നീട്ടിക്കൊടുക്കുകയാണെന്ന് തോന്നിപ്പോവുന്നു, ഇല്ല പ്രഭാതം വരും ശബ്ദം പൂർവ്വാധികം ശക്തിയോടെ പുനർജനിക്കും......"

'ഒരുകപ്പ് കാപ്പിയും ബാൽക്കണിയും' ഇവിടം മുതലാണ് എന്‍റെ പ്രഭാതങ്ങളുടെ യഥാർത്ഥ തുടക്കങ്ങൾ. ഇന്നിന്‍റെ നിശബ്ദതക്ക് കുറച്ചധികം ദൈർഘ്യമുണ്ടന്ന് തോന്നുന്നു. മുറിയിലും അടുക്കളയിലുമെല്ലാം തണുത്ത നിശബ്ദത എന്നെ വരിഞ്ഞുമുറുക്കുന്നപോലൊരു തോന്നൽ.. ഞാൻ പിറവികൊടുക്കുന്ന പാത്രങ്ങളുടെ ശബ്ദം പോലും എത്രപെട്ടന്നാണ് മരണത്തിന് കീഴടങ്ങുന്നത്.... കാലടികൾ പോലും മൗനത്തിന് കീഴടങ്ങിയിരിക്കുന്നു. എവിടെയോ ഒരു നഷ്ട്ടപ്പെടലിന്റെ ദൈന്യത എന്നിലേക്കാഴ്ന്നിറങ്ങുന്നു. 

ഒടുവിലെന്‍റെ നഷ്ട ശബ്ദത്തെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു, അത് എന്‍റെ ചലനത്തിന്റെ ശബ്ദമായിരുന്നു കാലുകളിലെ കിലുക്കമായിരുന്നു... ഞാൻ മാത്രമോർക്കുന്ന എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ടവന്റെ ഉപഹാരമായിരുന്നു.

അമ്പ്രോസിയയിലെ തണുപ്പിൽ വെജിറ്റബിൾ സാലഡിനെ സാക്ഷി നിർത്തി നീയെനിക്ക് നൽകിയ ആദ്യത്തെയും അവസാനത്തെയും ഉപഹാരം.. അതായിരുന്നു ആ ഒറ്റക്കൊലുസ്. നടക്കുമ്പോൾ കിലുങ്ങണമെന്നുള്ളത് നിനക്ക് നിർബന്ധമായിരുന്നു. അത് കൊണ്ടായിരിക്കാം കറുത്ത ചരടിൽ വെളുത്ത മുത്തുകളോടൊപ്പം കിലുങ്ങുന്ന മണികൾ കോർത്ത ആ ഒറ്റക്കൊലുസ് നീയെനിക്ക് സമ്മാനിച്ചത്. അന്നാദ്യമായി നീയെന്‍റെ കാലുകളെ തൊട്ടപ്പോൾ നിന്‍റെ കൈകളിലെ വിറയെന്നെ വല്ലാതെ അതിശയിപ്പിച്ചിരുന്നു. കാലിലൊരു കൊലുസുകെട്ടിത്തരാൻ നിന്‍റെ കൈകൾ എന്തിനിത്ര വിറച്ചുവെന്ന് രാത്രിയേറെ വൈകിയും ഞാനോർത്തിരുന്നു.

വർഷം ഒന്നു കഴിഞ്ഞു എന്നോടൊപ്പം എന്‍റെ കാൽപ്പാദത്തിനൊപ്പം നിന്‍റെ കൊലുസിന്‍റെ ശബ്ദവും കാതങ്ങൾ താണ്ടിയിരുന്നു. ഇടയിലെപ്പൊഴോ നിന്‍റെ ശബ്ദം നിലച്ചപ്പോഴും ആ കൊലുസെന്നെ നിന്നെയോർമിപ്പിച്ചിരുന്നു.

തിരച്ചിലുകൾ അവസാനിച്ചു, കിടക്കയിൽ പുതപ്പിനോട് ചേർന്ന് ആ ശബ്ദം ഉറങ്ങുകയാണ്, ഇനിയൊരിക്കലും തിരിച്ചെന്‍റെ കാൽപ്പാദത്തിന്‍റെ ശബ്ദമാവില്ലെന്ന് നിശബ്ദമായി അതെന്നോട് മന്ത്രിക്കുന്നുണ്ട്. ഇഴകൾ പൊട്ടി വെളുത്ത മുത്തുകളും മണികളും അങ്ങിങ്ങായി ചിതറിച്ച് എന്നിലെ അവസാന ശബ്ദവും ഇന്ന് മൗനത്തിന്‍റെ ചിറകിൽ യാത്രയായിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA