ഇതിലേറെ എങ്ങനെ ഒരു മകന് അമ്മയെ സ്നേഹിക്കാനാവും?

hospital
SHARE

കർക്കിടകം (കഥ)

"ഇന്നു ചേട്ടൻ വേഗം വന്നു ശാലുമോളെ സ്കൂളിൽ നിന്നു കൊണ്ടുവരണം. എനിക്ക് മാഡത്തിന്റെ കൂടെ ആശുപത്രിയിൽ പോണം. മോനെ ഞാൻ കൂടെ കൊണ്ടുപോകുന്നുണ്ട്. വേണ്ടി വന്നാൽ ഇന്ന് അവിടെ നിൽക്കും. മാഡത്തിന് ഇപ്പൊ ഇത്തിരി സുഖക്കുറവു തോന്നുന്നു പോലും... ഇന്ന് ഒരു കീമോ കൂടിയുണ്ട്.."

"അവർക്ക് മനസ്സിനു നല്ല സങ്കടമുണ്ട് ഇപ്പഴൊക്കെ. രണ്ടു മക്കളിൽ ഒരാൾ മരിച്ചിട്ട് ഇപ്പൊ മൂന്നു വർഷമായി പോലും. രണ്ടാമത്തെയാൾ അതിൽ പിന്നെ നാട്ടിൽ വന്നിട്ടില്ലത്രേ."

"പാവാണ് മാഡം. ആർക്കും ഈ ഗതി വരരുത്... എന്തു നല്ല അമ്മയാ അവര്. മൂത്ത മകൻ മരിച്ചതിൽ പിന്നെ ഇളയ മോൻ വന്നിട്ടേയില്ല... കഷ്ടമുണ്ട് ഇങ്ങനത്തെ കുട്ടികളുണ്ടായാൽ." ആരോ മാഡത്തിന്റെ വീടിന് അടുത്തു നിന്നു സംസാരിക്കുന്നതു കേട്ട ദേവിക്ക് ഉള്ളാകെ പേടി തോന്നി. അവൾ സ്വന്തം മകനെ ചേർത്തു പിടിച്ചു. അവന്റെ കണ്ണിലേക്കു നോക്കി .

വാതിൽ തുറന്ന് അകത്തേക്ക് പോയി മാഡത്തിന്റെ മുറി മെല്ലെ തുറന്നു. കുളിച്ചു തയാറായി ഇരിക്കുന്ന അവർ ഒരു ബാഗ് ദേവീടെ കൈയിൽ കൊടുത്തു. 

'നീയും മോനും പ്രാതൽ കഴിച്ചോ? ഇല്ലെങ്കിൽ അടുക്കളയിൽ ചെന്ന് കഴിക്കൂ. എന്നിട്ട് നമ്മൾക്ക് ഇറങ്ങാം. ഡ്രൈവർ വണ്ടിക്ക് പെട്രോൾ അടിച്ചിട്ടു വരട്ടെ.'

അവരുടെ ശബ്ദം ഒരുപാട് പതിഞ്ഞിരിക്കുന്നതു പോലെ തോന്നി ദേവിക്ക്. ആശുപത്രിക്കു പോകുന്ന വഴി ഡ്രൈവറും മാഡവും കുറേ പഴയ കഥകൾ പറയുന്നുണ്ടായിരുന്നു. എന്തോ മക്കളെ വളർത്തിയ കാര്യങ്ങളാണെന്നു മനസ്സിലായി ദേവിക്ക്. 

"എത്ര ക്രൂരനാണാമകൻ?" ദേവി കരുതി. എത്ര പറഞ്ഞാലും മതിവരാതെ ഒരു അമ്മ പെയ്തൊഴിയുന്നു സ്വന്തം സങ്കടകഥകൾ... അതും മകനെ കുറിച്ച്. എന്തുമാത്രം നൊമ്പരപ്പെട്ടിട്ടുണ്ടാവണം അവർ ഇങ്ങനെ നാട്ടുകാരോടൊക്കെ സങ്കടങ്ങൾ പറയണമെങ്കിൽ?

അവരുടെ മുഖത്ത് നോക്കാൻ വയ്യ. അസുഖം... പിന്നെ ഇൗ ഒറ്റപ്പെടലിന്റെ ദുഃഖവും...

ദേവി ആശുപത്രി എത്തിയത് അറിഞ്ഞില്ല. ചിന്താമഗ്നയായിരുന്നു അവൾ‌. ഡോക്ടർ ദേവിയെ വിളിച്ചു.

"ആരെങ്കിലും സ്വന്തക്കാർ വന്നിട്ടില്ലേ ഇവരുടെ കൂടേ ഇന്ന്?'

'ഇല്ല സാർ' ദേവി മറുപടി നൽകി.

ഡ്രൈവർ അകത്തേക്ക് കടന്നു. ഡോക്ടർ ഡ്രൈവറോട് എന്തോ കുശുകുശുത്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മാഡത്തിനെ അടിയന്തര വിഭാഗത്തിലേക്ക് കൊണ്ടുപോയി. ദേഹമാസകലം ഒരോ യന്ത്രത്തിൽ ഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം വൈകിട്ട് ഒരു സ്ത്രീ നഴ്സിനോട് എന്തോ സംസാരിക്കുന്നത് ദേവി കണ്ടു. 

ദേവി വീട്ടിൽ പോയ സമയമാണ് അവർ വന്നിരിക്കുന്നത്. മാഡം അവരെ കാണാൻ വിസ്സമതിച്ചു പോലും. അവർ കരയുന്നുണ്ടായിരുന്നു. 

"നിങ്ങൾ മനസ്സിലാക്കണം. ഇവരുടെ മകന് വരാൻ പറ്റില്ല. അതുകൊണ്ടാണ് ഇതുവരെ വരാത്തത്. "

അവർ, മാഡത്തിന്റെ മരുമകൾ, കരച്ചിലടക്കാൻ ശ്രമിച്ചു. രണ്ടു ദിവസങ്ങൾ അവർ മാഡത്തിന്റെ വിളിക്കായി പുറത്ത് കാത്തിരുന്നു. മൂന്നാം ദിവസം ഡോക്ടർ അവരോട് എന്തോ പറയുന്നുണ്ടായിരുന്നു. 

അവർ ദേവിയെ കൂട്ടി അകത്തേക്ക് പോയി. മാഡം ഞങ്ങളുടെ കൈയിൽ പിടിച്ചു. 

"മാപ്പ്.. മാപ്പക്കണം. ഇത്ര മണ്ടിയായല്ലേ?... ഞാൻ". മാഡം കരയുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ അതാണ് പറഞ്ഞത്.

അവർ അറിഞ്ഞുകാണും... എല്ലാം. മാഡത്തിന്റെ മകൻ അമേരിക്കയിൽ ഡോക്ടർ ആയിരുന്നു. സഹോദരൻ മരിച്ച് ഒരു വർഷമാകും മുമ്പേ അമ്മക്ക് ക്യാൻസറാണെന്ന് അറിഞ്ഞു. ഇനി ഏറിയാൽ രണ്ടു വർഷം. അത്രയായിരുന്നു വൈദ്യലോകം വിധിയെഴുതിയത്.

അമ്മ സന്തോഷവതിയായി കഴിയണം എന്ന് എല്ലാ സ്നേഹമുള്ള മകനെയും പോലെ ആ മകനും ആശിച്ചു. അപ്പോഴാണ് ക്യാൻസർ എന്ന മാരക രോഗം അങ്ങേരുടെ തൊണ്ടയെ കാർന്നു തിന്നുന്നതായി അറിയുന്നത്. 

"ഒരു ദുഃഖം താങ്ങാനാവാതെയിരിക്കുമ്പോൾ വേറൊന്ന് .... ഇപ്പോൾ  ഇതും കൂടെ? വേണ്ട. ഇതിപ്പോൾ അമ്മ അറിയണ്ട."

"ചിലപ്പോൾ അമ്മ അത് അറിയാതെ മരിക്കുമായിരിക്കും. എന്നാൽ അതിലും ഭാഗ്യം വേറെയില്ല." മകൻ കരുതി.

പക്ഷേ ദൈവം വേറെയാണ് വിധിയെഴുതിയത്. ക്യാൻസർ പെട്ടെന്ന് പടരുകയായിരുന്നു ഡോക്ടർക്ക്. ഇവിടെ അമ്മയോ പ്രവചനത്തിനെതിരായി നാല് വർഷങ്ങൾ ജീവിച്ചു.

ഒരു വർഷം മുമ്പ് ഡോക്ടറായ മകൻ അമേരിക്കയിൽ മരിച്ചു. ആദ്യം ശബ്ദം പോയി. അതിൽ പിന്നെ അമ്മയും മോനും കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല.

എന്നോട് അദ്ദേഹം പറഞ്ഞിരുന്നു "ഒരിക്കലും ഉടൻ ഇത് അമ്മയെ അറിയിക്കരുത്. ഇനി അവർ അധികകാലം ഇൗ ഭൂമിയിൽ ഉണ്ടാകില്ല. ഇൗ ദുഃഖം അറിയാതെ തന്നെ ചിലപ്പോൾ അവർ പോകും".

പക്ഷേ മകൻ കരുതിയില്ല സ്വന്തം മരണത്തിനു ശേഷം അമ്മ രണ്ടു നീണ്ട വർഷങ്ങൾ ജീവിക്കുമെന്ന്. ഇത്രയും സ്നേഹമുളള അമ്മയേയും  മക്കളേയും ഞാൻ കണ്ടിട്ടില്ല. എന്നിട്ടും ജീവിത രഹസ്യം അവർ മറച്ചു വയ്ക്കേണ്ടി വന്നു സ്നേഹത്തിന്റെയും കരുതലിന്റെയും പേരിൽ. 

സ്വന്തം മകനെ എത്ര അറിഞ്ഞിട്ടും അല്ല അറിഞ്ഞിരുന്നു എന്ന് കരുതിയിട്ടും താൻ തോറ്റു പോയല്ലോ എന്ന് ആ അമ്മ സങ്കടപ്പെട്ടു.

"എത്ര പേരോടാണ് ഞാൻ മകനെകുറിച്ച് പരാതി പറഞ്ഞത്?" മാഡത്തിന്റെ കണ്ണുകളിൽ നിന്നും ഞാൻ അതാണ് വായിച്ചെടുത്തത്. പശ്ചാതാപത്തിന്റെ അഗ്നി അവരുടെ കണ്ണുകളിൽ നീറുകയായിരുന്നു. 

നെഞ്ച് പിടയവെ മാഡം എന്നന്നേക്കുമായി വിട വാങ്ങി. ദേവി മകനെ നെഞ്ചോടു ചേർത്തു. രണ്ടു തുള്ളി കണ്ണുനീർ അവന്റെ കുഞ്ഞു നെറ്റിയിൽ പതിഞ്ഞു. അവൻ കുഞ്ഞു കരങ്ങൾ കൊണ്ട് ദേവിയുടെ കണ്ണ് തുടച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA