Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാനകിയായി മാറിയ അപ്പുവേട്ടന്റെ കഥ

alone-girl-1 Representative Image

തണൽമരം (കഥ)

തുടരെ തുടരെ ബെൽ അടിച്ചെങ്കിലും ജയദേവി ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല... രാവിലെ സകല ദൈവങ്ങളെയും തൊഴുമ്പോൾ ആര് വിളിച്ചാലും എടുക്കാറില്ല..

'രാവിലെ തന്നെ തുടങ്ങിയല്ലോ...' അൽപം ദേഷ്യത്തോടെ ഫോൺ എടുത്തു.

‘‘ഹലോ... ആണല്ലോ... എപ്പോഴാ... എവിടെയാ സ്ഥലം... എത്ര ദിവസത്തേക്ക് ആണ്? നേരത്തെ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ നേരിട്ട് വരൂ നമുക്ക് സംസാരിക്കാം.’’

നഗരത്തിലെ വിവിധ ജോലികൾക്കു വേണ്ടി സ്ത്രീകളെ സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജയമ്മ എന്നറിയപ്പെടുന്ന ജയദേവി... സ്ത്രീകൾ മാത്രം ഉള്ള സ്ഥാപനം വീട്ടുജോലികൾക്കും പ്രസവ ശുശ്രൂഷകൾക്കുമാണ് കൂടുതലായി പ്രവർത്തിക്കുന്നത്. ഏകദേശം മുപ്പതോളം പേരുണ്ട് ഇവിടെ. 

അടുത്ത െബൽ കേട്ടപ്പോൾ തന്നെ പേപ്പർ താഴെ വെച്ച് ജയമ്മ ഫോണ്‍ എടുത്തു. 

‘‘ഹലോ... അതെ.. ജയദേവിയാണ്... ആരാ സംസാരിക്കുന്നത്? ഓ... മാഡം... സുഖം അല്ലെ? എന്താണ് വിശേഷിച്ച്? ആ കാര്യം... എനിക്ക് നിർബന്ധിക്കാൻ പറ്റില്ലാലോ. അവർക്കു വരാൻ താൽപര്യം ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇവിടെ വേറെയും ആൾക്കാർ ഉണ്ട്. അവരെ ആരെയെങ്കിലും വേണമെങ്കിൽ... ശരി... ഞാൻ അവളോട് പറയാം... മറുപടി ഉടൻ തന്നെ കിട്ടും. നേരെ വാ നേരെ പോ അതാണ് സ്വഭാവം.. ശരി...’’

ഫോൺ വെച്ച് ജയമ്മ തലയിൽ കൈ വെച്ചിരുന്നു....

‘‘ഈശ്വര ഇത് വലിയ തലവേദന ആയാലോ... രാജി.. ആ ജാനകിയെ ഇങ്ങോട്ട് ഒന്നു വിളിച്ചേ....’’ പറഞ്ഞു വിട്ടതിന്റെ അഞ്ചാം നിമിഷം ജാനകി മുന്നിൽ എത്തി..

‘‘എന്താ മാഡം വിളിപ്പിച്ചേ? പുതിയ വർക്ക് വല്ലതും?’’

‘‘എന്റെ ജാനകി... പുതിയത് ഒന്നും തരാൻ ഇല്ല... പഴയതു തന്നെ നീ എടുക്കുന്നില്ലല്ലോ....’’

‘‘അത് ഏതാ പഴയത്?’’

‘‘ആ ‍ഡോക്ടർ ഇന്നും കൂടി വളിച്ചിരുന്നു... ഡോ. അർച്ചന. ഇത്രയും നല്ല ഒരു വർക്ക് നിനക്കിനി വേറെ കിട്ടാൻ ഉണ്ടോ എന്താ നിന്റെ പ്രശ്നം?’’

‘‘അവർക്ക് ഞാൻ ഈ ജന്മം മുഴുവൻ അവിടെ വേണമെന്ന് അല്ലേ? അതു തന്നെയാണ് എന്റെ പ്രശ്നവും. എനിക്ക് അങ്ങനെ ഒരു സ്ഥലത്തു ചീത്ത കേട്ട് കഴിയാൻ വയ്യ... അല്ല, ഈ ഭൂലോകത്തു ഞാൻ മാത്രമേ ഉള്ളോ? ഇവിടെ തന്നെ വേറെ എത്രയോ പേരുണ്ട്?’’

‘‘അവർക്കു നിന്നെ തന്നെ കിട്ടിയാൽ മതിയെന്ന്... ഞാൻ വേറെ എത്ര പേരെ പറഞ്ഞു? ആരെയും പിടിച്ചില്ല....’’ ജയമ്മ പറഞ്ഞു.

‘‘ഇതൊക്കെ കൊണ്ടാ എനിക്കും പറ്റാത്തത്...’’

‘‘പറ്റുന്നവർക്കു ഒന്നും ജയമ്മ ഇപ്പോ വർക്ക് കൊടുക്കുന്നില്ലാലോ...’’ ശബ്ദം കേട്ട് നോക്കിയതും വാതില്‍ക്കൽ ഗിരിജ... അവര് അവിടെ തന്നെ ആണ് വർക്ക് ചെയ്യുന്നത്. 

‘‘അവർക്കു വേറെ ആരെയും പിടിക്കുന്നില്ല ഗിരിജേ... അതാണ് പ്രശ്നം. അവര് ആണേൽ ഇവിടെ ഉള്ളതിലും വച്ച് നല്ല ക്യാഷ് ഉള്ള ഡോക്ടറും. പിണക്കാനും പറ്റില്ല...’’

‘‘ജയമ്മ എന്ത് അറിഞ്ഞിട്ടാ? ഇപ്പോ ജാനകിയെ പോലെ ഉള്ളവർക്ക് അല്ലെ ഡിമാൻഡ്? കൂടെ വീട്ടിൽ നിറുത്തി എന്ത് കാണിച്ചാലും റിസ്ക് ഇല്ലല്ലോ?’’

‘‘സൂക്ഷിച്ചു സംസാരിക്കണം..’’ ജാനകി ചൂടായി...

‘‘ഗിരിജേ... നീ പോ... നിനക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇവിടെ പറയേണ്ട. വർക്ക് വരുമ്പോ ഞാൻ വിളിച്ചോളാം. പോ.. പോകാൻ അല്ലെ പറഞ്ഞത്’’.

ഗിരിജ കണ്ണിൽ നിന്നും മറയുന്നതു വരെ ജാനകി അവളെ തന്നെ രൂക്ഷമായി നോക്കി. 

‘‘ജയമ്മ കേട്ടല്ലോ... ഇതൊക്കെ കൊണ്ട് തന്നെയാ ഞാൻ പോകാത്തതും. ആൾക്കാരുടെ മനസ്സിലിരുപ്പ് അറിയാൻ ഒരു വഴിയും ഇല്ല...’’

‘‘ജാനകി.. ഡോ. അർച്ചന ഒറ്റയ്ക്ക് ആണ് താമസം. മൂന്ന് വയസ്സ് ഉള്ള മകൾ ഉണ്ട്. അവരുടെ സംസാരവും പെരുമാറ്റവും കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. െതറ്റായ ഉദ്ദേശം ഉണ്ടെങ്കിൽ എന്തിനാ ഇങ്ങോട്ടു തന്നെ വീണ്ടും വീണ്ടും വിളിക്കുന്നത്? വേറെ എത്രയോ വഴികൾ ഇല്ലേ? ചിലപ്പോ നിന്റെ കഥകൾ ഒക്കെ അറിഞ്ഞു ശരിക്കും സഹായിക്കാൻ തോന്നിയതായിക്കൂടെ?’’

‘‘എനിക്ക് എന്തോ... തീരെ പറ്റുന്നില്ല... ജയമ്മ എന്നോട് ദേഷ്യപ്പെടരുത്’’

‘‘ശരി... അവര് ഇപ്പോ രാവിലെ വിളിച്ചിരുന്നു. ഒരു തവണ അർച്ചനയ്ക്കു നിന്നെ നേരിൽ കണ്ടു സംസാരിക്കണം പോലും. ഞാൻ പറഞ്ഞാൽ നീ അനുസരിക്കും എങ്കിൽ, നീ പോണം... നിന്നെ വേണമെന്ന് പറഞ്ഞതിന് അവർക്ക് എന്തെങ്കിലും തക്കതായി കാരണം കാണും. അത് പറയാൻ ആയിരിക്കും. നീ പോണം..’’ ജയമ്മ മയത്തിൽ പറഞ്ഞു.

‘‘അത് വേണോ? ഒരു തവണ വേണ്ടാന്ന് പറഞ്ഞാൽ ഞാൻ പിന്നെ അത് ആലോചിക്കാറില്ല’’.

‘‘വേണം.... ഒരു തവണ... അവർക്കു പറയാൻ ഉള്ളതു കൂടി കേൾക്കണം... ആറു മാസമായി അവര് ഇവിടെ വിളിച്ചു തുടങ്ങിയിട്ട്. അതിന്റെ ഒരു മാന്യത എന്നു കരുതിയാൽ മതി.’’

‘‘ജയമ്മ പറഞ്ഞാൽ ഞാൻ കേൾക്കാം... പക്ഷേ ഒന്ന് കണ്ടു സംസാരിച്ചെന്നു വെച്ച് എന്നെ പോകാൻ നിർബന്ധിക്കരുത്... ഞാൻ പോകില്ല...’’ ജാനകി തറപ്പിച്ചു പറഞ്ഞു. 

‘‘വേണ്ട... ഇന്ന് ഒരു തവണ മാത്രം. നീ പോയി സംസാരിക്കൂ... വൈകിട്ട് 5 മണിക്ക്. പഴയ കടൽ പാലത്തിന്റെ അടുത്ത് കാണും.’’

ജാനകി തലയാട്ടി പുറത്തേക്ക് ഇറങ്ങി. 

ജാനകി 5.10 നു പാലത്തിൽ എത്തി. അവിടെ തന്നെ ഒരു ഹോണ്ട സിവിക് പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി. ഡോക്ടർ നേരത്തെ എത്തിയിരിക്കുന്നു.

പാലത്തിൽ കടലിനെ നോക്കി നിൽക്കുകയാണ് അർച്ചന... ഇളം മഞ്ഞ നിറത്തിൽ ഉള്ള സാരി ആണ് വേഷം. തോളറ്റം മുട്ടി നിൽക്കുന്ന മുടി. കഴുത്തിലും കാതിലും ചെറിയ ചെറിയ ആഭരണങ്ങൾ. കൈയിൽ മുന്തിയ വാച്ച്... പ്രായം ഒരു 23 നു അപ്പുറം കണ്ടാൽ പറയില്ല.

ജാനകി അവളുടെ അടുത്തേക്ക് ചെന്നു.

‘‘എന്തിനാ കാണണമെന്ന് പറഞ്ഞത്?’’

‘‘ചേച്ചി എന്താ വീട്ടിലേക്കു വരാത്തത്?’’

‘‘ജോലിക്കു മാത്രം അല്ലല്ലോ... ഈ ജന്മം മുഴുവൻ വീട്ടിൽ നിറുത്താൻ അല്ലെ വിളിക്കുന്നത്? അതിനു താൽപര്യം ഇല്ല.’’

‘‘അത് എന്താ എന്നെ കണ്ടാൽ ഒരു ഭീകരിയെ പോലെ തോന്നുന്നുണ്ടോ?’’ അർച്ചന പുഞ്ചിരിയോടെ ചോദിച്ചു.

‘‘ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല. നിങ്ങൾ പറയുന്ന ഡിമാന്റിൽ എനിക്ക് ജോലി ചെയ്യാൻ ഇഷ്ടം ഇല്ല... അത്ര തന്നെ...’’

‘‘എന്ത് മാറ്റം ആണ് ചേച്ചിക്ക് വേണ്ടത്?’’

‘‘ഡോക്ടർക്ക് എന്താ ഇത്ര വാശി എന്നെ തന്നെ നിറുത്തണമെന്ന്? ഞാൻ ഒരു ട്രാൻസ്ജെൻ‍ഡര്‍ ആയതു കൊണ്ട് അല്ലേ? നിങ്ങളുടെ മനസ്സിലൊക്കെ എന്താണെന്ന് ആർക്ക് അറിയാം? ഞങ്ങൾക്കും ഉണ്ട് മനസ്സും വികാരവും ഒക്കെ. കുത്തിനോവിച്ചാലും കളിയാക്കിയാലും നിങ്ങൾക്ക് ഒക്കെ വേദനിക്കുന്ന പോലെ എനിക്കും വേദനിക്കും... പണം ഉണ്ടായാൽ മാത്രം പോരാ.. ആൾക്കാരുടെ മനസ്സ് അറിയണം...’’ ജാനകി അൽപം ഉയർന്ന ശബ്ദത്തിൽ പറഞ്ഞു. 

‘‘പറഞ്ഞു കഴിഞ്ഞോ? ഇത്രേ ഉള്ളൂ പ്രശ്നം ?’’ അർച്ചന ചിരിച്ചു കൊണ്ട് ചോദിച്ചു.

‘‘ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ ഞാൻ വരില്ല... പിന്നെ ഡോക്ടർ കല്യാണം കഴിച്ചിട്ടില്ല. കുട്ടി എങ്ങനെ ഉണ്ടായിയെന്നു ഞാൻ ചോദിക്കില്ല.. അത് എന്റെ വിഷയം അല്ല. പക്ഷേ, എനിക്ക് നിങ്ങളെ വിശ്വാസം പോരാ.’’                                                                           

‘‘ഹ ഹ.... കൊളളാലോ.... അപ്പോ ഇത്രയുമൊക്കെയേ എന്നെക്കുറിച്ച് അന്വേഷിച്ചുള്ളോ? വേറെ ഒന്നും കിട്ടിയില്ല?’’

ജാനകി മറുപടി കൊടുക്കാതെ ദേഷ്യത്തിൽ മുഖം തിരിച്ചു.... 

‘‘എന്ത് പറഞ്ഞാലും ഞാന്‍ വരില്ല... ഈ പണിക്കു ജാനകിയെ കിട്ടില്ല’’.

‘‘ഞാൻ വിളിച്ചാൽ ചേച്ചി വരില്ലായിരിക്കും... പക്ഷേ ഞാൻ വിളിച്ചാൽ അപ്പുവേട്ടൻ വരും’’.

ആ പേര് കേട്ട് ജാനകി ഞെട്ടി തിരിഞ്ഞതും അർച്ചനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

‘‘എന്തെ? അങ്ങനെ വിളിക്കാൻ പാടില്ല?’’

‘‘ഈ പേര്? അത് എങ്ങനെ?’’

‘‘എനിക്കും അന്വേഷിക്കാല്ലോ... ഏകദേശം രണ്ടു വർഷം മുമ്പ് ആണ് ഞാൻ ചേച്ചിയെ കാണുന്നത്.... പാലിയേറ്റീവ് കെയറിൽ കുട്ടികളുടെ മുമ്പിൽ ഡാൻസ് കളിച്ചും പാട്ടു പാടിയും അവരെ സന്തോഷിപ്പിക്കുന്ന നിങ്ങളെ കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സ്വന്തം വേദനകൾ മറന്നു മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഉളള കഴിവ് ദൈവം അങ്ങനെ എല്ലാവർക്കും കൊടുക്കില്ല... അന്നു തൊട്ട് ഞാൻ പിന്നാലെ ഉണ്ട്... ഈ സ്നേഹത്തിന്റെ ഒരു പങ്ക് എനിക്കും എന്റെ മോൾക്കും കിട്ടാൻ.’’

ജാനകി അതിശയത്തിൽ അർച്ചനയെ നോക്കി. 

‘‘ഇനിയുമുണ്ട് പറയാൻ... പണ്ട് ഊഞ്ഞാൽ ആടിയും. മാവിൽ കല്ല് എറിഞ്ഞു മാങ്ങാ പറിച്ചും അമ്പലത്തിൽ ദീപാരാധന തൊഴുതും നടന്നിട്ടില്ലേ? അന്ന് ആ മേലെക്കാവ് ഗ്രാമത്തിൽ ഒരു ജാനകിടീച്ചർ ഉണ്ടായിരുന്നു.... ഓർമ്മയുണ്ടോ? പാട്ടു ടീച്ചർ?’’

"ടീച്ചർ എന്റെ ഗുരു ആയിരുന്നു... അത്ര ഇഷ്ടം ആയിരുന്നു... അതാ ടീച്ചർടെ പേര് തന്നെ ഞാൻ എനിക്ക് ഇട്ടതും. ഇതൊക്കെ എങ്ങനെ അറിഞ്ഞു?’’

‘‘വർഷങ്ങൾക്കു മുമ്പേ കുട്ടികൾ എല്ലാം കൂടി ഒരു അവധി കാലത്തു ഒളിച്ചു കളിക്കുവായിരുന്നു... അന്ന് വലിയ വീട്ടിൽ ആനന്ദും അവന്റെ കൂട്ടുകാരൻ തൊമ്മിയും കൂടി പത്തായപ്പുരയിൽ ഒളിച്ചു... അവരെ നല്ല പോലെ അറിയാമായിരുന്ന അപ്പുവേട്ടൻ പിന്നാലെ വന്നു കണ്ടു പിടിച്ചു... അവരുടെ കൂടെ ഉണ്ടായിരുന്ന ആ പത്തുവയസ്സുകാരിയെ വീട്ടിൽ കൊണ്ട് വിട്ടു ഓർമയുണ്ടോ?’’

‘‘ഓർമ്മയില്ലാതെ? അമ്മു.... എന്റെ ജാനകിടീച്ചറുടെ കൊച്ചു മോൾ. എനിക്ക് അവളെ വലിയ കാര്യം ആയിരുന്നു. ഞാൻ ഒരു അൽപം താമസിച്ചിരുന്നു എങ്കിൽ അവന്മാര് കിട്ടിയ ചാൻസ് മുതലാക്കിയേനേ.... ആ സമയത്തൊക്കെ എന്റെ കണ്ണ് എപ്പോഴും അമ്മുവിന്റെ പിന്നാലെ ഉണ്ടാവും. ടീച്ചര്‍ എപ്പോഴും പറയും. അപ്പു ഒന്ന് നോക്കിക്കോണേന്ന്’’.

‘‘അപ്പുവേട്ടനെ അമ്മു വിളിച്ചാലും വരില്ല?’’ ജാനകി ഞെട്ടലോടെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴികിയിരുന്നു.

‘‘അമ്മു....നീ?’’

‘‘ഞാൻ തന്നെ... ഞാനാണ് അമ്മു. ഞാൻ ഒത്തിരി അന്വേഷിച്ചു അപ്പുവേട്ടനെ ഒന്ന് കാണാൻ. നാട്ടുകാർ അപ്പുവേട്ടനെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാം. എത്ര തവണ ഞാൻ നിങ്ങളുടെ വീട്ടിലേക്കു വന്നു. അപ്പുവേട്ടനെക്കുറിച്ചുള്ള അപമാനം താങ്ങാൻ ആവാതെ നാട് വിട്ടു പോയി എന്ന് അറിഞ്ഞിട്ടും എല്ലാ അവധിക്കാലത്തും ഞാൻ ഇവിടെ വരുമായിരുന്നു... ആരൊക്കെ തള്ളി പറഞ്ഞാലും എന്റെ ഏട്ടനെ ഞാൻ തള്ളി പറയില്ലെന്നു പറയാൻ... ഏട്ടനെ ഞാൻ തള്ളി പറയില്ല.

അർച്ചന കരഞ്ഞു കരഞ്ഞു നിലത്തിരുന്നു... ജാനകി പെട്ടെന്ന് ചെന്ന് അവളെ താങ്ങിപ്പിടിച്ചു. 

‘‘അമ്മു.....കരയല്ലേ....പ്ലീസ്..... ഞാൻ അറിഞ്ഞിരുന്നില്ല. നിന്നെ കണ്ടിട്ടും ഞാൻ മനസ്സിലാക്കിയില്ല. സോറി. എല്ലാവരും ഈ ജന്മത്തിൽ എന്നെ തള്ളി പറ‍ഞ്ഞിട്ടേ ഉള്ളൂ... സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ നോക്കിയിട്ടേ ഉള്ളൂ... അതു കൊണ്ടാ അമ്മു നിന്നെ ഏട്ടൻ തെറ്റിദ്ധരിച്ചത്. ആണും പെണ്ണും കെട്ട് ജീവിക്കുന്നതിലും ഭേദം പെണ്ണായി മാറാമെന്നു വിചാരിച്ചിട്ടും ഒരുപാട് അനുഭവിക്കേണ്ടി വന്നു. ഈ സമൂഹം പുച്ഛിച്ചിട്ടേ ഉള്ളൂ. അത് കാരണം ഞാൻ ആരെയും വിശ്വസിക്കാതെ ആയി. അത്രയ്ക്ക് ഒറ്റപ്പെട്ടിട്ടുണ്ട് മോളേ.നീ ക്ഷമിക്കൂ... നിന്റെ കാലു പിടിക്കാം ഞാൻ... പറഞ്ഞു പറഞ്ഞു ജാനകിയും കരഞ്ഞു.  

കാലൊന്നും പിടിക്കേണ്ട....എന്റെ കൂടെ ഉണ്ടായാൽ മതി’’ ഒരു ചെറു പുഞ്ചിരിയോടെ അമ്മു പറഞ്ഞു,

‘‘ഉണ്ടാവും... അതൊക്കെ പോട്ടെ.... നിന്നെ ചതിച്ചവൻ ആരാ?’’

‘‘പഠിക്കുന്ന സമയത്തു തുടങ്ങിയ ഒരു ഇഷ്ടം... വർഷങ്ങൾ താണ്ടിയപ്പോള്‍‍ ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു... വയറ്റിൽ ഒരു സമ്മാനം കിട്ടിയപ്പോൾ അതിനെ നശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞില്ല... അമ്മയും അച്ഛനും  എല്ലാവരും പറഞ്ഞു. ഞാൻ സമ്മതിച്ചില്ല... അപ്പോഴേക്കും എനിക്ക് അവളുടെ ഹൃദയത്തുടിപ്പു കേൾക്കാമായിരുന്നു... ഒടുവിൽ എന്റെ വാശി ജയിച്ചു.. അവളെയും കൊണ്ട് ഞാൻ വീട് വിട്ടിറങ്ങി. അച്ഛനും അമ്മയും അനിയന്റെ കൂടെയാണ്. ഇടയ്ക്ക് അമ്മ വിളിക്കും. അത്ര തന്നെ’’

അവൻ ഇപ്പോ എവിടെയുണ്ട് ?

‘‘രണ്ടു കൊല്ലം മുമ്പ് കല്യാണം കഴിഞ്ഞു എന്നറിഞ്ഞു. പിന്നെ അറിയില്ല. എനിക്ക് അറിയുകയും വേണ്ട... എന്നെ വേണ്ടാത്തവരെ, തള്ളി പറ‍ഞ്ഞവരെ ഞാൻ എന്തിനാ അല്ലേ?’’

‘‘മതി മതി... എഴുന്നേൽക്കൂ... വേഗം റൂമിൽ ചെന്നു പെട്ടിയൊക്കെ എടുത്ത് ഇറങ്ങണം... ഇപ്പോ തന്നെ ലേറ്റായി....

‘‘അപ്പുവേട്ടാ ജയദേവിയോട് പറയേണ്ടേ?’’

‘‘അതൊക്കെ പറയാം. പിന്നെ ഞാൻ പെണ്ണ് ആയി മാറിയിട്ട് വർഷം നാലായി... നീ ആൾക്കാര് കേൾക്കെ അപ്പുവേട്ടൻ എന്ന് വിളിക്കരുത്. 

‘‘ശ്ശോ.. നടക്കുമെന്ന് തോന്നുന്നില്ല. ആരും ഇല്ലങ്കിൽ വിളിക്കാല്ലോ?’’

‘‘ആരും ഇല്ലെങ്കിൽ വളിച്ചോ... പിന്നെ നീ എന്ത് വിളിച്ചാലും ഇല്ലെങ്കിലും ഞാൻ നിന്റെ ഏട്ടൻ തന്നെയാ മനസ്സിൽ... അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.’’

‘‘എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ലേ? എനിക്കും മോൾക്കും തണൽമരമായി... സ്നേഹതണൽ ആയി..?’’

‘‘ഉണ്ടാവും....ഇത് അപ്പുവേട്ടന്റെ വാക്കാണ് പോരേ?’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.