Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ല്യാണ കടം വീട്ടാൻ തന്റെ ഏറ്റവും വലിയ സമ്പാദ്യം വിൽക്കേണ്ടി വന്നു ആ അച്ഛന്

father and daughter

കടലോളം സ്നേഹത്തിന് അച്ഛനെന്നു പേര് (കഥ)

കാറ്റും കോളുമൊക്കെ ഇടയ്ക്കൊക്കെ ഉണ്ടാകുമെങ്കിലും അച്ഛന്റെ സ്നേഹമെന്നും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലുപോലെയാണ്. അമ്മയെ പോലെ ഓടിവന്നു ചേർത്തു പിടിച്ച് ഉമ്മ തന്നില്ലെങ്കിലും ഉമ്മറത്തെ കസേരയിൽ ഗൗരവം നടിച്ചു അച്ഛൻ എപ്പോഴും ഞങ്ങളുടെ വരവും കാത്തു ചാരിയിരിപ്പുണ്ടാകും. മൂന്നു നാല് മണിക്കൂറുകൾ വരെ ആ ഇരുപ്പു നീളാറുണ്ട്. പടികടന്നു അകത്തേയ്ക്കു കയറുമ്പോഴും അച്ഛൻ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നാറില്ല. ഞാൻ ഇപ്പോൾ ഇവിടെ വന്നിരുന്നതേയുള്ളൂ എന്ന ഭാവമായിരിക്കും മുഖത്തു മുഴുവൻ. തലയിൽ ഒന്ന് തൊട്ടു, ഞാൻ കിടക്കാൻ പോകുവാ... എന്നും പറഞ്ഞ് അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റു പോകുമ്പോൾ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ അമ്മയോടു വിശേഷങ്ങൾ പറയുന്ന തിരക്കിലാകും ഞാൻ. സന്ധ്യയ്ക്ക് വിളക്കു കത്തിച്ചപ്പോൾ മുതൽ ആ കസേരയിൽ നിങ്ങളുടെ വരവും കാത്തിരിക്കുകയായിരുന്നു അച്ഛൻ എന്ന് അമ്മ പറയുമ്പോഴും ഞാൻ അതൊന്നും ഗൗനിക്കാറില്ല. 

ആഗ്രഹങ്ങൾക്കെല്ലാം പണത്തിന്റെ അതിർത്തികൾ തടസം നിന്നതായിരുന്നു കുട്ടിക്കാലം. റബ്ബർ വെട്ടുകാരന്റെ മക്കൾക്ക് അച്ഛനു കിട്ടുന്ന പണിക്കൂലിക്കപ്പുറം വലിയ സ്വപ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ചെറുപ്പത്തിൽ തന്നെ പരിമിതികളുടെ ലോകത്തെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. നഴ്സറി ക്ലാസ്സിലെ ഫീസ് കൊടുക്കേണ്ട തീയതി അടുത്ത് വരുമ്പോഴേ, ആകുലതകളുടെ മൂടുപടത്തിൽ മറച്ചു, ചെറിയൊരു ദേഷ്യത്തിന്റെ അകമ്പടിയോടെ അച്ഛനിൽ നിന്നും പുറത്തേയ്ക്കു വരുമായിരുന്ന പണത്തിന്റെ ഇല്ലായ്മ അക്കാലത്തു തന്നെ വലിയ സ്വപ്നങ്ങളിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. പരീക്ഷാഫീസ് കൊടുക്കാൻ താമസിച്ചാൽ പോലും ചോദിച്ചു വാങ്ങാൻ പേടിച്ചവൾക്കു സ്കൂളിൽ നിന്നുള്ള വിനോദയാത്രയൊക്കെ സ്വപ്നങ്ങളായിരുന്നു എങ്കിലും തുച്ഛമായ വരുമാനത്തിൽ നിന്നും എന്റെ ആഗ്രഹങ്ങൾ നടന്നോട്ടെ, കല്യാണമൊക്കെ കഴിപ്പിച്ചുവിട്ടാൽ പിന്നെ അടുക്കളയ്ക്കപ്പുറം കാഴ്ചകൾ ഇല്ലാതെയായെങ്കിലോ എന്ന ഒരു പറച്ചിലിന്റെ മേമ്പൊടിയിൽ ചിലപ്പോഴൊക്കെ അച്ഛൻ എന്നെ സ്കൂളിലെ വിനോദയാത്രകൾക്കു വിടുമായിരുന്നു. 

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുത്തച്ഛന്റെ പെങ്ങള് അച്ഛന് കുറച്ചേറെ പണം തന്നു സഹായിച്ചതും ഞങ്ങള് ഒരു റബർ തോട്ടം സ്വന്തമാക്കുന്നതും. റബ്ബർ ഷീറ്റിനു തീരെ വിലയില്ലാതിരുന്ന ആ കാലത്തിൽ നിന്നും കുറച്ചു വർഷങ്ങൾ മുമ്പോട്ടു നീങ്ങിയപ്പോൾ ഷീറ്റിന്റെ വില കിലോയ്ക്ക് ഇരുനൂറിനു മുകളിലേക്കെത്തി. അച്ഛന്റെ കൈ നിറയെ പണം കണ്ടുകൊണ്ടാണ് പിന്നീടുള്ള കാലം മുന്നോട്ടു പോയത്. ആ പണത്തിന്റെ പിൻബലത്തിൽ ആഗ്രഹം തോന്നിയ കാര്യങ്ങളിൽ ഏറിയ പങ്കും അച്ഛൻ സാധിപ്പിച്ചു തന്നു. വീട്ടിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള കോളജിൽ പോയി ഡിഗ്രിക്കു പഠിച്ചതും ജില്ലകൾക്കപ്പുറം കടന്നു പിജിയും എംഫിലും ചെയ്തതുമൊക്കെ റബ്ബറിന്റെ കറയും അച്ഛന്റെ അധ്വാനവും തന്ന പണം കൊണ്ടാണ്. സ്വപ്നം കണ്ടതിനേക്കാളും ഗംഭീരമായി അച്ഛൻ എന്റെ കല്യാണം നടത്തി, വലിയ സമ്പാദ്യമോ നീക്കിയിരുപ്പോ ഒന്നും ഇല്ലാതിരുന്നതുകൊണ്ടു തന്നെ ബാങ്ക് ലോണിലാണ് സ്വർണവും പണവുമൊക്കെ ഒപ്പിച്ചത്, കൂടെയൊരു കാറും. അത്രയും തന്നു എന്നെ പടിയിറക്കി വിട്ട ദിവസം, അതേ സമയം തന്നെ യാദൃശ്ചികമെന്നോണം ആ വീട്ടിലെ വെളിച്ചം മുഴുവൻ അണഞ്ഞു. ലൈറ്റും ഫാനുമൊക്കെ പോയി, ആ രാത്രി മുഴുവൻ അച്ഛനും അമ്മയും ഇരുട്ടിലായി. അതൊരു സൂചനയായിരുന്നു, അന്ന് വാങ്ങിയ ആ കടം വീട്ടാൻ അച്ഛന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ റബർ തോട്ടം വിൽക്കേണ്ടി വന്നു. പിന്നീട് പഴയ ധാരാളിത്തമോ പ്രതാപമോ ഒന്നും ആ വീട്ടിൽ ഉണ്ടായിട്ടില്ല, കണ്ടിട്ടുമില്ല. 

കാര്യങ്ങൾ അങ്ങനെയൊക്കെയെങ്കിലും ആവശ്യങ്ങൾ പറയുമ്പോൾ ചൂടാകുന്ന അച്ഛന്റെ സ്വഭാവത്തിനു അന്നുമിന്നും വലിയ മാറ്റങ്ങളൊന്നുമില്ല. എനിക്കൊരു ജോലി കിട്ടിയാൽ അച്ഛൻ എനിക്കു വേണ്ടി ചെലവാക്കിയ തുകയെല്ലാം എഴുതിവെച്ചേക്കൂ... ഒരു ലക്ഷം രൂപ വെച്ച് ഇരുപത്തിയാറു വർഷം വളർത്തിയതിനു ഇരുപത്തിയാറു ലക്ഷം രൂപ തരുമെന്നൊക്കെ കല്യാണത്തിനുമുമ്പു ഇടയ്ക്കെപ്പോഴോ ഞാൻ വീരവാദം പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഒരു അത്യാവശ്യ കാര്യത്തിനു പണം വേണ്ടിവന്നപ്പോൾ അച്ഛനോട് ചോദിച്ചതും ബാങ്കിൽ നിന്നും വായ്പ എടുത്തു തരാൻ വേണ്ടി കാലത്തേ തിടുക്കപ്പെട്ടു റബ്ബറുവെട്ടും ഷീറ്റടിക്കലും തീർത്ത്, ഒരൽപം പോലും വിശ്രമിക്കാതെ, എല്ലാ ദിവസവും ആ മനുഷ്യൻ ബാങ്കിലേക്കോടുന്നതു കാണുമ്പോൾ ഈ ജന്മത്തിലെന്നല്ല, ഇനിയൊരു ഏഴു ജന്മം കൊണ്ടുപോലും ആ സ്നേഹത്തിന്റെ കടം വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയെനിക്കില്ല. അതേ... ആരോ എഴുതിയതു പോലെ... അച്ഛൻ കൊണ്ട വെയിലും മഴയുമൊക്കെയാണ് എന്നെ പോലുള്ള മക്കൾ അനുഭവിക്കുന്ന തണല്.