Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആറാം വയസിൽ അമ്മ മരിച്ചതിൽ പിന്നെ സ്നേഹമുള്ള ഒരു വാക്കും കേട്ടിട്ടില്ല'

Family Representative Image

അവസ്ഥാന്തരം (കഥ)

"മൂക്കിന് ഒരു ചെറിയ വളവുണ്ട്. അത് ശരിയാക്കിയാലേ നിങ്ങൾക്ക് ഈ തുമ്മൽ കുറയൂ " ഡോക്ടർ പറഞ്ഞു നിറുത്തിയപ്പോൾ ശ്രീശാന്ത്, ദേവാഞ്ജലിയെ നോക്കി. അവൾക്ക് അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു. അല്ലറ ചില്ലറ കോബ്ലിക്കേഷനും അതുകൊണ്ടുതന്നെ വല്ലാത്ത ശ്വാസം മുട്ടലും പ്രയാസവും വേണ്ടുവോളമുണ്ട്. എന്നാലും ശ്രീശാന്ത് പോകുന്നിടത്തെല്ലാം ഒരു വാലു പോലെ അവളുമുണ്ട്.

ശ്രീശാന്തിന്റെ വീട്ടിലെത്തിയപ്പോൾ അമ്മയും, നാത്തൂനും ഉണ്ട്. നന്ദിനിചേച്ചി കണ്ടപ്പോൾ തന്നെ ചോദിച്ചു  ... 

"എന്തായെടാ?"

അയാൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു...

"മൂക്കിലെ പാലം സിമന്റ് ഇട്ട് സ്ട്രെയിറ്റ് ആക്കണമെന്നു പറഞ്ഞു ഡോക്ടർ. ..ഇതിപ്പോ ചെയ്തില്ലെങ്കിൽ ജോലിക്കു പോകാൻ ബുദ്ധിമുട്ടുവരുമെന്ന്.... "

അവിടെ നിന്നും വീട്ടിലേക്കു തിരിക്കുമ്പോൾ നാലു മണി കഴിഞ്ഞിരുന്നു...

വീട്ടിൽ എത്തിയപാടെ ഡ്രസ്സുമാറ്റി പുറത്തു പോകാൻ ശ്രീ ഇറങ്ങിയപ്പോൾ ദേവാഞ്ജലിയുടെ അച്ഛനും അമ്മയും മൂത്ത കുഞ്ഞിനെയും കൊണ്ടുവന്നു... മോൻ ഓടി വന്ന് ശ്രീയുടെ മേലേക്ക് വലിഞ്ഞുകയറി...

" എന്തായി ശ്രീ?.. ഡോക്ടർ എന്തു പറഞ്ഞു?" അച്ഛൻ ചോദിച്ചപ്പോൾ ശ്രീ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

"ചെറിയ സർജറി വേണം"

"എന്നത്തേക്കാ ഫിക്സ് ചെയ്തത് ?"

അമ്മ ചോദിച്ചപ്പോഴും മുഖത്ത് ഒരു മാറ്റമില്ലാതെ ആരോടോ മറുപടി പറയും പോലെ ശ്രീ പറഞ്ഞു.

" നാലു ദിവസം കഴിഞ്ഞ് സ്കാൻ ചെയ്തിട്ട് പതിനാറാം തിയതി ചെയ്യാൻ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ.... വലിയ കാര്യമൊന്നുമില്ല... മൈനർ സർജറിയാ"

" ശരി മോളേ... ഞങ്ങളിറങ്ങുവാ "

ഒരു മതിൽ കെട്ടിനകത്തു തന്നെയാണ് അച്ഛനും അമ്മയും താമസിക്കുന്നത്... ദേവാഞ്ജലിക്ക് അവർ വേറെ വീടുവച്ചു നൽകിയിരുന്നു...

ശ്രീ ഭാഗം വച്ചു കിട്ടിയ ഷെയർ അയാളുടെ സഹോദരിക്കു വേണ്ടി ഒഴിഞ്ഞു കൊടുത്തിരുന്നു. കാരണം ആ തുണ്ടു ഭൂമിയേക്കാൾ വില കൽപ്പിച്ചത് അയാളുടെ സഹോദരിയും ഭർത്താവും തമ്മിൽ താളം തെറ്റാതെയുള്ള ജീവിതത്തിനായിരുന്നു. ദേവാഞ്ജലിക്കും പണത്തിനേക്കാൾ പ്രധാനം ശ്രീയോടുള്ള അവളുടെ പ്രണയത്തിനായിരുന്നു...

പ്രത്യേകിച്ചു പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോകുമ്പോഴാണ് ശ്രീശാന്തിന്റെ രാവിലെയുള്ള തുമ്മൽ വില്ലനാകുന്നത്. സ്കാൻ റിപ്പോർട്ടു മേശമേൽ വച്ചിട്ടു ഡോക്ടർ ശ്രീശാന്തിനോടായി പറഞ്ഞു:

"പ്രഷറും, ഷുഗറും, ഇസിജിയുമൊക്കെ നോർമലാ.... ഇനി നിങ്ങൾ പതിനാറാം തിയതി രാവിലെ ഏഴുമണിക്കു വന്നാൽ മതി" പതിനാറാം തിയതി അതിരാവിലെ തന്നെ കുഞ്ഞിനെ കൊണ്ടുപോയി അമ്മയുടെ കൈയിൽ ഏൽപിച്ചു അവർ...

"പോയിട്ടു വരാമമ്മേ" ദേവാഞ്ജലിയും ശ്രീശാന്തും ഇറങ്ങി...

"ഞാനും വരുന്നു... പത്തു മിനിട്ട് വെയ്റ്റ് ചെയ്യൂ.. ". 

അച്ഛൻ ധൃതിയിൽ അകത്തേക്കു നടന്നപ്പോഴേക്കും ശ്രീശാന്ത് അക്ഷമനായി വാച്ചിൽ നോക്കിയിട്ടു ദേവയോടായി പറഞ്ഞു

" ഇപ്പോൾ തന്നെ താമസിച്ചു... നിങ്ങളൊക്കെ പതുക്കെ വന്നാൽ മതി. അവിടിപ്പോ ആവശ്യങ്ങളൊന്നുമില്ലല്ലോ... ചിലപ്പോഴേ സർജറി ചെയ്യൂ എന്നു പറഞ്ഞിട്ടുണ്ട് ഡോക്ടർ ... "

"ശരിയാ അച്ഛാ.... അച്ഛൻ പതുക്കെ വന്നാൽ മതി... കാർത്തിയേട്ടത്തി പശുവിൻ പാൽ കൊണ്ടു വന്നില്ലെങ്കിൽ അച്ഛൻ പോയി വാങ്ങി കൊടുക്കണം... മോനേയും കൊണ്ട് അമ്മയ്ക്ക് ഒന്നിനും പറ്റില്ല... മാത്രമല്ല... ഇന്നുതന്നെ ചെയ്യാമെന്നും പറഞ്ഞിട്ടില്ല..."

"ശരി, മോളേ ... പോയിട്ടു വിളിക്കണേ"

ആറര മണി ആകാറായപ്പോഴേക്കും ശ്രീയും, ദേവയും ഹോസ്പിറ്റലിൽ എത്തി... ഗ്ലൗസും മാസ്കും ധരിച്ച ഒരു സിസ്റ്റർ ശ്രീശാന്തിനോട് അകത്തേക്കു വരാൻ ആവശ്യപ്പെട്ടു ...

അതുവരെ ശ്രീയുടെ കൂടെ നിന്നിട്ട് ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ പെട്ടെന്ന് ഒറ്റയ്ക്കായപ്പോൾ ദേവാഞ്ജലിക്ക് ആകെ ഭയമായി... എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ!

വാതിൽ ഒന്നു കൂടെ തുറന്നു

"ശ്രീശാന്തിന്റെ കൂടെയുള്ളവർ ആരാ?"

ദേവാഞ്ജലിക്ക് ഒരു മിന്നൽ പിണർ ഉള്ളിലൂടെ കടന്നുപോയതുപോലെ തോന്നി... ഞെട്ടിപിടഞ്ഞെഴുന്നേറ്റ അവൾ ഒന്നു കൂടെ കസേരയിലേക്ക് വേച്ചുപോയി....

എഴുന്നേറ്റു സിസ്റ്ററിന്റെ അടുക്കലെത്തിയപ്പോഴേക്കും ശ്രീശാന്തിന്റെ ഡ്രസ്സും, വാച്ചും, മോതിരവും, കണ്ണാടിയും അവളുടെ കൈയിലേക്കു നീട്ടി സിസ്റ്റർ ...

അവളുടെ ആദ്യത്തെ അനുഭവമായിരുന്നു അത്... മോന്റെ ഡെലിവറിക്കായി ഓപ്പറേഷന് തീയേറ്ററിലേക്കു കയറിയപ്പോൾ അവൾക്ക് ഒട്ടും ഭയം തോന്നിയിരുന്നില്ല... ആ സമയം അവളെ കാത്ത് പുറത്തു നിൽക്കുന്നവരെ കുറിച്ചു ചിന്തിച്ചതുമില്ല....

പക്ഷേ, ഇപ്പോൾ ശ്രീയുടെ സാധനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വല്ലാതെ ഭയന്നു തളർന്നു പോയി അവൾ... മൈനർ സർജറി എന്നൊക്കെ ധരിച്ച് പുറപ്പെട്ടപ്പോൾ ഇതൊക്കെ പുറത്തു നിൽക്കുന്ന ആളിന്റെ കൈയിൽ തരുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതുമില്ല... അച്ഛനെ കൂടെ കൊണ്ടു വരാത്തതിന് അവൾ മനസ്തപിച്ചു. ഏട്ടന്റെ വീട്ടിൽ നിന്നെങ്കിലും ആരെങ്കിലും വന്നെങ്കിൽ....

അവളുടെയും ശ്രീയുടെയും വീട്ടിലേക്കു വിളിച്ചു പറഞ്ഞ ശേഷം അവൾ വീണ്ടും വന്ന് കസേരയിലേക്കു അമർന്നു... നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന അയാളുടെ ഡ്രസിൽ നിന്നും ശ്രീയുടെ ഗന്ധം വരുന്നതായി അവൾക്ക് അനുഭവപ്പെട്ടു... കണ്ണുകൾ നീറുന്നു... ആ വേദന വിവരിക്കുവാൻ സാധിക്കില്ല.. അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ...

നേരെ ഇരിക്കാൻ പോലും സാധിക്കുന്നില്ല.. ആകെ ശ്വാസംമുട്ടൽ.. കുറച്ചു വെള്ളം കിട്ടിയെങ്കിൽ... വെപ്രാളം കൊണ്ട് നെഞ്ച് പടെ പടേന്ന് മിടിക്കുന്നു:... സമയം പതിനൊന്ന് ആകുന്നു..

ദൈവമേ ..... ഇതാണോ മൈനർ സർജറി....?

"മോളേ.... "

ഒരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ മുന്നിൽ നിൽക്കുന്നു... ഒരു ശക്തി കൈവന്നതുപോലെ.....

"അച്ഛാ ''... അവൾ അച്ഛന്റെ നെഞ്ചിലേക്കു ചാഞ്ഞു ...

"എന്താ... എന്തിനാ നീയിങ്ങനെ പേടിക്കുന്നേ? ഇതു സീരിയസ്സ് ഒന്നുമല്ല... പോയിരിക്കവിടെ " ചെറു ശാസനയോടെ അച്ഛൻ അവിടെ കണ്ട ഒരു കസേരയിൽ അവളെ പിടിച്ചിരുത്തി...

"വല്ലതും കഴിച്ചോ നീയ്? ആ കാറിന്റെ കീയും കൈയിലിരിക്കുന്നതുമെല്ലാം ഇങ്ങെടുത്തേ..."

തിരികെ വന്നപ്പോൾ ബ്രഡും, പഴവും, ഫ്ലാസ്കിൽ ചായയും വാങ്ങിയിരുന്നു. വേണ്ടെന്ന് തർക്കിക്കാൻ നിന്നില്ല അവൾ. വിശപ്പും ദാഹവും കാരണം വല്ലാതെ തളർന്നിരുന്നു അവൾ.

" അച്ഛൻ കഴിച്ചോ ?"

" ആം ... നീ കഴിക്ക് " ദേവയ്ക്കറിയാം ... കഴിച്ചിട്ടുണ്ടാവില്ല; 

അച്ഛന് രാവിലെ രണ്ടു ചായവേണം. പിന്നെ അമ്മയുടെ വഴക്കു കിട്ടിയാലേ ഒരു പത്തരമണിയാകുമ്പോൾ പ്രഭാത ഭക്ഷണം കഴിക്കുകയുള്ളു... ഊണു മൂന്നു മണിക്ക്... അഞ്ചു മണിക്ക് ഒരു ചായ.... അതു കഴിഞ്ഞാൽ രാത്രിയിൽ ചോറു നിർബന്ധം.... ആ ശീലം മാറ്റാൻ അമ്മ ഒന്നു ശ്രമിച്ചതാ... നടന്നില്ല... അമ്മയോടായി അച്ഛൻ പറയും....

" ഞാൻ ജനിച്ചത് ഒരു കൃഷിക്കാരന്റെ മോനായിട്ടാ... അല്ലാതെ സായിപ്പിനല്ല...."

അച്ഛനെ സംബന്ധിച്ചു രാത്രിയിൽ ലൈറ്റായി ചപ്പാത്തിയോ, ദോശയോ ഒക്കെ കഴിക്കുന്നവർ സായിപ്പിൻ കുട്ടികളാ... ന്യൂ ജെൻകാർ... മറ്റ് ഏതു സമയം കഴിച്ചില്ലെങ്കിലും കക്ഷി പിടിച്ചു നിൽക്കും. പക്ഷേ രാത്രി ഒരു രക്ഷയുമില്ല.... അന്നത്തെ ദിവസം കഴിക്കാത്തതു മുഴുവൻ വേണമെങ്കിലും കഴിച്ചു തീർത്തോളും അതാണ് ശീലം...

അച്ഛനും അമ്മയും പിണങ്ങിയാൽ പിന്നെ അച്ഛന്റെ യുദ്ധമുറകളിലൊന്നാണ് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്. പകൽ ചെന്നു വിളിച്ചാൽ കഴിക്കാൻ വരില്ല. പക്ഷേ രാത്രിയിൽ അമ്മ പോയി വിളിക്കുമ്പോൾ പതിയെ വന്നു കഴിച്ചോളും, ആ സമയത്തെ വാശിക്ക് വലിയ ബലം പോരാ...''

രണ്ടു പീസ് ബ്രഡും പഴവും ദേവാഞ്ജലി അച്ഛനു നേരെ നീട്ടി...

" കൊണ്ടു പോ..... എനിക്ക് ഇതൊന്നും കഴിച്ചാൽ ഇറങ്ങില്ല ....."

ഏതാണ്ട് ഒരു മണി കഴിഞ്ഞപ്പോൾ ശ്രീശാന്തിനെ വാർഡിൽ കൊണ്ടുവന്നു ഡ്രിപ്പും കൊടുത്ത് അറ്റൻഡർ പോയി... ശ്രീയുടെ മൂക്കിനു മുകളിൽ ഒരു കെട്ടു പഞ്ഞി പന്തു പോലെ വച്ചിരിക്കുന്നു.

" എഴുന്നേറ്റ് ഊണുകഴിക്കു മോളേ " അച്ഛൻ ഊണുമായി വന്നിട്ട് ദേവയോടു പറഞ്ഞു.

"വേണ്ടച്ഛാ.... ശ്രീയേട്ടൻ...."

"എന്തിന്റെ കേടാ നിനക്ക്? ആഹാരം എടുത്ത് കഴിക്കൂ, പറയുന്നതു മനസ്സിലാക്കണം"

"അച്ഛൻ കൂടെ കഴിച്ചാൽ ഞാനും കഴിക്കാം..... രാവിലെയും ഒന്നും കഴിച്ചില്ലല്ലോ അച്ഛൻ....." അവൾ നിർബന്ധിച്ചപ്പോൾ കഴിച്ചുവെങ്കിലും ഇതിനിടയിലൂടെ പറയുന്നുണ്ടായിരുന്നു.

"എന്നെ കൊണ്ടു പറ്റില്ല ഈ വെള്ളയരി ചോറുകഴിക്കാൻ.... ഈ കറിയിൽ ഉപ്പുണ്ടോ.... നീ നോക്ക് " വേദനകൾക്കിടയിലും ദേവയ്ക്കു ചിരി വന്നു

പിന്നേ... അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു ചോറു വച്ചു തരാൻ അമ്മ അല്ല ഇവിടെ കാന്റീൻ നടത്തുന്നതെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല അവൾ....

വല്ലാതെ വീർപ്പുമുട്ടിക്കുന്ന സ്നേഹമാണ് അച്ഛനെങ്കിലും പിണങ്ങിയാൽ രണ്ടു ദിവസത്തേക്ക് സംസാരിക്കാതെ ഇരുന്നു കളയും. 

ശ്രീശാന്തിന്റെ മൂക്കിൽ നിന്നു രക്തം ഒലിച്ചു വരുന്നതു കണ്ടു ദേവാഞ്ജലിക്ക് ശരീരം തളരുന്നതുപോലെ തോന്നി... അപ്പോഴാണ് ഡോക്ടർ റൗണ്ട്സിന് എത്തിയത്. ഡോക്ടർ പകുതി തമാശയായിട്ടും എന്നാൽ സീരിയസ്സായും പറഞ്ഞു...

"നല്ല ആളിനെയാ ബൈസ്റ്റാന്ററായി ശ്രീശാന്ത് കൊണ്ടുവന്നത്.... എഴുന്നേറ്റ് വീട്ടിൽ പോടേ... ഇതിനൊക്കെ അൽപം മനക്കരുത്തുള്ളവരാ വേണ്ടത്... തന്നെ പോലെ ഉള്ള തൊട്ടാവാടികളെയല്ല... സ്ഥലം കാലിയാക്ക്... ഇത്തരം സർജറിക്കു മൂക്കിൽ നിന്നു രക്തം വരും, തുടച്ചു കൊടുത്താൽ മതി... "

ഇത്രയും സമയമായിട്ടും ശ്രീശാന്തിന്റെ വീട്ടിൽ നിന്നും എന്തായെന്നു ഒന്നു വിളിച്ചു പോലും ചോദിച്ചില്ലല്ലോ എന്ന് ഓർത്തു പോയി അവൾ

"മനുഷ്യർ ഇങ്ങനൊക്കെയാണോ? നാലു പേരുടെ ഏറ്റവും ഇളയതാണ് ശ്രീശാന്ത് ... എല്ലാവരും അവരവർക്ക് കിട്ടിയ സ്വത്തിൽ വീടുവച്ചു താമസിക്കുന്നു.... അടുത്തടുത്ത് ആയതു കൊണ്ട് കയ്യൂക്കുള്ളവൻ വളവ്, ചെരിവ് നിവർത്താൻ എന്ന മട്ടിൽ അൽപസ്വൽപ്പം അങ്ങോട്ടുമിങ്ങോട്ടും തട്ടി എടുത്തിട്ടുണ്ട്... 

ശ്രീശാന്ത് തനിക്കു കിട്ടിയതു മുഴുവൻ സഹോദരിക്ക് ഇഷ്ടദാനം കൊടുത്തു. എത്ര കിട്ടിയാലും തികയില്ല അവർക്ക്.. ഭർത്താവ് എൽ ഐ സി യിൽ മാനേജർ ആണ്. പക്ഷേ അത്യാഗ്രഹത്തിന് ഒട്ടും കുറവില്ല. അവരുടെ വീട്ടു ചെലവ് അമ്മയെ കൂടെ താമസിച്ചിരിക്കുന്നതിന്റെ ആനുകൂല്യത്തിൽ സഹോദരൻമാർ നടത്തി കൊടുക്കും....

ആങ്ങളമാർ മാസാമാസം പണം കൊടുത്തില്ലെങ്കിൽ പിടിച്ചു വാങ്ങി കൊടുക്കാൻ ശ്രീശാന്തിന്റെ അമ്മയുടെ നാവിനു മൂർച്ച കൂടും...

" നീ കിടന്നോ മോളേ... ഞാനിരിക്കാം...."

" അച്ഛൻ ഇത്ര നേരവും മാറിയില്ലല്ലോ ... ഞാൻ കുറച്ചു നേരം ഇരിക്കാം ..."

"പറ്റില്ല.. നീ കിടക്കൂ.... പറയുന്നത് കേൾക്കുന്നുണ്ടോ? എന്റെ കാര്യം ഞാൻ നോക്കി കൊള്ളാം..." പരുക്കൻ മട്ടിൽ തന്നെ അച്ഛൻ അവളെ ശാസിച്ചു.

അവൾ ചുമരിൽ ചാരി ഇരുന്നതേയുള്ളു, പക്ഷേ എപ്പോഴാ മയങ്ങി പോയതെന്നറിഞ്ഞില്ല ... ഇടയ്ക്ക് ഉണർന്നപ്പോഴും അച്ഛൻ ശ്രീയുടെ മൂക്കിൽ നിന്നും വരുന്ന രക്തം ഒപ്പി എടുത്തു കൊണ്ടിരിക്കുന്നു...

ദേവാഞ്ജലിക്ക് അത്ഭുതമായിരുന്നു. പുറമേ പരുക്കൻ മട്ടിൽ പെരുമാറുന്ന അച്ഛന്റെ ലോലമായ മനസ്സ്. ശ്രീശാന്തുമായുള്ള വിവാഹം അച്ഛന് ഇഷ്ടമില്ലായിരുന്നു. അവരുടെ കുടുംബത്തിലെ പൊരുത്തകേട് അന്വേഷണത്തിൽ അറിഞ്ഞിരുന്നു അച്ഛൻ...

അച്ഛന്റെ അഭിപ്രായത്തിൽ, കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിൽ വിവാഹം ചെയ്തയച്ചാലേ ചെന്നു കയറുന്ന പെൺകുട്ടിയേയും അംഗീകരിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് അവർക്കുണ്ടാവൂത്രേ; പക്ഷേ അപ്പാഴേക്കും പിരിയാനാവാത്ത വിധം ശ്രീശാന്തും ദേവാഞ്ജലിയും അടുത്തിരുന്നു...

ശ്രീശാന്തിന് അച്ഛനെ വലിയ പിടുത്തമില്ല, അച്ഛൻ എന്തു പറഞ്ഞാലും അതിനു വിപരീതമായേ അയാൾ ചിന്തിക്കൂ.... രണ്ടു പേരുടേയും ഇടയിൽ നിൽക്കുകയാണ് ദേവാഞ്ജലിയെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട്... അച്ഛന് ഇങ്ങനെയും ഒരു മനസ്സുണ്ടെന്ന് ശ്രീയേട്ടൻ അറിഞ്ഞുവെങ്കിൽ.... അറിയായ്ക ഒന്നുമല്ല... അറിഞ്ഞില്ലെന്നു ഭാവിക്കുന്നതാണ് ....

"അച്ഛാ... മണി രണ്ടായി...അൽപസമയം കിടക്കൂ.... "

"മോള് ഉറങ്ങിക്കോ... ഈ സമയം നിനക്ക് മുഷിഞ്ഞ് ഇരിക്കാൻ പാടില്ല... പോയി കിടന്നോ..." കുറച്ചു നേരം ബലം പിടിച്ചിരുന്നുവെങ്കിലും അവൾ വീണ്ടും ഉറങ്ങിപ്പോയി

അഞ്ചു മണിക്ക് ദേവാഞ്ജലി ഉണർന്നപ്പോഴും അച്ഛൻ അതേ ഇരുപ്പു തന്നെ..... സിസ്റ്റേഴ്സ് വേദനയ്ക്കുള്ള ഇൻജക്ഷൻ കൊടുത്തിട്ടു പോയി. ഉച്ചകഴിഞ്ഞപ്പോൾ നാത്തൂൻ ദേവാഞ്ജലിയെ വിളിച്ചു

"സർജറി കഴിഞ്ഞോ? വേദനയുണ്ടോ?" ദേവാഞ്ജലിക്കു ചിരി വന്നു.... ഇപ്പാഴാണ് വിളിക്കാൻ തോന്നിയത്... എന്നിട്ട് സർജറി കഴിഞ്ഞു കിടക്കുന്ന ആൾക്ക് വേദനയുണ്ടോന്ന്...

"ഞാനേ വരുമായിരുന്നു കേട്ടോ ... പക്ഷേ മോനു പനിയായി പോയി... "

നാത്തൂൻ പറയുന്നതു കള്ളമാണെന്ന് അവൾക്കറിയാം... അവരുടെയൊക്കെ വീട്ടിൽ നിന്നും നടന്നു ചെല്ലാവുന്ന ദൂരമേ ആശുപത്രിയിലേക്കുള്ളൂ.... പക്ഷേ അതിനുള്ള മനസ്സു വേണം!

ശ്രീശാന്തിന്റെ അമ്മയ്ക്കു പ്രീയം മകളെയാണ്. ആൺമക്കൾ അവരെ സംബന്ധിച്ച് പണം വാങ്ങാനുള്ള മെഷീൻ മാത്രമാണ്. ഒരു കുടുംബത്തെ യോജിപ്പിച്ചു നിറുത്തേണ്ടത് ആ വീട്ടിലെ വിളക്കായ അമ്മയാണ്. മക്കളിൽ വ്യത്യാസം കാണുന്ന അമ്മമാർക്ക് അതൊരിക്കലും സാധിക്കില്ല...

ശ്രീയുടെ അമ്മയുടെ നാലു മക്കളും അടുത്തടുത്താണ് താമസമെങ്കിലും നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി വല്ല കല്യാണമോ, മരണമോ വന്നാൽ കൃത്യസമയത്ത് ഹാജരാകും അവർ. കല്യാണം കഴിഞ്ഞു ചെന്നു കയറിയ നാളുകളിൽ ദേവാഞ്ജലിക്കു അതൊക്കെ അത്ഭുതമായിരുന്നു.....

മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും വേദന കുറഞ്ഞു വന്നു ശ്രീശാന്തിന്.

"വീട്ടിൽ നിന്നും ആരും വന്നില്ലേ?" ശ്രീയുടെ കണ്ണീർ ഒരു വശത്തുടെ ഒലിച്ചു ഇറങ്ങി ചെവിയിലെത്തി തടഞ്ഞു നിന്നു....

ദേവാഞ്ജലിക്ക് നെഞ്ചു പൊടിയും പോലെ വേദനിച്ചു

"അയ്യേ... എന്താത്? ആണുങ്ങൾ കരയുകയോ.... അതും ഇത്ര നിസ്സാര കാര്യത്തിന് ..."

ചേട്ടൻമാരെല്ലാം വിളിച്ചു ചോദിച്ചെന്നു കള്ളം പറഞ്ഞപ്പോൾ ശ്രീയെ നോക്കാതെ ദേവ മുഖം തിരിച്ചു കളഞ്ഞു

"എനിക്കറിയാം ആരും വരില്ലെന്നു എല്ലാവരെയും ഞാൻ വിളിച്ചു പറഞ്ഞതാ... വന്നാൽ അവർക്കു പണം വല്ലതും ചിലവായാലോ?" ശ്രീ വേദനയോടെ പറഞ്ഞു

''എന്തിനാ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ? ഇവിടെ എന്തെങ്കിലും കുറവുണ്ടോ? അവൾ കനപ്പിച്ചു ചോദിച്ചപ്പോൾ ശ്രീ തല വെട്ടിച്ചു.

"നിനക്കതു പറഞ്ഞാൽ മനസ്സിലാകില്ല .... ഒരാൾക്ക് ആപത്തു വരുമ്പോൾ കൂടെ കളിച്ചു വളർന്നവരെ കാണുന്നത് ഒരു ആശ്വാസമാണ്... 

സർജറിക്ക് ഇത്രയും വേദന കാണുമെന്ന് ഞാൻ കരുതിയില്ല..."

"അപ്പോൾ ഞങ്ങൾ ഇവിടുണ്ടായിട്ടും ആശ്വാസം ഇല്ലെന്നല്ലേ ശ്രീയേട്ടൻ പറഞ്ഞത്..." ശ്രീയുടെ മുഖം ചുവന്നു

"അങ്ങനാണോ നീ മനസ്സിലാക്കിയത്? നിനക്ക് ഇത് ആറാം മാസമാണ്..... അച്ഛനാണെങ്കിൽ എത്ര ദിവസമായി ഉറങ്ങിയിട്ട് എന്നറിയാമോ? വീടും ആശുപത്രിയുമായി ഓടി നടക്കുകയാണ് അദ്ദേഹം. എന്റെ ചേട്ടൻമാർ എന്നു പറയുന്ന മഹാൻമാർ ആരെങ്കിലും ഒന്നു വന്നുവെങ്കിൽ നിങ്ങൾക്ക് ഒന്നു ഫ്രഷ് ആയി വന്നു കൂടായിരുന്നോ? ഞാൻ അനാഥനായി അല്ലല്ലോ ജനിച്ചത്...."

"അതൊന്നും സാരമില്ല... എല്ലാവർക്കും അവരവരുടേതായ ബുദ്ധിമുട്ടു കാണുമായിരിക്കും... ചേച്ചി മോനു പനിയാണെന്നു വിളിച്ചു പറഞ്ഞിരുന്നു"

"പിന്നേ., പനി..... ഒന്നു പോകുന്നുണ്ടോ നീയ്യ് ? ഞാനിതെത്ര കണ്ടിരിക്കുന്നു.... അവർക്ക് ഭർത്താവും മക്കളും മാത്രം മതി. പോരാത്തതിന് അവൾക്ക് കാലാൾ പോരാളിയായി അമ്മയുമുണ്ട്:..

ശ്രീ പറഞ്ഞു തീർന്നപ്പോഴേക്കും അച്ഛൻ വീട്ടിൽ നിന്നും മടങ്ങിയെത്തി.

"ശ്രീശാന്ത് ഉണർന്നോ? ഞാൻ കുറച്ചു പൊടിയരി കഞ്ഞി കൊണ്ടു വന്നിട്ടുണ്ട്. ഡോക്ടർ ലഘുവായി ആഹാരം തന്നു തുടങ്ങാൻ പറഞ്ഞിരുന്നു. എഴുന്നേറ്റേ... കഞ്ഞി കുടിക്കാം ..."

ശ്രീയുടെ തലയുടെ അടിയിലൂടെ കൈ കൊടുത്ത് അയാളെ താങ്ങി എഴുന്നേൽപ്പിച്ചു പുറകിൽ സപ്പോർട്ടു കൊടുത്തു നെഞ്ചിൽ ചാരിയിരുത്തി അച്ഛൻ...

"മോളേ... സ്പൂണിൽ കുറേശ്ശെ കോരി കൊടുക്കൂ ... " ശ്രീശാന്തിന്റെ കണ്ണു വീണ്ടും നിറഞ്ഞു വന്നു. അയാൾ അച്ഛന്റെ കൈ പിടിച്ചു സ്വന്തം നെഞ്ചോടു ചേർത്തു...

"അച്ഛാ... ശ്രീശാന്ത് എന്ന വിളിക്കു പകരം മോനേന്നു വിളിച്ചുകൂടേ എന്നെ?" അച്ഛൻ സ്തബ്ദനായി പോയി...

"എന്താ ശ്രീ അങ്ങനെ പറഞ്ഞത്... നീയെനിക്ക് മോനാണല്ലോ. എനിക്ക് 'മോൻ' എന്ന വിളി നാവിനു വഴങ്ങാറില്ല... ആരെയും വിളിച്ചു ശീലമില്ലാത്തോണ്ടാ... തെറ്റായി ധരിക്കേണ്ട. എന്റെ ജീവിതത്തിൽ സ്നേഹമുള്ള വാക്കുകൾ ഒന്നും കിട്ടിയിട്ടില്ല... ആറു വയസ്സുള്ളപ്പോൾ എന്റെ അമ്മ മരിച്ചതാണ്... അമ്മയും മോനേന്നു വിളിച്ചിട്ടുണ്ടോ എന്ന് ഓർcയില്ല.. പക്ഷേ പിന്നെയും എന്നെ അങ്ങനെ ആരും വിളിച്ച അറിവില്ല ....

ഒരുതരം മരവിച്ച ജീവിതമാമായിരുന്നു എന്റേത്. ഞാൻ ഇവളുടെ അമ്മയെ വിവാഹം കഴിച്ച ശേഷമാണ് ജീവിതം എന്താണെന്ന്‌ അറിഞ്ഞത്. അതു കൊണ്ട് ആരെയും സുഖിപ്പിച്ചു സംസാരിക്കാൻ എനിക്കറിയില്ല... ശ്രീ .... ഇവളുടെ അമ്മ ഇവളെ 'മോളേന്നു 'വിളിക്കുന്നതു കേട്ടാണ് ഞാൻ ഇവളെ മോളേന്നു വിളിച്ചത്..... 

ഇനി മുതൽ 'മോനേ' ന്നു വിളിക്കാൻ ശ്രമിക്കാം മോനേ ഞാൻ....

ശ്രീ അച്ഛന്റെ കൈ ഉയർത്തി അയാളുടെ കണ്ണിൽ ചേർത്തു. അച്ഛൻ ശ്രീശാന്തിനെ ഒന്നു കൂടെ നെഞ്ചത്തോട്ട് ചേർത്തു പിടിച്ചു. ദേവാഞ്ജലിയുടേയും ശ്രീശാന്തിന്റേയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

അച്ഛൻ എന്ന കാരിരുമ്പിന്റെ ഹൃദയമുള്ളവൻ വെണ്ണ പോലെ അലിയുന്നതു കണ്ടറിയുകയായിരുന്നു ഇരുവരും. ഇതുവരെ അനുഭവിച്ചറിയാത്ത ഒരു അനുഭൂതിയിലൂടെ ഒഴുകി നടക്കുന്നതവൻ തിരിച്ചറിഞ്ഞു...