ADVERTISEMENT

രമണന്റെ രണ്ടാം കെട്ട്‌..! (കഥ)

പതിവു പോലൊരു സായംസന്ധ്യയിൽ പ്രിയപത്നി ശകു(ന്തള) പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.

ഇതേത്‌ പ്ലാത്തേന്ന് ചക്ക വീണ കാര്യമാണിന്നിവളീ പറയണേ എന്നുള്ള മട്ടിൽ നിർന്നിമേഷനായി ഞാനും.

"ഈ പാത്രമൊക്കെ ഒന്ന് കഴുകിവെച്ചാലെന്താ.. നിങ്ങടെ കൈ എന്താ ഉരുകിപ്പോകോ..?" 

പ്രിയ ശകൂ.. ബാത്ത്‌ റൂം കഴുകാൻ പറഞ്ഞാലും എന്നോട്‌ പാത്രം കഴുകാൻ പറയരുത്‌...

നൂറ്‌ ചെറുനാരങ്ങയുടെ ശക്തിയുള്ള വിമ്മിന്റെ കൂടെ എന്നോടുള്ള ശകുവിന്റെ ദേഷ്യവും വിമ്മിഷ്ടവും സമാസമം ചാലിച്ചാൽ പാത്രങ്ങളുടെ തിളക്കവും ചളുക്കവും പതിന്മടങ്ങ്‌ വർദ്ധിക്കുമെന്ന് എനിക്കു മനസ്സിലായി.. പാവം പാത്രങ്ങൾ..!

“ആൻ ഐഡിയ കാൻ ചെയ്ഞ്ച്‌ യുവർ ലൈഫ്‌... “ എന്നാണല്ലോ.. പരസ്യമൊഴി..  ഈ വീട്ടിലെ പണി മുഴുവൻ എന്നേക്കൊണ്ട്‌ ഒറ്റക്ക്‌ തീർക്കാൻ പറ്റൂല്ലാ..! എനിക്കൊരു സഹായത്തിനായി നിങ്ങളൊരു പെണ്ണിനേം കൂടെ കെട്ടിക്കൊണ്ട്‌ വാ.. " (വൗ..! വാട്ട്‌  ആൻ ഐഡിയാ..സർ.. ജീ.. റിയല്ലി ഐഡിയലിസ്റ്റിക്‌..!) എന്റെ മനസ്സിൽ അഞ്ചാറ്‌ ലഡു ഒന്നിച്ചു പൊട്ടി. അത്‌ പുറത്തു കാണിക്കാതെ‌ ഞാൻ വിനീതനായി.. കുറച്ചൂടെ ഉത്തരവാദിത്വബോധം ഒക്കെ ആയിട്ട്‌ പോരേ? അതീ ജന്മത്തുണ്ടാവോ? ഞാൻ വീണ്ടും പ്ലിംങ്ങായി... നിനക്കെന്തേ ശകൂ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ..? എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്റെ‌ രമണാ..! 

*** *** ***

മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ (അതൊന്നും ഞാൻ വിവരിക്കുന്നില്ലാ..) പലതും നെയ്തു കൊണ്ട്‌ ഞാൻ പെണ്ണു കെട്ടാനും അച്ചനാവാനും റെഡിയെന്ന രീതിയിൽ ചുമ്മാ നിന്നു കൊടുക്കാൻ തീരുമാനിച്ചു. ശകുവിന്റെ നിബന്ധനകൾ ഇതൊക്കെയായിരുന്നു. വീട്ടു ജോലികൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച്‌ പാത്രം കഴുകാൻ... സ്ത്രീധനം തീർച്ചയായും കിട്ടണം. കിട്ടുന്നതിൽ പാതി ശകുവിന്‌ കൊടുക്കണമത്രേ.. (ആ... എന്തേലുമാവട്ടേ..) ഒരു പറ്റ്‌ ഏത്‌ പോലീസുകാരനും പറ്റും എന്നാണല്ലോ പഴമൊഴി. ഒരിക്കൽ പറ്റിയ പറ്റ്‌‌ വീണ്ടും ആവർത്തിച്ച്‌ പൊലീസുകാർക്കൊരു ചീത്തപ്പേരുണ്ടാക്കാൻ എനിക്ക്‌ യാതൊരു താൽപ്പര്യവുമുണ്ടായിരുന്നില്ല. പിന്നെ ശകുവിനും അങ്ങനെയെങ്കിൽ... രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ങ്യാ.. ഹ..ഹാ... 

*** *** ***

പുതുവീഞ്ഞ്‌ പഴയ കുപ്പിയിലേക്ക്‌ എന്ന പ്രതീതിയുയർത്തി കെട്ട്‌ കഴിഞ്ഞ്‌ ഞാനും എന്റെ രണ്ടാം ഭാര്യയും എന്റെ പഴയ വീടിനു മുന്നിൽ... ആര്‌ ഞങ്ങളെ എതിരേൽക്കും എന്ന് ശങ്കിച്ച്‌ നിന്നപ്പോൾ എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ കത്തിച്ച നിലവിളക്കുമായി ശകു വാതിൽ തുറന്നു..! അമ്മായിയമ്മയുടെ സ്ഥാനത്തു നിന്ന് അവൾ ഞങ്ങളെ കൈ പിടിച്ചു കയറ്റി. രണ്ടാം ഭാര്യ വലതുകാൽ വച്ചു തന്നെയാണ്‌ കയറുന്നതെന്ന് ഞാൻ ഏറുകണ്ണിട്ട്‌ നോക്കി ഉറപ്പിച്ചു. ശകു നിലവിളക്ക്‌ രണ്ടാം ഭാര്യക്ക്‌ കൈമാറി.. അതിൽ നിറയെ എണ്ണ ഉണ്ടായിരുന്നതിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടായിരുന്നോ..? ആവോ.. ആർക്കറിയാം..! 

*** *** ***

മണിയറയിൽ ഞാൻ മുല്ലപ്പൂവൊക്കെ മണത്ത്‌ അക്ഷമനായിരിക്കുന്നു. എന്റെ ഇടത്തുനിന്നും, വലത്തുനിന്നും ഓരോ ഗ്ലാസ്‌ പാൽ നീണ്ടുവന്നു. അതിലൊന്നിന്റെ ഉടമ ശകുവും, മറ്റേത്‌ രണ്ടാം ഭാര്യയും..! ഒരു തെലുങ്കുപടത്തിൽ ചിരഞ്ജീവിക്ക്‌ മുന്നിലേക്ക്‌ നഗ്മയും രംഭയും വന്നതു പോലെ..! എന്റെ സകല നിയന്ത്രണവും വിട്ട്‌ ഞാൻ കട്ടിലിൽ നിന്ന് താഴേക്ക്‌ വീണു..! 

ഞാൻ 'ചിരഞ്ജീവി' അല്ലെന്ന വെളിപാടോടെ നടുവും തിരുമ്മി എഴുന്നേറ്റു.

ഭാഗ്യം... ആരും കണ്ടില്ലല്ലോ..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com