ADVERTISEMENT

പാൽകട്ടിയുടെ മണം (കഥ)

ഗുലാം മുസ്തഫ എന്ന സര്‍വസാധാരണക്കാരനായ ഒരു സമൂസ കച്ചവടക്കാരന്‍ എലിക്കെണിയില്‍ വീണത്‌ നിനച്ചിരിക്കാത്ത നേരത്തായിരുന്നു. എന്നത്തേയും പോലെ അയാള്‍ നേരത്തെയുറങ്ങി മൂന്നു മണിക്കെണീറ്റ് പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം (രാത്രി മൂന്നു മണിക്കുള്ള ആ കര്‍മ്മങ്ങളെ പ്രഭാത കൃത്യങ്ങള്‍ എന്നു വിളിക്കാമെങ്കില്‍) അടുപ്പ് കത്തിച്ച്, അതിനു മീതെ വെച്ച വലിയ ചീനച്ചട്ടിയിലേക്ക് എണ്ണയൊഴിച്ചു. തലേന്നേ തയാറാക്കി വച്ചിരുന്ന മാവ് പരത്തി, മസാലക്കൂട്ട് നിറച്ച് നല്ല ത്രികോണാകൃതിയില്‍ ചുറ്റിയെടുത്തു. അയാള്‍ ഒരുക്കി നിര്‍ത്തിയ സമൂസാക്കുഞ്ഞുങ്ങള്‍ എണ്ണയില്‍ മുങ്ങിക്കുളിക്കാന്‍ ഒരുങ്ങുമ്പോഴാണ്, മേശയുടെ അടിയില്‍ വച്ചിരുന്ന  എലിക്കെണിയില്‍പെട്ട ചുണ്ടെലി ചിലച്ചത്.

നല്ല വലിപ്പമുള്ള ഒരെണ്ണം തന്നെയാണ് ഇന്ന് കെണിയില്‍പെട്ടിരിക്കുന്നത്. തലേന്ന് കെണിയില്‍ വെച്ച പാല്‍ക്കട്ടിയുടെ കഷണം ഏതാണ്ട്‌ തിന്നു തീര്‍ത്തിരിക്കുന്നു. എലിയുടെ മീശരോമങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന പാല്‍ക്കട്ടിയുടെ ശകലങ്ങള്‍ കണ്ടപ്പോള്‍ ഗുലാമിന് മകനെ ഓർമ വന്നു. കഴിഞ്ഞ അവധിക്കാലത്ത്‌ താന്‍ കൊണ്ടു ചെന്ന പാല്‍ക്കട്ടി മുഖത്താകെ പുരട്ടി നിന്ന അവന്റെ മുഖം അപ്പോള്‍ത്തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇടയ്ക്കിടെ അതു കാണുമ്പോള്‍ അറിയാതെ ചിരിക്കും പിന്നെ കണ്ണു നിറഞ്ഞു പോകും. മകനിപ്പോള്‍ എട്ടു വയസ്സായിരിക്കുന്നു. ഇനിയെന്നാണ് അവനെയൊന്നു കാണാന്‍ കഴിയുക.....

ഭിത്തിയും മേല്‍ക്കൂരയും നാകത്തകിടുകൊണ്ടു തീര്‍ത്ത അയാളുടെ വാസസ്ഥലത്ത് എലിക്കെണി വച്ചു തുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. ആദ്യമാദ്യം സമൂസയുടെ കഷണങ്ങളായിരുന്നു കെണിക്കകത്ത് വെച്ചിരുന്നത്. പിന്നെ എലി കുടുങ്ങാതായപ്പോഴാണ് പാല്‍ക്കട്ടിയുടെ  ചെറുകഷണങ്ങള്‍വെച്ചു തുടങ്ങിയത്. തൊട്ടടുത്ത്‌ ഭക്ഷണ സാധനങ്ങള്‍ വിൽക്കുന്ന കടകളില്‍ നിന്നും കിട്ടുന്ന പഴകിയ പാൽക്കട്ടിയാണ് മിക്കവാറും വയ്ക്കുക. രാവിലെ കെണിയില്‍ക്കുടുങ്ങുന്ന എലികളെ, സമൂസകളെല്ലാം വറുത്തുകോരി പാക്കറ്റുകളിലാക്കും വരെ അവിടെത്തന്നെ വയ്ക്കും. പിന്നെ സുബഹിന്റെ ബാങ്ക് കേള്‍ക്കും മുമ്പേ എലിക്കെണി ഒരു ബാഗിലാക്കി കുമാറിന്റെ തോട്ടത്തിലേക്ക് നടക്കും. തോട്ടത്തിനടുത്ത് നിൽക്കുന്ന വലിയ ഈന്തപ്പനയുടെ ചുവട്ടില്‍ വെച്ച് അയാള്‍ കെണിയിലേക്കു നോക്കിപ്പറയും,“ഒരു കുരുവിയോടു കരുണ ചെയ്യുന്നവനോടു പോലും അന്ത്യന്യായവിധി ദിവസത്തില്‍ അല്ലാഹു കരുണ ചെയ്യുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഞാന്‍ നിന്നെ തുറന്നു വിടാന്‍ പോകുന്നു. അന്ത്യന്യായ വിധി ദിവസത്തില്‍, ഞാന്‍ നിന്നോട് കരുണ ചെയ്ത കാര്യം നീയും പറയാന്‍ മറക്കരുത്’ 

ഇരുട്ടിന്റെ മറവില്‍ എങ്ങോട്ടോ ഓടി മറയുന്ന കുഞ്ഞെലികളെ അയാള്‍ക്ക് കാണാന്‍ കൂടിക്കഴിയാറില്ല. എങ്കിലും അവ ഓടി മറഞ്ഞ ഇരുട്ടിലേക്കയാള്‍ വെറുതെ നോക്കിനില്‍ക്കാറുണ്ട്. താനീ ചെയ്യുന്ന കാര്യം കുമാര്‍ അറിയുന്ന ദിവസം ഒരുപക്ഷേ തന്റെ അന്ത്യമായിരിക്കുമെന്നയാള്‍ പലപ്പോഴും ഭയത്തോടെയോര്‍ത്തിട്ടുണ്ട്. എന്നാലും വിചിത്രമായ ഒരു ദിനചര്യപോലെ അതാവര്‍ത്തിച്ചുകൊണ്ടിരുന്നു.

സമൂസകള്‍ ഏതാണ്ട്‌ വറുത്തു തീരാറായപ്പോഴാണ് ഷംസു ഫോണില്‍ വിളിച്ചത്. ധാക്കയുടെ തെരുവുകളില്‍ സൈക്കിള്‍ റിക്ഷകള്‍ ചവുട്ടി നടന്ന കാലം മുതല്‍ ഒപ്പമുള്ള കൂട്ടുകാരനാണ്. ഇവിടെ വന്ന് കൃത്യമായി ശമ്പളം പോലും തരാത്ത ഒരു മനുഷ്യന്റെ നാരകതോട്ടത്തില്‍ ഒടുങ്ങുമായിരുന്ന തന്റെ ജീവിതത്തെ ഇങ്ങിനെ ഒരു കൊച്ചു ബിസിനസ്സിലേക്ക്‌ തിരിച്ചു വിട്ടതും അവനാണ്. 

‘ഗുലാം, ഇവിടെ പോലീസും, മുനിസിപ്പാലിറ്റിയുടെ ആള്‍ക്കാരും തെരച്ചിലിനും, പരിശോദനക്കുമായി വന്നിരുന്നു. നമ്മുടെ മൂന്നു ബംഗാളികളേയും, കുറെ മലബാറികളെയും പാകിസ്ഥാനികളെയും കൊണ്ടു പോയി. അവര്‍ അവിടെയും വരാനിടയുണ്ട്. എന്തായാലും നിനക്ക് അര മണിക്കൂറെങ്കിലും സമയമുണ്ട്. നീ പെട്ടെന്ന് എങ്ങോട്ടെങ്കിലും മാറിക്കോ”

ഉണ്ടാക്കിയ സമൂസകള്‍ പാക്കറ്റിലാക്കി ഗുലാം വേഗം പുറത്തിറങ്ങി. പതിവായി കൊടുക്കുന്ന കടകള്‍ അടുത്തു തന്നെയായതു കൊണ്ട്  വേഗം കൊടുത്തു തീര്‍ത്തു. എങ്ങോട്ടാണ് ഒന്നു മാറി നിൽകികുക എന്നൊരു നിമിഷം ആലോചിച്ചു. പിന്നെ പള്ളിയിലേക്കു നടന്നു. സുബുഹ് നമസ്കാരത്തിന് സമയമാകുന്നു എന്നോര്‍ത്തപ്പോഴാണ് അയാള്‍ എലിക്കെണിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ജീവനെക്കുറിച്ചോര്‍ത്തത്. നേരിയ നിലാവളിച്ചത്തില്‍ തിളങ്ങിയ മിനാരങ്ങളെ നോക്കി നടന്നിരുന്ന അയാള്‍, ഒരു നിമിഷം നിന്നിട്ട് തന്റെ വീട്ടിലേക്ക്‌ വേഗം തിരിച്ചോടി.

പതിവുപോലെ എലിക്കെണി ബാഗിലിട്ടു പുറത്തേക്കിറങ്ങുമ്പോള്‍ തൊട്ടു മുന്നില്‍ പൊലീസും അധികാരികളും.

"ഓടരുത്, ആരെയും മൊബൈലില്‍ വിളിക്കുകയുമരുത്. നിനക്ക് രക്ഷപ്പെടാനാവില്ല." പോലീസുകാരന്‍ അറിയാവുന്ന ഉറുദുവില്‍ മുന്നറിയിപ്പു നൽകി. 

അടുത്തേക്ക് കയറിയ അവര്‍ പാസ്പോര്‍ട്ടും മറ്റു രേഖകളും ആവശ്യപ്പെട്ടു. ഒന്നും കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു,

“ലൈസന്‍സില്ലാതെ സമൂസ ഉണ്ടാക്കാനും വിൽക്കാനും പാടില്ലന്നറിയാമോ?”

അയാള്‍ അറിയാമെന്നോ ഇല്ലന്നോ പറഞ്ഞില്ല. കൈയിലെ ബാഗ് തുറക്കാനവര്‍ ആവശ്യപ്പെട്ടു. എലിക്കെണിയിലെ എലിയെ കണ്ടപ്പോളവര്‍ ചോദിച്ചു,

“ഇതിനെ നിനക്കെവിടുന്നു കിട്ടി?”

അയാള്‍ അടുക്കളയിലേക്ക് വിരല്‍ ചൂണ്ടി. അവര്‍ അകത്തുകയറി ബാക്കി വന്ന സമൂസകളും, മസാലയും, എണ്ണയും, ചീനച്ചട്ടിയും എല്ലാം പുറത്തെടുത്ത് പിക്കപ്പ് വാനില്‍ക്കയറ്റി. ഏതൊക്കെയോ പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. അവസാനം. എലിക്കെണിയുള്ള സഞ്ചി അയാളുടെ കൈയില്‍ത്തന്നെ കൊടുത്തിട്ട് അയാളോട് വാനിന്റെ പിന്നില്‍ക്കയറാന്‍ പറഞ്ഞു. വണ്ടിക്കുള്ളില്‍ അയാളെപ്പോലെ പിടിക്കപ്പെട്ട ആരൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെയൊക്കെ വീടുകളില്‍ നിന്നു പിടിച്ചെടുത്തതായിരിക്കണം കുറെ സാധനങ്ങള്‍ ആ പിക്കപ്പ് വാനിന്‍റെ പിന്നില്‍ കൂട്ടിയിട്ടിട്ടുണ്ട്.

പൊലീസുകാരുടെയും മുനിസിപ്പല്‍ അധികാരികളുടെയും വണ്ടികള്‍ക്കു പിന്നിലായി ആ പിക്കപ്പ് വാന്‍ നീങ്ങിയപ്പോള്‍, അയാളുടെ കൈയിലിരുന്ന കെണിയില്‍ക്കിടന്ന എലി വീണ്ടും ചിലച്ചു. പള്ളിയുടെ തൊട്ടു മുന്നിലെ റോഡിലൂടെ വണ്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ പ്രഭാത നമസ്കാരത്തിനു പള്ളിയിലേക്ക് പോകുന്നവര്‍ വണ്ടികളുടെ നിരയെയും പിന്നിലിരിക്കുന്ന അയാളെയും കൗതുകത്തോടെ നോക്കി നിന്നു. പള്ളിക്കു മുന്നിലെ വെളിച്ചം കഴിഞ്ഞ് വീണ്ടും നേരിയ ഇരുട്ടിലൂടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ എലിക്കെണിയിലേക്ക്  അലിവോടെ നോക്കി. പിന്നെ സാവകാശം പറഞ്ഞു, “ഞാന്‍ നിന്നെ തുറന്നു വിടാന്‍ പോകുന്നു. അന്ത്യന്യായ വിധി ദിവസത്തില്‍, ഞാന്‍ നിന്നോട് കരുണ ചെയ്ത കാര്യം നീ പറയാന്‍ മറക്കരുത്’ 

കെണിയില്‍  നിന്ന്  പുറത്തു ചാടിയ എലി അയാളുടെ ദേഹത്തേക്കു തന്നെ ഓടിക്കയറി. പുറത്തേക്കതിനെ തട്ടിയെറിയുമ്പോള്‍ അയാള്‍ക്ക് പാല്‍ക്കട്ടിയുടെ മണംകിട്ടി. അസാധാരണമായ ഒരു തളര്‍ച്ചയില്‍ പിക്കപ്പ് വാനിന്റെ തറയിലേക്കമര്‍ന്നിരുന്ന അയാള്‍   എലിക്കെണിക്കുള്ളിലേക്ക് കൈകള്‍ കടത്തി ബാക്കി വന്ന പാല്‍ക്കട്ടിയുടെ ഒരു കുഞ്ഞു കഷണം കൈയിലെടുത്ത് ഒന്നമര്‍ത്തി തിരുമ്മിയിട്ട് വീണ്ടും വീണ്ടും മണത്തു.

                                 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com